Current Date

Search
Close this search box.
Search
Close this search box.

മതം വിട്ടവർ ഇസ് ലാം വിരോധികളാവുന്നതിന്റെ മനശാസ്ത്രം

സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തോട് രാഷ്ട്രം തന്നെ കലഹിച്ചു കൊണ്ടിരിക്കുമ്പോൾ അതിൽ സംഘികളെ പോലും തോൽപിക്കുന്ന അന്തക്കേടോടെ ഇടപെടുന്ന മറ്റൊരു പ്രധാന വിഭാഗം സ്വതന്ത്ര ചിന്തകരെന്ന് സ്വയം അവകാശപ്പെട്ട് നടക്കുന്ന കേരളീയ നവ നാസ്തികരാണ്. മാറുന്ന സാഹചര്യങ്ങളെക്കൂടി ഉൾക്കൊണ്ട് കൊണ്ടാണ് സാമൂഹ്യ ഇടപെടലുകളുണ്ടാകേണ്ടതെന്ന അടിസ്ഥാന ധാർമികബോധം പോലും തങ്ങൾക്കില്ലെന്ന് സ്വന്തം വേദികളിലൂടെ നാസ്തികർ പലവട്ടം തെളിയിച്ചതാണ്. ഒരു ന്യൂനപക്ഷത്തിന്റെ പൗരത്വം പോലും നിഷേധിക്കാൻ നിയമ നിർമാണങ്ങൾ നടക്കുമ്പോൾ അതേ ന്യൂനപക്ഷത്തെ അപഹസിക്കുവാനും അവരുടെ മതതത്വങ്ങളെ ആക്രമിക്കാനുമാണ് തങ്ങളുടെ വാർഷിക പരിപാടികളിൽ പോലും നവനാസ്തിക ബുദ്ധിജീവികൾ വേദി നീക്കിവെക്കുന്നതെന്നത് ഇവരുടെ സ്വതന്ത്രചിന്തയുടെ നിലവാരം മനസ്സിലാക്കിത്തരുന്നുണ്ട്.

ഈയടുത്ത് കോഴിക്കോട്ട് നാസ്തികരുടെ എസ്സൻസ് ഗ്രൂപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വാർഷിക പരിപാടിയിൽ വർത്തമാന കാല സംഘപരിവാർ രാഷ്ട്രീയം മുപ്പതിലധികം വരുന്ന പ്രഭാഷകർക്ക്‌ വിമർശന വിഷയമേ ആയില്ലെങ്കിലും ഇസ്ലാമിനെ അപഹസിക്കാൻ മാത്രം മൂന്നിലധികം മുസ്ലിം നാമധാരികളായ പ്രഭാഷകരെ ഏർപ്പെടുത്താൻ വിട്ടുപോയില്ല. മറ്റൊരു നാസ്തിക കൂട്ടായ്മ സംഘടിപ്പിച്ച സ്വതന്ത്ര ലോകത്തിലെയും വിഷയാവതരണങ്ങളുടെ നിലവാരമില്ലായ്മ സമം തന്നെയാണ്. ഇസ്ലാമിലെ പ്രവാചകൻ യുദ്ധക്കൊതിയനാണെന്നും, യുദ്ധം ചെയ്യാനാണ് ഈ ദർശനം പ്രേരകമാകുന്നതെന്നുമൊക്കെ വശളു പറയാനാണ് അവരുടെ സുപ്രധാന ബുദ്ധിജീവി നേതാവ് പോലും വേദി ഉപയോഗിച്ചത്.

Also read: ഇസ്‌ലാമിക ശരീഅത്തന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍

സ്വന്തം വേദികളിൽ ഇങ്ങനെ വിഷം വമിക്കുന്ന മതവിരോധം പ്രസരിപ്പിക്കുന്നത് കണ്ടില്ലെന്ന് വെക്കാം. എന്നാൽ കേരള ഗവമെന്റിന്റെ ഫണ്ടിംഗ് കൊണ്ടും കൂടി നടക്കുന്ന കേരള ലിറ്ററെച്ചർ ഫെസ്റ്റിൽ ഇങ്ങനെ മതവിരോധം ഛർദ്ദിക്കുന്നത് ലഹരിസമാനമായി ആസ്വദിക്കുന്നവർക്ക്‌ വേദി കൊടുത്തതിന്റെ ഉദ്ദേശ്യമെന്താണ്!?വാസ്തവത്തിൽ മതം വിട്ടവരെന്ന് അവകാശപ്പെടുന്നവരെ വലിയ രീതിയിൽ ഉപയോഗപ്പെടുത്തുക മാത്രമാണ് ഈ വേദികളിലെല്ലാം സംഭവിക്കുന്നത്. ഇസ്ലാം വിട്ടവരെന്ന്‌ പറഞ്ഞ് വരുന്ന എത്ര വലിയ മന്ദബുദ്ധിക്കും ഈ സാഹചര്യത്തിൽ ബുദ്ധിജീവി സ്ഥാനം ലഭിക്കും. അത്തരക്കാരെ ആഘോഷപൂർവം സ്റ്റേജുകളിൽ കയറ്റി ഇസ്ലാമിനെ തെറി പറയിക്കുന്നവർക്ക് പ്രേരണ
എന്ത്തന്നെയായാലും മുസ്ലിം സമുദായത്തോടുള്ള സദുദ്ദേശപരമായ വികാരമാണെന്ന് കരുതാൻ പറ്റില്ല, പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ.

വാസ്തവത്തിൽ മതം വിട്ടെന്ന അവകാശവാദത്തിന് പുറത്ത് പിന്നീട് ആ മതത്തെ നിരന്തരമായി കുറ്റം പറഞ്ഞ് നടക്കുന്നവരുടെ മനോനില യുക്തിയിൽ അധിഷ്ഠിതമല്ല. മറിച്ച് അതിവൈകാരികമായ മത വിരോധത്താൽ നയിക്കപ്പെടുക മാത്രമാണതിൽ അധികപേരുമെന്ന് സാമൂഹ്യ വിശകലനങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്. അതി പ്രശസ്തരായ പല മതരഹിത ബുദ്ധിജീവികളുടെയും മതവിമർശന ജീവിതം തന്നെയാണതിൻെറ തെളിവും. മനുഷ്യൻ അടിസ്ഥാനപരമായി നിലനിന്നിരുന്ന ഒരാശയത്തിൽ നിന്നും പുറത്ത് പോയി പുതിയൊരു ആശയം സ്വീകരിക്കുമ്പോൾ സംഭവിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, താൻ ബുദ്ധി മുട്ടുകളും, സമ്മർദ്ദങ്ങളുമൊക്കെ അനുഭവിച്ച് സ്വീകരിച്ച തൻറെ പുതിയ ഐഡന്റിറ്റി മറ്റെന്തിനെക്കാളും അവർക്ക് വിലപ്പെട്ടതായിരിക്കും. രണ്ട്, നാസ്തികരെ സംബന്ധിച്ച്, അവർ സ്വീകരിച്ചിരുന്ന മതം അവരെ സദാചാരപരമായി തളച്ചിടുകയായിരുന്നു എന്ന ചിന്ത ആ ആശയത്തോട് ഉള്ള പകയ്ക്ക് കാരണമാകാം. ഒരാശയം പരിത്യജിച്ച് പുതിയ മാർഗ്ഗം സ്വീകരിക്കുമ്പോൾ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ അതിനെതിരെ ഉണ്ടാകുന്ന സമ്മർദങ്ങൾക്കും, പ്രശ്നങ്ങൾക്കും കാരണമായി പഴയ ആശയത്തെ കാണും. അതും തൻറെ പഴയ മതത്തെയോ ആശയത്തെയോ വെറുക്കുന്നതിന് കാരണമാകും. പിന്നീട് സമൂഹത്തെ ബോധ്യപ്പെടുത്താനും, കാണിക്കാനും തൻറെ പൂർവ്വ മതത്തെ കേന്ദ്രീകരിച്ച് വിമർശനാത്കമായി സംസാരിക്കൽ മാത്രമാകും അവരുടെ ചോദന.അഥവാ മതവിമർശനങ്ങൾ സ്വയം ന്യായീകരിക്കാനും, വൈകാരികമായ പൂർവ്വമതവിരോധം തീർക്കാനും ഇവർ കൈക്കൊള്ളുന്ന ഉപാധി മാത്രമായിത്തീരും.
ചുരുക്കത്തിൽ, ഇത്തരക്കാരെ മനഃശാസ്ത്രപരമായി നയിക്കുന്നത് തൻറെ പഴയ മതത്തോട് ഉണ്ടാകുന്ന വിരോധവും പകയും മാത്രമായിരിക്കും.

എന്നാൽ ഇതേ മനശാസ്ത്രം തന്നെയല്ലേ മതപരിവർത്തനത്തിന് വിധേയരാകുന്ന എല്ലാവരിലും പ്രവർത്തിക്കുന്നതെന്നും, എങ്കിൽ നാസ്തികരെ മാത്രം മതവിരോധികളും, മാനസിക രോഗികളുമായും അടയാളപ്പെടുത്തുന്നതിന്റെ യുക്തി എന്താണെന്നും മറു ചോദ്യമുണ്ടാകാം.ഇതിൻറെ മറുപടി നാസ്തികതയും മത ദർശനങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തിൽ തന്നെ കിടപ്പുണ്ട്. മതങ്ങൾക്കെല്ലാം കൃത്യമായ ആശയങ്ങളും,ലോകവീക്ഷണവും, സാമൂഹ്യ ലക്ഷ്യങ്ങളുമൊക്കെയുണ്ടാകും.അതുകൊണ്ട് തന്നെ ആ ദർശനങ്ങളിൽ ഒന്നിനെ സ്വീകരിക്കുന്നവർക്ക് ക്രിയാത്മകമായ ഉദ്ദേശ്യങളും കാണും. എന്നാൽ നാസ്തികത മുന്നോട്ടുവെക്കുന്നത് കേവലമായ നിരാകരണം മാത്രമാണ്. അതിനപ്പുറം മാനവികമോ, ധാർമ്മികമോ ആയി ഒരു സമൂഹത്തിന്റെ ഉന്നമനത്തിനുതകുന്ന യാതൊന്നും നാസ്തികത കൊണ്ട് ഉണ്ടാവുന്നില്ല. അത് അടിസ്ഥാനപരമായി പറയുന്ന ദൈവനിഷേധം പോലും തെളിവുകളെ ആശ്രയിച്ചുള്ള ഒരു വാദമല്ലെന്ന് നവനാസ്തികതയുടെ ആ ചാര്യനായ ഡോക്കിൻസ് തന്നെ പല വേദികളിലും സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ ക്രിയാത്മകമായ ഒരു സാമൂഹ്യ സൃഷ്ടിയോ, യുക്തിപരമായ അടിത്തറയോ ചോദനയായി ഇല്ലാതെ കേവലം മതങ്ങൾക്കേതിരെ പരദൂഷണ വർത്തമാനങ്ങൾ പറയാൻ വേണ്ടി മാത്രമായി ഒരു സംഘം പ്രവർത്തിക്കുന്നു എങ്കിൽ അവരുടെ ചോദന മതവിരോധം മാത്രമാണെന്ന് മനസ്സിലാക്കാൻ ഐൻസ്റ്റൈന്റെ ബുദ്ധിയൊന്നും വേണ്ട!

