Current Date

Search
Close this search box.
Search
Close this search box.

എങ്ങോട്ട് തിരിഞ്ഞാലും മോദിയുടെ ചിത്രം, ഇതെത്ര കാലം ഉണ്ടാകും ?

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കൈവശം ഇപ്പോള്‍ കോവിഡ്-19-നെതിരെ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രണ്ടോ മൂന്നോ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. ഓരോ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമുണ്ട്. നമ്മളെല്ലാം സുരക്ഷിതരാണ്, കാരണം അദ്ദേഹത്തിന്റെ അത്യുദാരം കൊണ്ടും അനുഗ്രഹവും സാമീപ്യം കൊണ്ടുമാണ് അത് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.

ഗണേശ ചതുര്‍ത്ഥി ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞയാഴ്ച ഹിന്ദു ദൈവമായ ഗണേശന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ പലതിലും മോദിയെയും കാണിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രം പത്രങ്ങളിലും ടെലിവിഷനിലും പരസ്യബോര്‍ഡുകളിലും ഉണ്ട്. അദ്ദേഹത്തിന്റെ മുഖം സാരികളിലുംം പുസ്തക കവറുകളിലും അലങ്കരിക്കുന്നു.

പാലങ്ങള്‍, റോഡുകള്‍, യുദ്ധക്കപ്പലുകള്‍ – എല്ലാം അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഭുജ്, കേരളം, മംഗളൂരു എന്നിവിടങ്ങളില്‍ അദ്ദേഹം ഇത്തരം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ആ വകുപ്പുകളിലെ മന്ത്രിമാര്‍ തല താഴ്ത്തി മിണ്ടാതിരിക്കുമ്പോള്‍ അദ്ദേഹം എല്ലാ പ്രസ്താവനകളും നടത്തുന്നു. ഇനി അവര്‍ സംസാരിക്കുകയാണെങ്കില്‍, അവര്‍ അദ്ദേഹത്തെ പുകഴ്ത്തി പറയുകയും പ്രണാമം അര്‍പ്പിക്കുകയും ചെയ്യുന്നു. മറ്റാര്‍ക്കും ലൈംലൈറ്റില്‍ കയറാന്‍ അനുവാദമില്ല. കിം ജോങ് ഉന്നിന് അദ്ദേഹത്തില്‍ നിന്ന് കുറച്ച് പാഠങ്ങള്‍ പഠിക്കാന്‍ കഴിയും.

റേഷന്‍ കടയില്‍ നരേന്ദ്ര മോദിയുടെ ബാനര്‍ വയ്ക്കാത്തതിന് തെലങ്കാനയിലെ ഒരു ജില്ലയുടെ കളക്ടറോട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ക്ഷോഭിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല. അരിയുടെ സബ്സിഡിയുടെ ഭൂരിഭാഗവും വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്, ഈ നേട്ടത്തിന്റെ ക്രെഡിറ്റ് മോദിക്ക് നല്‍കേണ്ടത് സ്വാഭാവികമാണെന്നാണ് അവര്‍ പറഞ്ഞത്. ഈ പണം നികുതിദായകരുടെ പോക്കറ്റില്‍ നിന്നാണ് വന്നത് എന്നത് അവര്‍ക്ക്് വളരെ നിഗൂഢമായ സംഗതിയാണ്. അവരുടെ മനസ്സില്‍, ഇത് പ്രധാനമന്ത്രിയുടെ ഹൃദയവിശാലതയുടെ മറ്റൊരു ഉദാഹരണമാണ്.

നരേന്ദ്രമോദിയുടെ ദൈവവല്‍ക്കരണം പൂര്‍ത്തിയായി. അദ്ദേഹം സര്‍വ്വവ്യാപിയും സര്‍വ്വശക്തനും മാത്രമല്ല, സര്‍വജ്ഞനുമാണ് – നിങ്ങളെക്കുറിച്ചോ നിങ്ങളുടെ ജീവിതത്തെക്കുറിച്ചോ അയാള്‍ക്ക് അറിയാത്തതായി ഒന്നുമില്ല – ആധാറിന്റെ വ്യാപകമായ ഉപയോഗം ഇതിനെ നിര്‍ണ്ണായകമാക്കുന്നു.

