Current Date

Search
Close this search box.
Search
Close this search box.

യമനിലെ കുട്ടികൾ നൽകുന്നത് ഒരു മഹാസന്ദേശമാണ്

ഞാൻ മനസ്സിലാക്കിയിരുന്നില്ല. അല്ല, ശരിയായി പറഞ്ഞാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനഷ്യന് എങ്ങനെയാണ് കുടിലിൽ- ഈന്തപ്പന ചില്ലകൾ മേൽക്കൂരയായി വിരിച്ച് വൈക്കോലുകൊണ്ട് നിർമിക്കപ്പെട്ട കൂട്ടിൽ താമസിക്കാൻ സാധിക്കുന്നതെന്ന് തിഹാമയിലേക്ക് പോകുന്നതുവരെ എനിക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അവിടേക്ക് ഞാൻ എത്തിപ്പെടുകയായിരുന്നു. പൂർണമായ ഒരു രാത്രി ഞാനവിടെ ഒരു കുടുംബത്തോടൊപ്പം ചെലവഴിച്ചു. ഞങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന കാർ തകരാറിലായതിനെ തുടർന്നാണിത്. ഞങ്ങൾ തുറമുഖ നഗരമായ ഹുദൈദയിലേക്കുള്ള യാത്രയിലായിരുന്നു. അർധരാത്രിയിൽ ഹൈവേയുടെ ഒരു ഭാഗത്ത് ഞങ്ങൾ നിൽക്കുകയായിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം, നിബിഡമായ വനങ്ങളുടെ മധ്യത്തിൽ നിന്ന് ഒരു മനുഷ്യൻ റോഡിന്റെ ഒരു വശത്തേക്ക് വരുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ കൈയിൽ വെള്ളകുപ്പിയും, കുറച്ച് റൊട്ടികളുമുണ്ടായിരുന്നു. അദ്ദേഹം കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കാമെന്ന് വാഗ്ദാനം നൽകി. ഉറങ്ങുന്നതിനായി കമ്പിളി കൊണ്ടുവന്നതിന് ശേഷം അദ്ദേഹം രാത്രി മുഴുവനും ഞങ്ങളോടൊപ്പമായിരുന്നു. തന്റെ കുടിലിലേക്ക് വെള്ളം കൊണ്ടുവരുന്നതിന് എല്ലാ പ്രയാസങ്ങൾ സഹിച്ചിട്ടും അദ്ദേഹം വെള്ളത്തിന്റെ കാര്യത്തിൽ ഞങ്ങളോട് പിശുക്ക് കാണിച്ചില്ല. മാത്രമല്ല, വെള്ളം നിറച്ചുവെച്ച ആ ചെറിയ പാത്രം ഞങ്ങൾക്ക് കാണിച്ചുതരികയും, ആവശ്യമുള്ള സമയത്ത് എടുക്കുന്നതിന് അനുവാദം തരികയും ചെയ്തു. സൂര്യോദയ സമയത്ത് അദ്ദേഹം ഞങ്ങൾക്ക് പ്രാതൽ കൊണ്ടുവന്നു. കാർ ശരിയാകുന്നതുവരെ അദ്ദേഹം ഞങ്ങളെ വിട്ടുപോയില്ല. ഞങ്ങളുടെ കാർ തകരാറിലായ സ്ഥലത്തിനരികെ കുടുംബങ്ങൾ താമസിക്കുന്ന കുടിലുകളുണ്ടെന്ന് അദ്ദേഹം വരുന്നതുവരെ ഞങ്ങൾക്ക് അറിയുമായിരുന്നില്ല.

