Current Date

Search
Close this search box.
Search
Close this search box.

പൗരത്വ നിയമം പുനര്‍ജനിക്കുമ്പോള്‍

ഓണത്തിനിടെ പുട്ട് കച്ചവടം എന്ന് പറഞ്ഞു കേട്ടിട്ടിണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ അത് കാണിച്ചു തരുന്നു. നാടും ലോകവും ഇപ്പോള്‍ മഹാമാരിയെ നേരിടാനുള്ള കഠിന പ്രയത്നത്തിലാണ്. ലോകത്തിനു മുന്നില്‍ നാണം കെട്ട ഇന്ത്യയുടെ നദികളില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുന്ന വാര്‍ത്തകള്‍ നാം വായിക്കുന്നു. രോഗത്തിന്റെയും മരണത്തിന്റെയും കാര്യത്തില്‍ ഇതുവരെ ലോകം കണ്ട എല്ലാ പരിധികളും നാം ലംഘിക്കുകയും ചെയ്തിരിക്കുന്നു.

സംഘ പരിവാര്‍ സര്‍ക്കാര്‍ നദപ്പാക്കിയ ഒരു പാട് ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതില്‍ എന്നത്തേയും വലുതാണ് പൗരത്വ നിയമം. ഒരു നാട്ടിലെ ജനതയെ അവരുടെ മതം നോക്കി തീരുമാനിക്കുക എന്നതാണ് ഒറ്റവാക്കില്‍ പൌരത്വ നിയമം. ആ വിഭാഗം മുസ്ലിം സമൂഹമായി എന്നത് ഒരു യാദൃശ്ചികതയായി കാണാന്‍ കഴിയില്ല. സംഘ പരിവാര്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഒന്ന് അവസരം ഒത്തു വന്നപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.

ഈ വിഷയത്തില്‍ നാട്ടില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. അത് ഒരു കലാപത്തിലേക്ക് പോലും തിരിച്ചു വിടാന്‍ സംഘ പരിവാരിനു കഴിഞ്ഞു. സമരത്തില്‍ നിന്നും മതേതര സമൂഹം പിറകോട്ടു പോയില്ല. പക്ഷെ മഹാമാരി എല്ലാം തലകീഴായി മറിച്ചു. എല്ലാവരുടേയും ശ്രദ്ധ പിന്നെ അതിലേക്കായി. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സംഘ പരിവാര്‍ മുഖ്യ അജണ്ടയായി പറഞ്ഞില്ലെങ്കിലും സമയം കിട്ടുമ്പോള്‍ അമിത് ഷാ വിഷയത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. ബി ജെ പി യുടെ വര്‍ഗീയതയെ ജനം പടിക്ക് പുറത്തു നിര്‍ത്തിയ കാഴ്ചയാണ് പിന്നീട് നാം കണ്ടത്.

ബംഗാള്‍ തിരഞ്ഞെടുപ്പ് പരാജയവും അടുത്തിടെ യു പി യില്‍ നടന്ന ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിള്‍ ഏല്‍ക്കേണ്ടി വന്ന പരാജയവും പാര്‍ട്ടിയെ മാറ്റി ചിന്തിപ്പിക്കാന്‍ കാരണമാക്കും എന്നാണ് ജനം കരുതിയത്‌. വാരാണസിയിലും അയോധ്യയിലും പരാജയമുണ്ടായി എന്നത് നിസ്സാര കാര്യമായി പാര്‍ടി കാണുന്നില്ല.. അതെ സമയം എസ് പി കാര്യമായ നേട്ടം കൊയ്യുകയും ചെയ്തു. പക്ഷെ തങ്ങളുടെ അജണ്ടകള്‍ കിട്ടിയ സമയം കൊണ്ട് നടപ്പാക്കി തീര്‍ക്കുക എന്നതാണ് സംഘ പരിവാര്‍ ഉദ്ദേശിക്കുന്നത് എന്നുവേണം മനസ്സിലാക്കാന്‍. രാജ്യത്ത് കൊറോണ ബാധിതരായ ആയിരങ്ങള്‍ ദിനേന മരിച്ചു തീരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ CAA നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാണു വാര്‍ത്തകള്‍ പറയുന്നത്.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ എന്നീ മതക്കാരായ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ് , ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന മുസ്ലീം ഇതരരായ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യൻ പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്രം വെള്ളിയാഴ്ച ക്ഷണിച്ചു. 2019 ൽ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിലെ (സി‌എ‌എ) ചട്ടങ്ങൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെങ്കിലും പൗരത്വ നിയമം 1955, 2009 നിയമപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ പ്രകാരം ഉത്തരവ് ഉടനടി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

പ്രസ്തുത അപേക്ഷകള്‍ പരിശോധിച്ച് വേണ്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാ കലക്ടര്‍ അല്ലെങ്കില്‍ ചുമതലുള്ള സിക്രട്ടറി എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കിയതായാണ് വിവരം. ഔദ്യോഗിക ഗസറ്റില്‍ അടുത്ത് തന്നെ ഈ വിജ്ഞാപനം വരുന്നതാണ് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫാസിസ്റ്റ് സര്‍ക്കാര്‍ എക്കാലത്തെയും ജനാധിപത്യ വിരുദ്ധ നിയമവുമായി മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ്. മഹാമാരിയും പ്രളയവും ചുഴലിക്കാറ്റുമൊന്നും അവര്‍ക്ക് ഇത്തരം മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്ക്കാന്‍ കാരണമല്ല. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുക എന്നത് നല്ല കാര്യമാണ്. പക്ഷെ അതിനു മതവും ജാതിയും മാനദണ്ടമാകുന്ന രീതി ജനാധിപത്യ മതേതരത്വ സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ല. മഹാമാരി കാലത്ത് സര്‍ക്കാര്‍ ഇത്തരം ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ടു പോയാല്‍ മഹാമാരി കാലത്ത് തന്നെ ജനത്തിന് പ്രതിഷേധിക്കേണ്ടി വരും. പിറന്ന മണ്ണില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശം ഓരോ മനുഷ്യനുമുള്ളതാണ്.

Related Articles