Current Date

Search
Close this search box.
Search
Close this search box.

സ്വീഡൻ, ഫിൻലന്റ് ‘നാറ്റോ’ പ്രവേശം: തുർക്കി ഒരു വിട്ടുവീഴ്ചയും ചെയ്തില്ല

ഈയിടെ നാറ്റോ സഖ്യത്തിന്റെ ഒരു ഉച്ചകോടി മഡ്രിഡിൽ ചേരുകയുണ്ടായി. അതിന്റെ പല ഉച്ചകോടികളെയും അപേക്ഷിച്ച് കാര്യമാത്രപ്രസക്തമായ വിഷയങ്ങൾ ചർച്ചക്ക് വന്ന ഉച്ചകോടി. നമുക്കറിയാവുന്നത് പോലെ, റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതമേൽക്കാത്ത ഒരു സമ്പദ് ഘടനയും ഇന്ന് ലോകത്തില്ല. ലോകത്ത് ഗോതമ്പിന്റെ ഏറ്റവും വലിയ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന യുക്രെയ്നിൽ നിന്ന് ഗോതമ്പ് കയറ്റുമതി നിലക്കുമ്പോഴുള്ള പ്രശ്നം ഒരു വശത്ത്. മറുവശത്ത് ഗ്യാസിന്റെയും പെട്രോളിന്റെയും വില കുതിച്ചുയരുന്നു. അത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജീവിത ചെലവ് ഗണ്യമായി വർധിപ്പിക്കുന്നു. ഈ ഉച്ചകോടിക്കും ഇതൊന്നും ചർച്ചയാക്കാതെ പറ്റില്ലല്ലോ.

മഡ്രിഡ് ഉച്ചകോടിക്ക് മറ്റൊരു പ്രധാന അജണ്ട കൂടിയുണ്ടായിരുന്നു. നാറ്റോയിലേക്കുള്ള സ്വീഡൻ, ഫിൻലന്റ് എന്നീ രാജ്യങ്ങളുടെ അംഗത്വ അപേക്ഷയാണിത്. റഷ്യൻ അധിനിവേശ ഭീഷണി നേരിടുന്ന രണ്ട് രാജ്യങ്ങളാണിവ. നാറ്റോ അംഗമായ തുർക്കി ഇത് സംബന്ധമായി തങ്ങൾക്കുള്ള സുരക്ഷാ ഭീഷണികളും വേദിയിൽ ഉന്നയിക്കുകയുണ്ടായി. ഒരു രാജ്യത്തിന് നാറ്റോ അംഗത്വത്തിന് അപേക്ഷിക്കാം. ഏതെങ്കിലും അംഗരാജ്യത്തിന് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കുകയും ചെയ്യാം. ഇത് നാറ്റോയിൽ പതിവുള്ളതാണ്. ഇവിടെ ഈ രണ്ട് രാജ്യങ്ങൾക്കും അംഗത്വം നൽകുന്നതിനോട് എതിർപ്പുമായി വന്നിട്ടുള്ളത് തുർക്കിയാണ്. നാറ്റോ നിയമാവലി പ്രകാരം തന്നെ ഇതിന്നുള്ള വകുപ്പുണ്ട്. നാറ്റോയിലെ ഒരു രാജ്യത്തിനുള്ള ഭീഷണി അതിലെ മുഴുവൻ രാജ്യങ്ങൾക്കുമുള്ള ഭീഷണിയായാണ് കണക്കാക്കപ്പെടുക.

തുർക്കി ചില ഭീകര സംഘടനകളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ട്. നാറ്റോ രാജ്യങ്ങൾ തന്നെ ആ സംഘടനകളെ സഹായിക്കുന്നുമുണ്ട്. ഭീഷണി പുറത്ത് നിന്നല്ല എന്നർഥം. ഭീകര സംഘടനയായി ലിസ്റ്റ് ചെയ്യപ്പെട കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി.കെ. കെ)ക്ക് സഹായം നൽകുന്നുണ്ട് സ്വീഡൻ. സിറിയയിലേക്കാണ് സ്വീഡൻ ആ സംഘത്തിന് ആയുധമെത്തിച്ചു കൊടുക്കുന്നത്. തങ്ങളുടെ രാജ്യത്ത് സ്വൈരവിഹാരം നടത്താൻ സ്വീഡൻ ആ സംഘത്തെ അനുവദിക്കുകയും ചെയ്യുന്നു. ഇത് അന്താരാഷ്ട്ര ചട്ട പ്രകാരം ഭീകരതയെ സഹായിക്കലാണ്. ഈ സംഘടന ഒരു പക്ഷെ ഐ.എസ് പോലെ യൂറോപ്പിന് അത്ര ഭീഷണി അല്ലായിരിക്കാം. പക്ഷെ അവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല.

നാറ്റോ ഉച്ചകോടിയിലെ തിരക്കിട്ട നയതന്ത്ര ചർച്ചകൾക്കിടയിൽ ഒറ്റ വാക്ക് കൊണ്ട് താൻ ഉദ്ദേശിച്ച കാര്യം നേടി വിജയശ്രീലാളിതനായാണ് തുർക്കി പ്രസിഡന്റ് ഉർദുഗാൻ പുറത്തേക്ക് വന്നത്. നാറ്റോ സെക്രട്ടറി ജനറലിന്റെ സാന്നിധ്യത്തിൽ സ്വീഡനും ഫിൻലാന്റും, തുർക്കിയെ അസ്വസ്ഥപ്പെടുത്തുന്ന ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങളിലും അനുകൂലമായാണ് പ്രതികരിച്ചത്. ഭീകരതയെ ചെറുക്കാൻ തുർക്കി മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ട് പ്രവർത്തിക്കാമെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചു.

‘ തുർക്കി മുന്നോട്ട് വെച്ച വ്യവസ്ഥകൾ’ എന്ന പ്രയോഗം വളരെ നിർണ്ണായകമാണ്. അത് പ്രകാരം ഇരു രാഷ്ട്രങ്ങളും കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിക്കോ അതിന്റെ ഘടകമായി സിറിയയിൽ പ്രവർത്തിക്കുന്ന ഡമോക്രാറ്റിക് യൂനിയൻ പാർട്ടിക്കോ ഗുലൻ പ്രസ്ഥാനത്തിനോ ഇനി സഹായങ്ങളൊന്നും ചെയ്യില്ല. അതൊക്കെ കൃത്യവും വ്യക്തവുമായ ഭാഷയിൽ എഴുതി വെച്ചിട്ടുമുണ്ട്.

തെരഞ്ഞെടുപ്പ് കാലം മുന്നിലെത്തി നിൽക്കെ തുർക്കിയിലെ പ്രതിപക്ഷത്തിന് ഉർദുഗാൻ മഡ്രിഡ് ഉച്ചകോടിയിൽ നേട്ടമുണ്ടാക്കിയത് ഒട്ടും രസിച്ചിട്ടില്ല. അത് സ്വാഭാവികവുമാണല്ലോ. പൂർത്തീകരിക്കാൻ കഴിയാത്ത പല വാഗ്ദാനങ്ങളും ഉർദുഗാൻ നൽകി എന്നാണ് അവർ ആക്ഷേപിക്കുന്നത്. യഥാർഥത്തിൽ ഇവിടെ വിട്ടുവീഴ്ചകളോ വാഗ്ദാനങ്ങളോ ഒന്നും തന്നെയില്ല. ഇരു രാജ്യങ്ങളുടെയും അംഗത്വ അപേക്ഷ സ്വീകരിക്കാനുള്ള ചില വ്യവസ്ഥകൾ മുന്നോട്ട് വെക്കുകയാണ് തുർക്കി ചെയ്തത്. സ്വീഡനും ഫിൻലന്റും അത് അംഗീകരിക്കുകയും ചെയ്തു. പകരമായി ഒന്നും ഇരു രാഷ്ട്രങ്ങൾക്കും തുർക്കിയിൽ നിന്ന് ലഭിച്ചിട്ടുമില്ല. എന്നല്ല, വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം അവർക്കെതിരെ വീറ്റോ പ്രയോഗിക്കാനും തുർക്കിക്ക് കഴിയും. അതായത് തുർക്കി കൈമാറണമെന്ന് ആവശ്യപ്പെട്ട ഭീകരവാദികളെ കൈമാറാതിരിക്കുകയോ തങ്ങളുടെ മണ്ണിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങളെ പ്രതി കണ്ണ് ചിമ്മുകയോ ചെയ്താൽ സ്വീഡന്റെയും ഫിൻലന്റിന്റെയും നാറ്റോ പ്രവേശം തുർക്കിക്ക് തടസ്സപ്പെടുത്താം.

യൂറോപ്യൻ യൂനിയൻ അംഗത്വത്തിന് തുർക്കി അപേക്ഷിച്ചപ്പോൾ അവർ മുന്നോട്ട് വെച്ച വ്യവസ്ഥകളോട് വലിയൊരളവോളം സാദൃശ്യമുണ്ട് തുർക്കിയുടെ ഈ ഉപാധികൾക്ക്. യൂറോപ്യൻ യൂനിയൻ പ്രവേശന കാര്യത്തിൽ തുർക്കിയെ പല നിലക്ക് കഷ്ടപ്പെടുത്തിയിരുന്നു ആ യൂനിയനിലെ രാഷ്ട്രങ്ങൾ. ഇപ്പോഴാകട്ടെ, തങ്ങളുടെ വ്യവസ്ഥകൾ മുഴുവൻ യൂറോപ്യൻ രാജ്യങ്ങളെക്കൊണ്ടും അംഗീകരിപ്പിക്കാൻ തുർക്കിക്ക് കഴിഞ്ഞിരിക്കുകയാണ്. ഇവിടെയിപ്പോൾ ഇരു രാഷ്ട്രങ്ങളും വ്യവസ്ഥകൾ അംഗീകരിച്ചു എന്ന് എഴുതിക്കൊടുത്താൽ മാത്രം മതിയാവുകയില്ല. അക്കാര്യങ്ങൾ അവർ പ്രവൃത്തിപഥത്തിൽ കൊണ്ട് വരുന്നുണ്ടോ എന്ന് തുർക്കിക്ക് നിരീക്ഷിക്കാം, വിലയിരുത്താം. വ്യവസ്ഥകൾ പാലിക്കുന്നില്ല എന്ന് കണ്ടാൽ വീറ്റോ പ്രയോഗിക്കാനുള്ള അധികാരം അപ്പോഴും തുർക്കിക്ക് ഉണ്ടാവും. ഇങ്ങനെയൊരു നീക്കം നാറ്റോയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടായിരിക്കും.

മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. സ്വീഡനും ഫിൻലന്റിനുമെതിരെ തുർക്കി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ യഥാർഥത്തിൽ ആ രണ്ട് രാഷ്ടങ്ങൾക്കും എതിരെ മാത്രമല്ല, മുഴുവൻ നാറ്റോ രാജ്യങ്ങൾക്കുമെതിരെയാണ്. സ്വീഡനും ഫിൻലന്റും മാത്രമല്ല ഫ്രാൻസ്, ജർമനി പോലുള്ള മുൻനിര യൂറോപ്യൻ രാജ്യങ്ങളും പി.കെ.കെ യെയും ഡമോക്രാറ്റിക്ക് യൂനിയനെയും സഹായിക്കുന്നുണ്ടെന്നും അത് നിർത്തണമെന്നുമാണ് തുർക്കി നേർക്കുനേരെ പറഞ്ഞിരിക്കുന്നത്. ഈ മുന്നറിയിപ്പ് തുർക്കി മുൻ കാലങ്ങളിലും നൽകിയിരുന്നുവെങ്കിലും അവരത് കണക്കിലെടുക്കാറുണ്ടായിരുന്നില്ല. ഇനി കണക്കിലെടുക്കേണ്ടിവരും.

വിവ : അശ്റഫ് കീഴുപറമ്പ്

( ടർക്കിഷ് അക്കാദമിക്കും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ.)

Related Articles