Current Date

Search
Close this search box.
Search
Close this search box.

കുറ്റകൃത്യമല്ലാതാവുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ

തിങ്കളാഴ്ച്ച, ദേശീയ ക്രൈം റെക്കോഡ്സ് ബ്ര്യൂറോ “ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട് 2017” പ്രസിദ്ധീകരിക്കുകയുണ്ടായി. രാജ്യത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ശേഖരിക്കപ്പെട്ട വിവരങ്ങളാണ് പ്രസ്തുത റിപ്പോർട്ടിന്റെ ഉള്ളടക്കം. എന്നാൽ, റിപ്പോർട്ട് പുറത്തുവിടാൻ ഒരു വർഷത്തിലധികം വൈകി എന്നു മാത്രമല്ല, പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങൾ ഒരുപാട് തരത്തിൽ പ്രശ്നകരവുമാണ്.

ആൾക്കൂട്ട കൊലപാതകങ്ങൾ, പ്രമുഖ വ്യക്തികൾ നടത്തിയ കൊലപാതകങ്ങൾ, ഖാപ് പഞ്ചായത്ത് ഉത്തരവു പ്രകാരം നടന്ന കൊലപാതകങ്ങൾ, മതപരമായ കാരണങ്ങളാൽ അരങ്ങേറിയ കൊലപാതകങ്ങൾ തുടങ്ങിയവെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കപ്പെട്ടിരുന്നെങ്കിലും അവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. “ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. പ്രസ്തുത വിവരങ്ങൾ പൂർണമായും ശേഖരിക്കപ്പെടുകയും വിശകലനവിധേയമാക്കപ്പെടുകയും ചെയ്തതാണ്. ഉന്നതതലത്തിൽ ഇരിക്കുന്നവർക്കു മാത്രമേ അതു പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അറിയൂ” പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ ‘ഇന്ത്യൻ എക്സ്പ്രസ്’നോടു പറഞ്ഞു.

ആൾക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ഇന്ത്യയിൽ വർധിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത് അരങ്ങേറുന്നത്. വർഗീയ വിദ്വേഷമാണ്, പ്രത്യേകിച്ച് പശുസംരക്ഷണത്തിന്റെ പേരിൽ- ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക്തുടക്കം കുറിച്ചത്. അതു പോലെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട വ്യാജ വാർത്തകളും അതിനു ആക്കംക്കൂട്ടി.

അതിലുപരി, പ്രസ്തുത സുപ്രധാന വിവരങ്ങൾ ഒഴിവാക്കിയതിന്റെ കൂടെ, “ജിഹാദി ഭീകരവാദം” എന്ന ഒരു പ്രത്യേക വർഗം വിശദീകരണമൊന്നും കൂടാതെ റിപ്പോർട്ടിൽ ചേർത്തിട്ടുമുണ്ട്. മുസ്ലിംകൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെ പ്രത്യേകമായി വർഗീകരിക്കുകയും, മറ്റു മതന്യൂനപക്ഷങ്ങൾ ചെയ്യുന്ന സമാനമായ കുറ്റകൃത്യങ്ങൾ പ്രത്യേകമായി വർഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്നതിന് ഒരു വിശദീകരണവും നൽകപ്പെട്ടിട്ടില്ല.

സുപ്രധാന കുറ്റകൃത്യവിവരങ്ങൾ വെളിപ്പെടുത്തുന്ന സർക്കാർ സംവിധാനങ്ങളെ ഭരണപാർട്ടിയായ ബി.ജെ.പിയുടെ രാഷ്ട്രീയം സ്വാധീനിക്കുന്നുണ്ട് എന്ന വസ്തുത തിരിച്ചറിയാൻ വലിയ പ്രയാസമൊന്നുമില്ല. ആൾക്കൂട്ട കൊലപാതകങ്ങളുടെ കണക്കുകൾ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയുളവാക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് പ്രസ്തുത വിവരങ്ങൾ ഒഴിവാക്കിയതു പോരാഞ്ഞിട്ട് “ജിഹാദി ഭീകരവാദം” എന്നതിനെ അവർ ഉയർത്തിക്കാട്ടുന്നത്. അതിലൂടെ ഹിന്ദു ദേശീയതക്കും രാജ്യ സുരക്ഷാ പേശീബലത്തിനും ഉണർവു നൽകാൻ സാധിക്കും.

ഇതാദ്യമായല്ല ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി സ്ഥിതിവിവരക്കണക്കുകളിൽ മോദി സർക്കാർ വെള്ളംചേർക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, സുപ്രധാന സ്ഥിതിവിവരകണക്കുകൾ പുറത്തുവിടാതെ ഒളിച്ചുവെക്കപ്പെടുന്നുണ്ട്, പ്രസിദ്ധീകരിക്കാൻ വൈകുന്നുണ്ട്, കണക്കുകളിൽ കൃത്രിമം നടത്തുന്നുമുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് ശേഖരിക്കപ്പെട്ട വിവരങ്ങൾ ചവറ്റുക്കുട്ടിയിൽ എറിഞ്ഞ നിലവിലെ ഭരണകൂടം, 2011-ലെ ജാതി സെൻസസിന്റെ ഫലങ്ങൾ പൂഴ്ത്തിവെച്ചു. സർക്കാർ പുറത്തുവിട്ട മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) കണക്കുകൾ, പ്രധാനമന്ത്രിയുടെ സ്വന്തം സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ടിച്ചിരുന്ന ആൾ തന്നെ ചോദ്യം ചെയ്തിരുന്നു.

രാജ്യത്തിന്റെ നിലവിലെ സ്ഥിതിയെ സംബന്ധിച്ച സത്യസന്ധമായ വിവരങ്ങളുടെ അഭാവം തലസ്ഥാനത്തെ നയരൂപകർത്താക്കളെയും അതുപോലെ തന്നെ സംസ്ഥാനങ്ങളെയും സംബന്ധിച്ച് ഒരു ദുഃസ്വപ്നം തന്നെയാണ്. ഉദാഹരണത്തിന്, ആൾക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച ശരിയായ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, നിയമനിർവഹണ ഏജൻസികൾക്ക് അവ തടയാൻ കഴിയാതെ വരും. സത്യസന്ധമായ സാമ്പത്തിക സ്ഥിതിവിവരകണക്കുകളുടെ അഭാവം നയരൂപകർത്താക്കൾ ഇരുട്ടിൽതപ്പുന്ന സാഹചര്യം സൃഷ്ടിക്കും.

ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ, സത്യസന്ധതമായ പൊതുവിവരങ്ങളുടെ ലഭ്യത ഇരട്ടി പ്രാധ്യമുള്ള സംഗതിയാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, ദൈനംദിന ജീവിതവ്യവഹാരങ്ങളിൽ തങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെ കുറിച്ച ശരിയായ വിവരങ്ങൾ അറിഞ്ഞുവെക്കുക എന്നത് ഓരോ പൗരന്റെയും അവകാശം കൂടിയാണ്.

വിവരശേഖരണത്തെ രാഷ്ട്രീയവത്കരിക്കാനുള്ള സർക്കാറിന്റെ തീരുമാനം, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെയും അതുപോലെ തന്നെ ജനാധിപത്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അവലംബം: scroll.in
മൊഴിമാറ്റം: ഇർഷാദ് കാളാചാല്‍

Related Articles