Current Date

Search
Close this search box.
Search
Close this search box.

ലിബിയ എവിടെ , എങ്ങോട്ട്?

ഈ ചോദ്യം ഇനിയും ധാരാളമായി ചോദിക്കപ്പെട്ടു കൊണ്ടിരിക്കും, ലിബിയൻ ജനത ദേശീയ സമവായത്തിന്റെ പുതിയൊരു പാത വെട്ടിത്തുറന്നില്ലെങ്കിൽ. ആ ദേശീയ സമവായത്തിലൂടെ രാഷ്ട്ര സ്ഥാപനങ്ങൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും പൊതു സ്വീകാര്യതയും നിയമ സാധുതയും നൽകാൻ സാധിക്കണം. 2011- ഫെബ്രുവരി 17 -ലെ ജനകീയ പ്രക്ഷോഭം കഴിഞ്ഞിട്ട് പതിനൊന്ന് വർഷത്തിലധികമായി. ആ കാലയളവിൽ ലിബിയക്കാർ ഒമ്പത് ഭരണകൂടങ്ങളെ പരീക്ഷിച്ചു, 142 രാഷ്ട്രീയ പാർട്ടികൾക്ക് രൂപം നൽകി, ഒട്ടേറെ പ്രിന്റ് – ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ സ്ഥാപിച്ചു. ഒപ്പം ഈ കാലയളവിൽ രാജ്യത്തിന്റെ കിഴക്ക് ഭാഗം അതിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് പിളർന്ന നിലയിലുമായി. ഗോത്ര, വംശീയ, പ്രാദേശിക മുദ്രാവാക്യങ്ങളാണ് മുഴങ്ങി കേട്ടുകൊണ്ടിരുന്നത്. പിന്നെ വൈദേശിക – പ്രാദേശിക ശക്തികളുടെ ഇടപെടലുകൾ. അതിനിടയിൽ ജനഹൃദയങ്ങളിൽ നിന്ന് ചോർന്ന് പോയത് ഒറ്റ ദേശം എന്ന വികാരം. സംസാരിച്ചു കൊണ്ടിരുന്നത് തോക്കുകളുടെ ഭാഷയിൽ. ഫിത് ന എന്ന് വിളിക്കപ്പെടുന്ന സ്ഥിതിവിശേഷം തന്നെ. ഫിത് ന കൊലയേക്കാൾ കഠിനമാണല്ലോ.

ഒട്ടും മനസ്സമാധാനം നൽകാത്ത സങ്കീർണ്ണമായ സ്ഥിതിവിശേഷം നിലനിൽക്കുമ്പോൾ തന്നെ, ഈ തോട് പൊട്ടിച്ച് പറന്നുയരാൻ ശേഷിയുള്ള രാജ്യം തന്നെയാണ് ലിബിയ. വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ അതിന് പുറപ്പെട്ടു പോകാനാകും. ആഫ്രിക്കയിൽ പെട്രോൾ ഉൽപ്പാദക രാജ്യങ്ങളിൽ നാലാമതാണ് ലിബിയ. പ്രകൃതി വാതകത്തിന്റെയും കാര്യമായ നിക്ഷേപമുണ്ട്. അതിന്റെ സമുദ്രതീര പ്രദേശങ്ങൾ നീണ്ടും പരന്നും കിടക്കുകയാണ്. അവിടെ നിന്ന് കല്ലെറിയുന്ന ദൂരത്തിലാണ് യൂറോപ്പ്. ഭൗമ രാഷ്ട്രീയത്തിന്റെ കോണിലൂടെ നോക്കിയാലും വളരെ തന്ത്ര പ്രാധ്യാന്യമുണ്ട് ലിബിയക്ക്. ആഫ്രിക്കയിലേക്കെന്ന പോലെ കിഴക്കൻ അറേബ്യയിലേക്കുമുള്ള പാലമാണത്. പിന്നെ പടച്ചതമ്പുരാൻ ദാനമായി നൽകിയ വേണ്ടുവോളം പ്രകൃതി വിഭവങ്ങൾ. അവയൊന്നും വേണ്ടവണ്ണം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ജനസംഖ്യയും അനുകൂല ഘടകമാണ്. ലിബിയക്കാരുടെ എണ്ണം ആറ് ദശലക്ഷം മാത്രം. അവരിലധികവും യുവാക്കൾ.

