Current Date

Search
Close this search box.
Search
Close this search box.

ശഹീദ് റൻതീസി- ഫലസ്തീൻ ഐക്യത്തിനായി നിലകൊണ്ട ജീവിതം

ഫലസ്തീന്റെ ധീരനായ നേതാവ് (Lion of Palestine) ശഹീദ് ഡോ. അബ്ദുൽ അസീസ് അർറൻതീസിയുടെ 18-ാം രക്തസാക്ഷിത്വ വാർഷികമാണ് ഏപ്രിൽ 17. 2004 ഏപ്രിൽ 17നാണ് റൻതീസി രക്തസാക്ഷിയാകുന്നത്. തന്റെ രാജ്യത്തന്റെ വിമോചനത്തിനും, ജനതയുടെ സ്വാതന്ത്ര്യത്തിനും അനിഷേധ്യമായ അവകാശങ്ങളുടെ സംരക്ഷണത്തിനുമായി പ്രവർത്തിച്ച ഫലസ്തീൻ ദേശീയ നേതാവ് എന്ന നിലയിൽ റൻതീസിയുടെ രക്തസാക്ഷിത്വം അനുസ്മരിക്കുന്ന സന്ദർഭത്തിൽ, ഫലസ്തീൻ ദേശീയ ഐക്യവുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ച കാഴ്ചപ്പാടുകളും ആശയങ്ങളും ചർച്ച ചെയ്യേണ്ടതുണ്ട്. ശഹീദ് റൻതീസി പ്രസ്ഥാനത്തിന്റെ കേവലം സാധാരണ നേതാവായിരുന്നില്ല. മറിച്ച്, പ്രചോദനാത്മകമായ ദേശീയ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും ആർജിച്ച, മതപരവും രാഷ്ട്രീയവും സൈനികവുമായ വ്യക്തിത്വത്തെ സമന്വയിപ്പിച്ച, കാണുന്നവരുടെ മനസ്സിൽ ബഹുമാനമുണ്ടാക്കുന്ന സ്വാധീനം ചെലുത്താൻ ശേഷിയുള്ള എഴുത്തുകാരനും കവിയും ബുദ്ധിജീവിയും വാഗ്മിയുമായിരുന്നു. ഫലസ്തീൻ ജനതക്കിടയിൽ സുപരിചിതനായ വ്യക്തിത്വമായിരുന്നു ശഹീദ് റൻതീസി.

ഫലസ്തീനിലെ ചെറുത്തുനിൽപ്പിനോടും സ്വാതന്ത്ര്യത്തോടും പ്രതിബദ്ധതയുള്ള, അധിനിവേശത്തെയും അതിനെ അംഗീകരിക്കുന്നതിനെയും തള്ളിക്കളഞ്ഞ, അധിനിവേശത്തെ ചെറുക്കാൻ ഫലസ്തീന് അകത്തും പുറത്തുമുള്ള ദേശീയ ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധമുള്ള വ്യക്തമായ കാഴ്ചപ്പാട് റൻതീസിക്കുണ്ടായിരുന്നു. ദേശീയ ഐക്യം ശക്തമാണെന്നും തങ്ങളുടെ രാജ്യത്തിന്റെയും ജനതയുടെയും കാര്യത്തിൽ ദൈവത്തെ ഭയപ്പെടാത്ത വ്യക്തികളുടെ താൽപര്യങ്ങൾക്കും ഏജന്റുമാർ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾക്കും ദേശീയ ഐക്യത്തെ ഇളക്കിമറിക്കാൻ കഴിയില്ലെന്ന് അദ്ദേഹം എല്ലായ്‌പ്പോഴും ഊന്നിറഞ്ഞിട്ടുണ്ട്.

രക്തസാക്ഷിത്വം വരിക്കുന്നതിന് മുമ്പുള്ള റൻതീസിയുടെ പ്രസ്താവനകൾ ജിഹാദിലും ദേശീയ ഐക്യത്തിലും കേന്ദ്രീകരിച്ചുളളതായിരുന്നു. ദേശീയ ഐക്യം സുശക്തമാക്കുന്നതിൽ വളരെ തൽപരനായിരുന്നു അദ്ദേഹം. ശൈഖ് അഹ്‌മദ് യാസീന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഹമാസിന്റെ നേതൃത്വം ഏറ്റെടുത്ത റൻതീസി ആദ്യ പ്രസംഗത്തിൽ പറഞ്ഞു; ‘മുഴുവൻ ദേശീയ, ഇസ്‌ലാമിക ശക്തികളെ അഭിസംബോധന ചെയ്യുകയും ഫലസ്തീൻ വിഭാഗങ്ങളിലെ ഓരോ സഹോദരങ്ങളിലേക്ക് തിരിയുകയും ചെയ്യുകയെന്നതാണ് ആദ്യത്തെ പ്രവർത്തനം. അത് അവരെ കാണാനും അവരെ ഒരൊറ്റ നിരയായി ഐക്യപ്പെടുത്താനും വേണ്ടിയാണ്.’ ശൈഖ് അഹ്‌മദ് യാസീൻ ദേശീയ ഐക്യത്തിന്റെ പ്രതീകമായാണ് പരിഗണിക്കപ്പെടുന്നതെന്നും, ഈ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിന് ഹമാസ് നിരന്തരം താൽപര്യം കാണിച്ചിട്ടുണ്ടെന്നും, ശൈഖ് അഹ്‌മദ് യാസീന്റെ രക്തസാക്ഷിത്വത്തിന് ശേഷവും ഹമാസ് അത് തുടരുമെന്നും, ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഫലസ്തീൻ ജനതയുടെ ഉന്നത താൽപര്യങ്ങൾക്ക് വേണ്ടി നിരന്തരം പ്രവർത്തിക്കുമെന്നും റൻതീസി ആ സമയം വ്യക്തമാക്കിയിരുന്നു.

‘അതെ, നിയമപരമായ അവകാശങ്ങളിൽ അധിഷ്ഠിതമല്ലാത്ത ഐക്യം’ എന്ന തലക്കെട്ടിൽ മർകസുൽ ഇഅ്‌ലാമിൽ ഫലസ്തീനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആമുഖത്തിൽ റൻതീസി എഴുതുന്നു; ‘ദേശീയ ഐക്യത്തെ കുറിച്ച് എല്ലാവരും സംസാരിക്കുന്നത് നല്ല കാര്യമാണ്. അതിനെ നാം പ്രോത്സാഹിപ്പിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു. എന്നാൽ, പ്രവർത്തനങ്ങളില്ലാതെ വാക്കുകളിൽ പരിമിതമാകുന്നുവെന്നതാണ് അതിലെ അപകടം. കക്ഷിരാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാനുള്ള തന്ത്രം എന്ന നിലയിൽ ഐക്യത്തെ കുറിച്ച് സംസാരിക്കുന്നത് അതിനെക്കാൾ അപകടകരമാണ്. നാമെല്ലാവരും ഫലസ്തീനിൽ ഒരു ബോട്ടിലാണെന്നതിനാൽ, തീവ്രതയിൽ നിന്നും അശ്രദ്ധയിൽ നിന്നും അകന്ന് എല്ലാവരെയും യോജിപ്പിക്കുന്ന കൃത്യമായ ഒരു ലക്ഷ്യത്തിൽ അണിനിരക്കണം.’

‘ഈ ദീനിനെ ആഴത്തിൽ മനസ്സിലാക്കുന്നതിൽനിന്ന് രൂപപ്പെടുന്ന ബോധപൂർവമായ കാഴ്ചപ്പാടിലൂടെ പ്രാദേശികവും അന്താരാഷ്ട്രീയവുമായ യാഥാർഥ്യത്തെ മനസ്സിലാക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വ്യക്തമായ കാഴ്ചപ്പാട്. വ്യക്തിപരമായ താൽപര്യങ്ങളിൽ നിന്നകന്നും എല്ലാ താൽപര്യങ്ങൾക്കും അതീതമായി രാജ്യത്തിന്റെ താൽപര്യത്തിന് പ്രാധാന്യം നൽകിയുമുള്ള കാഴ്ചപ്പാടാണത്’ -അദ്ദേഹം ആ ലേഖത്തിൽ തന്നെ കുറിക്കുന്നു. ആരെയും മാറ്റിനിർത്താതെ, എല്ലാ ഫലസ്തീനികളെയും അഭിസംബോധന ചെയ്താണ് ശഹീദ് റൻതീസി ലേഖനം അവസാനിപ്പിക്കുന്നത്.

വിവ- അ‍ർശദ് കാരക്കാട്

Related Articles