അദ്ദേഹം മറ്റുള്ളവരെ സഹായിക്കുന്ന വ്യക്തിയാണ് – വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെക്കുറിച്ച് പ്രസംഗങ്ങള്‍ നല്‍കുന്നു – ബുദ്ധിമാനായ നേതാവ്, തന്ത്രജ്ഞന്‍, രാഷ്ട്രീയ പ്രചാരകന്‍, ലോക രാഷ്ട്രതന്ത്രജ്ഞന്‍ എന്നിങ്ങനെ മറ്റ് ലോക നേതാക്കളുമായി ഗൗരവമായി സംസാരിക്കുന്നു. വെറുമൊരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നിന്ന് അദ്ദേഹം ഒരു അതിമാനുഷന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെട്ടു.

ഇന്ത്യയിലെ ഹിന്ദുമതത്തില്‍ അറിയപ്പെടുന്ന ദൈവങ്ങളുടെ വിശാലമായ ദേവാലയത്തിലെ അംഗമാണ് മോദി ഇപ്പോള്‍. എന്നാല്‍ ഭക്തരെ അവരുടെ വീടുകളിലോ ഹൃദയത്തിലോ സ്ഥാപിക്കുന്നതില്‍ നിന്ന് ഒരാള്‍ എങ്ങനെ തടയും? സീതാരാമന്‍ ഇത്തരത്തില്‍ ഉത്സാഹിയായ ഒരു ഭക്തയാണ്, അവളുടെ പ്രസംഗങ്ങളില്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നതില്‍ അവര്‍ ഒരിക്കലും പരാജയപ്പെടുന്നില്ല. പാവം കളക്ടറുടെ പിന്നാലെ പോകുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. അവര്‍ മോദിയുടെ മന്ത്രിസഭയുടെ ഭാഗമാണ്, ആ പദവിക്ക് പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നു അവര്‍.

എന്നാല്‍ ബാക്കിയുള്ള ജനങ്ങള്‍ക്ക്, ഇതൊന്നും വലിയ കാര്യമല്ല. അവര്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും, ചലിക്കുന്നതും നിശ്ചലവുമായ ചിത്രങ്ങള്‍, പ്രധാനമന്ത്രിയുടെ ശബ്ദങ്ങള്‍ എന്നിവയാല്‍ അവര്‍ ആക്രമിക്കപ്പെടുകയാണ്. മറ്റ് പ്രധാനമന്ത്രിമാരോ മുഖ്യമന്ത്രിമാരോ പരസ്യബോര്‍ഡുകളിലോ പരസ്യങ്ങളിലോ മുഖം വച്ചതുപോലെയല്ല ഇത്. എന്നാല്‍ മറ്റാരും ഈ രീതിയില്‍ സ്വയം പ്രമോട്ട് ചെയ്തിട്ടില്ല

സ്വയം ഇമേജ് കെട്ടിപ്പടുക്കുന്നതിന്റെ അഭൂതപൂര്‍വമായ അളവാണിത്. സാധാരണഗതിയില്‍ ഉപരിപ്ലവമായ രീതിയില്‍ മോദിയെ ഇന്ദിരാഗാന്ധിയുമായി താരതമ്യപ്പെടുത്താറുണ്ട്. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ പദ്ധതികളൊന്നും ഇത്ര എത്തിയില്ല.
തത്സമയ ടെലിവിഷനും സോഷ്യല്‍ മീഡിയയും മോദി ആരാധനക്ക് വലിയ തോതില്‍ സംഭാവന ചെയ്തിട്ടുണ്ട്, എന്നാല്‍ അതിന്റെ കേന്ദ്രത്തിലുള്ള വ്യക്തി ആഗ്രഹിക്കാതെയും തന്റെ വിശ്വസ്തരായ ആരാധകര്‍ ഇത് നിലനിര്‍ത്താന്‍ തങ്ങളുടെ എല്ലാ ഊര്‍ജ്ജവും നല്‍കാതെയും ഇത് സംഭവിക്കില്ല.

ഇതിനെ ‘മെഗലോമാനിയ’ (അഹങ്കാരോന്‍മാദം)യുടെ കൊടുമുടിയെന്ന് വിശേഷിപ്പിക്കാം. അത് എല്ലായിപ്പോഴും അന്നം നല്‍കണമെന്ന് ആവശ്യപ്പെടുന്നു. അതില്ലാതെ വന്നാല്‍ അരക്ഷിതാവസ്ഥ അനുഭവിക്കാന്‍ തുടങ്ങും. ഒരു സംവിധാനമൊന്നാകെ നിലനില്‍ക്കുന്നത് അത് നിലനിര്‍ത്താന്‍ വേണ്ടിയാണ്. അദ്ദേഹം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരിയായി, പത്രങ്ങളില്‍ മുഖം കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ ആണ്. ദശലക്ഷക്കണക്കിന് അനുയായികളുള്ള ഒരു ആരാധന ബിംബമായാണ് അദ്ദേഹത്തെ നമ്മള്‍ കാണുന്നത്. സ്വേച്ഛാധിപതികള്‍ക്ക് ആളുകളെ ഭയപ്പെടുത്താന്‍ കഴിയും, പക്ഷേ അവരെ സ്‌നേഹിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു ആരാധന സമ്പ്രദായത്തിലെ അംഗങ്ങള്‍ അവരുടെ ഭക്തിയില്‍ ദൃഢതയുള്ളവരായിരിക്കും. ഇത് അന്ധമായ വിശ്വാസമാണ്, വിശ്വാസികള്‍ അതില്‍ ഒരു തിന്മയും കാണുന്നില്ല, അവരുടെ അഭിനിവേശത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു വിമര്‍ശനവും അവര്‍ കേള്‍ക്കില്ല. അത് പാര്‍ട്ടി വക്താവായാലും വോട്ടറായാലും, എല്ലാ വിമര്‍ശനങ്ങള്‍ക്കും എതിരെ എല്ലാവരും അദ്ദേഹത്തെ പ്രതിരോധിക്കും, വിജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹത്തെ പ്രശംസിക്കും, പക്ഷേ പരാജയപ്പെടുമ്പോഴെല്ലാം അദ്ദേഹത്തിന് വളയം തീര്‍ക്കും. ലോക്ക്ഡൗണ്‍ കാലത്ത് തങ്ങളുടെ ഈ നേതാവ് പറഞ്ഞതിന്റെ പേരില്‍ ദശലക്ഷക്കണക്കിന് സ്വബോധമുള്ള ആളുകളാണ് പൂര്‍ണ്ണമനസ്സോടെ പാത്രം കൊട്ടാന്‍ തുടങ്ങിയാല്‍ ഇതിനെ ഒരാള്‍ എങ്ങനെയാണ് മനസ്സിലാക്കുക ?

ഇതെല്ലാം രാജ്യത്തിന്റെ ചിലവിലാണ്. ബി.ജെ.പി ഒരു പഴയ പാര്‍ട്ടിയാണ്, 1980-ല്‍ സ്ഥാപിതമായതിനുമപ്പുറം അതിലും വലിയ ചരിത്രമുണ്ട്. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ് ആര്‍.എസ്.എസ് സ്ഥാപിച്ചത്. നരേന്ദ്ര മോദി ആ പാരമ്പര്യത്തില്‍ നിന്ന് ഉയര്‍ന്നുവന്നതായിരിക്കാം, പക്ഷേ ഇപ്പോള്‍ അദ്ദേഹത്തെ വളര്‍ത്തിയ സംഘടനകളേക്കാള്‍ വളരെ ഉയരത്തിലാണ് അദ്ദേഹമുള്ളത്.

അദ്ദേഹത്തിനും രണ്ടും ആവശ്യമില്ല. വോട്ട് നേടുന്നത് അദ്ദേഹമാണ്്, ബി.ജെ.പിയല്ല, അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഹിന്ദുത്വ നയങ്ങള്‍ പിന്തുടരുമ്പോള്‍ അത് അദ്ദേഹത്തിന് അനുയോജ്യമാണ്, കാരണം അത് തിരഞ്ഞെടുപ്പില്‍ തനിക്ക് പ്രതിഫലം ചെയ്യുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.

എന്നിട്ടും, അദ്ദേഹത്തെ ജനപ്രിയനായി നിര്‍മിച്ചെടുക്കുന്നതിനിടെ അതെല്ലാം തെറ്റിയിട്ടും, അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് കളങ്കം സംഭവിക്കുന്നത് അദ്ദേഹത്തെ അലട്ടുന്നു. ഈ രാജ്യത്തെ മഹത്വത്തിലേക്കുള്ള പാതയിലേക്ക് നയിച്ച മനുഷ്യനായി ഓര്‍ക്കപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഇന്ത്യ അദ്ദേഹത്തിന്റെ കീഴില്‍ ആടിയുലയുകയാണ്-ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി എന്നിവയെല്ലാം ആ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിന് തടസ്സമായി മറച്ചുവെക്കാന്‍ കഴിയാത്ത കഠിനമായ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ത്യന്‍ പ്രദേശം ചൈന കൈയടക്കുന്നുവെന്നതില്‍ നിന്നും രക്ഷപ്പെടാനും കഴിയില്ല.

ഇതുവരെ, മോദി ആരാധനാക്രമം അക്രമിക്കപ്പെടാതെ തുടരുകയായിരുന്നു, അത് പെട്ടെന്ന് മാറുമെന്ന് കരുതാന്‍ കഴിയില്ല. പക്ഷേ അത് തകര്‍ന്നടിയുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ചെറിയ രീതിയിലെങ്കിലും അത് വളരെയധികം കാണുന്നുണ്ട്. പശ്ചിമ ബംഗാള്‍, നേരത്തെ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ ബിജെപിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ബിഹാറില്‍ നിതീഷ് കുമാര്‍ തകര്‍ന്നു. തെക്കിന്റെ ഭൂരിഭാഗവും അവര്‍ക്ക് കീഴടക്കപ്പെടാനാകാതെ ഇപ്പോഴും തുടരുന്നു.

അതിലും പ്രധാനമായി, യാഥാര്‍ത്ഥ്യം എന്തെന്നത് അദ്ദേഹത്തിന്റെ ആരാധകരെപ്പോലും വേദനിപ്പിക്കുന്നു. മുസ്ലിം ഭവനങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതോ അല്ലെങ്കില്‍ പരസ്പര വിശ്വാസമുള്ള ദമ്പതികളെ അപമാനിക്കുകയോ ചെയ്യുന്നത് കുറച്ച് സമയത്തേക്ക് മാത്രമേ വഴിതിരിച്ചുവിടാന്‍ കഴിയുള്ളൂ.

അപ്രമാദിത്വത്തിന്റെ മുഖംമൂടി ഒരിക്കലും വീഴരുത്, എന്നതാണ് ഒരു ആരാധനാക്രമം നിലനിര്‍ത്തുന്നതിന്റെ അപകടങ്ങള്‍. അതിന് വിഭവങ്ങള്‍ ആവശ്യമാണ്. അധികാരത്തിലിരിക്കുക എന്നത് നിര്‍ണായകമാണ്, അതില്ലാതെ ഭരണകൂടത്തിന്റെ അധികാരവും സ്ഥാപനങ്ങളും വിനിയോഗിക്കുക അസാധ്യമാകും.

ബി.ജെ.പിക്കെതിരെ രാഷ്ട്രീയ തലയെടുപ്പ് ശക്തമാകുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ മാറുകയാണെങ്കില്‍, മോദി ആരാധന പൊട്ടിത്തെറിക്കാന്‍ തുടങ്ങും അല്ലെങ്കില്‍ അത് വാടിപ്പോകും.

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

 

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV.

Related Articles