Current Date

Search
Close this search box.
Search
Close this search box.

നമ്മോട് ഉത്തരം തേടുന്ന രണ്ടു വാര്‍ത്തകള്‍

ഇന്നലെയും ഇന്നുമായി വന്ന രണ്ടു വാര്‍ത്തകള്‍ നാം കാണാതെ പോകരുത്. കേരളം കേള്‍ക്കാന്‍ പാടില്ലാത്ത രണ്ടു വാര്‍ത്തകള്‍. ഹൃദയത്തില്‍ ഒരു തരിയെങ്കിലും കരുണയുടെ വറ്റാത്ത ഉറവയുണ്ടെങ്കില്‍ അങ്ങിനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. കേരള മനസ്സിന് വന്നു കൊണ്ടിരിക്കുന്ന മാറ്റം നമ്മെ ഭയപ്പെടുത്തണം.

ഇന്നലെ ബാലുശേരിയില്‍ ‘അമ്മ തന്നെ പ്രസവിച്ചയുടനെ കുഞ്ഞിനെ കൊന്നു പ്ലാസ്റ്റിക് സഞ്ചിയില്‍ കെട്ടിവെച്ചു. ഇന്ന് മലപ്പുറം കൂട്ടിലങ്ങാടിയില്‍ നിന്നും അതെ സ്വഭാവമുള്ള മറ്റൊരു വാര്‍ത്ത കേള്‍ക്കുന്നു. സഹോദരിയുട കുഞ്ഞിനെ സഹോദരന്‍ കൊന്നു കളഞ്ഞു എന്നതാണ് അവിടുത്തെ വാര്‍ത്ത. ജനിക്കാന്‍ പാടില്ലാത്ത രീതിയില്‍ ജനിക്കുന്നു എന്നതില്‍ ജനിച്ച കുട്ടി കുറ്റവാളിയല്ല. അതെ സമയം അതിന്റെ ദുരന്തം പിഞ്ചു കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നു. എന്ത് നിലയിലും ചോര പൈതലുകളുടെ മുഖത്ത് നോക്കി ഇത്ര ക്രൂരരാകാന്‍ നമുക്കെങ്ങനെ കഴിയുന്നു. പത്തു മാസം ചുമന്ന് നടന്ന വിഷമവും പ്രസവ സമയത്തെ ബുദ്ധിമുട്ടും മാതാവ് മറക്കുന്നത് തന്റെ കുഞ്ഞിന്റെ ആദ്യ കരച്ചില്‍ കേട്ടാണ് എന്ന് നാം പറയുന്നു. പക്ഷെ സ്വന്തം കൈകൊണ്ടു തന്നെ പിഞ്ചു കുഞ്ഞിനെ ഇല്ലാതാക്കുന്ന മാതാക്കളുടെ എണ്ണം നമുക്കിടയില്‍ വര്‍ധിച്ചു വരുന്നു.

തന്നെ കുറിച്ച് മാത്രമായി മനുഷ്യരുടെ ചിന്ത മാറിയാല്‍ അതൊരു ദുരന്തമാണ്. തന്റെ സുഖം എന്നതാണ് അതിനു പിന്നിലെ ഉദ്ദേശം. ‘ ആര്‍ മനസ്സിന്റെ കുടുസ്സകളില്‍ നിന്ന് മോചനം നേടുന്നുവോ അവരാണ് വിജയികള്‍’ എന്നതാണ് പ്രമാണം. അടുത്ത ദിവസങ്ങളില്‍ നമ്മുടെ കേരളത്തില്‍ നിന്നും കേള്‍ക്കുന്ന ഇത്തരം വാര്‍ത്തകള്‍ ചോദ്യം ചെയ്യുന്നത് നമ്മുടെ തന്നെ മാനുഷികത്തെയാണ്. വഴിവിട്ട ജീവിതവും അതിന്റെ ബാക്കിയായ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാന്‍ കണ്ടെത്തിയ രീതിയും ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ നിയമ നടപടികള്‍ ആവശ്യമാണ്. സ്വന്തം മക്കളെയും മാതാപിതാക്കളെയും തന്റെ സുഖകരമായ ജീവിതത്തിന് തടസ്സമായപ്പോള്‍ കൊന്നു കളഞ്ഞ ഒരു സ്ത്രീയുടെ സംഭവം അടുത്താണ് കേരളത്തില്‍ നടന്നത്.

കേരളിയ സാമൂഹിക രംഗത്തു വരുന്ന മാറ്റമായി ഇത്തരം സംഭവങ്ങളെ വായിക്കണം. ഒറ്റപ്പെട്ടത് എന്ന് പറഞ്ഞു അവഗണിക്കാന്‍ കഴിയില്ല എന്നത് തന്നെയാണ് മുഖ്യ കാരണം. മനുഷ്യനെ മനുഷ്യനായി നില നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് ബന്ധങ്ങളെ കുറിച്ച ബോധമാണ്. അതില്‍ പവിത്രമാണ് മാതാവും മക്കളും തമ്മിലുള്ള ബന്ധം. മറ്റു ബന്ധങ്ങളും അങ്ങിനെ തന്നെ. പിഞ്ചു പൈതലിന്റെ മുഖത്ത് നോക്കിയാല്‍ ഏതു കല്ലായ മനസ്സും അലിയും എന്നാണു നാം പറഞ്ഞു വന്നത്. അത് മാറ്റേണ്ട കാലം അടുത്ത് വരുന്നു എന്നതും നമ്മെ ഭയപ്പെടുത്തണം.

തന്റെ സുഖമാണ് വലുത് എന്ന് ചിന്തിക്കുന്ന ലോകത്തു നിന്നും ഇനിയും ഇത്തരം വാര്‍ത്തകള്‍ നാം കേള്‍ക്കേണ്ടി വരും. സമൂഹം കൂടുതല്‍ ജാഗ്രത കൈക്കൊള്ളണം. നല്ല മനസ്സുകളാണ് നല്ല സമൂഹത്തിന്റെ അടിസ്ഥാനം. കേരളമെന്നു കേട്ടാല്‍ നാം അനുഭവിച്ച അഭിമാന ബോധത്തിന് പകരം നമ്മുടെ തലകള്‍ താഴെണ്ടി വരുന്നത് നമുക്ക് ആപത്തും ശാപവുമാണ്.

Related Articles