Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാര്‍ ‘പരിശോധി’ക്കുമ്പോഴേക്കും രാജ്യദ്രോഹനിയമം മരവിപ്പിച്ച് കോടതി

കൊളോണിയല്‍ കാലത്തെ നിയമം നിലനില്‍ക്കണമോ എന്ന് കേന്ദ്രസര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തുന്നതിനിടെയാണ് ബുധനാഴ്ച സുപ്രീം കോടതി രാജ്യദ്രോഹ നിയമം മരവിപ്പിച്ചത്. സെക്ഷന്‍ 124 എ പ്രകാരം ചുമത്തിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാത്ത എല്ലാ കേസുകളും അപ്പീലുകളും നടപടികളും നിര്‍ത്തിവയ്ക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഉത്തരവിട്ടത്.

ഐ.പി.സി 124 എയുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും തുടരന്വേഷണത്തില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിട്ടുനില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും കൂടുതല്‍ പുനഃപരിശോധന കഴിയുന്നതുവരെ നിയമത്തിലെ ഈ വ്യവസ്ഥ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു.

ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വേഗത്തില്‍ കേസ് തീര്‍പ്പാക്കണമെന്നും ഈ നിയമത്തിന്റ ഉപയോഗം നിര്‍ത്തലാക്കുന്നതാണ് ഉചിതമെന്നും’ ഉത്തരവില്‍ പറയുന്നു. രാജ്യദ്രോഹക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി ഉചിതമായ കോടതികളെ സമീപിക്കാമെന്നും ബെഞ്ച് പറഞ്ഞു. കൊളോണിയല്‍ നിയമങ്ങള്‍ ഉപേക്ഷിക്കുന്നത് പരിഗണനയിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് കോടതിയുടെ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പൗരസ്വാതന്ത്ര്യ സംരക്ഷണത്തിനും മനുഷ്യാവകാശങ്ങളുടെ ആദരവിനുമുള്ള അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ആ മനോഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. കാലഹരണപ്പെട്ട 1,500-ലധികം നിയമങ്ങളും 25,000-ലധികം കേസുകളും ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞു. നിലനില്‍ക്കുന്ന രാജ്യദ്രോഹ കേസുകളില്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതിയിലെ കേസ് ഒഴിവാക്കാനും അതിനിടയില്‍ നിയമം യഥേഷ്ടം ഉപയോഗിക്കുന്നത് തുടരാനുമുള്ള സര്‍ക്കാരിന്റെ തന്ത്രം മാത്രമാണ് ‘റിവ്യൂ’ എന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തിയതിനാല്‍ കോടതിയുടെ ബുധനാഴ്ചത്തെ തീരുമാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

രാജ്യദ്രോഹ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. വിവിധ ഗവണ്‍മെന്റുകള്‍ രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുന്നതിനായി ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി വ്യാപക വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ശിക്ഷാനിയമത്തിന്റെ ദുരുപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി, സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിയമ വ്യവസ്ഥ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് കേന്ദ്രത്തോട് കഴിഞ്ഞ ജൂലൈയില്‍ ചോദിച്ചിരുന്നു.

ഐ.പി.സിയിലെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം) യുടെ ഭരണഘടനാ സാധുതയെ വെല്ലുവിളിച്ച് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, മുന്‍ മേജര്‍ ജനറല്‍ എസ്.ജി വോംബത്‌കെരെ, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിശോധിക്കാമെന്ന് കോടതി സമ്മതിക്കുകയായിരുന്നു. കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്ന ‘നിയമത്തിന്റെ ദുരുപയോഗം’ ആണ് തങ്ങളുടെ പ്രധാന ആശങ്കയെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിയമപ്രകാരം സ്ഥാപിതമായ ഗവണ്‍മെന്റിനെതിരെ വിദ്വേഷം അല്ലെങ്കില്‍ അവഹേളനനോ അസംതൃപ്തി അറിയിച്ചുകൊണ്ട് എതെങ്കിലും സംസാരമോ പദപ്രയോഗമോ നടത്തുന്നവര്‍ക്കെതിരെ ഇന്ത്യയിലെ നിയമപ്രകാരം ജാമ്യമില്ലാതെ രമാവധി ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണിത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനു ശേഷവും കൊളോണിയല്‍ കാലത്തെ ഈ നിയമം ആവശ്യമുണ്ടോ എന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹര്‍ജികളില്‍ നോട്ടീസ് പുറപ്പെടുവിക്കവേ സുപ്രീം കോടതി ചോദിച്ചിരുന്നു.

ഇതൊരു തര്‍ക്കവിഷയവുമായി ബന്ധപ്പെട്ട നിയമമാണ്. അതൊരു കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നു അത് നിര്‍മിച്ചത്. മഹാത്മാഗാന്ധിയെയും തിലകനെയും മറ്റും നിശ്ശബ്ദരാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത് ഇതേ നിയമം തന്നെയാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനു ശേഷവും ഇത് ആവശ്യമാണോ? ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യദ്രോഹ കേസ് ഇന്ത്യയില്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. 2019ല്‍ മാത്രം രാജ്യത്തുടനീളം 93 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

2014നും 2019നും ഇടയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസുകള്‍ കാണിക്കുന്ന ഗ്രാഫ് ആണ് താഴെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളാണിത്.

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

Related Articles