അദ്ദേഹത്തിന്റെ പേര് മുഹമ്മദ് ശുവൈഅ് എന്നാണ്. യമൻ സൈന്യത്തിന്റെ മഅ്റിബ് പ്രവിശ്യയിലെ സൈനികനാണ് മുഹമ്മദ്. അവിടെ നടന്ന ഒരു യുദ്ധത്തിൽ അദ്ദേഹത്തിന് നട്ടെല്ലിന് പരിക്കേറ്റു. പരിക്ക് പറ്റിയതിന് ശേഷം അദ്ദേഹത്തിന് സൈനികനെന്ന നിലയിൽ വിശേഷഭാഗ്യമായി കാണുന്ന- അങ്ങനെ വിളിക്കുന്നത് ശരിയാണെങ്കിൽ – മുൻ ജോലിയിലേക്ക് മടങ്ങാൻ കഴിയുമായിരുന്നില്ല. ഇത് സൈന്യത്തിലുള്ളവർക്ക് സംഭവിക്കുന്നതാണ്. യുദ്ധമുഖത്തുള്ളവർക്ക് പ്രത്യേകിച്ചും. അങ്ങനെ അദ്ദേഹം ജീവിക്കുന്നതിന് മറ്റൊരു വരുമാന മാർഗം അന്വേഷിക്കുന്നതിന് നിർബന്ധിതനായി. ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് ജോലി അന്വേഷിച്ച് അദ്ദേഹം യാത്രപുറപ്പെട്ടു. ഇത് ആളുകളോട് ജോലി തേടുന്നതിന് പര്യാപ്തമായിരുന്നു. അൽജൗഫ് പ്രവിശ്യയിൽ നിന്ന് തുടങ്ങി അംറാൻ, ഹജ്ജ, സഅദ, സൻആ, ദമാർ, തഇസ് എന്നീ സ്റ്റൈറ്റുകളിലൂടെ സഞ്ചരിച്ച് സഖ്തരി വരെയും എത്തി. അവസാനം ഹുദൈദയിൽ, കൃത്യമായി പറഞ്ഞാൽ, അദ്ദേഹത്തെ ഞങ്ങൾ കണ്ടുമുട്ടിയ തിഹാമയിലെ കൊച്ചുകുടിലിൽ ചെന്നെത്തുന്നതാണ് അദ്ദേഹത്തിന്റെ ആ യാത്ര.

ഹുദൈദയെയും സൻആയെയും ബന്ധിപ്പിക്കുന്ന ഹൈവേക്കടുത്തുള്ള ബാജിൽ സ്റ്റൈറ്റിലെ തിഹാമ മേഖലയിലെ ചെറിയ കുടിലിൽ  മുഹമ്മദും അദ്ദേഹത്തിന്റെ ഭാര്യയും, ഒരു വയസ്സുപോലും തികയാത്ത രണ്ട് കുട്ടികളും വൈദ്യുതിയില്ലാതെയാണ് ജീവിക്കുന്നത്. ഈ ചെറിയ കുടിൽ കെട്ടിയതിന് ശേഷം, അഞ്ച് കി.മീ ലധികം ദൂരം താണ്ടി കഴുതപ്പുറത്ത് വഹിച്ചാണ് വെള്ളം കൊണ്ടുവരുന്നത്. ഒരുപാട് പ്രയാസപ്പെട്ട് ചെയ്യാൻ കഴിയുന്ന പല ജോലികളും ചെയ്ത് കൂട്ടിവെച്ച പണം കൊണ്ട് അദ്ദേഹം ചെറിയൊരു സംരംഭത്തിന് തുടക്കം കുറിച്ചു. അഞ്ച് ആട്ടിൻകുട്ടികളെ വാങ്ങിയെന്നതാണത്. വളർത്താനും, വലുതാവുകയും കൂടുതൽ പെറ്റുപെരുകുകയും ചെയ്യുമ്പോൾ വിൽക്കാനും, ബാക്കിവരുന്ന മാംസം, പാൽ, നെയ്യ് എന്നിവ ഉപയോഗപ്പെടുത്താനുമാണ് അദ്ദേഹം ഇത്തരമൊരു പ്രവൃത്തിയിലൂടെ ലക്ഷ്യംവെച്ചത്.

Also read: ഇഷ്ടപ്പെട്ട പുസ്തകം എതെന്ന ചോദ്യത്തിന് ജി എസ് പ്രദീപിനുള്ള ഉത്തരം

അവസാനം പെയ്തിറങ്ങിയ കനത്ത മഴക്കും, പ്രളയത്തിനും ശേഷം മുഹമ്മദിന്റെ എല്ലാ ആടുകളും വെള്ളത്തിൽ മുങ്ങി ചത്തുപോയി. ഇതിന് മുമ്പ്, മുഹമ്മദിന്റെയും കുടുംബത്തിന്റെയും അഭയമായിരുന്ന കുടിൽ വെള്ളത്തിൽ ഒലിച്ചുപോയി. അങ്ങനെ അവർ അബ്സിലെ അഭയാർഥി ക്യാമ്പുകളിലേക്ക് പോകാൻ നിർബന്ധിതരാവുകയായിരുന്നു. തുടർന്നുള്ള മഴയിലും പ്രളയത്തിലും അതിനും കേടുപാടുകൾ സംഭവിച്ചു. ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണമായി ഇരുപതിലധികം പേർ മരിക്കുകയും, ഗ്രാമങ്ങളിൽ നിന്നും കുടിലുകളിൽ നിന്നും നൂറിലധികം പേർ കുടിയിറക്കപ്പെടുകയും ചെയ്തതായാണ് പ്രാഥമിക കണക്ക്. നൂറോളം കുടിലുകൾ തകർന്നില്ലാതാവുകയും, ഹുദൈദ പ്രവിശ്യയിലെ തിഹാമ മേഖലയിലെ ഭൂരിഭാഗം നിവാസികളും പ്രധാന വരുമാനമായി കണ്ടിരുന്ന ആടുകളും, പശുക്കളും, നാൽക്കാലികളും ചത്തുപോവുകയും, കൃഷി ഭൂമി കുത്തിയൊലിച്ച് പോവകയും ചെയ്തു. ഈ ദുരന്ത പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകൾ തിഹാമയെ പ്രശ്നത്തിൽ നിന്ന് കൈപിടിച്ചുയർത്തുന്നതിനായി രംഗത്തുവന്നില്ല. പതിവുപോലെ അവർക്ക് വിധിയെ ഒറ്റക്ക് നേരിടേണ്ടതായി വന്നു. അവഗണിക്കപ്പട്ടതിലൂടെ തിഹാമ ഒരുപാട് കഷ്ടപ്പെട്ടു. സമാധാനത്തോടെ വികസനത്തെ അവർക്കനുഭവിക്കാനായിട്ടില്ല. യുദ്ധം മുഖേനയുള്ള നശീകരണവും ദുരിതവും ഏറ്റവാങ്ങേണ്ടി വന്നവരാണവർ. ദുരന്തം അവരിലേക്ക് വന്നെത്തിയപ്പോൾ ആരും അതിനെ കുറിച്ച് സംസാരിച്ചില്ല!

കഴിഞ്ഞ മാസങ്ങളിലായി യമനിൽ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. അത് വെള്ളപ്പൊക്കത്തിന് കാരണമാവുകയും, അഞ്ച് വർഷത്തോളമായി തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണമായി യഥാർഥത്തിൽ പ്രയാസമനുഭവിക്കുന്ന ആയിരം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തിരിക്കുന്നു. 2500ലധികം വീടുകൾ ശക്തമായ മഴയും പ്രളയവും മൂലം ഭാഗികമായോ പൂർണമായോ വെള്ളത്തിനടിയിലാവുകയും, മൊത്തം യമനിലെ ഒരു ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തതായാണ് യു.എന്നിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും പ്രാഥമിക റിപ്പോർട്ട്. ഏകദേശം 1500 കുടുംബങ്ങൾ തുറന്ന സ്ഥലങ്ങളിൽ താമസിക്കുന്നതിനും, 170ലധികം ആളുകൾ മരിക്കുന്നതിനും, യമനിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേർ അഭയാർഥികളാകുന്നതിനും പ്രളയം കാരണമായി. അതുപോലെ, പഴയ നഗരമായ സൻആയിലെ യുനെസ്കോ ലോക സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംപിടച്ച പത്തോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അഞ്ച് വർഷമായി തുടർന്നു കൊണ്ടിരിക്കുന്ന യുദ്ധം യമനിൽ കൊണ്ടുവന്ന ദുരിതങ്ങൾക്കിടയിൽ, പ്രളയം എത്രമാത്രം നാശനഷ്ടങ്ങൾ വിതച്ചുവെന്നതാണിത് കാണിക്കുന്നത്. ഈ യുദ്ധത്തിന്റെയും, കൃഷിയിടവും വംശവും നശിപ്പിക്കുന്ന നേതാക്കളുടെയും മ്ലേച്ഛതകൾ യമനിലെ തെരുവുകളിലൂടെ നിറഞ്ഞൊഴുകുകയായിരിന്നു. കുട്ടികളായിരിക്കെ നമ്മൾ വായിച്ച ഭാവനാത്മക കഥകളിലല്ലാതെ കണ്ടിട്ടില്ലാത്ത വീരഗാഥകൾ യമനിലെ കുട്ടികൾ ഇതേ തെരുവുകളിൽ എഴുതി!

Also read: കുട്ടികളിൽ പ്രായത്തിനൊത്ത പക്വതയെ വളർത്തണം

സർവീസ് അസ്സനാഫിർ:

തലസ്ഥാനമായ സൻആയുടെ മധ്യത്തിൽ നടപ്പാതയുടെ ഒരു കോണിൽ, കൃത്യമായി പറഞ്ഞാൽ യമൻ പ്രസിഡൻഷ്യൽ ഭവനത്തിനടുത്തുള്ള കാഴ്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ചെറിയ പ്രായത്തിൽ കാണുന്നത് പതിവാക്കിയ കാർട്ടൂൺ പരമ്പരകളുടെ (അഹ്ദുൽ അസ്ദിഖാഅ്- കൂട്ടുകെട്ടുകൾ) യാഥാർഥ്യപൂർണമായ കാഴ്ചയാണത്. ഇതിൽ കാറുകളുടെ പുകകുഴലുകളാണ് പകരമെന്ന ചെറിയ വ്യത്യാസമുണ്ട്. സർവീസ് അസ്സനാഫിർ എന്ന് പേരിട്ട് യെമനിലെ ഒരു കൂട്ടം കുട്ടികൾ പ്രത്യേകിച്ച് കാർ കഴുകുന്നതിനും വൃത്തിയാക്കുന്നതിനും സ്വന്തമായി ഒരു സംരംഭം നടത്തുകയാണ്. യുദ്ധത്തിൽ തങ്ങളുടെ കുടുംബവും ബന്ധുക്കളും നഷ്ടപ്പെട്ടവർ അവിടം വിടാനും, തെരുവുകളിൽ യാചിച്ച് നടക്കാതെ ജോലി തേടാനും നിർബന്ധിതരായി. വളരെ ലളിതമായ ഉപകരണങ്ങൾകൊണ്ടാണ് (ചെറിയ മോട്ടർ, വെള്ളട്ടാങ്ക്) കുട്ടികൾ അവരുടെ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഭാഗ്യവശാൽ, ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങൾ അവർക്ക് ഇതിലൂടെ പൂർത്തീകരിക്കപ്പെടുകയാണ്.

കുട്ടികൾ തങ്ങളുടെ പദ്ധതിക്ക് നിഷ്കളങ്കമായ പേരാണ് തെരഞ്ഞെടുത്തത്. യുദ്ധത്തിന് മുമ്പ് തങ്ങൾ പതിവായി കണ്ടിരുന്ന കാർട്ടൂ‍ൺ പരമ്പരകളിലൊന്നിന്റെ പേരായിരുന്നു അത്. ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം ജോലികൾ നിഷിദ്ധമാക്കപ്പെട്ടിരുന്ന നിഷ്കളങ്കമായ കുട്ടിക്കാലത്തെ പല ഓർമകളിലേക്കും അവരെ ഈ പേര് കൊണ്ടുപോകുന്നു. അഞ്ച് വർഷത്തിലേറെയായി രാജ്യത്ത് യുദ്ധം വിതക്കുന്ന ദുരന്തപൂർണമായ അവസ്ഥയാണ് ആ നിഷ്കളങ്കമായ ബാല്യങ്ങൾ ഇല്ലാതാക്കിയത്. പ്രസിഡൻഷ്യൽ കൊട്ടാരത്തിന്റെ കവാടത്തിനടുത്തായാണ് കുട്ടികളുടെ ഈ സംരംഭമുള്ളത്. അവരുടെ ഈ വലിയ ഉത്തരവാദിത്ത ബോധം അവരെ ഈ കൊട്ടാരത്തന്റെ യഥാർഥ അവകാശികളാക്കുന്നു. അവരാണ് ഈ നാടിനെ നയിക്കുന്നത്. ഈ കുട്ടികൾ ഉത്തരവാദിത്തം ഏറ്റെടുത്തതുപോല, രാജ്യത്തെ ഭരണാധികാരികളും നേതൃത്വങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. അവർ ചെറിയൊരു അളവെങ്കിലും തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിൽ.

2017ൽ ഏറ്റവും അവസാനമായി നടന്ന സ്ഥിതിവിവരകണക്ക് പ്രകാരം യമനിലെ ജനസംഖ്യ ഏകദേശം 28.25 മില്യൺ വരും. ഇതിൽ 34.3 ശതമാനം അഞ്ചിനും പതിനേഴിനുമിടയിൽ പ്രായമുള്ള കുട്ടികളാണ്. ഈ കുട്ടികളിൽ 21 ശതമാനം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തൊഴിൽ രംഗത്ത് വ്യാപൃതരാണ്. യമനിലെ കുട്ടികളുടെ തൊഴിലിടങ്ങളിലെ പങ്കാളത്തിന്റെ തോത് കണക്കാക്കുമ്പോൾ അത് 40.4 ശതമാനമാണ്. കുട്ടികളുടെ പ്രതിവാര ശരാശരി ജോലിസമയമെന്നത് 23 മണിക്കൂറാണ്. ഈ കുട്ടികളിൽ 50.7 ശതമാനം വ്യത്യസ്തമായ ജോലികളിൽ വ്യാപൃതരാകുന്നത് അപകടകരമായ കാര്യമാണെന്ന് സാമൂഹിക-തൊഴിൽകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഒരുപാട് സമയം ഉറക്കമൊഴിച്ച് ജോലി ചെയ്യുന്നതിലൂടെയോ അപകടകരമായ ജോലിയിൽ ഏർപ്പെടുന്നതിലൂടെയോ അവരുടെ ജീവൻ നഷ്ടപ്പെടുമെന്നതാണ്    കാര്യം. അതോടൊപ്പം, യമനിൽ ജോലിയെടുക്കുന്ന കുട്ടികളിൽ 32 ശതമാനം പീഡനത്തിനും ഇരയാകുന്നുണ്ട്.

Also read: സാമൂഹ്യ ധാര്‍മികത ഇസ്‌ലാമില്‍

പ്രളയക്കെടുതിക്കിടയിലെ കുട്ടി

സർവീസ് അസ്സനാഫിറിൽ നിന്ന് ഏകദേശം രണ്ട് തെരുവുകൾപ്പുറം, തലസ്ഥാനമായ സൻആയുടെ മധ്യത്തിലൂടെയുള്ള ഒരു യാത്രയിൽ മറ്റൊരു കുട്ടിയെ കണ്ടു. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾ തുടക്കുകയായിരുന്നു ആ ബാലൻ. കനത്ത മഴ പെയ്തിറങ്ങുകയും, തുടർന്ന് റോഡുകളിൽ വെള്ളം നിറയുകയും, അത് നടപ്പാതകൾ വരെ മൂടികൊണ്ടിരിക്കുകയുമായിരുന്നു. ഈ റോഡിലായിരുന്നു ആ ബാലൻ ജോലി ചെയ്തിരുന്നത്. ഈ റോഡിലുണ്ടായിരുന്ന അഴുക്കുചാലിന്റെ ഒരു ദ്വാരത്തിന് തടസ്സം നേരിട്ടതിനാലാണ് വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നത്. ബാലൻ തന്റെ ജോലി ഉപേക്ഷിക്കുകയും, ആ ദ്വാരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കുന്നതിന് തയാറാവുകയും ചെയ്തു. ഈ റോഡിൽ പത്തോളം ആളുകളുണ്ടായിരുന്നു. എന്നാൽ, ഈ ബാലൻ എന്ത് പുതിയ കാര്യമാണ് ചെയ്യാൻ പോകുന്നതെന്ന് തനിക്ക് അറിയുമായിരുന്നില്ല. അവൻ മാലിന്യങ്ങൾ നീക്കികൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഉത്തരവാദപ്പെട്ട അധികാരികൾ ഇതിനോട് പ്രതികരിച്ചതേയില്ല. ബന്ധപ്പെട്ട അധികാരികൾ ഈ കുട്ടിക്ക് പഠിക്കുന്നതിന് സ്കൂളിൽ ഒരു സീറ്റ് ഉറപ്പിക്കുക മാത്രം ചെയ്തു. നിർവഹിക്കേണ്ട ഉത്തരവാദിത്തമാണെന്ന നിലക്കല്ല, തങ്ങൾ ആദര സൂചകമായി നൽകുകയെന്ന നിലക്കാണ് വിദ്യാലയ പ്രവേശനം വാഗ്ദാനം ചെയ്യുന്നത്. ഇതിൽ നിന്ന് മനസ്സിലാകുന്നത്, വീരനായ ഈ ബാലനെ ആദരിക്കുകയെന്നതിനെക്കാൾ അധികാരികൾ തങ്ങളുടെ പരാജയത്തെ സ്വയം ആദരിക്കാൻ ആഗ്രഹിക്കുന്നുവെന്നതാണ്!

അടുത്തിടെ യമനിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് അഞ്ച് ലക്ഷത്തോളം കുട്ടികൾക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് യു.എന്നിന്റെ കുട്ടികളുട സംഘടനയായ യുനിസെഫ് പുറത്തവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. 2015ൽ രാജ്യത്ത് യുദ്ധം പൊട്ടിപുറപ്പെട്ടത് മുതൽ വിദ്യാഭ്യാസ മേഖലയിൽ നിന്ന് രണ്ട് മില്യൺ കുട്ടികൾ പുറത്തായതിന് പുറമെയാണിത്. നിലവിൽ രാജ്യത്തെ 2500ലധികം വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

Also read: അവര്‍ക്ക് നിരുപാധികം മാപ്പ് നല്‍കുക എന്നതായിരുന്നു പ്രവാചക നടപടി

വെള്ളം കൊണ്ടുവരുന്ന പെൺകുട്ടി

അതിരാവിലെ ഉമരിയും സഹോദരി റുവൈദയും പതിവുപോലെ വീടിനടുത്തുള്ള വെള്ളടാങ്കിൽ നിന്ന് വെള്ളമെടുക്കാൻ പോയി. സഹോദരിയോട് വെള്ളം നിറച്ച് കഴിഞ്ഞാൽ തന്നോടൊപ്പം ചേരാൻ പറഞ്ഞ് ഉമരി തന്റെ കൈയിലുള്ള ‍ഡബ്ബ നിറച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റോഡിന്റെ ഒരു വശത്തെത്തിയ ഉമരി ഇടിവെട്ടുപോലെ വെടിയൊച്ചയാണ് കേൾക്കുന്നത്. അത് പ്രഭാത നിശബ്ദതയെ ഇല്ലാതാക്കി. ഉമരി തന്റെ സഹോദരിയെ നോക്കാൻ പോയി. വെള്ളം നിറക്കപ്പെട്ട ഡബ്ബയുടെ ഒരു ഭാഗത്തായി റുവൈദ വീണുകിടക്കുന്നതാണ് ഉമരി കാണുന്നത്. തലയിൽ നിന്ന് രക്തമൊലിക്കുന്നുണ്ട്. തന്റെ കൈയിലുണ്ടായിരുന്ന ഡബ്ബ വലിച്ചെറിഞ്ഞ് ഉമരി അങ്ങോട്ടേക്ക് വേഗത്തിൽ ഓടിപോയി. എന്താണ് ചേയ്യേണ്ടതെന്ന് അവനറിയുമായിരുന്നില്ല. എല്ലാം നിരീക്ഷിച്ച് ഒളിഞ്ഞ ഇടത്തിൽ നിന്ന് വെടിവെക്കുന്നയാളിൽ നിന്ന് തന്റെ സഹോദരിയെ മറച്ചുവെക്കുകയാണോ അതല്ല, രക്തസ്രാവം തടയുകയാണോ ചെയ്യേണ്ടതെന്ന് അവനറിയുമായിരുന്നില്ല. സ്നൈപറുടെ കണ്ണിൽ നിന്ന് വിദൂരത്തായി മറ്റൊരു സ്ഥലത്തേക്ക് രക്തത്തിൽ മുങ്ങികിടക്കുന്ന സഹോദരിയെ മാറ്റണമെന്ന് ഉമരിക്ക് പെട്ടെന്ന് തോന്നി. തന്റെ സഹോദരിയെയും തന്നെയും സ്നൈപറുടെ വെടിയുണ്ടയിൽ നിന്ന് രക്ഷിക്കുന്നതിന് അസ്വസ്ഥതയോടെ നീങ്ങി. അത്ഭുതകരമായി തന്റെ സഹോദരിയെ മറ്റൊരു റോഡിലേക്ക് നീക്കാൻ ആ ബാലന് സാധിച്ചു. അവളുടെ രക്തം ഒഴുകികൊണ്ടിരിക്കുകയായിരുന്നു. അത് റോഡിൽ രക്തത്തിന്റെ ഒരു രേഖ സൃഷ്ടിച്ചു. അവൻ ഈ റോഡിനെ രണ്ടായി വിഭജിക്കുകയായിരുന്നു. അത് യഥാർഥത്തിൽ, രക്തമൊഴുകുന്ന തഇസ് നഗരത്തിന്റെ മുറിവായിരുന്നു. യുദ്ധം ഈ നഗരത്തെ വ്യത്യസ്ത ഭാഗങ്ങളായി മുറിച്ചുമാറ്റി. സാംസ്കാരിക നഗരമെന്ന് അറിയപ്പെട്ടിരുന്ന ഈ നഗരത്തിൽ, നഗരത്തിന്റെ തന്നെ ഒരുപാട് മക്കൾ മരിച്ചുവീഴുകയായിരുന്നു. തന്റെ സഹോദരിയെ ആ ബാലനെ രക്ഷിക്കാനും, അടുത്ത ബന്ധത്തിലെ ഒരാളുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞു. ഇപ്പോൾ അവൾ അവസ്ഥ കുറച്ച് മെച്ചപ്പെട്ട് ചികിത്സയിലാണ്. കുട്ടിക്കാലവും അതിന്റെ നിഷ്കളങ്കതയുമൊന്നുമില്ലാതെ വലിയ ഉത്തരവാദിത്തങ്ങളിൽ വ്യാപൃതരാവുക, വെള്ളം കൊണ്ടുവരിക തുടങ്ങിയ ജോലികളിൽ മുഴുകുന്ന കുട്ടികളെ യുദ്ധത്തിന്റെ ഭയാനകതയിലേക്കും നിർഭാഗ്യത്തിലേക്കും തള്ളിവിടുന്ന നേതൃത്വങ്ങൾ എന്തുകൊണ്ടിത് മതിയാക്കുന്നില്ല? ഒരിക്കലുമില്ല, ഈ കുഞ്ഞുങ്ങളെ മന:പൂർം കൊന്നുകളയാൻ അവർ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്നു.

Also read: ഗാസ; പറഞ്ഞു തീരാത്ത കഥകൾ

നെറ്റിയിലേക്ക് നേരിട്ട് വെടിയുതിർക്കാൻ മാത്രം കാര്യമായ എന്ത് പ്രകോപനമാണ് ഈ പെൺകൊടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല! അവൾ മുതുകിൽ വഹിച്ച് കൊണ്ടുവന്ന വെളളമാണോ അതല്ല അവൾ പഠനം അവസാനിപ്പിക്കണമെന്നതാണോ കാരണം! ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2015 മാർച്ച് മുതൽ 2020 ആഗ്സത് വരെയുള്ള കാലയളവിൽ, രാജ്യത്തെ തെക്ക് പടിഞ്ഞാറൻ നഗരമായ തഇസിൽ യമൻ സായുധ വിഭാഗമായ ഹൂഥികൾ ഒന്നിനും പതിനേഴിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കെതിരെ ഒളിസ്ഥലത്തിരുന്ന് 366 ആക്രമണങ്ങൾ നടത്തിയതായി യമൻ കൊളീഷൻ ഫോർ മോണിറ്ററിങ് ഹ്യൂമൻ റൈറ്റ് വയലേഷൻ (YCMHRV) റിപ്പോർട്ട് ചെയ്യുന്നു.

ദിനേന നടന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രതീക്ഷയാണോ വേദനയാണോ നൽകുന്നതെന്ന് എനിക്കറിയില്ല! ലോകത്തുള്ള ഇത്തരത്തിലുള്ള എല്ലാ കുട്ടികളുടെയും ഇടം തെരുവുകളല്ല; വിദ്യാലയങ്ങളാണ്. പഠിക്കുകയും കുടുംബത്തോടൊപ്പം ഉല്ലസിക്കുകയുമാണ് വേണ്ടത്; ജോലിയെടുക്കുകയോ കുടുംബത്തെ നോക്കുകയോ അല്ല വേണ്ടത്. ഇങ്ങനെക്കെയാണെങ്കിലും, എല്ലാ ദുരിതങ്ങളും പുറത്തേക്കെറിഞ്ഞ ഈ യുദ്ധത്തിന് യമനിലെ ഈ കുട്ടികളിലെ ആത്മീയ സൗന്ദര്യത്തെ കെടുത്തിനായിട്ടില്ല. അവർ, കുരുന്നുകൾ വേദനകളിൽ നിന്ന് വിട്ട് ഒരുപിടി പ്രതീക്ഷകളുമായാണ് നമ്മിലേക്ക് വന്നെത്തുന്നത്. തീർച്ചയായും, മുശിഞ്ഞുനാറിയ വർത്തമാനത്തെ പോലെയായിരിക്കില്ല യമന്റെ ഭാവി.

(യമൻ പത്രപ്രവർത്തകനും ബ്ലോഗറുമാണ് ലേഖകൻ)

മൊഴിമാറ്റം: അർശദ് കാരക്കാട്

Related Articles