ഈ ശേഷികളും അധിക വിഭവങ്ങളും മേഖലയിലെ മിക്ക രാഷ്ട്രങ്ങൾക്കുമില്ല. പക്ഷെ സ്വതന്ത്രവും ശക്തവുമായ ഒരു ദേശരാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ലിബിയൻ സമൂഹം പരാജയപ്പെടുകയാണുണ്ടായത്. മറ്റു മഗ് രിബ് രാജ്യങ്ങളെ അപേക്ഷിച്ച് അൽപ്പം നേരത്തെ, 1951-ൽ , അത് കൊളോണിയൽ ശക്തികളിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തിട്ടുണ്ട്. പക്ഷെ മുന്നോട്ടുള്ള പ്രയാണം ഏറെ സങ്കീർണ്ണമാക്കിയത് നാല് പതിറ്റാണ്ടുകാലം (1979 – 2011 ) ഒരു രാഷ്ട്രീയ വ്യവസ്ഥക്ക് കീഴിൽ അതിന് അമർന്നു കഴിയേണ്ടി വന്നു എന്നതാണ്; ആ ഭരണത്തിന് സ്ഥാപനങ്ങളെയോ പൊതുജീവിതത്തെയോ പൂർണ്ണമായി നിഷ്കാസനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും.

2011 ഫെബ്രുവരി പതിനേഴിലെ ജനകീയ പ്രക്ഷോഭം എന്റെ ഓർമയിലുണ്ട്. അതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാനൊരു ശിൽപ്പശാലയിൽ പങ്കെടുത്തിരുന്നു. തലസ്ഥാനമായ ട്രിപ്പോളി മുഴുക്കെ ആ സമയത്ത് ലിബിയൻ പ്രസിഡന്റ് മുഅമ്മർ ഖദാഫിയുടെ വലിയ കട്ടൗട്ടുകൾ കാണാമായിരുന്നു. ഞാനപ്പോൾ എന്റെ അക്കാദമീഷ്യനായ സുഹൃത്തിനോട് പറഞ്ഞു: ‘നേതാവിനെ ഇങ്ങനെ പാടിപ്പുകഴ്ത്തുന്നത് നല്ല ലക്ഷണമല്ല.’ എനിക്കോർമ വന്നത് ഇറാനിയൻ വിപ്ലവ കാലമാണ്. 1979 ജനുവരിയിൽ വിപ്ലവം നടക്കുന്നതിന്റെ തൊട്ടു മുമ്പ് ഷാ റിസാ പഹ്‌ലവിയുടെ ചിത്രങ്ങളും കട്ടൗട്ടുകളും ഇത് പോലെ വ്യാപകമായി തെരുവുകളിൽ സ്ഥാപിച്ചിരുന്നു. മാസങ്ങൾക്കകം ലിബിയയിൽ സംഭവിച്ചതും ഇറാനിൽ സംഭവിച്ചത് തന്നെ.

ലിബിയ എങ്ങോട്ടാണ് പോകുന്നത്? ആഭ്യന്തര സംഘർഷങ്ങളിൽ നിന്ന് അതിന് കരകയറാനാവുമോ? പരസ്പരം പൊരുതുന്ന കൊച്ചു കൊച്ചു നാടുവാഴി ഭരണപ്രദേശങ്ങളായി ശിഥിലമാകാനാകുമോ അതിന്റെ വിധി? വിവിധ ലിബിയൻ ഗ്രൂപ്പുകൾ വിചാരിച്ചാൽ രാജ്യം ശിഥിലമാകുന്നത് തടയാനാവും. ദേശത്തിന്റെ അഖണ്ഡത അവരുടെ ഒന്നാമത്തെ അജണ്ടയാണെങ്കിൽ ഐക്യം സാധ്യമാണ്. രാജ്യത്തിന്റെ വിഭവങ്ങൾ സംരക്ഷിക്കാനുമാകും. പക്ഷെ ഭിന്നതകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഇതിൽ ഇടപെടുന്ന കക്ഷികൾക്കൊന്നും അറിഞ്ഞു കൂടാ. എല്ലാവർക്കും പങ്കാളിത്തവും അവകാശവുമുള്ള തറവാട് എന്ന നിലയിൽ രാഷ്ട്രത്തെ കാണുന്ന വൈകാരികതലം പൊതുവെ ദുർബലമാവുന്നതായാണ് കാണുന്നത്. വേറെ പല കൂറുകളും താൽപര്യങ്ങളുമാണ് ഈ സംഘങ്ങളുടെ ആദ്യ പരിഗണനയിൽ വരുന്നത്.

2021 ഫെബ്രുവരി 5 – ന് വിവിധ ലിബിയൻ ഗ്രൂപ്പുകൾ തമ്മിലുള്ള ചർച്ച ജനീവയിൽ നടന്നിരുന്നു ; യു.എൻ ആഭിമുഖ്യത്തിൽ തന്നെ. അവിടെ വെച്ച് അബ്ദുൽ ഹമീദ് ദബീബയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തു. മൂന്നംഗ പ്രസിഡൻഷ്യൽ കൗൺസിലിനെയും നിശ്ചയിച്ചു. ഈ ക്രമീകരണത്തിന് പാർലമെന്റിന്റെ അംഗീകാരവും ലഭിക്കുകയുണ്ടായി. ലിബിയയിൽ അപ്പോൾ നാഷനൽ അക്കോഡ് മുന്നണിയുടെ ഭരണവും കിഴക്ക് കേന്ദ്രമാക്കി മറ്റൊരു ഭരണകൂടവും ഉണ്ടായിരുന്നു. ഇവ രണ്ടിന്റെയും സ്ഥാനത്തേക്കാണ് പുതിയൊരു ഭരണ സംവിധാനം കൊണ്ട് വന്നത്. രാജ്യത്തിന്റെ കിഴക്ക് – പടിഞ്ഞാറ് വിഭജനം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. കിഴക്കൻ മേഖലയിൽ സമാന്തര ഭരണം നടത്തുന്ന കേണൽ ഖലീഫ ഹഫ്തർ താൻ തുടർന്നുവരുന്ന സൈനിക നടപടി മരവിപ്പിക്കാമെന്നേറ്റു. അങ്ങനെ രാജ്യം പ്രസിഡന്റ് – പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങവെയാണ് സ്ഥിതിഗതികൾ വീണ്ടും വഷളായത്. ദേശീയ വികാരമല്ല, പ്രാദേശികവും വംശീയവുമായ താൽപര്യങ്ങൾ വീണ്ടും മേൽക്കൈ നേടി. സംഘട്ടനത്തെക്കുറിച്ച സംസാരങ്ങൾ വീണ്ടും ഉയർന്നു കേൾക്കാൻ തുടങ്ങി. വിവിധ ഗ്രൂപ്പുകൾ തമ്മിലുളള ഒരു രാഷ്ട്രീയ സമവായത്തിന് വേണ്ടി ശ്രമിക്കുക എന്നതാണ് ഇപ്പോൾ എറ്റവും അനിവാര്യമായിട്ടുള്ളത്. അല്ലാത്ത പക്ഷം അജ്ഞാതവും പ്രവചനാതീതവുമായ ഭാവിയിലേക്കായിരിക്കും രാഷ്ട്രം തെന്നിമാറുക.

വിവ : അശ്റഫ് കീഴുപറമ്പ്

(മൊറോക്കൻ രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ. )

Related Articles