Current Date

Search
Close this search box.
Search
Close this search box.

ശൈഖ് നിഅ്മതുല്ലായുടെ പ്രബോധനം ഇനിയില്ല

ലോകത്തിലെ 55 ഓളം രാജ്യങ്ങളിൽ ഓടി നടന്നു ഇസ്ലാമിന്റെ ലാളിത്യത്തെ പ്രഘോഷണം നടത്തിയ ആ ധാവള്യം ഇനി ഓർമ്മ. ജന്മനാടായ തുർക്കിയിൽ നിന്ന് ചെറുപ്പത്തിലേ തുടങ്ങിയ ശൈഖ് ഖലീൽ ഖ്വാജ നിഅ്മതുല്ലായുടെ പ്രബോധന യാത്രക്ക് ഇന്നലെ വൈകിട്ട് ഇസ്തംബൂളിൽ (21/12/ 1442AH 31/7/ 21CE) വിരാമം കുറിക്കപ്പെട്ടു.1936 ൽ തുർക്കിയിലെ അമാസ്യയിൽ ജനിച്ച ശൈഖ് നിഅ്മതുല്ലാ സുൽത്വാൻ അബ്ദുൽ ഹമീദ് II ന്റെ കാലത്തെ പ്രമുഖ പണ്ഡിതന്മാരിൽ നിന്നും പരമ്പരാഗത രീതിയിൽ ഇസ്ലാം പഠിച്ച് മൂന്ന് പതിറ്റാണ്ടുകൾ ഇസ്ലാമിന്റെ പ്രഥമ തലസ്ഥാനങ്ങളായ മക്കയും മദീനയും തന്റെ ജീവിതത്തിന്റെ തട്ടകങ്ങളായി സ്വീകരിക്കുകയായിരുന്നു. മക്കയിലെ മസ്ജിദ് ജബലിന്നൂരിലെ ഒന്നരപ്പതിറ്റാണ്ട് കാലത്തെ ഇമാം സ്ഥാനം കൊണ്ട് ശിഷ്യന്മാർ നല്കിയ ഇരട്ടപ്പേരായിരുന്നു നൂരി . പേരും ഇരട്ടപ്പേരും ഒരുപോലെ ഒത്തുവന്ന ഒരു ഗുരുവര്യനായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ അനുഗ്രഹത്തെ ഓർമിപ്പിച്ച് ഇസ്ലാമിന്റെ വെളിച്ചം വീശി നടന്നു പോയ ലാളിത്യത്തിന്റെ പൊൻതൂവൽ ; അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം .

പഠിക്കുന്ന കാലത്ത് ഇസ്തംബൂൾ സുൽത്വാൻ അഹ്മദ് മസ്ജിദിലെ സ്വയം സന്നദ്ധനായ മുഅദ്ദിനായിരുന്നു. യൂറോപ്പിലെയും ചൈന – ജാപ്പാൻ പ്രദേശങ്ങളിലെ നൂറുകണക്കിന് മദ്യപാനികളെ തന്റെ സ്വത സിദ്ധമായ പ്രബോധനത്തിലൂടെ ഇസ്ലാമിന്റെ ലാളിത്യത്തിലേക്കും ആരാധനാ ബന്ധിതമായ ജീവിതത്തിലേക്കും എത്തിക്കാൻ ഈ സാധാരണക്കാരനായ ഇമാമിന് കഴിഞ്ഞു. 1981 AD ൽ ചൈനീസ് സർക്കാരിന്റെ അംഗീകാരത്തോടെ ചൈനയിലേക്ക് ഇരുപതിനായിരം കോപ്പി ഖുർആനും പരിഭാഷകളും കൊണ്ടുവന്നു അവിടെയുള്ള ഇസ്ലാമിക് സെൻററുകൾ, പള്ളികൾ കേന്ദ്രീകരിച്ച് വിതരണം ചെയ്തു. റഷ്യയുടെ അടുത്തുള്ള സൈബീരിയ പോലുള്ള ധ്രുവ പ്രദേശങ്ങളിൽ മൂന്നു തവണ സന്ദർശിച്ചു , തന്റെ ലളിതമായ രീതിയിലുള്ള വസ്ത്രം ധരിച്ച് നിശബ്ദമായി നന്മയെ പ്രസരിപ്പിച്ച് അവിടത്തുകാരെ വിസ്മയിപ്പിച്ചു കൊണ്ട് ഇസ്ലാമിന്റെ പ്രബോധനം നിർവ്വഹിച്ചു. അവിടെയും ആബാല വൃദ്ധം ജനങ്ങൾ അദ്ദേഹത്തെ കാണുകയും കേൾക്കുകയും ചെയ്തു.

ജപ്പാനിലെ ടോക്കിയോയിൽ പതിനാല് വർഷത്തോളം താമസിച്ചു അവിടങ്ങളിലെ പള്ളികൾ കേന്ദ്രീകരിച്ച് നടത്തിയ
പ്രബോധനങ്ങളിലൂടെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,വിവിധ ഭാഗങ്ങളിൽ പുതിയ പള്ളികളും ഇസ്ലാമിക് സെൻററുകളും സ്ഥാപിച്ച് ആയിരക്കണക്കിന് ജാപ്പാൻകാരെ ഇസ്ലാമിലേക്ക് അടുപ്പിച്ചു. സംസാരിക്കാൻ അവസരം ലഭിച്ചാൽ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന ശഹാദത് കലിമ ബോധപൂർവ്വം പറഞ്ഞ് കൊടുത്ത് അവരേറ്റ് ചൊല്ലിയ പ്രതിജ്ഞയുടെ ആഴവും വ്യാപ്തിയും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ പ്രബോധന ദൗത്യം. പരിചയപ്പെടുന്നവർക്കെല്ലാം വിസിറ്റിംഗ് കാർഡ് വിതരണം ചെയ്യുന്ന മറ്റൊരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. കാർഡിന്റെ മറ്റൊരു ഭാഗത്ത് തനിക്ക് പറയാനുള്ള സത്യം ചുരുങ്ങിയ വാക്കുകളിൽ അതാതു പ്രദേശത്തെ ഭാഷയിൽ എഴുതപ്പെട്ടിട്ടുണ്ടാവും. തന്റെ ഔദ്യോഗിക വിലാസവും ഫോൺ നമ്പരുമടക്കം നല്കുന്നത് കൊണ്ട് ലോകത്തുള്ള ആർക്കും ഏതു സമയത്തും വിളിച്ച് തങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹത്തിനാവുമായിരുന്നു.

ടോക്കിയോ സെൻട്രൽ പള്ളിയിൽ പ്രഭാത പ്രാർത്ഥന നടത്താൻ ആളുകളെ ടാക്സിയിൽ വരുന്നവർക്ക് സ്വന്തം പോക്കറ്റിൽ നിന്നും വാടക നല്കിയാണ് ആദ്യ കാലത്ത് തദ്ദേശിയരായ പാരമ്പര്യ മുസ്ലിംകളെ പള്ളിയോടടുപ്പിച്ചതെങ്കിൽ ഇസ്ലാമിന്റെ അടിസ്ഥാന വിവരങ്ങൾ അറിയിക്കാൻ പള്ളിയിൽ താമസിപ്പിച്ച് പുതു വിശ്വാസികളെ പള്ളിയോട് അടുപ്പിക്കുകയായിരുന്നു. ഏത് രാജ്യത്തെത്തിയാലും അവിടത്തെ പള്ളിയിൽ വിശ്രമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഇനി ഹോട്ടലിൽ മുറിയെടുക്കേണ്ടി വന്നാൽ അത് തന്റെ ചെലവിലാവണമെന്ന് നിർബന്ധ ബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യ ഖ്വാജ കുടുംബ വേരുകളും തറവാട്ട് സ്വത്തും അദ്ദേഹത്തിന്റെ വലിയ സാമ്പത്തിക പിൻബലമായിരുന്നു.അദ്ദേഹത്തെ എന്ത് പരിപാടിക്കു വിളിച്ചാലും സംഘാടകർക്ക് ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാകുമായിരുന്നില്ല എന്ന് മാത്രമല്ല പലയിടത്തും പരിപാടികളുടെ സ്പോൺസറും അദ്ദേഹം തന്നെ ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ സ്വാലിഹ് മഹ്ദി സാമിറായി കുവൈതിൽ നിന്നുമിറങ്ങുന്ന അൽ മുജ്തമഇൽ വർഷങ്ങൾക്ക് മുമ്പ് എഴുതിയത് മുജ്തമഇന്റെ ആർക്കീവ്സിൽ ലഭ്യമാണ്. ഉറുദുവടക്കമുള്ള ഏഴ് ലോക ഭാഷകളിൽ സദസിന്റെ സ്വഭാവം പരിഗണിച്ച് സംസാരിക്കുകയും സദസിന് അവരവരുടെ ഭാഷകളിൽ സംസാരിക്കാനുള്ള അവസരം നല്കുകയും ചെയ്യുന്ന രീതി തന്നെയാണ് അദ്ദേഹത്തിന്റെ പ്രബോധന ദൗത്യത്തിന്റെ വിജയത്തിന്റെ നിദാനമായി സാമുറായി വിലയിരുത്തുന്നത്.

അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ ലാളിത്യം പോലെതന്നെ ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ പേരിലെ ശൈലിയും . ഇസ്ലാം പരിചയപ്പെട്ട ആളുകൾ തങ്ങളുടെ പേര് മാറ്റണമെന്ന് നിർബന്ധം പറഞ്ഞാൽ പുരുഷനാണെങ്കിൽ മുഹമ്മദ് എന്നും സ്ത്രീയാണെങ്കിൽ ഫാത്വിമ എന്നുമാണ് അദ്ദേഹം നിർദേശിക്കാറുണ്ടായിരുന്നത്. ഓർക്കാനുള്ള എളുപ്പത്തിനായിരുന്നില്ല അത്; പ്രത്യുത രണ്ടു നാമങ്ങൾ ജനകീയമാക്കുക എന്നതായിരുന്നു ശൈഖിന്റെയാഗ്രഹമെന്നാണ് സഹപ്രവർത്തകരുടെ അഭിപ്രായം. ഇസ്ലാമിക പ്രബോധനത്തിന് ലളിതമായ മാതൃക വെട്ടിത്തെളിച്ച ഖ്വാജയ്ക്ക് അല്ലാഹു അർഹമായ പ്രതിഫലം നല്കുമാറാവട്ടെ , അദ്ദേഹത്തിൽ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബം, ശിഷ്യന്മാർ എന്നിവർക്ക് നാഥൻ ക്ഷമയും സ്ഥൈര്യവും നല്കുമാറാവട്ടെ …. ആമീൻ

അവലംബം : അൽ മുജ്തമഅ് – Dr ശൈഖ് അബ്ദുസ്സമീഇന്റെ അനുസ്മരണം

Related Articles