Current Date

Search
Close this search box.
Search
Close this search box.

ലോകത്തിലെ ഏറ്റവും മലിനീകരണം നിറഞ്ഞ 100 നഗരങ്ങള്‍

എല്ലാവര്‍ഷവും കട്ടിയുള്ള മലീമസമായ പുകപടലങ്ങളാണ് ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കാണപ്പെടാറുള്ളത്. കഴിഞ്ഞയാഴ്ച ഇത് 20 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. ഇതോടെ അധികൃതര്‍ക്ക് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നു. 2.5 പാര്‍ടികിള്‍സ് ആണ് ഇവിടെ മലിനീകരണം കണക്കാക്കുന്ന കണങ്ങളുടെ സംയോജനം. ലോകാരോഗ്യ സംഘടനയുടെ സ്വീകാര്യമായ അളവിനേക്കാള്‍ 34 മടങ്ങാണിത്. ഇത് ജനങ്ങളുടെ ശ്വാസകോശത്തെ തകരാറിലാക്കും. ഉത്തരേന്ത്യയിലെ കര്‍ഷകര്‍ തങ്ങളുടെ വയലുകളില്‍ അവശേഷിക്കുന്ന വൈക്കോലുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ പുകച്ചുരുളാണ് ശൈത്യകാലത്ത് ആകാശത്ത് കറുത്ത വിഷപ്പുകയായി ഇരുണ്ടുകൂടാന്‍ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.

എങ്ങിനെയാണ് വായുവിന്റെ ഗുണനിലവാരം അളക്കുന്നത് ?

പി എം 2.5, പി എം 10, ഓസോണ്‍, നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ വായു മലിനീകരണത്തിന്റെ അളവാണ് വായുവിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത്. Particulate matter (PM) സൂക്ഷ്മ ദ്രവ്യങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചെറിയ കണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പി.എം എന്നത് വലുപ്പം കൊണ്ട് ചെറിയതാണ്. ഇതില്‍ യഥാക്രമം 2.5 µm, 10µm എന്നിവയില്‍ താഴെ വ്യാസമുള്ള PM2.5 ഉം PM10 ഉം ആണ് ഏറ്റവും ദോഷകരമായത്. ഒരു മനുഷ്യന്റെ മുടിയുടെ വ്യാസം 50-70 µm ആണ്. PM2.5 ലെവലുകള്‍ 12-ല്‍ താഴെയാണ് നല്ലതായി കണക്കാക്കുന്നത്. 55-150 അനാരോഗ്യകരവും 250 അല്ലെങ്കില്‍ അതില്‍ കൂടുതലും അപകടകരവുമാണ്.

ലോകത്തിലെ ഏറ്റവും മലിനീകരണം നിറഞ്ഞ നഗരങ്ങള്‍

2020ല്‍ ലോകത്തെ മലിനീകരണ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യ 100ല്‍ 46ാം സ്ഥാനത്താണ്. ചൈന-42, പാകിസ്താന്‍ 6, ബംഗ്ലാദേശ് 4, ഇന്തോനേഷ്യ, തായ്‌ലാന്റ് -1 എന്നിങ്ങനെയാണ് പട്ടികയിലെ മറ്റു രാജ്യങ്ങളുടെ സ്ഥാനം. ഈ നഗരങ്ങളിലെല്ലാം PM 2.5 വായു ഗുണനിലവാരം 50-ല്‍ കൂടുതലാണ്.

ലോകത്ത് ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ഒമ്പതും ഇന്ത്യയിലാണ്. പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗിലുള്ള ഹോട്ടന്‍ ആണ് 2020-ലെ ഏറ്റവും മോശം ശരാശരി വായു നിലവാരം രേഖപ്പെടുത്തിയ നഗരം. 110.2 ആണ് ഇവിടുത്തെ വായു ഗുണനിലവാരം.

ഇന്ത്യയുട മാരകമായ മലിനീകരണം

2019ല്‍ ഇന്ത്യയില്‍ 1.67 ദശലക്ഷം മരണങ്ങള്‍ വായു മലിനീകരണം മൂലമാണെന്ന് ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 1990കള്‍ക്ക് ശേഷം ഖര ഇന്ധനങ്ങള്‍ക്ക് പകരം ബദലുകള്‍ വന്നതോടെ ഗാര്‍ഹിക വായു മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങള്‍ കുറഞ്ഞിരുന്നു. ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ പതിനഞ്ചും ഇന്ത്യയിലാണ്, അതില്‍ കൂടുതലും വടക്കന്‍ സംസ്ഥാനങ്ങളിലാണ്.

ശരത്കാലത്തും ശീതകാലത്തും വയലുകളില്‍ അവശേഷിക്കുന്ന പുല്‍ത്തണ്ടുകളും വൈക്കോലുകളും കത്തിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. വാഹനങ്ങള്‍ പുറന്തള്ളുന്ന മാലിന്യം, വ്യവസായ ശാലകള്‍, മാലിന്യം കത്തിക്കുന്നത് എന്നിവയും PM2.5ന്റെ ഉയര്‍ന്ന അളവിലും മറ്റുമുള്ള മലിനീകരണത്തിനും കാരണമാകുന്നു.

എന്താണ് സ്‌മോഗ് ടവര്‍ ?

ചില ഇന്ത്യന്‍, ചൈനീസ് നഗരങ്ങള്‍ അന്തരീക്ഷ മലിനീകരണം കണ്ടെത്താന്‍ സ്‌മോഗ് ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം ന്യൂഡല്‍ഹിയില്‍ രണ്ടെണ്ണം സ്ഥാപിച്ചു – ഒന്ന് തിരക്കേറിയ ഷോപ്പിംഗ് ഏരിയയിലാണ്.

2 ദശലക്ഷം ഡോളറിന്റെ 25 മീറ്റര്‍ (82 അടി) ഉയരമുള്ള ടവറില്‍ സെക്കന്‍ഡില്‍ 1,000 ക്യുബിക് മീറ്റര്‍ കണികകള്‍ നിറഞ്ഞ വായു ഇതിലെ 40 ഫാനുകളുളള വലിയ ഫില്‍ട്ടറുകളിലൂടെ കടന്നുപോകുന്നു. സ്‌മോഗ് ടവര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നു, ഇത് മൂലം പി എം 2.5 ലെവലുകള്‍ 50 ശതമാനം കുറച്ചു. എന്നാല്‍ അവ എത്രത്തോളം കാര്യക്ഷമമാണ് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

വായു മലിനീകരണത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, വായു മലിനീകരണത്തിന്റെ ഫലമായി പ്രതിവര്‍ഷം 7 ദശലക്ഷം ആളുകള്‍ മരിക്കുന്നു. ലോകജനസംഖ്യയുടെ 90 ശതമാനത്തിലേറെയും താമസിക്കുന്നത് ലോകാരോഗ്യ സംഘടന വായുമലിനീകരണത്തിന്റെ പരിധി കവിഞ്ഞെന്ന് പറയുന്ന പ്രദേശങ്ങളിലാണ്. ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങളുമായി വായുമലിനീകരണം ബന്ധപ്പെട്ടിരിക്കുന്നു.

 

 

 

 

 

 

 

 

 

 

 

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles