Current Date

Search
Close this search box.
Search
Close this search box.

ശഹീന്‍ ബാഗ് സമരമുഖം ഇന്ത്യയെ ഏകോപിപ്പിക്കുന്ന വിധം

ലോകമൊട്ടാകെ ജനാധിപത്യം പതിയെ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ ഉണര്‍ത്തുപാട്ടുമായി മുന്നോട്ടു വന്നിട്ടുള്ള സംഘടനയാണ് ‘ദി എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്’. ചില രാജ്യങ്ങള്‍ അത്തരം മുന്നേറ്റങ്ങളെ സജീവമാക്കിയും മറ്റു ചിലത് അവയെ നിരുത്സാഹപ്പെടുത്തിയും മുന്നോട്ടു വരികയുണ്ടായി. എന്തൊക്കെയായാലും തിയറികളില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ജനാധിപത്യത്തില്‍ നിന്ന് സ്വതന്ത്ര്യമായ ജനാധിപത്യത്തിലേക്കുള്ള കൂടുമാറ്റം ഇവിടെയൊക്കെ കാണാം. ഇത്തരത്തിലുള്ള ജനാധിപത്യമാണ് അക്ഷരാര്‍ഥത്തില്‍ തുല്യതയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതും സാമുദായിക ബോധം ഊട്ടിയുറപ്പിക്കുന്നതും.

ഇന്ത്യന്‍ സാഹചര്യത്തില്‍ ആധുനിക വിദ്യാഭ്യാസം, ഗതാഗതം, ആശയവിനിമയം എന്നിവ ആദ്യകാലത്ത് ഏറെ പിന്നോക്കാവസ്ഥ നേരിട്ടപ്പോള്‍ 1920 ല്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോഴായിരുന്നു പൊതുജന പിന്തുണയോടെ ഇത്തരം മേഖലകള്‍ക്ക് നവോന്മേഷം ലഭിച്ചത്. ലോകചരിത്രം തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ‘മഹാ ജനകീയ മുന്നേറ്റ’ മായി വിശേഷിപ്പിക്കുകയുണ്ടായി.
രാജ്യത്തിന്റെ ജനാധിപത്യബോധത്തിന് കൂടുതല്‍ കരുത്ത് കൈവന്നത് 1950 ജനുവരി 26ന് ‘ഇന്ത്യക്കാരായ നാം’ എന്ന വാക്യത്തില്‍ തുടങ്ങുന്ന ഭരണഘടന നിലവില്‍ വന്നതോടെയായിരുന്നു. ഈ ഭരണഘടനയിലൂടെയും നെഹ്‌റുവിന്റെ ആശയങ്ങളിലൂടെയും നമ്മുടെ ജനാധിപത്യവല്‍ക്കരണ പ്രക്രിയ കൂടുതല്‍ സക്രിയമായി അരങ്ങേറി. കാലങ്ങളായി അതിസുന്ദരമായി നടന്നുവന്നിരുന്ന നമ്മുടെ ജനാധിപത്യപ്രക്രിയയ്ക്ക് മങ്ങലേറ്റു തുടങ്ങിയത് 1990 കളില്‍ രാമക്ഷേത്ര വിവാദം ഉയര്‍ന്നു വന്നപ്പോഴായിരുന്നു. തുടര്‍ന്ന് 2014 ല്‍ ബി.ജെ.പി ഗവണ്‍മെന്റ് അധികാരത്തിലേറിയതോടെ അത് പൂര്‍ണാര്‍ഥത്തില്‍ വെല്ലുവിളി നേരിടുന്ന അവസ്ഥയുമുണ്ടായി. പൊതുജനസ്വാതന്ത്ര്യം നിഷേധിച്ചും ബഹുസ്വരതയെയും മാന്യമായ രാഷ്ട്രീയ സംസ്‌കാരത്തെയും അടിച്ചമര്‍ത്തിയും കേന്ദ്ര സര്‍ക്കാര്‍ അഴിഞ്ഞാടി. തദ്ഫലമെന്നോണമായിരുന്നു 2019 ലെ സക്രിയമായ ജനാധിപത്യ സംവിധാനം നടക്കുന്ന രാഷ്ട്രങ്ങളുടെ കണക്കെടുപ്പില്‍ പത്തു സ്ഥാനം താഴ്ന്ന് അന്‍പത്തിയൊന്നാം സ്ഥാനത്തേക്ക് നമ്മുടെ രാജ്യം എത്തിയത്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് പുതുജീവന്‍ നല്‍കി, ശഹീന്‍ ബാഗ് അടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്താണ് രാജ്യത്തിന്റെ ജനാധിപത്യ കണക്കില്‍ ഇത്തരമൊരു ഇടിവുണ്ടായത് എന്നത് വൈരുധ്യാത്മകമാണ്.

Also read: ഒരു ഫലസ്ഥീന്‍ വസന്തത്തിന് സമയമായിരിക്കുന്നു

പൗരത്വ നിയമ ഭേദഗതി പാസ്സാക്കുകയും ജാമിഅ മില്ലിയ്യയിലേയും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ഥികള്‍ക്കെതിരെ നരനായാട്ട് നടത്തുകയും ചെയ്ത ഭരണകൂട ചെയ്തികള്‍ക്കെതിരെ ഡല്‍ഹിയിലെ ശഹീന്‍ ബാഗില്‍ 2019 ഡിസംബര്‍ 15ന് ആരംഭിച്ച പ്രക്ഷോഭ പരിപാടികള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിലും ശ്രദ്ധേയമായ ഒരു കാര്യം ബുര്‍ഖയും ഹിജാബും ധരിച്ച മുസ്‌ലിം സ്ത്രീകളായിരുന്നു ഈ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് എന്നാതാണ്. തുടര്‍ന്ന് വിദ്യാര്‍ഥി സമൂഹവും യുവാക്കളും പിന്നീട് എല്ലാ സമൂഹത്തില്‍ നിന്നുമുള്ള ആള്‍ക്കാരും പിന്തുണയുമായി ഇവിടെയെത്തുകയുണ്ടായി. ശബാനു കേസിലും മുത്തലാഖ് വിഷയത്തിലും ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശന വിഷയത്തിലും തുടങ്ങി പെണ്ണവകാശങ്ങള്‍ക്കു വേണ്ടി മുന്‍കാലത്ത് രാജ്യത്തു തന്നെ നടന്നിട്ടുള്ള സമരങ്ങളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് മുസ്‌ലിം സ്ത്രീകള്‍ നയിക്കുന്ന ഈ സമരമുഖം എന്നതും ശ്രദ്ധേയമാണ്. ‘പ്രതിഷേധക്കാരെ വസ്ത്രം നോക്കി തിരിച്ചിറിയാ’മെന്ന് നരേന്ദ്ര മോദി പറയുമ്പോഴും മോദി പറഞ്ഞ വസ്ത്രധാരികളുടെ എണ്ണം അത്ഭുതകരാംവിധം വര്‍ധിക്കുകയാണ്.
ഈ സമരമുറകളൊന്നും ഇസ്‌ലാമിനെയോ വല്ല പ്രത്യേക മതത്തെയോ സംരക്ഷിക്കാനുള്ളതല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനുള്ളതാണ്. അവിടെ മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യങ്ങളൊക്കെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണം തന്നെയാണ് ലക്ഷ്യമിടുന്നതും. അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങളുമല്ല, മറിച്ച് ഭരണഘടനയുടെ ആമുഖമാണ് അവിടെ മുഴങ്ങിക്കേള്‍ക്കുന്നത്. മതത്തിന്റെ പേരില്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ച സിയാഉല്‍ ഹഖിന്റെ നീക്കങ്ങള്‍ക്കെതിരെ ഉര്‍ദു കവി ഫൈസ് അഹ്മദ് ഫൈസ് എഴുതിയ ഹം ദേഖേംഗേ എന്ന കവിത പ്രതിഷേധവേദികളിലെ മുന്‍നിര ഗാനങ്ങളിലൊന്നായി മാറി. വരുണ്‍ ഗ്രോവറിന്റെ ‘തനാശാ ആയേംഗേ… ഹം കാഗസ് നഹീ ദിഖാംയേഗേ’ (നാം ഒരു രേഖകളും കാണിക്കാന്‍ ഒരുക്കമല്ല) എന്ന ഗാനവും സി.എ.എ, എന്‍.ആര്‍.സിക്കെതിരായ നിസ്സഹകരണ മുന്നേറ്റങ്ങളുടെ ഊര്‍ജമായി അലയടിക്കുകയാണ്.

