Current Date

Search
Close this search box.
Search
Close this search box.

സ്വരാജിന്റെ പ്രസംഗം; സംഘ പരിവാറിന് സന്തോഷിക്കാന്‍ ഇതില്‍പ്പരം മറ്റെന്ത് വേണം

ഇന്നലേ നിയമ സഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയ ചര്‍ച്ചയില്‍ എം സ്വരാജിന്റെ പ്രസംഗം മോഡി സര്‍ക്കാറിനെതിരായ ആ പ്രമേയത്തെ സത്യത്തില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത് .അതിനാല്‍ സംഘ പരിവാറിന് അത്രയും സന്തോഷം നല്‍കുന്ന മറ്റൊരു പ്രസംഗം സ്വന്തം പ്രതിനിധിയായ ഒ രാജ ഗോപാലിന് പോലും ഇന്നലെ സഭയില്‍ നടത്താനായില്ല .കാരണം മൗദൂദിയെ സ്വരാജ് ഗോള്‍വാള്‍ക്കറാക്കിയതിലൂടെ യഥാര്‍ത്ഥത്തില്‍ ഗോള്‍വാള്‍ക്കറോളം മൗദൂദി ഭീകരനാകുകയല്ല മറിച്ച് ഗോള്‍വാള്‍ക്കര്‍ മൗദൂദിയോളം സമാധാമന കാംക്ഷിയാകുകയാണുണ്ടായത്. സംഘ പരിവാറിന് ഇതില്‍പ്പരം സന്തോഷിക്കാന്‍ മറ്റെന്ത് വേണം.

എന്ത് കൊണ്ടെന്നാൽ മൗദൂദി ആരെയും കൊല്ലുകയോ കൊല്ലാന്‍ ആഹ്വാനം ചെയ്യുകയോ കൊല്ലാനുള്ള പ്രത്യയ ശാസ്ത്രം അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നത് കണ്ണുള്ളവര്‍ക്കെല്ലാം കാണാവുന്ന വസ്തുതയാണ്. മൗദൂദിയുടെ അനുയായികളും അത് ചെയ്തിട്ടില്ല .തീര്‍ച്ചയായും ഇസ്ലാമിക രാഷ്ട്രീയം മൗദൂദി അവതരിപ്പിച്ചിട്ടുണ്ട്. അത് വംശീയമോ സാമുദായികമോ അല്ലെന്ന് മതത്തിന്റെയും ഭാഷയുടെയും പേരിലുള്ള വിഭജന വാദങ്ങളെ അവിഭക്ത ഇന്ത്യയിലായിരുന്നപ്പോഴും പാകിസ്ഥാനിലായിരുന്നപ്പോഴും മൗദൂദി ശക്തമായി എതിര്‍ത്തത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം.പാകിസ്ഥാനിലും ബംഗ്ലാദേശിലും മൗദൂദിക്കും ജമാഅത്തെ ഇസ്‌ലാമിക്കും വലിയ വില കൊടുക്കേണ്ടി വന്ന നിലപാട് കൂടിയാണിത്.അതായത് ഇന്ത്യാ വിഭജനത്തെ എതിര്‍ത്തതിനാല്‍ പാകിസ്ഥാന്‍ രൂപീകരണത്തിന് തൊട്ടുടനെ അവിടത്തെ ഗവണ്‍മെന്റും വലിയൊരു വിഭാഗം ജനതയും മൗദൂദിയേയും പ്രസ്ഥാനത്തെയും പാകിസ്ഥാന്റെ ശത്രുവായിട്ടാണ് കണ്ടിരുന്നത്.1948 ല്‍ ഇന്ത്യയുമായി യുദ്ധമുണ്ടായപ്പോള്‍ അവിടെ അറസ്റ്റ് ചെയ്യപെട്ട ആദ്യത്തെ രാഷ്ട്രീയ നേതാവ് മൗദൂദിയായത് അത് കൊണ്ടാണ്.

ബംഗ്ലാദേശിന്റെ രൂപീകരണ ശേഷവും ഇത് തന്നെ സംഭവിച്ചു.1970 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ അവാമി ലീഗിന് അധികാരം കൈമാറാന്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ വിസമ്മതിച്ചതാണ് യഥാര്‍ത്ഥത്തില്‍ ബംഗ്ലാ വിമോചന വാദം ഉയര്‍ന്ന് വരാന്‍ കാരണമായത്. തിരഞ്ഞെടുപ്പ് വിജയം നേടിയ അവാമി ലീഗിന് അധികാരം കൈമാറണമെന്ന് ജമാഅത്ത് ശക്തിയായി ആവശ്യപെട്ടിരുന്നു .എന്നാല്‍ ഇന്ത്യയുടെ പന്തുണയോടെ ബംഗ്ലാദേശ് വിമോചന പ്രവര്‍ത്തനങ്ങള്‍ അവാമി ലീഗ് നേതാവ് മുജീബ് ശക്തിപ്പെടുത്തിയപ്പോള്‍ സ്വാഭാവികമായും ജമാഅത്തെ ഇസ്‌ലാമി പാകിസ്ഥാന്റെ അഖണ്ഡതക്ക് വേണ്ടി നില കൊണ്ടു .പാകിസ്ഥാന്‍ പക്ഷത്ത് നിന്ന് നോക്കിയാല്‍ അത് വിഘടന വാദത്തിനെതിരായ നിലപാടാണ് .ബംഗ്ലാദേശ് വിമോചന പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടിരുന്നില്ലയെങ്കില്‍ ലോകത്തിന്റെ പല ഭാഗത്തും അടിച്ചമര്‍ത്തപെട്ട പല വിഘടനവാദ പ്രസ്ഥാനങ്ങളിലൊന്നായി അവാമി ലീഗും മാറുമായിരുന്നു.എന്നാല്‍ ഇന്ത്യയുടെ സൈനിക ഇടപെടല്‍ കാരണം മുജീബിന്റെ ശ്രമം വിജയം കാണുകയും അദ്ദേഹം വിമോചന നായകനാകുകയും പുതിയൊരു രാഷ്ട്രം പിറക്കുകയും ചെയ്തു. അതായ് വിജയിച്ചാല്‍ വിമോചനും പരാജയപെട്ടാല്‍ വിഘടന വാദവും. അത്രയെ രാഷ്ട്രീയത്തില്‍ ഇത്തരം വ്യവഹാരങ്ങള്‍ക്കര്‍ത്ഥമുള്ളു. അതിന്റെ മറു വശമാണ് രാജ്യ ദ്രോഹി ,രാജ്യ സ്‌നേഹി എന്നീ ബൈനറികളും ബംഗ്ല‌ാ വിഘടന വാദത്തെ എതിര്‍ത്ത ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് വിമോചനം സാധ്യമായതോടെ ബംഗ്ലാദേശില്‍ രാജ്യദ്രോഹികളായി .വിമോചന ശ്രമം പരാജയപ്പെട്ടിരുന്നുവെങ്കില്‍ അവരായിരിക്കും അവിഭക്ത പാകിസ്ഥാനിലെ ഏറ്റവും വലിയ രാജ്യ സ്‌നേഹികള്‍.അത്രയെയുള്ളൂ ബംഗ്ലാദേശില്‍ രാജ്യ ദ്രാഹം കുറ്റം ചാര്‍ത്തി കിട്ടിയ ജമാഅത്തിന്റെ അവസ്ഥ .

ബംഗ്ലാദേശിന്റെ വിമോചന ശ്രമങ്ങളെ ,പാകിസ്ഥാന്റെ ഭാഷയില്‍ വിഘടന വാദത്തെ അടിച്ചമര്‍ത്താന്‍ ഇടപെട്ട പാക് സൈന്യം അവിടെ പല അത്യാചാരങ്ങളും ചെയ്ത് കൂട്ടിയിട്ടുണ്ട് എന്നത് ശരിയാണ്.ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ ചെയ്ത് കൂട്ടി കൊണ്ടിരിക്കുന്നത് പോലെ തന്നെ .കാശ്മീര്‍ വിഘടന വാദത്തെ അനുകൂലിക്കാത്ത ധാരാളം സംഘടനകള്‍ താഴ് വരയില്‍ ഉണ്ട് ,അവരാരും സൈന്യത്തിന്റെ അത്യാചാരങ്ങള്‍ക്ക് ഉത്തരവാദിയല്ലല്ലോ .അത് പോലെ പാക് സൈന്യം നടത്തിയ അത്യാചാരങ്ങള്‍ക്ക് ബംഗ്ലാ വിമോചനത്തെ എതിര്‍ത്ത ജമാഅത്തെ ഇസ്ലാമിയും ഉത്തരവാദിയല്ല .എന്നല്ല സൈന്യം ചെയ്ത് കൊണ്ടിരുന്ന അത്യാചാരങ്ങള്‍ പുറത്ത് വന്നപ്പോള്‍ പാക്ക് പട്ടാള മേധാവിയെ സ്വന്തം ഓഫിസില്‍ വിളിച്ച് വരുത്തി ശാശിക്കുക പോലുമുണ്ടായി ജമാഅത്തെ ഇസ്ലാമി. അതിനെ കുറിച്ച് അന്നത്തെ ഢാക്ക അമീറായിരുന്ന ഖുറം മുറാദ് തന്റെ ആത്മ കഥയായ ലംഹാത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്.

അപ്പോള്‍ ചോദ്യമുയരാം അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെ യുദ്ധ കുറ്റവാളികളാക്കി തൂക്കി കൊന്നു.പാകിസ്ഥാന്‍ പട്ടാളം തോറ്റ് തിരിച്ച് പോയതില്‍ പിന്നെ ബംഗ്ലാദേശ് വിമോചന സമരത്തെ എതിര്‍ത്ത ഏക രാഷ്ട്രീയ സംഘടന അവിടെ ജമാഅത്തെ ഇസ്ലാമി മാത്രമായി .സ്വാഭാവികമായും അവര്‍ പ്രതികാര നടപടികള്‍ക്കിരയാകില്ലെ?’രാജ്യ ദ്രോഹികളെന്ന നിലയില്‍ അവര്‍ക്കെതിരെ പല നടപടികളും മുജീബ് റഹ്മാന്‍ സ്വീകരിച്ചു .പാര്‍ട്ടി നിരോധിച്ചു .അതിന്റെ നേതാവ് ഗുലാം അഅ്‌സമിന് പൗരത്വം നിഷേധിച്ചു.പക്ഷേ ദീര്‍ഘമായ പോരാട്ടത്തിനൊടുവില്‍ പാര്‍ട്ടി നിരോധം പിന്‍വലിക്കുപ്പെടുകയും ഗുലാം അഅ്‌സമിന് പൗരത്വം തിരിച്ച് കിട്ടുകയും ചെയ്തു .പക്ഷെ അന്നൊന്നും ജമാഅത്ത് നേതാക്കള്‍ക്കെതിരെ യുദ്ധ കുറ്റം ആരോപിക്കപെട്ടിരുന്നില്ല .എന്നല്ല യഥാര്‍ത്ഥ യുദ്ധ കുറ്റം ചെയ്ത പാക് പട്ടാള ഉദ്വാഗസ്ഥന്‍മാരെയും ബംഗ്ലാദേശ് അതിനിടയില്‍ കുറ്റ വിമുകതമാക്കി. പിന്നീട് എസ് എം ഇര്‍ഷാദിന്റ പട്ടാളം ഏകാധിപത്യം പിടിമുറുക്കിയപ്പോള്‍ അദ്ദഹത്തെ പുറത്താക്കാനുള്ള ജനാധിപത്യ പ്രക്ഷോഭത്തില്‍ ജമാഅത്തെ ഇസ്ലാമിയോടൊപ്പം ഇപ്പോള്‍ ജമാഅത്ത് നേതാക്കള്‍ക്ക് തുക്ക് കയര്‍ സമ്മാനിച്ച ശൈഖ് ഹസീന വാജിദും പങ്കെടുത്തത് ചരിത്രം.ഇര്‍ഷാദ് പുറത്താക്കപെട്ടതിന് ശേഷം ബീഗം ഖാലിദ സിയയും ശൈഖ് ഹസീന വാജിദും മാറിമാറി അധികാരത്തില്‍ വന്നപ്പോഴൊന്നും ജമാഅത്ത് നേതാക്കളുടെ പേരില്‍ യുദ്ധം കുറ്റം ആരോപിക്കപെട്ടിരുന്നില്ല.

എന്നാല്‍ പിന്നീട് ബീഗം ഖാലിദാ സിയയുടെ പാര്‍ട്ടിയും ജമാഅത്ത ഇസ്ലാമിയും ചേര്‍ന്ന് മുന്നണിയാകുകയും അത് അധികാരത്തില്‍ വരികയും ചെയ്തു. ഈ മുന്നണി അവാമിലീഗിന് എന്നെന്നും അധികാരം നില്‍ത്തുന്നതില്‍ വന്‍ ഭീഷണി യാകുമെന്ന് കണ്ടപ്പോള്‍ ഈ മുന്നണി തകര്‍ക്കാന്‍ വേണ്ടിയാണ് ഭരണകൂടം യഥാര്‍ത്ഥത്തില്‍ അത് വരെ ആരോപിക്കാതിരുന്ന യുദ്ധ കുറ്റം ജമാഅത്ത് നേതാക്കളില്‍ ആരോപിക്കുകയും വിചാരണ പ്രഹസനത്തിലൂടെ തൂക്കി കൊല്ലുകയും ചെയ്തത്.ഇതാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ പതിഞ്ഞ രകതക്കറയുടെ കഥ.

മൗദൂദിയെ ഗോള്‍വാള്‍ക്കറാക്കാന്‍ വേണ്ടിയുള്ള മറ്റൊരാരോപണം പാകിസ്ഥാനില്‍ അഹമ്മദിയാക്കള്‍ക്കെതിരെ ജമാഅത്ത് കലാപം സംഘടിപ്പിച്ച് കുറെ പേരെ കൊന്നുവെന്നാണ്.സത്യത്തില്‍ ആ കലാപം ജമാഅത്ത് സംഘടിപ്പിച്ചതോ അതില്‍ ജമാഅത്തിന് ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തമോ ഇല്ല. മജ് ലിസുല്‍ അഹ് റാന്‍ എന്ന പാര്‍ട്ടിയാണ് പ്രത്യക്ഷത്തില്‍ ആ കലാപം നടത്തിയതെങ്കിലും അതിന് പിന്നില്‍ ഭരണ കൂടത്തിലെ സെക്കുലര്‍ ലോബിയുടെ ഗൂഢാലോചനയുണ്ടായിരുന്നു.പാകിസ്ഥാനില്‍ ഇസ്ലാമിക ഭരണ ഘടനയുണ്ടാക്കണമെന്ന ജമാഅത്തടക്കമുള്ള സംഘടനകളുടെ മുറവിളിയെ പ്രതിരോധിക്കാന്‍ ഒരു ന്യായം തേടുകയായിരുന്നു അവര്‍ അതിലൂടെ .പാകിസ്ഥാനില്‍ ഇസ്ലാമിക ഭരണഘടനയുണ്ടായാല്‍ മുസ്ലിംകള്‍ അമുസ്ലിംകളായി കരുതുന്ന അഹമ്മദികളുടെ കാര്യം എന്താകും എന്ന ചോദ്യമാണ് ഭരണകൂടത്തിലെ സെകുലര്‍ ലോബി അതിലൂടെ ഉയര്‍ത്താന്‍ ശ്രമിച്ചത്.അതിനുള്ള മറുപടിയായിരുന്നു മൗദൂദിയെ ജയിലിലടക്കാന്‍ കാരണമായ ഖാദിയാനി മസ്അല എന്ന പുസ്തകം.മുഹമ്മദ് നബിയുടെ അന്ത്യ പ്രവാചകത്വം നിഷേധിക്കുന്നതിനാല്‍ ഖാദിയാനികള്‍ മുസ്ലിംകളല്ല എന്നത് മൗദൂദിയുടെ മാത്രം നിലപാടല്ല. ലോക മുസ്‌ലികളുടെ പൊതു നിലപാടാണത്.ആ നിലപാടാകട്ടെ വിശ്വാസത്തില്‍ അധിഷ്ടിതവുമാണ്. അത് കൊണ്ടാണല്ലോ അവര്‍ക്ക് ഹജ്ജിന് അനുമതി ലഭിക്കാത്തത്.ഇന്ത്യയില്‍ ഇവിടെയുള്ള നിയമം അവരെ മുസ്‌ലിംകളായി പരിഗണിക്കുന്നുണ്ടാകാം.പക്ഷെ മുസ്ലിം കള്‍ അവരെയോ അഹ്മദീയരല്ലാത്തവരെ അവരോ മുസ്‌ലിംകളായി കാണുന്നില്ല. ഖാദിയാനി പ്രശ്‌നത്തില്‍ ലോകം മുസ്ലിംകള്‍ ഏകോപിച്ച് പറഞ്ഞ ഇക്കാര്യം തന്റെ പുസ്തകത്തില്‍ ഊന്നി പറയുകയും അതോടൊപ്പം അവരെ മറയാക്കി സെക്കുലറുകള്‍ ഉയര്‍ത്തിയ ഭരണ ഘടനാ പ്രശ്‌നത്തെ മറി കടക്കാന്‍ അവരെ മത ന്യൂന പക്ഷമായി പരിഗണിച്ച് പാര്‍ലിമെന്റിലും മറ്റും അവർക്ക് സംവരണം നല്‍കണമെന്നാവശ്യപ്പെടുകയുമാണ് മൗദൂദി ചെയ്ത് .ക്ലാസിക്കള്‍ കര്‍മ്മ ശാസ്ത്രം മാത്രമാണ് നിയമ നിര്‍മാണത്തിന് ആധാരമാക്കുന്നതെങ്കില്‍ ഖാദിയാനികളെ മുര്‍തദ്ദായി ( മത പരിത്യാഗി) പരിഗണിച്ച് വധ ശിക്ഷയാണ് നല്‍കേണ്ടത് .അവര്‍ക്ക് മത ന്യൂനപക്ഷത്തിന്റെ സ്റ്റാറ്റസ് നല്‍കി വധ ശിക്ഷയില്‍ നിന്ന് മൗദൂദി യഥാര്‍ത്ഥത്തില്‍ അവരെ മുക്തമാക്കുകയാണ് ചെയ്ത് .അതിനാല്‍ ഖാദിയാനി പ്രക്ഷോഭത്തില്‍ വല്ലവരുടെയും രക്തം ഒഴുകിയിട്ടുണ്ടെങ്കില്‍ അതില്‍ മൗദൂദിക്കും ജമാഅത്തെ ഇസ്ലാമിക്കും യാതൊരു പങ്കുമില്ല. ഇന്ത്യന്‍ ജമാഅത്ത ഇസ്ലാമി ആരുടെയും രക്ത ചിന്തിയിട്ടില്ല എന്ന് ഇവിടെ പ്രത്യേകം പറയേണ്ട കാര്യമേ അല്ല. അതിനാല്‍ മൗദൂദിയെ ഗോള്‍വാള്‍ക്കറാക്കുന്ന സ്വാരാജിനോട് ചോദിക്കാനുള്ളത് ഗോള്‍ വാള്‍ക്കര്‍ വിചാര ധാരയിലും നാം നമ്മുടെ ദേശീയതയെ നിര്‍ വചിക്കുന്നു വെന്ന പുസ്തകത്തിലും വരഞ്ഞിട്ട ഹിന്ദു രാഷ്ട്രം മൗദൂദിയുടെ ഇസ്ലാമിക രാഷ്ടത്തെ പോലെ മാനവികമാണോ? അത് തനി ബ്രാഹ്മണ വംശീയതയല്ലെ? ഗോള്‍വാള്‍ക്കറുടെ അനുയായികളായ ആര്‍ എസ് എസ്സാകട്ടെ സ്വോതന്ത്രത്തിന് ശേഷം അവരുടെ പങ്കാളിത്തമില്ലാത്ത ഒറ്റ വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ല എന്നത് നിങ്ങള്‍ക്കും അറിയുന്നതല്ലെ.

അതിനാല്‍ മൗദൂദിയെ ഗോല്‍വാള്‍ക്കറുമായി സമീകരിച്ചതിലൂടെ മിസ്റ്റര്‍ സ്വരാജ് താങ്കല്‍ രക്ഷപ്പെടുത്തുന്നത് വംശിയ വിദ്വാഷത്തിന്റെ താത്വികനായ ഗോള്‍വാള്‍ക്കറെയും രക്ത ദാഹികളായ അദേഹത്തിന്റെ അനുയായികളെയുമാണ് .ഇത് ഷെയര്‍ ചെയ്യുന്ന മുസ്‌ലിം സമുദായത്തിലെ ചില ലിബറലുകളുടെ കുശുമ്പിനും കുന്നായ്മക്കും കൊടുക്കണം കുതിരപ്പവന്‍ സമ്മാനം.

Related Articles