Also read: ദൈവ കാരുണ്യം ലഭിക്കാന്‍ പത്ത് കാര്യങ്ങള്‍ പതിവാക്കാം

ഇതിന് നേർക്കുനേരെ തെളിവ് വേണമെന്ന് പറയുന്നവർ നവനാസ്തികരെ ശരിക്കൊന്ന് നിരീക്ഷിച്ച് പഠിക്കട്ടെ.ദൈവനിഷേധത്തിന് തെളിവുകള്‍ ഇല്ലെങ്കില്‍ പിന്നെയെന്താണ് നാസ്തിക പ്രസ്ഥാനങ്ങള്‍ക്ക് പ്രേരണ എന്നറിയാന്‍ ആകെയുള്ള മാര്‍ഗം നിരീശ്വര പ്രസ്ഥാനങ്ങള്‍ കൊണ്ട് അവരെന്താണ് ചെയ്യുന്നത് എന്നു വിലയിരുത്തുക മാത്രമാണ്. ഒരു സംഘടന അതിന്റെ വികാരത്തിനും ചോദനയ്ക്കും ലക്ഷ്യത്തിനും അനുസരിച്ചാണല്ലോ പ്രവര്‍ത്തിക്കുക. അങ്ങനെ നോക്കുമ്പോള്‍ സാം ഹാരിസും ഹിച്ചന്‍സും ഡോക്കിന്‍സും മുതല്‍ കേരളത്തിലെ രവിചന്ദ്രനും ജബ്ബാറും വരെ മതങ്ങളെ കുറ്റം പറഞ്ഞും അപഹസിച്ചും മാത്രമാണ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് എന്ന് എളുപ്പം മനസ്സിലാകും.

ഇത് കേവലം നാസ്തിക സംഘടനാ നേതാക്കളുടെ മാത്രം കാര്യമല്ല! ശാസ്ത്രബോധം ഉണ്ടാക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് അവകാശപ്പെടുന്ന ഒരു നാസ്തിക അണിയും ഇന്നുവരെ തെര്‍മോഡൈനാമിക്‌സിന്റെ സെക്കന്റ് ലോ കേട്ട് ഉത്തേചിതരായി കയ്യടിച്ചത് ആരും കണ്ടുകാണില്ല. പക്ഷേ നാസ്തിക പ്രമുഖന്‍മാര്‍ മതങ്ങളെക്കുറിച്ച് പറയുന്ന പരദൂഷണ വര്‍ത്തമാനങ്ങളില്‍ ഉത്തേജിതരാവുകയും ആഹ്‌ളാദിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന നിരീശ്വരന്‍മാരെ നാസ്തിക പരിപാടികളില്‍ ധാരാളം കാണാം. അതുകൊണ്ട് തന്നെയാണ് ശാസ്ത്ര വിഷയങ്ങള്‍ ക്ലാസ് എടുക്കുന്നവരെക്കാള്‍ മതങ്ങളെ കുറ്റം പറയുന്നവരോടും നിരന്തരമായി മതവിരോധം പ്രസംഗിക്കുന്നവരോടും നാസ്തികര്‍ക്ക് പ്രിയമേറുന്നത്. ചില ക്രിസ്ത്യന്‍ മിഷണറിമാരുടെ ഇസ്‌ലാം വിമര്‍ശന വെബ്‌സൈറ്റുകളെ കോപ്പിയടിച്ച് ഇസ്‌ലാം വിമര്‍ശനം തൊഴിലാക്കി നടക്കുന്ന മാഷുമാർ നാസ്തിക നേതാക്കളാകുന്നതിന്റെ മനഃശാസ്ത്രമിതാണ്. അഥവാ കേരളീയ യുക്തിവാദി സംഘങ്ങള്‍ വെറും മതവിദ്വേഷ സംഘങ്ങള്‍ മാത്രമാണിന്ന്.

