Current Date

Search
Close this search box.
Search
Close this search box.

സുള്ളി ഡീൽസും, ബുള്ളി ബായ് ആപ്പും

ആസമിലെ ജോർഹത്തിലെ വീട്ടിലേക്ക് പോലീസ് സംഘം ഇരച്ച് കയറുമ്പോൾ രാത്രി 10:30 കഴിഞ്ഞിരുന്നു. ബിഷ്ണോയി കുടുംബം ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു പോലീസിന്റെ അപ്രതീക്ഷിത വരവ്. ദസ്റത്ത് ബിഷ്ണോയുടെ ഇളയ മകൻ നീരജ് സൃഷ്ടിച്ചെടുത്ത ‘ബുള്ളി ബായ്’ ആപ്പിനെ കുറിച്ച് അന്വേഷക സംഘം സംസാരിച്ച് തുടങ്ങിയതോടെ സംഗതിയെന്താണെന്നറിയാതെ കുടുംബം കുഴങ്ങി. ‘വിദ്യാസമ്പന്നരെല്ലാത്ത ഞങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലായില്ല. നീരജാണ് ഈ ആപ്പ് ഉണ്ടാക്കിയതെന്നായിരുന്നു പോലീസ് ഞങ്ങളോട് പറഞ്ഞത്, നീരജിന്റെ പിതാവ് ദസ്റത്ത് മാധ്യമങ്ങളോട് പങ്കുവെച്ച വാക്കുകളാണിത്. ഒന്നരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനിടെ തന്നെ നീരജ് കുറ്റം സമ്മതിച്ചതോടെ പ്രതിയെ തലസ്ഥാനത്തെത്തിക്കാനുള്ള നിയനടപടികളാരംഭിച്ചു. ഭോപ്പാലിൽ നിന്നുള്ള ബാച്ച്ലർ ഒാഫ് ടെകനോളജി ബിരുദ വിദ്യാർഥിയാണ് ഇരുപത്കാരനായ നീരജ്. കുറ്റം ആരോപിക്കപ്പെട്ടതോടെ നീരജ് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. അപകീർത്തിയുണ്ടാക്കിയതിൽ രോഷം പ്രകടിപ്പിച്ച സ്ഥാപനം പ്രതിയെ തള്ളിപ്പറയുകയായിരുന്നു. ദുഷ്പേരുണ്ടാക്കാൻ മാത്രം തങ്ങളുടെ മകൻ വളർന്നെല്ലോ എന്ന വൈഷമ്യത്തിലാണ് നീരജിന്റെ മാതാപിതാക്കൾ.

മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച് വിവാദം സൃഷ്ടിച്ച ‘ബുള്ളി ബായ്’ ആപ്പ് നിർമ്മിച്ചെടുത്തതിൽ പ്രതിചേർക്കപ്പെട്ടതിനാലാണ് നീരജിനെ അറസ്റ്റു ചെയ്തതെന്നാണ് പോലീസിന്റെ പ്രതികരണം. മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദ്യേശലക്ഷ്യമാണ് ആപ്പ് നിർമ്മിക്കാൻ പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഏകദേശം നൂറ്റിരണ്ടോളം സ്ത്രീകളെ ചിത്രസഹിതം ലേലത്തിൽ പ്രദർശിപ്പിച്ച ആപ്പ് താനാണ് ഉണ്ടാക്കിയെടുത്തതെന്ന് രക്ഷിതാക്കളുടെ മുമ്പിൽ വെച്ച് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ‘എന്തർഥത്തിലാണ് അവനിത് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കുത്തരം കിട്ടുന്നില്ല’ അപമാന ഭാരം താങ്ങാനാകാതെ തളർന്നു പോയ നീരജിന്റെ പിതാവിനൈ്റ വാക്കുകളാണിത്.

ബുള്ളി ബായ് ആപ്പും തുടർന്നുണ്ടായ അറസ്റ്റുകളും

ഏറേ കോളിളക്കം സൃഷ്ടിച്ച ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റുകളിലെ പ്രഥമ പ്രതിയായിരുന്നില്ല നീരജ്. ജനുവരി മൂന്നിന് സൗത്ത് ബാംഗ്ലൂരിലെ വിഖ്യാതമായ എൻജിനീയറിങ്ങ് കോളേജിൽ നിന്നും ക്ലാസിനിടെ പുറത്താക്കപ്പെട്ട ഇരുപത്തിയൊന്നുകാരൻ വിശാൽ കുമാർ ജായെ ക്യാംപസിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം മുംബൈയിലേക്ക കൊണ്ടുപോകുകയായിരുന്നു.
വിശാലിന്റെ അറസ്റ്ററിഞ്ഞ കോളേജ് അധികൃതർ അക്ഷരാർഥത്തിൽ ഞെട്ടുകയായിരുന്നു. വിശാൽ കലഹപ്രിയനായ വ്യക്തിത്വത്തിനുടമയെല്ലന്നാണ് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത അവന്റെ അധ്യാപകരിൽ ഒരാൾ നിരന്തരം ആവർത്തിച്ച് കൊണ്ടിരുന്നതും. “സ്ഥാപനത്തിലേക്ക് വരുന്ന ആദ്യ വർഷം സർവ്വ വിദ്യാർഥികളും ഒന്നിച്ചാണ് പഠിക്കാറുള്ളതെങ്കിലും രണ്ടാം വർഷം മുതൽ സ്വതാത്പര്യങ്ങൾക്കനുസൃതമായി പഠിതാക്കളെ വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കാറാണ് പതിവ്. 2021 ഒക്ടോബർ മാസത്തിൽ ക്ലാസുകളാരംഭിച്ചതിനാൽ തന്നെ പരിമിതമായ കൂടിക്കാഴ്ചകൾ മാത്രമേ ഞങ്ങളും വിശാലും തമ്മിൽ നടന്നിട്ടുള്ളൂ. ഹാജർ നില അറുപത് ശതമാനത്തിൽ കുറഞ്ഞ അവസരത്തിൽ അധികാരികൾ വിശാലിന്റെ മാതാപിതാക്കളെ വിളിപ്പിച്ചിരുന്നു. അതിവിരളമായ സന്ദർഭങ്ങളിൽ മാത്രമായി ചില അനിഷ്ട സംഭവങ്ങൾ നടന്നിരുന്നെങ്കിലും അവനൊരിക്കലും കുഴപ്പാക്കരനായിരുന്നില്ല, ഏറെ ശുഭ പ്രതീക്ഷയർപ്പിച്ച വിദ്യാർഥി പൊടുന്നനെ സാമൂഹ്യവിരുദ്ധനായി മാറിയത് വിശ്വാസിക്കാൻ കഴിയാതെ വീർപ്പുമുട്ടിയ ആ അധ്യാപകൻ പറഞ്ഞുനിറുത്തി. സഹപാഠികളുമായി അടുത്ത ബന്ധം പുലർത്താത്ത പ്രകൃതമായിരുന്നു വിശാലിന്റേതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അന്വേഷണം പരിസമാപ്തിയിലെത്തുന്നത് വരെ വിശാലിനെതിരെ യാതൊരു ശിക്ഷാനടപടികളും സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സ്ഥാപനം.

ഇന്ത്യൻ റെയിലവേയിൽ ടിക്കറ്റ് പരിശേധകനായി ജോലി നോക്കുന്ന സുധീർ കുമാർ ജായുടെ ഇളയ മകനാണ് ബീഹാറിലെ പാട്ന സ്വദേശിയായ വിശാൽ. നിരപരാധിയായ തന്റെ മകൻ വഞ്ചിതനാകുകയായിരുന്നുവെന്നാണ് വിശാലിന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അടുത്ത ദിവസം മുംബൈ പോലീസ് ഉത്തരാഖണ്ഡിൽ നിന്നും അറസ്റ്റു ചെയ്തത് പതിനെട്ടുകാരിയായ ശ്വേത പലപ്പോഴായി തീവ്ര ആശയങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരുന്നതായി അധികാരികൾ വെളിപ്പെടുത്തുന്നു. കോവിഡു ം കാൻസറും കാരണം രക്ഷിതാക്കളെ നഷ്ടപ്പെട്ട ശ്വേത മിക്കവേളകളിലും മതസ്പർദ്ധത വളർത്തുന്ന സംസാരങ്ങളിൽ ഏർപ്പെട്ടിരുന്നുവത്രേ. ശ്വേതയെ പിടികൂടിയതിന് പിന്നാലെ ഇരുപത്തൊന്ന്കാരനായ മായങ്ക് റാവത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം-സിഖ് വിദ്വേശം പ്രചരിപ്പിക്കാനായി ട്വിറ്ററിൽ മനപൂർവ്വം സിഖ് മതസ്ഥരുടെ പേരുകൾ ദുരുദ്വേശം ചെയ്തിട്ടുന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇരുവരുടേയും ജാമ്യാപേക്ഷകൾ നിരുപാധികം തള്ളപ്പെടുകയായിരുന്നു. ഏകദേശം ഒരേ സമയത്ത് അകത്തായ നീരജിനേയും മായങ്കിനേയും ജനുവരി ഇരുപത്തൊന്ന് വരെ റിമാൻഡ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

അതേ ആഴ്ച തന്നെയാണ് കംപ്യൂട്ടർ അപ്ലിക്കേഷൻ ബിരുദധാരിയായ ഇരുപത്തൊന്നുകാരൻ ഒാംകറേശ്വർ താക്കൂറിനെ ഇൻഡോറിൽ നിന്നും ഡൽഹി പോലീസ് പിടികൂടിയത്. മുംബൈ സൈബർ സെല്ലാണ് സമാന കേസിലെ അഞ്ചാം അറസ്റ്റ് രേഖപ്പെടുത്തിയത്. ഒഡീഷ സ്വദേശിയായ എം.ബി.എ ബിരുദധാരി നീരജ് സിങ്ങാണ് ഒടുവിൽ വലയിലായത്. വ്യക്തിഹത്യയും സ്വകാര്യതയും വൃണപ്പെടുത്തുന്ന ആപ്പിന്റെ പേരിൽ നിയമത്തിന്റെ കെണിയിലകപ്പെട്ട മുഴുവൻ പേരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന യുവസമൂഹത്തിന്റെ പ്രതിനിധികളാണ്, ഒപ്പം വിദ്യാസമ്പന്നരും.

ഏകാന്തതയും കൂട്ടിനൊരു ലാപ്ടോപ്പും

ചിട്ടയിലധിഷ്ഠിതമായി ജീവിച്ച നീരജ് ബിഷ്ണോയി ദിവസവും രാവിലെ ഏഴു മണിക്കെഴുന്നേൽക്കാറാണ് പതിവ്. പ്രഭാത കൃത്യങ്ങൾക്ക് ശേഷം ശിവനേയും ഹനുമാനേയും ആരാധിക്കാനായി അടുത്തുള്ള അമ്പലത്തിലേക്ക് യാത്ര തിരിക്കും. ഒരുമണിക്കൂറോളം നീളുന്ന ആരാധന അനുഷ്ഠാനങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരിച്ച് വന്ന് ലാപ്ടോപിൽ പഠനമാരംഭിക്കും. നേരിയ ഉച്ച മയക്കത്തിന് ശേഷം ഹനുമാൻ സ്തുതി ഗീതമായ ‘സുന്ദര കന്ദ’ വീരകാവ്യം പാരായണം ചെയ്യും. പ്രത്യേക മുറി സ്വന്തമായിട്ടില്ലാതിരുന്നിട്ട് കൂടി ഒമ്പത് മുപ്പതാകുമ്പോഴേക്കും ഉറങ്ങാറായിരുന്നു നീരജിന്റെ പതിവ്. ഇൗശ്വര ഭക്തയായ അമ്മയുമായി മാത്രമായിരുന്നുവ്രേത അവൻ വല്ലപ്പോഴും സംസാരിക്കുന്നത് തന്നെ. സ്കൂൾ കാലയളവിൽ മികച്ച പഠന നിലവാരം കാഴ്ചവെച്ച നീരജ് മെറിറ്റടിസ്ഥാനത്തിലാണ് എൻജിനീയറിങ് കോളേജിൽ പ്രവേശനം നേടിയത്. രക്ഷിതാക്കൾക്ക് അഭിമാനിക്കാൻ മാത്രം പോന്ന നേട്ടങ്ങൾ കാഴ്ചവെച്ച് കൊണ്ടിരിക്കെ നീരജിന് പൊടുന്നനെയുണ്ടായ മാറ്റത്തിന് കാരണമെന്തറിയാതെ അന്ധാളിച്ചു നിൽക്കുകയാണ് അവന്റെ മാതാപിതാക്കൾ.

വിചിത്രമായി പെരുമാറിയ നീരജിൽ കടുത്ത മുസ്ലിം നീരസം പ്രതിഫലിച്ചു നിന്നിരുന്നുവെന്നാണ് മണിക്കൂറുകളോളം ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്. യുക്തിരഹിതമായ ഇൗ വെറുപ്പിന്റെ കാരണം സ്വയമറിയാതെ ഭ്രാന്തുപിടിച്ച പോലെ പലയവസരങ്ങളിലായി പിച്ചുംപേയും നിരന്തരം പറഞ്ഞിരുന്നതായി അന്വേഷണ ഉദ്യാഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യകരമായ അന്തരീക്ഷത്തിൽ തന്നെയാണ് നീരജ് വളർന്നു വന്നത്. നോയിഡയിൽ നിയമ പഠനം നടത്തുകയും സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുന്നതുമായ രണ്ട് സഹോദരിമാരാണ് നീരജിനുള്ളത്. മുസ്ലിം സ്ത്രീകളെ വെറുക്കുന്ന വ്യക്തിയല്ല നീരജെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും സാമൂഹ്യ ഇടപെടലുകളോ സുഹൃത്തുക്കളോ ഇല്ലാത്ത ഏകാന്ത ജീവതമാണ് അവൻ നയിച്ചിരുന്നതെന്ന് കുടുംബം ശരിവെക്കുന്നു.

സുള്ളി ഡീൽസുമായുള്ള സദൃശ്യതകൾ
ബുള്ളി ബായ് ആപ്പിന്റെ സൃഷ്ടാവ്, മുഖ്യ സൂത്രധാരൻ തുടങ്ങിയ മൂല കാരണങ്ങൾ കാണിച്ചാണ് പോലീസ് നീരജിനെ അറസ്റ്റുചെയ്ത് തടവിലാക്കുന്നത്. വിർച്വൽ ലോകവുമായി സംവദിക്കാൻ ജപ്പാനീസ് ഗെയിമിങ്ങ് ക്യാരക്ടറായ ‘ഗിയു’ എന്ന നാമധേയത്തിലായി അഞ്ചോളം ട്വിറ്റർ അക്കൗണ്ടുകൾ നീരജ് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷക സംഘം വെളിപ്പെടുത്തിയത്. ബുള്ളി ബായ് ആപ്പിന് പുറമേ ‘സുള്ളി ഡീൽസിന്റെ രൂപീകരണത്തിലും നീരജിന് കാതലായ ഭാഗധേയത്വമുണ്ടെന്ന ഞെട്ടിക്കുന്ന സത്യം പിന്നീടാണ് പുറം ലോകം തിരിച്ചറിഞ്ഞത്. പ്രമുഖ മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ചുള്ള സുള്ളി ഡീൽസ് ആപ്പ് ഉത്തർപ്രദേശിലെ ബിരുദവിദ്യാർഥി ജാവേദ് ആലമാണെന്ന കുപ്രചാരണം കൊണ്ട് അന്വേഷണത്തിന്റെ ദിശതെറ്റിക്കാൻ നീരജ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ആറു മാസങ്ങൾക്ക് മുമ്പാണ് സുള്ളി ഡീൽസ് ആപ്പ് നിർമ്മിക്കപ്പെട്ടത്. വനിതാ മാധ്യമ പ്രവൃത്തകയായി നടിച്ച് സുള്ളി ഡീൽസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ ശ്രമിച്ച നീരജ് ഒാൺലൈൻ പീഢന കേസിൽ പ്രതിചേർക്കപ്പെട്ടിട്ട് കൂടിയുണ്ട്.

