Current Date

Search
Close this search box.
Search
Close this search box.

‘ഉക്രൈന്‍ പ്രദേശ്’: പുടിന്റെ അധിനിവേശം മോദി യു.പി തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതെങ്ങനെ ?

യുക്രൈനില്‍ ഉടലെടുത്ത പ്രതിസന്ധി ഇപ്പോള്‍ നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വോട്ട് തേടാന്‍ ഭാരതീയ ജനതാ പാര്‍ട്ടി മറ്റൊരു പദ്ധതിയാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.പിയിലെ തിരഞ്ഞെടുപ്പ് റാലികളില്‍ ബി.ജെ.പി നേതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ സംഘര്‍ഷം എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് ലോക നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടിയാലോചന നടത്തുന്നുണ്ട് എന്നാണ്.

ഉക്രെയ്‌നില്‍ കുടുങ്ങിയ 18,000-ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും പാര്‍ട്ടി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതേസമയം, പ്രതിപക്ഷ നേതാക്കള്‍ ഈ അവകാശവാദങ്ങളെ എതിര്‍ക്കുന്നുണ്ട്. യുക്രൈന്‍ വിടാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്ന യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവരുടെ വാദം.

ഉക്രൈന്‍ പ്രദേശ്

ഉത്തര്‍പ്രദേശില്‍ തന്റെ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ വേണ്ടി യുക്രൈന്‍ വിഷയം നാല് തവണയാണ് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള റാലികള്‍ മോദി ഉയര്‍ത്തിക്കാട്ടിയത്. രാജ്യങ്ങള്‍ ആഗോള പ്രക്ഷുബ്ധത നേരിടുന്നുണ്ടെന്നും ഭാവി അനിശ്ചിതത്വത്തിലാണെന്നുമാണ് ഫെബ്രുവരി 22ന് നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞത്. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഇന്ത്യയ്ക്ക് മാത്രമല്ല, എല്ലാ മനുഷ്യരാശിക്കും പ്രധാനമാണ്. വലിയ ഒരു രാജ്യവും ഉത്തര്‍പ്രദേശ് പോലൊരു വലിയ സംസ്ഥാനവും നയിക്കാനുള്ള ഉത്തരവാദിത്തം ഒരു ശക്തമായ നേതാവിന് നല്‍കണം, മോദി വാദിച്ചു: ‘കഠിനമായ സമയങ്ങളില്‍ കഠിനമായ നേതാക്കള്‍ ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

‘ഓപ്പറേഷന്‍ ഗംഗ’ എന്ന പേരില്‍ യുക്രൈനില്‍ ഒറ്റപ്പെട്ടുപോയവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഞായറാഴ്ച ബസ്തിയില്‍ വെച്ച് നടന്ന റാലിയിലും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ നദിയെ പ്രതിഫലിപ്പിക്കുന്ന പേരാണ് ഈ ഓപറേഷന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയെപ്പോലെ ശക്തവും ‘ആത്മനിര്‍ഭര്‍’ അല്ലെങ്കില്‍ സ്വയം പര്യാപ്തവുമാകണമെന്ന സന്ദേശമാണ് ഈ സമയം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച, മഹാരാജ്ഗഞ്ചില്‍ വെച്ച് നടന്ന റാലിയിലും യുക്രേനിയന്‍ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം സൂചന നല്‍കി, ലോകം വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. ഇന്ത്യയെയും ഉത്തര്‍പ്രദേശിനെയും ശക്തമാക്കുന്നതിലെന്നപോലെ പ്രാദേശിക പ്രശ്നങ്ങള്‍ക്കായാണ് ഇത്തവണ നിങ്ങളുടെ വോട്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച, റോബര്‍ട്ട്‌സ്ഗഞ്ചില്‍, അദ്ദേഹം വീണ്ടും ഓപ്പറേഷന്‍ ഗംഗ ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ശക്തി മൂലമാണ് യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നത്, അതിനായി ഞങ്ങള്‍ ഓപ്പറേഷന്‍ ഗംഗ നടത്തുന്നു,’ അദ്ദേഹം അവകാശപ്പെട്ടു.

പ്രതിപക്ഷത്തെ ആക്രമിക്കുന്നു

യുക്രൈന്‍ വിഷയം ഉത്തര്‍പ്രദേശിലെ പ്രതിപക്ഷത്തെ ആക്രമിക്കാനും ബി.ജെ.പി നേതാക്കള്‍ ഉപയോഗിച്ചു. യുക്രെയ്ന്‍ പ്രതിസന്ധിയെക്കുറിച്ച് വീണ്ടും പരാമര്‍ശിച്ചുകൊണ്ട്, ഈ അനിശ്ചിതസമയങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധ സേനയെ എല്ലാ വര്‍ഷവും നവീകരിക്കേണ്ടതുണ്ടെന്ന് മോദി തന്റെ ഞായറാഴ്ചത്തെ റാലിയില്‍ പറഞ്ഞു.

‘ഘോര്‍ പരിവാര്‍വാദി, ഘോര്‍ സ്വാര്‍ത്ഥി’ ആയ ആളുകള്‍ക്ക് ഈ ജോലി ചെയ്യാന്‍ കഴിയില്ല. അവര്‍ അങ്ങേയറ്റം സ്വജനപക്ഷപാതവും സ്വാര്‍ത്ഥതയും ഉള്ളവരാണെന്ന് കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു. ‘പ്രതിരോധ ഇടപാടുകളില്‍ കമ്മീഷനുകള്‍ വാങ്ങുകയും പ്രതിരോധ ആവശ്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്ന ചരിത്രമുള്ളവര്‍ക്ക് രാജ്യത്തെ ശക്തമാക്കാന്‍ കഴിയില്ല’1980കളിലെ ബൊഫോഴ്സ് പ്രതിരോധ കുംഭകോണവുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിനെ സൂചിപ്പിച്ച് മോദി പറഞ്ഞു.

‘രാജവംശ’ രാഷ്ട്രീയമാണ് സമാജ്‌വാദി പാര്‍ട്ടി പ്രയോഗിക്കുന്നതെന്നും അദ്ദേഹം പലപ്പോഴും ആരോപിച്ചിരുന്നു. യുക്രേനിയന്‍ പ്രതിസന്ധി ഇന്ത്യക്ക് ബി.ജെ.പിയെപ്പോലെ ശക്തമായ ഒരു സര്‍ക്കാര്‍ ആവശ്യമാണെന്ന് തെളിയിച്ചുവെന്നും മോദി വാദിക്കുന്നു. മുമ്പ് ആരും ഇന്ത്യ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിച്ചില്ല, എന്നാല്‍ മോദിയുടെ കീഴില്‍, ഇന്ത്യയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയില്‍ സമാധാനം ഉറപ്പാക്കാന്‍ മോദി വഹിക്കുന്ന മഹത്തായ പങ്കിനെ അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്നും ഞായറാഴ്ച, ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

മോദി ‘മിഷന്‍ ഗംഗ’ നടത്തുമ്പോള്‍, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ‘മിഷന്‍ ദംഗ’ അല്ലെങ്കില്‍ കലാപം നടത്തുകയായിരുന്നെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജൗന്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

ഇന്ത്യയുടെ കരുത്ത്

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ശക്തിയെക്കുറിച്ച് വിവിധ ബി.ജെ.പി നേതാക്കള്‍ സംസാരിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ ലോകം മോദിയെ ഉറ്റുനോക്കുകയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

മോദിയെ ലോകമെമ്പാടും ബഹുമാനിക്കുന്നുവെന്ന് ബല്ലിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി ലോക്സഭാംഗമായ ഹേമമാലിനി പറഞ്ഞു. ‘ഒരു വലിയ ലോകനേതാവായി കണക്കാക്കപ്പെടുന്നതിനാല്‍ എല്ലാവരും ഇപ്പോള്‍ മോദിജിയോട് റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ ഹേമ കൂട്ടിച്ചേര്‍ത്തു.

യുക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ റഷ്യന്‍ സൈന്യമോ യുേ്രകനിയന്‍ സൈന്യമോ അവരെ ഉപദ്രവിക്കില്ലെന്ന് തിങ്കളാഴ്ച ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അവകാശപ്പെട്ടിരുന്നു.

മൗര്യയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ഉക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി തൊട്ടടുത്ത ദിവസം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു.
അതിര്‍ത്തി പോസ്റ്റുകളില്‍ യുക്രേനിയന്‍ അധികാരികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ വിവേചനം കാണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം

ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ ചൊവ്വാഴ്ച അഖിലേഷ് യാദവ് പങ്കുവെച്ചിരുന്നു. മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് വീഡിയോയില്‍ വിദ്യാര്‍ത്ഥി പറയുന്നത്. ‘ഇവിടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരെ രക്ഷിച്ചത് ബിജെപി തെറ്റായ നേട്ടമാക്കി കാണിക്കാന്‍ ഉപയോഗിക്കുന്നു, അതേസമയം ഉക്രെയ്‌നിലെ സത്യം ഭയപ്പെടുത്തുന്നു,’ യാദവ് ട്വിറ്ററില്‍ എഴുതി.

കീവില്‍ കുടുങ്ങിയ ലഖ്നൗവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയുടെ വീഡിയോ പങ്കിട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നു. സര്‍ക്കാര്‍ സഹായമില്ലാതെ തനിക്കും സുഹൃത്തുക്കള്‍ക്കും യുക്രെയ്നില്‍ ജീവിക്കാന്‍ കഴിയില്ലെന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി മടങ്ങിവരാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,’ പ്രിയങ്ക ഗാന്ധി തന്റെ ട്വീറ്റില്‍ പറഞ്ഞു.

യുക്രെയ്നിലെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുമ്പോള്‍ ബിജെപി പ്രചാരകര്‍ സ്വയം ആഹ്ലാദകരമാണെന്ന് വരുത്തിത്തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

മോദിയുടെ അന്താരാഷ്ട്ര പ്രതിച്ഛായ

ആദ്യമായല്ല ഇത് സംഭവിക്കുന്നത്, മുന്‍ തെരഞ്ഞെടുപ്പുകളില്‍ പോലും ആഗോളതലത്തില്‍ മോദിയെ വലിയ നേതാവായി ബി.ജെ.പി ചിത്രീകരിച്ചിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ചൈന, പാകിസ്ഥാന്‍ എന്നിവയ്ക്കെതിരെ നിര്‍ണ്ണായക നടപടികള്‍ കൈക്കൊള്ളാനും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനും കഴിയുന്ന ഒരാളാണെന്നുമായിരുന്നു ചിത്രീകരിച്ചത്.

അധികാരത്തില്‍ വന്നതിന് ശേഷം ബി.ജെ.പി ഇന്ത്യയെ വിശ്വഗുരു, അഥവാ ലോകത്തിന്റെ ആചാര്യന്‍ എന്നാണ് പലപ്പോഴും വിശേഷിപ്പിച്ചത്. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകനേതൃത്വത്തിലെത്തിയെന്ന വാദം ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിയിലും അനുഭാവമുള്ള മാധ്യമസ്ഥാപനങ്ങളിലും പലരും ഉപയോഗിക്കുന്ന ഒരു വാചകമാണിത്.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles