Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും കുറേ പുകിലുകളും

ജാതി-മത ഭേദമന്യേ ഇന്ത്യൻ ജനതയെയൊന്നാകെ ഒരുമിച്ചുനിർത്തുന്നു എന്നതാണ് CAA-NRC വിരുദ്ധ സമരത്തിന്റെ ഏറ്റവും ഹൃദയമായ അനുഭവം. പോലീസിന്റെ കർഫ്യൂ പോലും അവഗണിച്ച് അധ്യാപകരും അഭിഭാഷകരും വിദ്യാർഥികളുമടക്കം ആബാലവൃദ്ധം ജനങ്ങൾ തെരുവിലിറങ്ങിയത് ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കുക എന്ന ചുമതല ഏറ്റെടുത്തു കൊണ്ടാണ്. ക്രൂരമായ മർദ്ദനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും ജാമിഅ, അലീഗഢ് പോലുള്ള കലാലയങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും നാട്ടുകാരും വിദ്യാർഥികളും പോലീസിനെ ഒട്ടും കൂസാതെ രംഗത്തിറങ്ങിയത് നിലവിലെ വ്യവസ്ഥയോടുള്ള അവരുടെ അടങ്ങാത്ത അമർഷമാണ് കാണിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം (CAA) ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ വ്യക്തമായ ലംഘനമാണെന്നതിൽ ഒട്ടും സംശയമില്ല. “2014 ഡിസംബർ 31-നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ, സിഖ്, പാർസി, ബുദ്ധ, ജൈന മത വിശ്വാസികൾക്ക്” ചില ഉപാധികളോടെ പൗരത്വം നൽകുമെന്നതാണ് പൗരത്വ ഭേദഗതി നിയമം പറയുന്നത്. എന്നാൽ 14ാം അനുച്ഛേദ പ്രകാരം ഇന്ത്യയുടെ അതിർത്തികൾക്കുള്ളിൽ തങ്ങുന്ന ഏതൊരു വ്യക്തിക്കും നിയമത്തിന് മുന്നിൽ തുല്യപരിഗണനയും സംരക്ഷണവും ലഭിക്കും. അവിടെ മതത്തിന്റെ പേരിൽ എന്നല്ല, ഒരു തരത്തിലുള്ള വിവേചനത്തിനും സ്ഥാനമില്ലെന്നത് വ്യക്തമാണ്. എന്നാൽ മുസ്ലിം അഭയാർത്ഥികൾക്ക് അഭയമില്ല എന്ന് ബോർഡ് എഴുതി തൂക്കിയത് പോലെയാണ് ഈ നിയമം പാസ്സാക്കിയിരിക്കുന്നത്. ഇത്തരമൊരു ബില്ലിന് പച്ചക്കൊടി കാണിക്കുന്നതിന് മുമ്പ് ബഹുമാന്യനായ ഇന്ത്യൻ പ്രസിഡന്റിന് നിയമോപദേശം തേടാമായിരുന്നില്ലേ എന്ന ചോദ്യം എന്തായാലും ഇപ്പോൾ അസ്ഥാനത്താണ്. ഇനി സുപ്രീം കോടതി ഈ വിഷയത്തിൽ എന്ത് തീരുമാനമെടുക്കും എന്നത് കാത്തിരുന്നു കാണണം.

കാര്യമായ ചർച്ചകൾക്കോ അവലോകനങ്ങൾക്കോ ഇടം നൽകാതെയാണ് ഈ ബില്ല് പാർലമെന്റിൽ പാസ്സാക്കിയെടുത്തത്. 2019 ഡിസംബർ 9 -ന് ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ല് ഡിസംബർ 10-ന് തന്നെ അവിടെ പാസ്സാവുകയും അതേ ദിവസം രാജ്യസഭയിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. പിറ്റേ ദിവസം അത് രാജ്യസഭയിലും പാസ്സായി. ഡിസംബർ 12 -ന് പ്രസിഡന്റ് ഒപ്പുവെച്ചതോടുകൂടി ബില്ല് നിയമമായി മാറി. രാജ്യത്തെ ജനങ്ങളുടെ ഭാഗധേയം നിർണയിക്കപ്പെടുന്ന ഇത്തരമൊരു നിയമം പാസ്സാക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് കൃത്യമായ പഠനങ്ങൾ നടത്തിയില്ലെന്നത് ഒരു ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലാത്ത കാര്യമാണ്. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നത് ഭരണഘടനയിൽ എഴുതിവെക്കപ്പെട്ട വാക്കുകളാണ്. ചില മതവിഭാഗങ്ങളെ പ്രത്യേകം എടുത്തു പറഞ്ഞും ഒരു നിശ്ചിത മതവിഭാഗത്തെ തഴഞ്ഞും നടത്തിയ ഈ നിയമനിർമാണം ഇന്ത്യയുടെ മതേതരത്വ ചട്ടക്കൂടിനാണ് പരിക്കേൽപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയെയോ ഇന്ത്യൻ പതാകയെയോ ദീർഘകാലം അംഗീകരിക്കാതിരുന്ന ആർ.എസ്.എസിന്റെ ശാഖയിൽ വളർന്ന ആളുകളാണ് ഭരണപക്ഷത്തിരിക്കുന്നത് എന്നോർക്കുമ്പോൾ ഇതിലൊക്കെ അത്ഭുതം തോന്നാനിടയില്ല. ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യം ബ്രിട്ടീഷുകാർക്കെതിരെ ഒരുമിച്ചു നിന്നു പോരാടിയപ്പോൾ അതിൽ നിന്ന് വിട്ടു നിന്നതും രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയതും ഇതേ ആർ.എസ്.എസുകാരാണ് എന്നത് ഈ ഘട്ടത്തിൽ നാം ഒരിക്കലും വിസ്മരിക്കരുത്.

രാജ്യത്തെ 1.3 ബില്യൺ ആളുകളുടെ പൗരത്വം ചോദ്യം ചെയ്യാനുദ്ദേശിച്ചുകൊണ്ടാണ് NRC എന്ന അസംബന്ധ നാടകം അവതരിപ്പിക്കുന്നത്. കാശിന് വേണ്ടി ATM-കൾക്ക് മുന്നിൽ ക്യൂ നിന്ന് നൂറിലധികം ആളുകൾ കുഴഞ്ഞു വീണ് മരിച്ച നോട്ടു നിരോധനം എന്ന മറ്റൊരു പൊളിഞ്ഞ നാടകം അരങ്ങേറിയ നാടാണ് നമ്മുടേത്. ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരെ ഉന്നം വെച്ചു തന്നെയാണ് NRC നടപ്പിലാക്കുന്നത്. ഇന്ത്യയിൽ നിന്ന് ആരും പുറത്തു പോവണമെന്ന് ഞങ്ങൾ പറയുന്നില്ല, എന്നാൽ ഹിന്ദുക്കളുടേതാണ് ഈ ഹിന്ദുസ്ഥാൻ എന്ന് ഓർത്താൽ മതിയെന്ന് പറഞ്ഞത് ആർ എസ് എസ് സ്ഥാപകനായ കെ.ബി ഹെഡ്ഗെവാറാണ്.

CAA-NRC യുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾ മുൻകൂട്ടി കാണാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു തീരുമാനമെടുക്കുമ്പോൾ അതുണ്ടാക്കുന്ന അലയൊലികൾ മനസ്സിലാക്കാൻ ദീർഘവീക്ഷണമുള്ള ഒരു സർക്കാരിന് കഴിയേണ്ടതാണ്. എന്നാൽ മോദി സർക്കാർ അതിൽ തികഞ്ഞ പരാജയമായി മാറി. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് നേരെ പോലീസിനെ ഉപയോഗിച്ച് അക്രമങ്ങൾ അഴിച്ചുവിടുന്നത് പരിതാപകരമാണ്. ജാമിയ മില്ലിയ സർവകലാശാലയിലെ ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത് പോലെ ചിലയിടങ്ങളിൽ സമരക്കാർ അല്ലാത്തവർക്ക് നേരെയും പോലീസ് ലാത്തിയും ടിയർ ഗ്യാസും പ്രയോഗിച്ചു. ഉത്തർപ്രദേശിലാകട്ടെ പോലീസ് വെടിവെപ്പിലും ലാത്തിചാർജിലും 17 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. എന്നാൽ, സോഷ്യൽ മീഡിയയാകെ പോലീസിന്റെ അഴിഞ്ഞാട്ടത്തിന്റെ വീഡിയോകൾ പ്രചരിക്കുമ്പോഴും തലപ്പത്തിരിക്കുന്ന ഉത്തരവാദിത്വപെട്ട ആളുകൾ കൈമലർത്തുന്നതും പോലീസിനെ ന്യായീകരിക്കുന്നതും അപഹാസ്യമാണ്.

തങ്ങളുടെ നയങ്ങളെ വിമർശിക്കുന്ന വിദേശരാഷ്ട്ര നേതാക്കളെയും പക്വമായല്ല മോദി ഭരണകൂടം കൈകാര്യം ചെയ്യുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന് കേന്ദ്രം മറുപടി നൽകിയത് മലേഷ്യൻ കമ്പനികൾക്ക് മേൽ കനത്ത വിലക്കുകൾ ഏർപ്പെടുത്തിക്കൊണ്ടാണ്. CAA വിഷയത്തിലും പ്രതികരിച്ച മലേഷ്യൻ പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയിലാണ് മോദി ഭരണകൂടം കൈകാര്യം ചെയ്തത്. വിദേശ നയങ്ങളിലും തീരുമാനങ്ങളിലും എങ്ങനെ സംസാരിക്കണമെന്നതിന് കേന്ദ്ര മന്ത്രിമാർക്കും എം.പിമാർക്കും വേണ്ടി വിദേശകാര്യ മന്ത്രാലയം ഒരു കോഴ്സ് തുടങ്ങേണ്ടിയിരിക്കുന്നു.

NRC വിഷയത്തിൽ, NDA സഖ്യകക്ഷികളായ ബീഹാറിലെ നിതീഷ് കുമാറും ഒഡീഷയിലെ നവീൻ പട്നായികുമടക്കം നിലവിൽ പത്ത് മുഖ്യമന്ത്രിമാർ NRC തങ്ങളുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാർ ഇതിനെ എങ്ങിനെയാണ് നേരിടാൻ പോകുന്നത്? ഈ പത്തു സംസ്ഥാന സർക്കാറുകളെയും പിരിച്ചു വിട്ട് പ്രസിഡന്റ് ഭരണം കൊണ്ടുവരുമോ അവിടങ്ങളിൽ? അങ്ങനെ ചെയ്യുകയാണെങ്കിൽ ഏറ്റവും വലിയ രാഷ്ട്രീയ വിഡ്ഢിത്തമായിരിക്കും അത്. ജനങ്ങളുടെ രോഷം മനസ്സിലാക്കി CAA റദ്ദാക്കാനുള്ള ബുദ്ധി കേന്ദ്രസർക്കാർ കാണിക്കുമെന്നത് വന്യമായ ഭാവനയിൽ മാത്രമേ കാണാൻ സാധിക്കൂ. ഇപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച് കോൺഗ്രസിനെയാണ് കേന്ദ്രം ഉന്നം വെക്കുന്നത്. രാജ്യത്തെ 30 ദശലക്ഷം ആളുകളെ ലക്ഷ്യമിട്ട് 250 പ്രസ് കോൺഫറൻസുകൾ രാജ്യവ്യാപകമായി നടത്തി ജനങ്ങളെ സമാധാനപൂർണരാക്കാം എന്ന് മോദി സർക്കാർ കണക്കുകൂട്ടുന്നുണ്ട്. അതുവഴി കളഞ്ഞു പോയ പ്രതിച്ഛായ തിരിച്ചു പിടിക്കാനാകുമെന്ന് അവർ പ്രത്യാശിക്കുന്നു. ചുരുക്കത്തിൽ, ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിനും മതേതര മൂല്യങ്ങൾക്കുമേറ്റ കനത്ത പ്രഹരമാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും. സ്വന്തം രാജ്യനിവാസികളുടെ പഴി കേട്ടെന്നു മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം നഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യ എത്രയും വേഗം ഈയൊരു ദുസ്വപ്നത്തിൽ നിന്ന് മോചിതമാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

വിവ: അനസ് പടന്ന
കടപ്പാട്. Madras Courier

Related Articles