‘ബുള്ളി ബായ് ഒാഫ് ദ ഡേ’ ആയി സ്വന്തം ചിത്രം കണ്ട് ഞെട്ടിത്തരിച്ച ഡൽഹി ആസ്ഥാനമായി പ്രവൃത്തിക്കുന്ന മാധ്യമ പ്രവർത്തക ആപ്പിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രസ്തുത കേസ് വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. വൈകാതെ തന്നെ ദേശീയ മാധ്യമ ശ്രദ്ധ നേടിയ കേസിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും സ്ത്രീ വിമോചന സമരവാക്യങ്ങൾ ഉയരാൻ കാരണമായി. ജില്ലാ പോലീസിൽ പരാതിപ്പെട്ട മാധ്യമപ്രവൃത്തകയുടെ മൊഴി അടിസ്ഥാനത്തിൽ ജനുവരി രണ്ടിന് എഫ്.എെ.ആർ രേഖപ്പെടുത്തി. അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു പ്രതികളെ കണ്ടെത്തുന്നതിനുള്ള ചുമതലയേൽപ്പിക്കപ്പെട്ടത്. അവശേഷിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ കേവലം രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ അന്വേഷണ സംഘം നീരജിനെ പിടികൂടുകയായിരുന്നു.

ഏഴു ദിവസങ്ങളോളം നീണ്ടുനിന്ന ചോദ്യംചെയ്യലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ച് കൊണ്ടിരുന്നത്. പതിനഞ്ചാം വയസ്സ് മുതൽ തന്നെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് തുടങ്ങിയിരുന്നുവെന്ന് സമ്മതിച്ച നീരജ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നിരവധി സ്കൂൾ, സർവ്വകലാശാലകളുടെ ഒൗദ്യോഗിക വെബ്സൈറ്റുകളിലും ക്രമക്കേടുകൾ വരുത്തിയിട്ടുണ്ടത്രേ.
വിർച്വൽ ലോകത്ത് ജീവിച്ച നീരജ് ട്വിറ്റർ ഗ്രൂപുകളും മറ്റു സ്വകാര്യ ചാറ്റുകളും മുഖേന മാത്രമാണ് പുറം ലോകത്തോട് ബന്ധം പുലർത്തിയത്. സുള്ളി ഡീൽസ് ആപ്പ് സ്ഥാപകനായ ഒാംകരേശ്വർ താക്കൂറുമായി സൗഹൃദബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ നീരജ് സമ്മതിച്ചിരുന്നു. ആപ്പ് നിർമ്മിതിക്ക് പിന്നിൽ നീരജ് തന്നെയാണെന്ന് അന്വേഷണ സംഘം തറപ്പിച്ച് പറയുന്നു. ബുള്ളി ബായ് ആപ്പിന്റെ മാതൃ സംരംഭമായ ഗിറ്റ്ഹബ്ബിലേക്ക് വിശദവിവരങ്ങൾ തിരക്കിയുള്ള പോലീസ് സന്ദേശത്തിന് തൊട്ടു പിന്നാലെയായി പ്രോട്ടോക്കോൾ പ്രകാരം അവർ നീരജിനും പോലീസിന്റെ ആവശ്യമറിയിച്ച് കൊണ്ടുള്ള മെയിൽ അയച്ചിരുന്നു. തുടക്കത്തിൽ മുംബൈയിൽ നടന്ന അറസ്റ്റുകൾ ശ്രദ്ധയിൽ പെട്ട നീരജ് പ്രതിചേർക്കപ്പെട്ടിരിക്കുന്നത് യഥാർഥ കുറ്റവാളികളെല്ലന്നും താനാണ് ആപ്പിന്റെ സ്ഥാപകനെന്നും ട്വിറ്ററിലൂടെ ലോകത്തോട് പ്രഖ്യാപിച്ചു. തനിക്ക് ഗിറ്റ്ഹബ്ബ് അയച്ച മെയിൽ ഒരു മാധ്യമ പ്രവർത്തകന് വെളിപ്പെടുത്തി കൊണ്ടായിരുന്നു നീരജ് തന്റെ വാദത്തെ ദൃഢീകരിച്ചത്.
നീരജ് പിടിയിലായതോടെ, ഡൽഹി, നോയിഡ പോലീസ് മേധാവികൾ എന്തുകൊണ്ട് സുള്ളി ഡീൽസ്് ആപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന് തുടക്കം കുറിക്കുന്നില്ലെന്ന് ഇരയാക്കപ്പെട്ട സ്ത്രീകളുൾപ്പടെ സമൂഹത്തിലെ നിരവധിപേർ ചോദ്യമുന്നയിച്ചു. സുള്ളി ഡീൽസ് സ്ഥാപകൻ കൂടി കെണിയിലകപ്പെട്ടതോടെ കേസിനാവശ്യമായ വിശദ വിവരങ്ങൾ തങ്ങൾക്കയക്കണമെന്ന ആവശ്യവുമായി യു.എസില ഗിറ്റ്ഹബ്ബിലെ ആസ്ഥാനത്തേക്ക് മെയിൽ അയച്ചിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.

ഭയവും വെറുപ്പും സംഭ്രമവും ഒന്നിച്ചനുവഭിച്ച നിമിഷങ്ങൾ

‘അവർ വീണ്ടും തുടങ്ങിയിരിക്കുന്നുവെന്ന അടിക്കുറുപ്പോടെ വാട്സാപ്പിൽ വന്ന ഫോട്ടോ കണ്ടുകൊണ്ടാണ് സിദ്റ പട്ടേൽ പുതുവർഷപ്പുലരിയെ വരവേറ്റത്. സിദ്റ മാധ്യമങ്ങളോട് പ്രതികരിച്ച വാക്കുകൾ ചുവടെ കൊടുക്കുന്നു, ”പെട്ടന്ന് തന്നെ ആ ഫോട്ടോ ഡൗൺലോഡ് ചെയ്തില്ലെങ്കിലും മങ്ങിയ ചിത്രം ഒരു വിധേന സങ്കൽപ്പിച്ചെടുക്കാനാവുന്നതായിരുന്നു. മുമ്പ് പലതവണകളിലായി ഒാൺലൈൻ മാധ്യമങ്ങളിൽ ഞാൻ അക്രമിക്കപ്പെട്ടിട്ടുണ്ട്്്. പക്ഷേ അന്നാ ഫോട്ടോ തുറന്നു നോക്കിയ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായായി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ”.

ബുള്ളി ബായ് ആപ്പിലൂടെ ലേലത്തിൽ വെക്കപ്പെട്ട് മാനഹാനി സംഭവിച്ച നൂറുകണക്കിന് മുസ്്ലിം സ്ത്രീകളിലൊരാൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ മുംബൈ സ്വദേശിനി സിദ്റ. 2021 ജൂലായിയിൽ ആരംഭിച്ച സുള്ളി ഡീൽസെന്ന ഭീതി ജനകമായ ദുസ്സപ്നത്തിന് സമാനമായ മാനസികാവസ്ഥയാണ് ബുള്ളി ബായ് ആപ്പും ഇരകളിലുണ്ടാക്കിയത്. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പോലീസ് അനാസ്ഥ കാണിച്ചതോടെ പ്രതികൾ രക്ഷപെടുകയായിരുന്നു.

‘കഴിഞ്ഞ തവണ ഡൽഹി പോലീസിൽ പരാതിപ്പെട്ടെങ്കിലും മുംബൈ സ്വദേശിനിയായതിനാൽ അവിടെയുള്ള മേലുദ്യോഗസ്ഥർക്കും പരാതി അയക്കണമോയെന്ന സുഹൃത്തിന്റെ ആവശ്യത്തെ ഞാൻ നിരസിക്കുകയായിരുന്നു. ഇതിൽ എല്ലാത്തിൽ നിന്നും വിട്ടുനിൽക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. അതിനിടെയാണ് വിൽപനയ്ക്കിരയാക്കപ്പെട്ട മുഴുവൻ സ്ത്രീകളുടേയും ലിസ്റ്റ് പുറത്തുവന്നത്. എന്റെ ഉമ്മയുടെ പ്രായമുള്ളവർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഏറെ മാനസികസംഘർഷം അനുഭവപ്പെട്ടതോടെ ഇതിനെതിരെ വല്ലതും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചു. അതേ സമയത്ത് തന്നെയാണ് പരാതിപ്പെടുന്നതിൽ സർവ്വ സഹായവും പിന്തുണയും അറിയിച്ച് കൊണ്ട്് ശിവ്സേന എം.പി പ്രിയങ്ക ചതുർവേദി മുന്നോട്ട് വന്നത്’ സിദ്റയുടെ വാക്കുകളിൽ അരിശവും വേദനയും സമ്മ്രിശ്രിതമായിരുന്നു. 2021 ഒക്ടോബർ വരെ സുള്ളി ഡീൽ കേസിൽ നി്ഷ്ക്രിയത്വം തുടരുകയായിരുന്നു പോലീസെന്നാണ് പ്രിയങ്ക തുറന്നടിച്ചത്. ‘സത്യം തെളിഞ്ഞെന്ന ഉത്തമ ബോധ്യമുണ്ടായിരുന്നിട്ട് കൂടി ഞാൻ നിരന്തരം ശബ്ദിച്ച് കൊണ്ടേയിരുന്നു’, എം.പി പ്രിയങ്ക ‘ദ ഹിന്ദു’ വിനോട് പങ്കുവെച്ചു.

ക്രിയാത്മകമായ ഇടപെടലുകളുടെ ഫലമെന്നോണം മുംബൈ പോലീസ് സൈബർ സംഘം പെട്ടന്ന് തന്നെ സിദ്റയുമായി ബന്ധപ്പെടുകയും കേസിനാവശ്യമായ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അഭിമാനത്തിന് ക്ഷതമേൽപ്പിച്ച സ്ക്രീൻഷോട്ടുകൾ ഒരിക്കൽ കൂടി വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്ന സിദ്റ പ്രസ്ഥുത കേസിനെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്ററിൽ ആദ്യമായി പങ്കുവെച്ച എ.എൽ.ടി ന്യൂസ് വെബ്സൈറ്റ് ലേഖകനായ മുഹമ്മദ് സുബൈറിന്റെ സഹായമാരാഞ്ഞു. ആവശ്യമായ രേഖകൾ ലഭിച്ചതടിസ്ഥാനത്തിൽ പോലീസ് തങ്ങളുടെ ഉദ്യമ പൂർത്തീകരണമാരംഭിച്ചു. ജനുവരി രണ്ടിന് രാവിലെ പത്തുമണിക്ക് പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്ന സിദ്റയുടെ വിശദ മൊഴി കേട്ട അടിസ്ഥാനത്തിൽ അന്നേ ദിവസം വൈകുന്നേരമാകുമ്പോഴേക്കും എഫ്.എെ.ആർ തയ്യാറാക്കപ്പെട്ടു. ജനുവരി നാലിനാണ് കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്.

പ്രധാനപ്രതി വിശാലുമായുള്ള കുറ്റകൃത്യ പങ്കാളിത്തം കണ്ടെത്തിയതടിസ്ഥാനത്തിൽ ശ്വേതയേയും മായങ്കിനേയും അറസ്റ്റുചെയ്ത കാര്യം തൊട്ടടുത്ത ദിവസം മുംബൈ പോലീസ് കമ്മീഷ്ണർ ഹെർമന്ത് നഗ്രാലെ മാധ്യമങ്ങളെ അറിയിച്ചു. സമീപ ദിവസങ്ങളിലായി തന്നെ ജോർഹത്തിൽ നിന്നും പിടികൂടപ്പെട്ട നീരജ് ഡൽഹി പോലീസ് കസ്റ്റഡിയിലായിരുന്നു ഏതാനും ദിവസങ്ങൾ തടവുകാരനായി കഴിഞ്ഞത്. ഗുരുതരമായ അപരാധം സംഭവിച്ചത് കാരണം വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി മുംബൈ പോലീസ് പ്രതിയെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

2021 ജൂലായ് മാസത്തിൽ തുടങ്ങിയ സുള്ളി ഡീൽസ് വിവാദങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാക്കിസ്ഥാനി സ്ത്രീകൾ ലേലത്തിന് വെക്കപ്പെട്ടിരുന്നുവെന്നാണ് സിദ്റ ചൂണ്ടിക്കാട്ടുന്നു.

വെറുപ്പുത്പാദനത്തിന്റെ പ്രവർത്തന രീതി

സുള്ളി ഡീൽസും ബുള്ളി ബായ് ആപ്പും തമ്മിൽ നിരവധി സാമ്യതകളുണ്ടെന്നാണ് തുടക്കം മുതലേ ഇത്തരം സംഭവങ്ങളെ നിരന്തരം പിന്തുടർന്നിരുന്ന മുഹമ്മദ് സുബൈർ പറയുന്നത്. ഇരു ആപ്പുകളുടേയും നിർമ്മാണ പ്രക്രിയയിലെ സുപ്രധാന ഘടകമാണ് കോഡിംങ്ങിൽ തിരിച്ചറിയാൻ പാകത്തിലുള്ള പ്രത്യേകതൾ പ്രകടമാണ് സുബൈർ തറപ്പിച്ചു പറയുന്നു.

സുള്ളി ഡീൽസ് ആപ്പ് വിവാദം പൊട്ടിപ്പുറപ്പെട്ട് ഏകദേശം ഒരുമാസത്തിനിടെ യു.പി സ്വദേശിയായ ജാവേദ് ആലമാണ് മുഖ്യസൂത്രധാരൻ എന്ന കുപ്രചാരണം ഉയർന്നു വന്നു. ജാവേദിനെ പ്രതിചേർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ സ്ക്രീൻഷോട്ടുകളും ടെലഗ്രാം ചാറ്റുകളും അയാളുടെ പേരിൽ പുനസൃഷ്ടിക്കപ്പെട്ടു. ജാവേദിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്റുകളിൽ ഡൽഹി പോലീസ് ടാഗ് ചെയ്യപ്പെട്ട് തുടങ്ങി. ഒരാഴ്ചക്കുള്ളിൽ പോലീസ് ജാവേദിനെ അറസ്റ്റുചെയ്തു. ഒരു കേസ് പോലും രേഖപ്പെടുത്താതെയായിരുന്നു ഇൗ കിരാത നടപടി. എന്നാൽ, സുള്ളി ഡീൽസ് കേസ് കൃത്യമായി പിന്തുടർന്നിരുന്ന സുബൈർ്
യഥാർഥ പ്രതികളെ കുറിുള്ള വസ്തുനിഷ്ഠമായ വിവരങ്ങൾ ജാവേദിന്റെ സഹോദരന് കൈമാറി. അദ്ദേഹമാണ് പിന്നീടീ കാര്യങ്ങൾ പോലീസിനെ അറിയിച്ചത്. സുള്ളി ഡീൽസ് ആപ്പിന്റെ പേരിൽ ജാവേദിനെ പഴിചാരിയ ക്രുണാൽ പട്ടേലിനെ കൂടി അന്വേഷണത്തിനിടെ പോലീസ് വിളിപ്പിക്കുകയുണ്ടായി. ബുള്ളി ബായ് കേസിൽ അറസ്റ്റു ചെയ്യപ്പെട്ട പ്രതികളുമായി ക്രുണാലിന് ബന്ധമുണ്ടെന്നാണ് സുബൈറിന്റെ പക്ഷം. ആദ്യം ക്രുണാലിന്റെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിരുന്നുവെങ്കിലും പിന്നീടത് ഡിലീറ്റ് ചെയ്യുകയായിരുന്നുവത്രേ. ക്രുണാലിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമുണ്ടാക്കരുതെന്ന ഭീഷണി മുഴക്കിയിട്ടാണ്രേത പോലീസ് ജാവേദിനെ വിട്ടയച്ചത്.

ഗുരുതരമായ ആരോപണങ്ങൾ നിരപരാധികളുടെ മേൽ ആരോപിക്കപ്പെട്ട് തുടങ്ങിയതോടെ കേസിനെ സസൂക്ഷമം പിന്തുടർന്നിരുന്ന സുബൈറാണ് ആദ്യമായി പ്രതികരിച്ചു തുടങ്ങിയത്. സൂക്ഷിച്ച് വെച്ച ഡാറ്റാകളും സ്ക്രീൻഷോട്ടുകളും പിന്നീട് ഡൽഹി, മുംബൈ സൈബർസെല്ലുകൾക്ക് കൈമാറപ്പെടുകയായിരുന്നു. ബുള്ളി ബായ് ആപ്പിലേക്കുള്ള ലിങ്ക് രഹസ്യമായി ഷെയർ ചെയ്യപ്പെട്ടതോടെ ഏകദേശം നൂറോളം വരുന്ന ഇരകളുടെ പേരുകളും ഫോട്ടോകളും സ്ക്രീൻ ഷോട്ട് വെക്കുകയായിരുന്നു സുബൈർ ആദ്യം ചെയ്തത്.
വിരലിലെണ്ണാവുന്ന ഒാൺലൈൻ പരാതികൾ മാത്രം ലഭിക്കുകയും വിശദ വിവരങ്ങൾ കൈമാറാൻ ആരും തയ്യാറാകുക കൂടി ചെയ്യാതിരുന്നതോടെ കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം സംജാതമായെന്നാണ് മുംബൈ പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ബുള്ളി ബായ് കേസിൽ പോലും ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ മുഖം തിരിച്ച് നിൽക്കുക മാത്രമാണ് ട്വിറ്ററും ഗിറ്റ്ഹബ്ബും ചെയ്തത്. ശിവ്സേന എം.പി പ്രിയങ്ക പറയുന്നത് കാണുക;
‘അതീവ ഗൗരവത്തോടെ കാണേണ്ട ഒരു സംഭവത്തെ നിസ്സാരവത്കരിക്കുന്ന നമ്മുടെ രാജ്യത്ത് സ്ത്രീയെ അപമാനിക്കാനും ഒതുക്കി നിർത്താനും മാത്രമായി നിരവധി ആപ്പുകളാണ് നിർമ്മിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഒാൺലൈൻ കുറ്റകൃത്യങ്ങളുടെ അനന്തര ഫലത്തെകുറിച്ച് സമൂഹത്തിന് ധാരണയില്ല’. ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരാനും ഇൗ പ്രശ്നത്തിനൊരു പരിഹാരം കാണാനുമായി കേന്ദ്ര എെ.ടി മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും തണുപ്പൻ മട്ടിലുള്ള പ്രതികരണമായിരുന്നു മന്ത്രിയിൽ നിന്ന് ലഭിച്ചത്.

വെറുപ്പിന്റെ പ്രത്യയശാസ്ത്രം
വസ്തുതകൾ നിരത്തി അധികാരികളിൽ നിന്ന് നീതി ആവശ്യപ്പെടുന്ന മുസ്ലിം വനിതകൾക്കെതിരെയാണ് അക്രമം നടന്നിട്ടുള്ളതെങ്കിലും സ്ത്രീയെ ലൈംഗിക ജീവിയായി മാത്രം ചിത്രീകരിക്കാനും അത്തരം ക്രിമിനൽ കുറ്റങ്ങളെ നിസ്സാരവത്കരിക്കാനുമുള്ള ശ്രമങ്ങളാണ് പിന്നണിയിൽ നടന്ന് കൊണ്ടിരിക്കുന്നതെന്ന് കൂടി വായിച്ചെടുക്കണം. മുംബൈ പോലീസിനെ വെല്ലുവിളിച്ച് നിയമമനുശ്വാസിക്കുന്ന ശിക്ഷയിൽ നിന്ന് എളുപ്പത്തിൽ തടിയൂരാമെന്ന വിശ്വസിക്കുന്ന ഒരു വലിയ ശൃംഖല തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. കേവലം പതിനെട്ടോ ഇരുപതോ വയസ്സുള്ള വിദ്യാർഥികളുടെ ചാപല്യങ്ങളായി മാത്രം കണ്ട് ഇതിനെ തള്ളിക്കൂട. അന്വേഷണം നീതിയുക്തമായെങ്കിൽ മാത്രമേ മുഖം മൂടിയണിഞ്ഞ ചെകുത്താന്മാരെ പിടികൂടാനാകുള്ളുവെന്നാണ് സിദ്റ ഉറച്ച് വിശ്വസിക്കുന്നത്.

സുള്ളി ഡീൽസും ബുള്ളി ബായും കേവലം ആപ്പുകൾ മാത്രമല്ല. മുസ്ലിംകളോട് മൃദു സമീപനം സ്വീകരിക്കുന്നതിന്റെ പേരിൽ ആർ.എസ്.എസ്സിനേയും ബി.ജെ.പി യേയും അസഭ്യം പറയുന്ന പാരമ്പര്യവാദികളുടെ പങ്ക് കൂടി ഇതിൽ അന്വേഷിക്കേണ്ടിയിരിക്കുന്നു.
മുസ്ലിം, ലിബറൽസ്, ദളിത് തുടങ്ങി സർവ്വ ജനവിഭാഗക്കാരോടും വിദ്വേശം വെച്ചു പുലർത്തുന്നവരാണിക്കൂട്ടർ. ജെയ്ന മതസ്ഥരെ പോലും ആക്ഷേപിക്കുന്ന പ്രസ്ഥുത വിഭാഗക്കാർ ബ്രഹ്മണേതര ഹിന്ദു സ്ത്രീകളെ പോലും മോശമായി ചിത്രീകരിക്കാൻ മടിക്കാറില്ല. ട്വിറ്റർ, റെഡ്ഡിറ്റ്, ടെലഗ്രാം തുടങ്ങി എല്ലാ സാമൂഹ്യമാധ്യമങ്ങളിലും വർഗീയ വിഷം ചീറ്റുന്ന ഇവർ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാറില്ല. ബി.ജെ.പിക്കോ കേന്ദ്ര സർക്കാറിനോ എതിരായി ഒരിക്കൽ പോലും ശബ്ദമുയർത്താത്ത സ്ത്രീകളായിരുന്നു ഇരകളാക്കപ്പെട്ടതിൽ മിക്കവരും.
ബുള്ളി ബായ് ആപ്പിൽ കുടുങ്ങിയ ഭൂരിഭാഗം പ്രതികളും സുള്ളി ഡീൽസുമായി ബന്ധമുള്ളവരാണെന്നാണ് മുംബൈ പോലീസുദ്യോഗസ്ഥരുടെ നിഗമനം.

കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്തുകൊണ്ട് മായങ്ക് ശ്വേത വിശാൽ തുടങ്ങിയവരുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോമൾ സിംഗ് രാജ്പുത്ത് അന്വേഷണം പ്രാരംഭഘട്ടത്തിൽ തന്നെയാണുള്ളതെന്ന് പ്രഖ്യാപിച്ചു. മതം,വർഗം, ജന്മദേശം ഭാഷ തുടങ്ങി മാനുഷിക മൂല്യങ്ങൾ അടങ്ങുന്ന കാര്യങ്ങളിൽ സ്പർധത വളർത്തിയ പ്രതികളൊക്കെയും 153A സെക്ഷന് കീഴിലാണ് അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളത്. ദേശിയ ഏകീകരണത്തിന് ക്ഷതമേൽപ്പിക്കുന്ന അപവാദങ്ങൾ പ്രചരിപ്പിച്ചത് വക സെക്ഷൻ 153B മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയതിന്റെ പേരിൽ സെക്ഷൻ 295A, തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമ വ്യവസ്ഥയിലെ നിരവധി സെക്ഷനുകളാണ് പ്രതികളുടെ മേൽ ചേർക്കപ്പെട്ടിരിക്കുന്നത്. നിയമകുരുക്കുകൾ ശക്തിപ്പെട്ട് വരുന്നതോടെ കുറ്റത്തിന്റെ ഗൗരവസ്വഭാവം സമൂഹം മനസ്സിലാക്കുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം, പ്രതീക്ഷിക്കാം.

കടപ്പാട് : ദ ഹിന്ദു

 

Related Articles