മുസ് ലിംകളുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്ന ഈ നിയമനിര്‍മാണത്തിനെതിരെ മതകീയ അതിര്‍ത്തികളും ദാരിദ്ര്യ രേഖകളും പോലും ലംഘിച്ച്, ഭവനരഹിതരായ ആള്‍ക്കാര്‍ പോലും, ചില പേപ്പറുകളുടെ അഭാവത്തില്‍ മുസ് ലിംകളുടെ പൗരത്വം ഭീഷണി നേരിടുന്നുവെങ്കില്‍ വൈകാതെ തന്നെ സര്‍ക്കാരിന്റെ അടുത്ത ഇരകളായി നമ്മളുമുണ്ടാവുമെന്ന ഉറച്ച ബോധ്യത്തില്‍ തന്നെ സമരരംഗത്ത് സജീവമാണ്.

Also read: വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായൊരു പഠന സഹായി

സി.എ.എ, എന്‍.ആര്‍.സി നിയമങ്ങള്‍ മോദി ഗവണ്‍മെന്റിന്റെ ഭരണകെടുകാര്യസ്ഥത ജനസമക്ഷം കൂടുതല്‍ ബോധ്യപ്പെടാനും കാരണമായി എന്നതും ശ്രദ്ധേയമാണ്. കള്ളപ്പണം വെളുപ്പിക്കലില്‍ തുടങ്ങി നോട്ടുനിരോധനവും തൊഴിലില്ലായ്മയും മറ്റു വര്‍ഗീയ നീക്കങ്ങളുമൊക്കെയാണ് ഇന്ന് പൗരത്വ സമര വേദികളിലെയും വിഷയങ്ങള്‍. ഇത്തരത്തിലുള്ള സമരമുന്നേറ്റങ്ങള്‍ നല്‍കുന്ന സന്ദേശങ്ങള്‍ ചെറുതല്ല. ശഹീന്‍ ബാഗ് വെറുമൊരു പ്രതീകം മാത്രം, രാജ്യവ്യാപകമായി അലയൊലി കൊള്ളുന്ന വലിയൊരു പ്രതിഷേധക്കടലിന്റെ പ്രതീകം.

ഇതിലൂടെയൊക്കെ വ്യക്തമായ ഒരു കാര്യമെന്നാല്‍, രാമക്ഷേത്രവും ഗോവധവും ലൗ ജിഹാദും ഘര്‍ വാപസിയും പോലെയുള്ള ഭിന്നിപ്പിന്റെ വിത്തുകള്‍ പാകുന്ന വികാരപരമായ വിഷയങ്ങള്‍ക്കിടയില്‍ അസ്തിത്വം ചോദ്യം ചെയ്യുന്ന പ്രവണത വന്നപ്പോള്‍ ശഹീന്‍ ബാഗ് ചരിത്രത്തിലെങ്ങുമില്ലാത്ത വിധം രാജ്യത്തെ ഏകോപിപ്പിച്ചു എന്നതാണ്. മങ്ങിത്തുടങ്ങിയിരുന്ന നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ വെളിച്ചം ഭരണഘടനയുടെ ആമുഖങ്ങള്‍ വായിച്ചും ജന ഗണ മന പാടിയും ത്രിവര്‍ണ പതാക വാനിലേക്കുയര്‍ത്തിയും ഗാന്ധിയെയും ഭഗത് സിംഗിനെയും അംബേദ്കറെയും മൗലാനാ ആസാദിനെയും പോലുള്ള ദേശീയ നേതാക്കളെ ഉയര്‍ക്കാണിച്ചും തിരിച്ചു വരുന്ന സുന്ദര കാഴ്ചയാണ് ശഹീന്‍ ബാഗ് സമ്മാനിക്കുന്നത്.

അതേ സമയം വര്‍ഗീയ ശക്തികള്‍ സമരമുഖങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴും രാഷ്ട്രത്തിന്റെയും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സുസ്ഥിരമായ നിലനില്‍പ്പിന് ശഹീന്‍ ബാഗുകളുടെ നിലനില്‍പ്പ് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് ഇത്തരം മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുകയാണ് നമ്മുടെ ഉത്തരവാദിത്വം.

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles