Current Date

Search
Close this search box.
Search
Close this search box.

വീണു കിട്ടിയ വിധിയും വീണുരുളുന്ന ജനനായകരും

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട രാഷ്ട്രിയ രാഷ്ട്രീയേതര ജനനായകരുടെയും കാര്യം ഗ്രഹിക്കാത്ത വിശ്വാസി അവിശ്വാസി സോഷ്യല്‍ മീഡിയാ സുഹൃത്തുക്കളുടെയും അനഭിലഷണീയമായ പ്രതികരണങ്ങളുടെ പശ്ചാത്തലമാണ് ഈ കുറിപ്പിന് ആധാരം.

വിശ്വാസികള്‍ക്കായി ഭൂമുഖത്ത് ശ്രേഷ്ഠമാക്കപ്പെട്ട മൂന്ന് ദൈവ ഭവനങ്ങളുണ്ട്. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തീനിലെ ബൈതുല്‍ മുഖദ്ധസ്. ഇവിടെയെല്ലാം ലിംഗഭേദമന്യേ വിശ്വാസികള്‍ പ്രാര്‍ഥന നിര്‍വഹിച്ചു പോരുന്നുണ്ട്. ലോകത്തെമ്പാടും കേരളത്തിലും ഇതു പോലെ ലിംഗഭേദമന്യേ പ്രാര്‍ഥനക്ക് സൗകര്യമുള്ള ദൈവ ഭവനങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ മസ്ജിദുകളില്‍ പോകണമെന്ന നിര്‍ബന്ധം ഒരു വിഭാഗത്തിനും ഇല്ല. എന്നാല്‍ പോകാന്‍ താല്‍പര്യമുള്ളവരെ അനുവദിക്കാതിരിക്കുകയും ഇല്ല. ഇതാണ് ഇസ്‌ലാമികമായ സമീപനവും അധ്യാപനവും. നിഷിദ്ധം എന്നാല്‍ അനുവര്‍ത്തിക്കാന്‍ പാടില്ലാത്തത്. അനുവദനീയം എന്നു പറഞ്ഞാല്‍ അനുവര്‍ത്തിക്കാവുന്നത് എന്നു മാത്രമാണര്‍ഥം. നിര്‍ബന്ധം എന്ന് അര്‍ഥമില്ല.

കേരളത്തിലെ ഏറെ പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമായ ശബരിമലയില്‍ സ്ത്രീകള്‍ക്കും പോകാം എന്ന അനുവാദമാണ് നീതിന്യായ പീഠം വിധിച്ചത്. ആചാര പ്രകാരം ഇതു സ്വീകാര്യമല്ലെങ്കില്‍ ഹൈന്ദവരായ സ്ത്രീകള്‍ പോകാതിരുന്നാല്‍ തീരാവുന്നതാണ് പ്രശ്‌നം. ഇനി പോകാനാഗ്രഹിക്കുന്നവര്‍ക്ക് വഴിയൊരുക്കുക എന്നത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ടവരുടെ ധര്‍മ്മവുമാകുന്നു.

ഹൈന്ദവ ക്ഷേത്ര ആരാധനകളും അനുഷ്ഠാനങ്ങളും ഏക ശിലാ സംസ്‌കാര മുഖമുള്ളതല്ല. ഏക ദൈവ വിശ്വാസത്തിലധിഷ്ടിതമായ വേദ പാഠങ്ങളും ശിക്ഷണങ്ങളും ഒക്കെയാണ് വിശ്വാസമെങ്കിലും കര്‍മ്മങ്ങളിലും അനുഷ്ഠാനങ്ങളിലും അങ്ങിനെയല്ല. ഓരോ ക്ഷേത്രത്തിനും സ്വതന്ത്രമായ അനുഷ്ഠാന മുറകള്‍ ഉണ്ട്. പ്രതിഷ്ഠകളും പ്രാര്‍ഥനകളും മന്ത്രങ്ങളും പൂജാ രീതികളും വ്യത്യസ്തമാണ്. എന്തിനേറെ പ്രവേശനാനുമതിയിലും അവകാശങ്ങളില്‍ പോലും നിബന്ധനകള്‍ ഉണ്ട്. ഉയര്‍ന്നവരും താഴ്ന്നവരും സവര്‍ണ്ണരും അവര്‍ണ്ണരും കുലവും ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും എന്നല്ല ലിംഗഭേദവും ഒക്കെ നിതാനപ്പെടുത്തിയ ഒരു പൗരോഹിത്യ സംഹിതയില്‍ നിന്നു കൊണ്ടാണ് ഹൈന്ദവ ആരാധനാലയങ്ങളുടെ ആചാരാനുഷ്ഠാന ഭരണ നിര്‍വഹണം. ഇത്തരം ‘സാധുക്കളുടേയും’ ‘സാധു ജനങ്ങളുടേയും’ കാര്യങ്ങളില്‍ വിശിഷ്യാ ആചാരാനുഷ്ഠാന വിഷയങ്ങളില്‍ സമ ചിത്തതയോടെ സമീപിക്കലാണ് അധികാരികള്‍ക്ക് ഉചിതം. ഇത്തരുണത്തില്‍ വേദോപദേശം നല്‍കിയിട്ട് തിരുത്താമെന്നത് മൗഢ്യം മാത്രം.

അവസരത്തിനൊപ്പം ഉണര്‍ന്ന് ഭരണ നിര്‍വഹണം നടത്തി കൊണ്ടിരിക്കേ അനവസരത്തിലുള്ള വിവാദങ്ങള്‍ക്ക് തിരികൊളുത്താതിരിക്കലാണ് നേതാക്കള്‍ക്ക് കരണീയം. സാംസ്‌കാരിക പരിവേഷം ചമഞ്ഞവര്‍ക്കും. ദേശിയാടിസ്ഥാനത്തില്‍ തന്നെ ഭരണ പക്ഷത്തിന്നെതിരെ ശക്തമായ മുന്നേറ്റം രൂപപ്പെടുന്ന കാലാവസ്ഥയെ തിരിച്ചു വിടാന്‍ ഫാഷിസ്റ്റുകള്‍ തന്ത്രപൂര്‍വ്വം നീക്കിയ കരുക്കളുടെ പരിണിതിയായിപ്പോലും മലകയറ്റ വിധിയും അനുബന്ധ സമസ്യകളും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അഥവ ഒരു തെക്കന്‍ അയോധ്യയാക്കി ആളിക്കത്തിക്കാനുള്ള വിദ്വംസക സംഘത്തിന്റെ അന്തര്‍ നാടകക്കളരി. ഈ സമര കളരി ഭൂമിയില്‍ അടിതെറ്റാതിരിക്കാന്‍ ഭരണ സംവിധാനങ്ങള്‍ക്കും അധികാരികള്‍ക്കും കഴിയട്ടെ എന്ന് ആശിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

ഹൈന്ദവരിലെ സിംഹ ഭാഗം പേരും വേദങ്ങള്‍ അനുശാസിക്കുന്ന പാഠ്യപാഠങ്ങളില്‍ നിന്നും കാതങ്ങളോളം ദൂരം അത്യാചാരങ്ങളുടെ മാര്‍ഗത്തില്‍ എത്തപ്പെട്ടിരിക്കുന്നു എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്. കാര്യ കാര്യങ്ങളെ വസ്തു നിഷ്ടമായി വായിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഹൈന്ദവ സന്ന്യാസി ശ്രേഷ്ഠന്മാര്‍ തന്നെ സമ്മദിക്കുകയും പൊതു വേദികളില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന കാര്യവുമാണ്. ഇതര മത വിഭാഗത്തില്‍ പെട്ടവരുടെ അവസ്ഥയും ഇതില്‍ നിന്നും ഭിന്നമല്ല.

വിശ്വാസത്തിന്റെ കാര്യത്തില്‍ ബുദ്ധിയും യുക്തിയും ഇല്ല എന്നര്‍ഥത്തിലുള്ള ചര്‍ച്ചകള്‍ വല്ലാതെ കാടുകേറുന്നതാണ് വര്‍ത്തമാന വിശേഷം. തികച്ചും തെറ്റിദ്ധാരണയില്‍ നിന്നാണ് ഇത്തരത്തിലൊരു നിരീക്ഷണം. വിശ്വാസികളുടെ മേല്‍വിലാസത്തില്‍ അനാചാരങ്ങളും അത്യാചാരങ്ങളും കൊണ്ടാടുന്നവരുടെ കാര്യത്തില്‍ ഒരു പക്ഷെ ശരിയായിരിക്കാം.വിശ്വാസ കാര്യത്തില്‍ ഒരു വക യുക്തിരാഹിത്യവും ഇല്ല. മറിച്ച് ദൈവ നിരാസത്തിലും ബഹു ദൈവ സങ്കല്‍പങ്ങളിലും അതു പോലെയുള്ള അത്യാചാരങ്ങളിലും യുക്തിയില്ലായ്മ ദര്‍ശിക്കാനും കഴിയും.

അത്യത്ഭുതങ്ങളും ആടുമാടുകളും ഇഴ ജന്തുക്കള്‍ പോലും ആര്യാധ്യരായി വായിക്കപ്പെടുകയും വാഴിക്കപ്പെടുകയും ചെയ്യുന്ന ജന പദങ്ങളെയും, പ്രപഞ്ചമകിലവും ചൂഴ്ന്ന് നില്‍ക്കുന്ന അനശ്വരനായ അരൂപിയായ പരാശക്തി സങ്കല്‍പത്തില്‍ വിശ്വാസം സുദൃഢമാക്കിയ സംസ്‌കൃത സമൂഹങ്ങളെയും ഒരുപോലെ വിലയിരുത്തിക്കൊണ്ടിരിക്കുന്ന ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ പ്രതിനിധികളുടേയും ഭൗതിക വാദികളുടേയും വീക്ഷണവും വിലയിരുത്തലും ദൗര്‍ഭാഗ്യകരമത്രെ.

അനശ്വരനും അരൂപിയുമായി പ്രപഞ്ചത്തിന്റെ ശക്തി വിശേഷത്തെ പ്രബോധനം ചെയ്യാനെത്തിയ പ്രവാചകന്മാരേയും പരിവ്രാചകന്മാരേയും ദൈവമാക്കിയതാണ് നൂറ്റാണ്ടുകളുടെ പഴമയും പഴക്കവും ഉള്ള വേദങ്ങളുടെ പിന്‍ഗാമികളിലെ ആരാധനാനുഷ്ഠാനങ്ങളിലെ വൈകൃതങ്ങള്‍ക്കുള്ള മൂല കാരണം. കാല ക്രമേണ ആള്‍ ദൈവ സംസ്‌കാരമാകുന്ന അതി വിചിത്രവും വികൃതവുമായ പൈശാചികതയും വളര്‍ന്നു പന്തലിച്ചു . ഇത്തരത്തിലുള്ള ജീര്‍ണ്ണതകളും കെട്ട സംസ്‌കാരങ്ങളും പ്രവര്‍ത്തനങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള തീവ്രമായ യജ്ഞങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് ബുദ്ധിയും ബോധവുമുള്ളവര്‍ ശ്രമിക്കേണ്ടത്.

ശുദ്ധമായ ഏക ദൈവ വിശ്വാസികളായ മുസ്‌ലിം സമൂഹം പോലും ബഹു ദൈവ സങ്കല്‍പങ്ങളിലേയ്ക്കും ആള്‍ദൈവ സംസ്‌കാരങ്ങളിലേയ്ക്കും വഴുതിവീഴുന്ന ദയനീയമായ കാഴ്ചകള്‍ക്കും കെട്ടുകാഴ്ചകള്‍ക്കും രാജ്യം സാക്ഷിയാകുകയാണ്. ഇത്തരത്തിലുള്ള വിനാശത്തിലേയ്ക്കുള്ള സകല പഴുതുകളും സൂക്ഷ്മമായും ഭദ്രമായും ഉരുക്കൊഴിച്ചെന്നപോലെ അടക്കപ്പെട്ടിട്ടും പൗരോഹിത്യത്തിന്റെ കരാള ഹസ്തം സകല സീമകളും ലംഘിച്ച് പടര്‍ന്നു കയറുകയാണ്.

യഥാര്‍ഥ ദൈവ വിശ്വാസം ശുദ്ധവും സങ്കീര്‍ണ്ണതകളില്ലാത്തതും ആകുന്നു. എന്തൊക്കെയോ കാട്ടിക്കുട്ടലുകളാക്കി വികൃതമാക്കാനും വിരസമാക്കാനും ഉള്ള കുടില തന്ത്രങ്ങള്‍ പൗരോഹിത്യം മെനഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും പഴയ കാലങ്ങളിലുള്ളത്ര ഏശുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. അന്ത്യ പ്രവാചകനേയും പ്രവാച പാതയിലെ അനുഗ്രഹിതരായവരേയും ഒരു വേള തങ്ങളുടെ ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടി മഹത്വ വത്കരിച്ചവരേയും ദൈവത്തോളം ഉയര്‍ത്തി വിശ്വാസികളെ കബളിപ്പിക്കുന്ന രീതി വിവിധ വേഷപ്പകര്‍ച്ചയോടെ തുടരുന്നു എന്നത് ഏറെ വേദനാ ജനകമത്രെ.

അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിക്ക് മുമ്പുള്ള മോശയുടേയും യേശുവിന്റേയും (യഹൂദരും െ്രെകസ്തവരും) തങ്ങളുടെ പ്രവാചകന്മാരെ ദൈവമാക്കിയതു പോലെ പ്രവാചക ശ്രേഷ്ഠന്‍ മുഹമ്മദ് നബിയേയും ദൈവമാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ പണ്ട് മുതലേ അകത്തുനിന്നും പുറത്തു നിന്നും നടക്കുന്നുണ്ട്. ഇത് വേണ്ടത്ര ഫലം ചെയ്യാത്ത അവസരത്തിലാണ് ആള്‍ ദൈവ വേഷംകെട്ടുകളിലേയ്ക്കും തിരു ശേഷിപ്പു കച്ചവടങ്ങളിലേയ്ക്കും കളം മാറ്റങ്ങളുണ്ടായത്.

വിശ്വാസമാണെങ്കില്‍ തൊട്ടാല്‍ പൊള്ളും പോലും. വിശ്വാസത്തിന്റെ പേരിലുള്ള അത്യാചാരങ്ങളും അന്ധ വിശ്വാസങ്ങളുമാണ് സത്യത്തില്‍ ഈ ‘പൊള്ളല്‍ ഗണത്തില്‍’ ഇടം പിടിക്കുന്നത് എന്നതത്രെ വാസ്തവം. ആള്‍ ദൈവ മാഫിയകള്‍ക്കും അത്യാചാര അന്ധ വിശ്വാസാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നിഷ്‌കളങ്കമായ ദൈവ വിശ്വാസവുമായി ഒരു വക ബന്ധവുമില്ലന്നതത്രെ പച്ച പരമാര്‍ഥം.

മനുഷ്യനെ ഉത്തമ സംസ്‌കാരത്തിന്റെ വാഹകനാക്കുക എന്നതാണ് മതാനുഷ്ഠാനങ്ങളിലെ ആത്മാവ്. അനുഷ്ഠാനങ്ങള്‍ പോലും യുക്തിക്ക് നിരക്കാത്തതാകുന്നത് പൗരോഹിത്യ തല്‍പര കക്ഷികളുടെ കൈകടത്തുലകളാകാതിരിക്കാന്‍ ന്യായമില്ല. അസഭ്യാഭിഷേകം ചെയ്യപ്പെടുന്ന പ്രതിഷ്ഠകളുള്ള പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും അതിന്റെ പേരിലുള്ള വൈകൃതങ്ങളും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തവിധം വേരുറച്ച നാടാണിത്. ഇത്തരം ആചാരങ്ങളും അത്യാചാരങ്ങളും തൊട്ടാല്‍ പൊള്ളുന്ന വിശ്വാസത്തിന്റെ ഗണത്തില്‍ തന്നെയാണ് ചേര്‍ക്കപ്പെട്ടിരിക്കുന്ന്. ഗോ മൂത്രം പാനം ചെയ്യുകയും അതിന്റെ ശുദ്ധമായ പാല്‍ കരിങ്കല്ല് പ്രതിമകളില്‍ ഒഴുക്കികളയുകയും ചെയ്യുന്നിടത്തോളം ഈ അന്ധവിശ്വാസത്തിന്റെ പൂനൂലിന് വേരുകളുണ്ട്.

ദൈവ വിശേഷണങ്ങളായ കനിവും കാരുണ്യവും സ്‌നേഹവും പ്രതാപവും ഐശ്വര്യവും എല്ലാം ചൊരിഞ്ഞനുഗ്രഹിക്കപ്പെട്ടവരത്രെ സച്ഛരിതരായ ദൈവ ദാസന്മാര്‍. ദുര്‍ബലരായ പാവങ്ങളെ പതിയിലും ചതിയിലും ചാടിക്കുന്ന കുടില തന്ത്രജ്ഞരായ ഹാവഭാവാധി വേഷം കെട്ടുകാരല്ല സച്ഛരിതരായ ദൈവ ദാസന്മാര്‍. വിശ്വാസത്തിന്റെ പേരിലുള്ള സകല വിധ കാപട്യങ്ങളെ കുറിച്ചും ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന ധര്‍മ്മവും ദര്‍ശനവുമത്രെ പരിശുദ്ധ വേദവും ഇസ്‌ലാമും.

ഈശ്വര നിരാസം അലങ്കാരമാക്കിയവരിലേക്കും ഈശ്വര വിശ്വാസികളുടെ വിലാസം പേറുന്നവരില്‍ വിശേഷിച്ചും യഥാര്‍ഥ ധര്‍മ്മത്തിന്റെ പരിശുദ്ധിയിലേയ്ക്കും പാഠങ്ങളിലേയ്ക്കും തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ ബുദ്ധിപൂര്‍വ്വം യുകിതി പുര്‍വ്വം പുരോഗമിക്കട്ടെ.അന്ധകാരാവ്രതമായ ലോകത്ത് പ്രകാശത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്.

Related Articles