ഇതൊരു തരത്തിൽ പഴയ ആദർശത്തോട് കൈക്കൊള്ളുന്ന വൈകാരികമായ പകതീർക്കൽ കൂടിയാണ്. ഇതിന് നല്ലൊരു ഉദാഹരണമായി പറയാൻ കഴിയുക അയൻ ഹിർസി അലി എന്ന പ്രശസ്ത പാശ്ചാത്യൻ ഇസ്ലാം വിമർശകയുടെ നിലപാടുകൾ തന്നെയാവും. ഒരു ATHEIST എന്ന് സ്വയം അടയാളപ്പെടുത്തുന്നുവെങ്കിലും അടിസ്ഥാനപരമായി മുൻ മതത്തോട് ഉണ്ടായ വൈകാരികമായ വിരോധം മാത്രമാണ് അവരെ അങ്ങനെ ആക്കുന്നതെന്ന് അവരുടെ തന്നെ രചനകൾക്ക് ഇടയിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. ഇസ്ലാം ഏറ്റവും മോശം ആദർശമാണെന്നും അത് ലോകത്തിന് തന്നെ ആപത്താണ് എന്നും ആവർത്തിച്ച് പറഞ്ഞ് നടക്കുന്ന അയാൻ ഹിർസി അലി അതിനുള്ള പരിഹാര മാർഗ്ഗങ്ങളും തൻറെ ഒരു കൃതിയിൽ നിർദ്ദേശിക്കുന്നുണ്ട്. അതിലൊന്നിൽ മുസ്ലിങ്ങൾക്ക് ഇടയിൽ കൃസ്ത്യൻ സുവിശേഷ പ്രചരണവും, അങ്ങനെ അല്ലാഹുവിന്റെ സ്ഥാനത്ത് ദൈവമായി യഹോവയെ മുസ്ലിങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന അവസ്ഥയെയുമാണ് അവർ പരിഹാരമായി നിർദ്ദേശിക്കുന്നത്. അഥവാ അയാൻ ഹിർസി അലിയെ സംബന്ധിച്ചിടത്തോളം നിരീശ്വരത്വത്തോടുള്ള അമിതമായ കൂറോ, വർദ്ധിച്ച സെക്യുലർ ബോധം കൊണ്ട് മതരഹിതമായ ലോകമുണ്ടാക്കാനുള്ള സ്വപ്നമോ ഒന്നുമല്ല ചോദന. മറിച്ച് അവരുടെ ശ്രദ്ധ മുഴുവൻ തൻറെ മുൻ മതത്തിൽ മാത്രമാണ്. അതിന് ബദലായി ഏത് മാരക പ്രത്യയ ശാസ്ത്രം വരുന്നതിനോടും അവർക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ ഇതേ സ്ഥാനത്ത് ക്രൈസ്തവതയിൽ നിന്നും മതരാഹിത്യം കൈക്കൊണ്ട ഒരാൾ പറയുക ക്രിസ്തുമതം കൂടുതൽ അപകടകരമായിരിക്കും എന്നാകും.അഥവാ മതരഹിതരുടെ മതരാഹിത്യവും, മതവിരോധവും പ്രവർത്തിക്കുന്നത് പൂർവ്വ മതത്തെ കേന്ദ്രീകരിച്ചാണ്.

യുക്തി രഹിതരായ ഇത്തരം മത വിരോധി ജീവികളെ പൊതു ഇടങ്ങളിൽ നിന്നെങ്കിലും മാറ്റി നിർത്താനാണ് സമൂഹം ശ്രമിക്കേണ്ടത്. തങ്ങൾ മതം ഉപേക്ഷിച്ചേ എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുകയും, സംഘ പരിവാർ രാഷ്ട്രീയത്തിന് ഒത്ത് തുള്ളുകയും ചെയ്യുന്ന രംഗ ബോധമില്ലാത്ത കുറച്ച് മതരഹിത മനോരോഗികളെ മനശാസ്ത്രപരമായി ചികിത്സിച്ച് നേരെയാക്കേണ്ട ഉത്തരവാദിത്തം സമുഹത്തിനുണ്ട്.

Related Articles