Current Date

Search
Close this search box.
Search
Close this search box.

ടി.കെ അബ്ദുല്ല; ഒരു യുഗത്തിന്റെ അന്ത്യം

യുഗാന്ത്യമെന്ന് പലരും പറയാറുണ്ടെങ്കിലും ടി കെ അബ്ദുല്ലാഹ് സാഹിബിന്റെ വിയോഗത്തോടെ അതു സംഭവിച്ചു കഴിഞ്ഞു എന്ന് പറയേണ്ടി വരും. ടി.കെ എന്നത് മഹത്ത്വമുള്ള, സമഗ്രമായ, ഒരു സമ്പൂർണ വ്യക്തിത്വത്തിന്റെ പേര് മാത്രമല്ല; ഒരു കാലഘട്ടത്തിന്റെ പ്രസ്ഥാനത്തിന്റെ കൂടി പേരായിരുന്നു. അദ്ദേഹം തന്നെ ഒരു പ്രസ്ഥാനമായിരുന്നു എന്ന് പറയുന്നത് പോലും അതിശയോക്തിയല്ല. സമകാലീന ആശയങ്ങളുടെ സൃഷ്ടി കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല; അതേസമയം അദ്ദേഹത്തിന്റെ ജീവിതം നിത്യ വസന്തകാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

അദ്ദേഹത്തിന്റെ അടങ്ങിയിരിക്കാത്ത പ്രകൃതവും കൃത്യമായ സുചിന്തത വാചാലതയും ആയിരക്കണക്കിന് യുവാക്കളെ യഥാർത്ഥ ഊഷ്മളതയും ഊർജ്ജവും പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ നിത്യനവീന ചിന്തകൾ പ്രസ്ഥാനത്തിന്റെ ചലനാത്മക ചിന്തയുടെ ജീവൻ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണ്. എന്റെ ജീവിതത്തിന്റെ പല മേഖലകളിലും അദ്ദേഹത്തിന്റെ സർവ്വവ്യാപിയായ വ്യക്തിത്വത്തിന്റെ പ്രഭാവം പ്രകടമാണ്. വളരെക്കാലമായി ഞാൻ പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നെന്ന കാര്യത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ, ആമീൻ.

മർഹൂം ടി കെ അബ്ദുല്ലാഹ് സാഹിബ് എന്റെ ജനനത്തിന് വളരെ മുമ്പുതന്നെ 1972 മുതൽ ജമാഅതിന്റെ മജ്ലിസുശ്ശൂറയിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു വരുന്നു. എന്റെ അനുമാനം ശരിയാണെങ്കിൽ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയിൽ മറ്റാരും ഇത്രയും കാലം കേന്ദ്ര ശൂറയിൽ ഉണ്ടായിരുന്നിട്ടില്ല. അറബി, ഉറുദു, മലയാളം ഭാഷകളിൽ അതിവിദഗ്ദ്ധനായിരുന്നു അദ്ദേഹം. വിശിഷ്ട എഴുത്തുകാരൻ, ഗവേഷകൻ, വിവർത്തകൻ, നിരൂപകൻ, എന്നിവയെല്ലാമായിരുന്നതോടൊപ്പം ജനപ്രിയ പ്രഭാഷകൻ കൂടിയായിരുന്നു ടി.കെ.

ആകർഷകമായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും . നല്ല അധ്യാപകനും മെന്ററും കൂടിയായിരുന്നു ടി.കെ. വിശാലമായ അറിവും പ്രതിഭയും ബുദ്ധിയും നീണ്ട അനുഭവവും അദ്ദേഹത്തിന്റെ  മുഖമുദ്രയായിരുന്നു . അദ്ദേഹത്തിന്റെ വിവേകവും പക്വതയും വർത്തമാനകാല പ്രതികരണവും വീക്ഷണ വ്യത്യാസങ്ങളും രസകരവും സുഗന്ധപൂരിതവും വർണ്ണവൈവിധ്യമുള്ളതും സദസ്യരെ പിടിച്ചിരുത്താൻ മാത്രം സദാ പുതുമ നിറഞ്ഞതുമായിരുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ സമ്പന്നമായ ബുദ്ധിയായിരുന്നു.മറ്റുള്ളവർ സംസാരിക്കുമ്പോൾ സാകൂതം കേട്ടിരുന്നത് അദ്ദേഹത്തിന്റെ വൃക്തിത്വത്തിന്റെ പരിപൂർണ്ണത നിലനിർത്തി. അദ്ദേഹവുമായുള്ള എന്റെ ആദ്യ പരിചയം SIO വിന്റെ ഒരു പരിശീലന പരിപാടിയിലായിരുന്നു. അക്കാലത്ത് ഞാൻ പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള കൗമാരക്കാരനും പ്രസ്ഥാനത്തിലേക്ക് പുതുതായി മാത്രം വന്നയാളുമായിരുന്നു. പിന്നീട്, മഹാരാഷ്ട്ര സോണൽ പ്രസിഡന്റായപ്പോൾ, അദ്ദേഹവുമായി ഞങ്ങൾ പ്രത്യേക കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തെ കേൾക്കാൻ വേണ്ടി മാത്രമാണ് രണ്ടു ദിവസം പ്രവർത്തകൾ ഒത്തുകൂടിയത്. അദ്ദേഹത്തിന്റെ വാക്കുകൾ സാധാരണ മതവേദികളിൽ പറയുന്നതിൽ നിന്ന് വ്യത്യസ്തവും ആവേശാത്മകവുമായിരുന്നു. പ്രവർത്തകർക്ക് വളരെ ആവേശം നിറച്ച വർത്തമാനമായിരുന്നു അത്.

സംഘടനയുടെ ബലഹീനതകളെ അദ്ദേഹം തുറന്നെതിർത്തു. മൗലാനാ മൗദൂദിയടക്കമുള്ള ഇസ്ലാമിക പ്രസ്ഥാനത്തിലെ മഹാന്മാരായ ചിന്തകരുടെ ചില കാഴ്ചപ്പാടുകളോട് അദ്ദേഹം പരസ്യമായി വിയോജിച്ചു. പൂർണ്ണമായും പുതിയതും പൊതുവെ മുതിർന്ന പ്രവർത്തകർക്ക് അസ്പൃശ്യവുമായ പുതിയ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചു പ്രായോഗിക വശങ്ങൾ മുന്നോട്ട് കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. യുവാക്കളോട് തുല്യനിലയിൽ സംസാരിക്കുമായിരുന്ന. ഇത് അദ്ദേഹത്തിന്റെ പണ്ഡിതപരവും ഗവേഷണപരവുമായ മഹത്വത്തിന്റെ മനോഹരമായ മതിപ്പുളവാക്കുന്ന ഘടകമായിരുന്നു. പിന്നീട് അദ്ദേഹവുമായി ഇടയ്ക്കിടെ കൂടിക്കാഴ്ചകൾ ഉണ്ടായിരുന്നു. 2007-ൽ, ഞാൻ ശൂറാംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അദ്ദേഹത്തോടൊപ്പം കൂടുതൽ ചേർന്നിരിക്കാനും ഒത്ത്ചേർന്ന് പ്രവർത്തിക്കാനും അവസരം ലഭിച്ചു.

ഇടവേള കൂടുതലാണെങ്കിൽ കൂടി ഇടക്ക് അദ്ദേഹത്തെ ഓർക്കുകയും സന്ദർശിക്കുകയും ചെയ്തിരുന്നു . പ്രസ്ഥാന – സംഘടനാ കാര്യങ്ങളും പ്രശ്നങ്ങളും, സമകാലിക ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും, ദേശീയ അന്തർദേശീയ രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം മുതൽ നിയമശാസ്ത്രം, മിസ്റ്റിസിസം, സാഹിത്യം, കവിത എന്നിവവരെ അദ്ദേഹവുമായി വളരെ തുറന്നു സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസാരരീതി, നമ്മൾ സംസാരിക്കുന്നത് പ്രസ്ഥാനത്തിലെ സീനിയറായ ഒരാളുമായിട്ടല്ല, പ്രത്യുത സമപ്രായക്കാരായ ആളുമായാണ് എന്ന ചിന്തയാണുണ്ടാക്കുക. ഈ മാസവും, അദ്ദേഹം എത്രയും വേഗം കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്ന സന്ദേശങ്ങൾ പലർ വഴിയും അറിയിച്ചു. അടുത്ത മാസം, നവംബറിൽ ഞാൻ ആ സന്ദർശനം ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു, പക്ഷേ നിർഭാഗ്യവശാൽ ആ കൂടിക്കാഴ്ചക്കദ്ദേഹം നിന്നില്ല.

ടി.കെ. യുടെ പിതാവ് മലബാറിലെ പ്രസിദ്ധ പണ്ഡിതനും മതനേതാവുമായിരുന്നു. കേരളത്തിലെ വിവിധ മദ്രസകളിൽ നിന്ന് ഉന്നത മത വിദ്യാഭ്യാസം നേടിയ ശേഷം, പിതാവിന്റെ പിൻഗാമിയാവേണ്ടതായിരുന്നു ടി. കെ . ആ സമയത്താണ് മൗലാനാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആനടക്കമുള്ള ഗ്രന്ഥങ്ങൾ വായിക്കുന്നതും അധികം താമസിയാതെ ജമാഅത്തിൽ അണി ചേരുകയും ചെയ്തത്. പ്രബോധനം മാസികയുടെയും ശേഷം ഗവേഷണ മാസികയായ ബോധനത്തിന്റെയും എഡിറ്ററായി അദ്ദേഹം നിയമിതനായി.തുടർന്ന് കേരളാ ഘടകം അമീറായി തെരെഞ്ഞെടുക്കപ്പെട്ടു.പ്രതിനിധിസഭയിലേക്കും തുടർച്ചയായി കേന്ദ്ര ശൂറയിലേക്കും തിരഞ്ഞെടുക്കപ്പെടുകയും വിവിധ മേഖലകളിൽ പ്രസ്ഥാനത്തിന് വിലപ്പെട്ട സേവനങ്ങൾ നൽകുകയും ചെയ്തുവന്നു.

അല്ലാമ: ഇഖ്ബാലിനെ ആഴത്തിൽ പഠിച്ച ടി.കെ. നൂറുകണക്കിന് ഇഖ്ബാലിയൻ കവിതകൾ മന:പാഠമാക്കുകയും പതിവായി പ്രഭാഷണങ്ങളിൽ ഉപയോഗിക്കുകയും ചെയ്തുപോന്നു. മൗലാനാ മൗദൂദിയുടെ എല്ലാ ഗ്രന്ഥങ്ങളും – അദ്ദേഹത്തിന്റെ അപൂർവ ലേഖനങ്ങളടക്കം – പഠിച്ച ആഴവും പരപ്പും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ വ്യക്തമാണ്. അത്തരമൊരു സിദ്ധി വളരെ അപൂർവ്വമായി മാത്രമേ ഇക്കാലത്ത് കാണാനാകൂ. ഖുർആൻ, ഹദീസുകൾ, ക്ലാസിക്കൽ ഇസ്ലാമിക സാഹിത്യം, അറബിക്കവിതകൾ എന്നിവയിൽ അദ്ദേഹത്തിന് അസാധാരണമായ വ്യുൽപത്തിയുണ്ടായിരുന്നു. പ്രഭാഷണങ്ങൾക്കിടയിൽ അവ അദ്ദേഹം നിർലോഭം ഉപയോഗിച്ചു പോന്നു. ആധുനിക ശാസ്ത്രങ്ങളും ദാർശനിക സിദ്ധാന്തങ്ങളും നല്ല ധാരണയായിരുന്നു അദ്ദേഹത്തിന് .

പാശ്ചാത്യ എഴുത്തുകാരുടെ ഏറ്റവും പുതിയ ചിന്തകളെ ക്കുറിച്ചു പോലും അദ്ദേഹം വളരെ ബോധവാനായിരുന്നു.അവരുടെ ശരിയായ ഇസ്ലാമിക വായനയെ എപ്പോഴും ബോധപൂർവ്വം പരിഗണിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, ആഗോളവൽക്കരണം സജീവമായിരുന്നപ്പോൾ, പ്രസ്തുത വിഷയത്തിൽ അദ്ദേഹം മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. വ്യക്തിസംഭാഷണത്തിൽ വല്ല പ്രധാന പുസ്തകവും പരാമർശിക്കപ്പെട്ടാൽ അത് ലഭിക്കാൻ ഉത്കണ്ഠാകുലനാകും. ഹൈദരാബാദിൽ നിന്ന് അദ്ദേഹത്തിന് അത്തരം പല പുസ്തകങ്ങളും ലേഖനങ്ങളും അയച്ച് കൊടുത്തിട്ടുണ്ട്. തുടർന്നും പലപ്പോഴായി ഉത്തരാധുനികതയെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും സമാനമായ ആഴത്തിലുള്ള ചർച്ചകൾ അദ്ദേഹവുമായി നടന്നിട്ടുണ്ട്.സമീപകാലത്ത് നടന്ന സ്വത്വരാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള അകാദമിക വിശകലനം അദ്ദേഹത്തിന് താൽപ്പര്യമുള്ള വിഷയമായിരുന്നു.. വിപുലമായ അറിവ്, അറബി, ഉറുദു കവിതകൾ, നർമ്മബോധം, ഭാഷാ സമ്പുഷ്ടമായ മലയാളം, വാക്കുകളുടെ സൂക്ഷ്മമായ വിന്യാസം , കാര്യമാത്ര പ്രസക്തമായ ആശയങ്ങളുടെ മനോഹരമായ സംയോജനം എന്നിവ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് സവിശേഷമായ ആകർഷണം സൃഷ്ടിച്ചു. മണിക്കൂറുകളോളം സംസാരിച്ചാലും സദസിനെ ഭ്രമിപ്പിക്കുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മണിക്കൂറുകൾ നീണ്ട പൊതുപ്രസംഗങ്ങളും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മാലയാള ഭാഷ മനസ്സിലാകാതെ പോലും, അദ്ദേഹത്തിന്റെ തത്സമയ സംസാരം മലയാളികളല്ലാത്ത നമുക്ക് സന്തോഷവും ആവേശവും പകരുന്നതായിരിക്കും. ഇംഗ്ലീഷ് സംഭാഷണത്തിന്റെ മാത്രം ഭാഷയാണെന്നും ഉർദു ഗസലിന്റെ ഭാഷയാണെന്നും പ്രഭാഷണത്തിന്റെ ഭാഷ മലയാളമാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുമ്പോൾ അത് ശരിയാണെന്ന് തോന്നും.

അല്ലാമ: ഇഖ്ബാലിന്റെ വിയോഗത്തെക്കുറിച്ച് കവി പറഞ്ഞത് പോലെ :
കിഴക്കിന്റെ ഈണവും പടിഞ്ഞാറിന്റെ രാഗവും ചേർന്നു;
നിങ്ങൾ നിറച്ച പുത്തൻ ചഷകങ്ങളിൽ
പഴമയുടെ മധുവും

കേരളത്തിനും ഉർദു സംസ്ഥാനങ്ങൾക്കുമി ടയിൽ ടി കെ സാഹിബ് ചെയ്തതും അതുതന്നെയാണ്. ഉർദു സംസ്ഥാനങ്ങളിലേക്ക് കേരളത്തിന്റെ ചടുലതയും പ്രസ്ഥാനത്തിന്റെ ആത്മാവും കൈമാറാനും പ്രസ്ഥാനത്തിന്റെ മൗലിക ചിന്തകൾ പകർന്ന് കേരളത്തിലെ ആവേശഭരിതരായ പ്രവർത്തകരെ പ്രചോദിപ്പിക്കാനും അവരുടെ ചലനാത്മകത ഉചിതമായി ഉപയോഗപ്പെടുത്താനുമാണ് അദ്ദേഹം ശ്രമിച്ചത് ; ശരിക്കും സമതുലിതമായ ചിന്ത. ജീവിതത്തിലുടനീളം അദ്ദേഹം ഈ രണ്ട് ലക്ഷ്യങ്ങൾക്കായി പോരാടി. ഉറുദു വൃത്തങ്ങളിലെ പ്രായോഗിക / ബൗദ്ധിക സ്തംഭനത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ തന്നെ, മലയാള വൃത്തത്തിലെ ബൗദ്ധിക / പ്രത്യയശാസ്ത്രപരവുമായ സ്വതന്ത്യ വാദത്തേയും അദ്ദേഹം പ്രശ്നവൽകരിച്ചു പോന്നു.

അദ്ദേഹം ദൽഹിയിൽ വരുമ്പോഴെല്ലാം വിപ്ലവാത്മകതയുടെയും ഇജ്തിഹാദ് ചിന്തയുടെയും പ്രതീകമായി മാറുമായിരുന്നു, കോഴിക്കോടേക്ക് തിരിച്ചെത്തിയാൽ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ചിന്തയുടെ ഉറച്ച പ്രതിരോധക്കാരനായി മാറുകയും ചെയ്യുമായിരുന്നു ടി .കെ. കേന്ദ്രത്തിലെന്നെ പുത്തൻവാദിയായും കേരളത്തിൽ മതമൗലികവാദിയായും കണക്കാക്കുന്നുവെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

മൗലാനാ മൗദൂദി അദ്ദേഹത്തിന്റെ കാലത്ത് അല്ലാഹുവിൻറെ പരമാധികാരത്തെ (ഹാകിമിയ്യത് ) തന്റെ ശ്രമങ്ങളുടെ കേന്ദ്രമാക്കി മാറ്റിയതുപോലെ ഇന്നു ഉടമാധികാരം ( മാലികിയ്യത് ) മുഖ്യ വിഷയമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കാറുണ്ടായിരുന്നു.

മൗലാനാ മൗദൂദിയുടെ കാലത്തെ യഥാർത്ഥ സ്വേച്ഛാധിപത്യം പാശ്ചാത്യ മതേതര രാഷ്ട്ര രാഷ്ട്രമായിരുന്നു, ഇന്നത്തെ യഥാർത്ഥ സ്വേച്ഛാധിപത്യം മുതലാളിത്ത കൊളോണിയലിസമാണ് എന്നും ഇത് എല്ലാ ഉപജീവന മാർഗ്ഗങ്ങളും പിടിച്ചെടുത്ത് മനുഷ്യരെ അടിമകളാക്കി കഴിഞ്ഞുവെന്നും അദ്ദേഹം ഊന്നി പറയുമായിരുന്നു.

പ്രസംഗങ്ങളിലും ശൂറാ യോഗങ്ങളിലും അദ്ദേഹത്തിന്റെ പ്രധാന വിഷയം ഇതായിരുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് മുസ്ലീം ഉമ്മത്തിന്റെ സംരക്ഷണമാണ് സംഘടനയുടെ മുൻഗണനയാവേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു.

പലവിഷയങ്ങളിലും സംവാദാത്മകമായി കണ്ടായിരുന്നു അദ്ദേഹത്തോട് ചർച്ച നടത്തൽ . അഭിപ്രായം ആരുടേതും സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാമെന്ന അടിസ്ഥാനത്തിൽ തന്നെയായിരുന്നു അത്തരം സംവാദങ്ങൾ . അത്തരമൊരു ചർച്ചക്ക് വേണ്ടി കേരളത്തിലെ തന്റെ വീട്ടിലേക്ക് പലപ്പോഴും നിർബന്ധ പൂർവം അദ്ദേഹം ക്ഷണിക്കാറുണ്ടായിരുന്നു. ഉയർന്ന ആതിഥ്യമര്യാദയോടെ ദിവസം മുഴുവൻ പുതിയ പോളിസികളെക്കുറിച്ചുള്ള തന്റെ ചിന്തകൾ അദ്ദേഹം നാമുമായി പങ്കുവെച്ചു. നയ പരിപാടികൾ, പോളിസികൾ , ഭരണഘടന തുടങ്ങിയവയിലെ ഭേദഗതികളെക്കുറിച്ച് അദ്ദേഹത്തിൽ കണ്ട താൽപ്പര്യവും ഉത്കണ്ഠയും ഞാൻ വളരെ കുറച്ച് സീനിയർ പ്രവർത്തകരിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഏതാനും വർഷങ്ങൾക്ക് മുമ്പ്, കേന്ദ്ര ശൂറയിലെ ചില സുപ്രധാനവും അടിസ്ഥാനപരവുമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്ന വിശദമായ പ്രമേയം അദ്ദേഹം വായിച്ചു. അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം അതിന്മേൽ ശൂറയുടെ പ്രത്യേക യോഗവും നടന്നു. അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളോടും യോജിക്കാനായില്ലെങ്കിലും, പലവിഷയങ്ങളിലും അദ്ദേഹത്തിന്റെ അപ്ഡേഷന്റെയും ബൗദ്ധിക പുതുമയുടെയും ഓർമ്മകൾ എപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നതായിരുന്നു.

കാലാകാലങ്ങളിൽ പ്രപഞ്ചം
ഭ്രമണം ചെയ്ത് എത്രയോ തിരയുന്നു;
എവിടെയോ എപ്പോളോ മാത്രം ജീവിതത്തിൽ അത്തരമൊരു അപൂർവം ബന്ധുവിനെ കിട്ടൂ (ഉറുദു കവിത )

വിവ : ഹഫീദ് നദ്‌വി കൊച്ചി

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles