Current Date

Search
Close this search box.
Search
Close this search box.

സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം വിജയിച്ചോ ?- സമഗ്ര അവലോകനം

2021 ജനുവരി 16നാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 11 വരെയുള്ള കണക്ക് പ്രകാരം ആകെ 73 കോടി വാക്‌സിനുകള്‍ വിതരണം ചെയ്തു. വാക്‌സിനേഷന്‍ പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ നയത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയതിനിടയിലാണിതെല്ലാം.

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലിസ്, അര്‍ധസൈനിക വിഭാഗം, ശുചീകരണ തൊഴിലാളികള്‍, ദുരന്ത നിവാരണ വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്. 2021 മാര്‍ച്ച് 1 മുതല്‍ 60 കഴിഞ്ഞ എല്ലാവര്‍ക്കും പിന്നീട് 45ന് മുകളിലുള്ള എന്തെങ്കിലും ഗുരുതര അസുഖമുള്ളവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാന്‍ തുടങ്ങി. മാര്‍ച്ച് 31 വരെ ഈ വിഭാഗത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കിയത്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയായിരുന്നു ഈ സമയം ഈടാക്കിയിരുന്നത്. ഏപ്രില്‍ 1 മുതല്‍ 45 കഴിഞ്ഞ എല്ലാവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കി.

ഇപ്പോള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് എല്ലാ വാക്‌സിനുകളും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങുകയും, അത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. മെയ് 1 മുതലാണ് വിതരണത്തില്‍ വലിയ മാറ്റം വന്നത്. 18 മുതല്‍ 44 വയസ്സുവരെയുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 50 ശതമാനം മാത്രമേ സര്‍ക്കാരിന് ലഭിക്കുന്നുള്ളൂ. ഇത് 45ന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കണം. ബാക്കി 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാങ്ങാം. എന്നാല്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ നിശ്ചയിച്ച തുക നല്‍കേണ്ടതുണ്ട്. കോവിഷീല്‍ഡ് ഒരു ഡോസിന് 150 രൂപക്കാണ് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് നിശ്ചയിച്ചത്. കോവാക്‌സിന് ഒരു ഡോസിന് കേന്ദ്രസര്‍ക്കാരിന് 150 രൂപക്കും സംസ്ഥാന സര്‍ക്കാരിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയുമാണ് കമ്പനികള്‍ നിശ്ചയിച്ചത്.

ഇതിന്റെ ഫലമായി സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് ഓരോ ഡോസിന് 1000 മുതല്‍ 2000 രൂപ വരെ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ തുടങ്ങി. ഇതോടെ വാക്‌സിനേഷന്റെ അളവ് കുറഞ്ഞു. ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം കേന്ദ്രീകൃത വാക്‌സിനേഷന്‍ സംവിധാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ തിരിച്ചെത്തി. ജൂണ്‍ 21 മുതല്‍ 18-44 പ്രായക്കാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ വാക്‌സിനുകള്‍ ലഭ്യമാക്കി. എന്നാല്‍ 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാറ്റിവെച്ചതായിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്‌സിനുകളുടെ വിശദമായ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല.

വിവരാവകാശ അപേക്ഷ വഴി 2021 ആഗസ്റ്റ് 17 വരെയുള്ള കണക്കുകള്‍ ‘ദി ഹിന്ദു’ ശേഖരിച്ചിരുന്നു. അത് പൊതു ഡൊമൈനില്‍ ലഭ്യമാക്കുകയും ചെയ്തു. 25% ക്വാട്ടയില്‍ 9.5% വാക്‌സിനുകള്‍ മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ വിതരണം ചെയ്തതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിനുകള്‍ക്ക് പണം നല്‍കാന്‍ തയാറുള്ളവരെ കണ്ടെത്താന്‍ ഇതുവരെ അവര്‍ക്കായിട്ടില്ല. അതായത്, വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്നും അവര്‍ ശേഖരിച്ചതിന്റെ 65 ശതമാനം മാത്രമാണ് അവര്‍ ഉപയോഗിച്ചത്.

വാക്‌സിന്‍ മൊത്ത വിതരണത്തിലെ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാമെങ്കിലും ഓഗസ്റ്റ് 17 വരെ ഇന്ത്യയിലൊട്ടാകെ 10 ശതമാനത്തില്‍ താഴെയാണ് അവര്‍ വാങ്ങിയത്. അസം, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ക്ക് ഇത് 1%ല്‍ താഴെയാണ്. മറുവശത്ത്, തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും സ്വകാര്യ ആശുപത്രികള്‍ 25%ല്‍ കൂടുതല്‍ സംഭരിച്ചു. ഈ പാറ്റേണിന് പിന്നിലുള്ള കാരണങ്ങള്‍ എന്തായിരിക്കാം എന്നാണ് ഈ ലേഖനത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

ഇപ്പോഴത്തെ ട്രെന്റ്

മെയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 17 വരെ വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ ശേഖരിച്ച വാക്‌സിനുകളുടെ കണക്കെടുത്താല്‍ വലിയ വ്യതിയാനമാണ് കാണാന്‍ സാധിക്കുക.

തെലങ്കാന, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവയാണ് സ്വകാര്യ ആശുപത്രികള്‍ വാക്‌സിനുകള്‍ ഏറ്റവുമധികം വിതരണം ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. തെലങ്കാനയ്ക്കും മഹാരാഷ്ട്രയ്ക്കും മാത്രമാണ് 25 ശതമാനം എന്ന ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
ഇതിനു വിപരീതമായി, 12 സംസ്ഥാനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ വാക്‌സിനുകളുടെ പങ്ക് 2%ല്‍ താഴെയാണ്. എന്നാല്‍, സ്വകാര്യ മേഖലയിലെ വാക്‌സിന്‍ വിതരണം 0.63 ശതമാനം മാത്രമായിട്ടും ഹിമാചല്‍ പ്രദേശില്‍ 18ന് മുകളിലുള്ള എല്ലാ മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.

സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ വില

സ്വകാര്യ ആശുപത്രികളുടെ വാക്‌സിന്‍ ശേഖരണത്തിന്റെ അളവും സംസ്ഥാനത്തിന്റെ ആളോഹരി വരുമാനവും തമ്മില്‍ പരസ്പര ബന്ധമുണ്ട്. അടിസ്ഥാനപരമായി, ഒരു സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം കുറയുന്തോറും അതിന്റെ പ്രതിരോധ കുത്തിവയ്പ്പില്‍ സ്വകാര്യ ആശുപത്രികളുടെ വിഹിതവും കുറവാണ്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, മണിപ്പൂര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാന നിലവാരം മാത്രമല്ല, സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ 2.5% ല്‍ താഴെ മാത്രം വിഹിതം ഉള്ളവരുമാണ്. ആളുകള്‍ക്ക് പണം കൊടുത്ത് വാക്‌സിന്‍ വാങ്ങാനുള്ള കഴിവും സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ എണ്ണത്തെ എങ്ങിനെ വിലയിരുത്തുന്നുവെന്നും ഇത് കാണിക്കുന്നു. കോവിഷീല്‍ഡിന് 780 രൂപയും കോവാക്‌സിന് 1410 രൂപയുമാണ് ഒരു ഡോസിന് അവര്‍ ഈടാക്കുന്നത്.

ശരാശരി അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാന്‍ കോവിഷീല്‍ഡ് ആണെങ്കില്‍ 7800 രൂപയും കോവാക്‌സിന് 14,100 രൂപയുമാകും. കാര്‍ഷിക നിത്യവൃത്തിക്കാരായ കുടുംബത്തിനൊന്നും ഇത് സാധ്യമല്ല. ശരാശരി കാര്‍ഷിക കുടുംബത്തിന് 10,218 രൂപയാണ് മാസ വരുമാനം. എന്നാല്‍ കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ ഇത് ഗണ്യമായി കുറഞ്ഞു.

കോവിഡ് -19 ബാധിച്ച സമ്പദ്വ്യവസ്ഥയില്‍ ഇത്തരം ചെലവേറിയ വാക്‌സിനുകള്‍ക്ക് ആവശ്യത്തിന് ഡിമാന്‍ഡുണ്ടാകുമെന്ന് സര്‍ക്കാര്‍ കരുതുന്നത് യാഥാര്‍ത്ഥ്യമേയല്ല. ഇത്തരം സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ആണ് വാക്‌സിന്‍ വിതരണം ചെയ്യേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ കഠിനമായ പരിശ്രമവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്കേ സാധിക്കൂ.

സ്വകാര്യ വിതരണം ഏതാനും നഗരങ്ങളില്‍ കേന്ദ്രീകരിച്ചാണോ?

വാക്‌സിന്‍ ശേഖരണത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഹിതവുമായി ബന്ധപ്പെട്ട് ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലും വലിയ ജനസംഖ്യയുള്ള ഒരു മെട്രോപൊളിറ്റന്‍ നഗരമുണ്ട്.

ഈ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന ആളോഹരി വരുമാനം കാരണം ഈ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ വിതരണത്തിന്റെ ഉയര്‍ന്ന നിരക്ക് സാധ്യമാണ്. മഹാരാഷ്ട്രയിലെ 7,452 കേന്ദ്രങ്ങളില്‍ 925 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ട്. ഈ 925ല്‍, മുംബൈ, താനെ, പൂനെ എന്നിവിടങ്ങളില്‍ മാത്രം 572 കേന്ദ്രങ്ങളുണ്ട്, ഇത് സംസ്ഥാനത്തെ മൊത്തം സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ 61.84% വരും.

കൊല്‍ക്കത്തയില്‍ മാത്രം 137 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ട്, ഇത് സംസ്ഥാനത്തെ മൊത്തം 307 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ 44.6% വരും. എന്നാല്‍, ഇത് കര്‍ണാടകയില്‍ കാണാന്‍ സാധിക്കില്ല. സംസ്ഥാനത്തെ മൊത്തം സ്വകാര്യ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ 5 ശതമാനമാണ് ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്നത്.

സ്വകാര്യ വാക്‌സിന്‍ കേന്ദ്രങ്ങള്‍ രാജ്യത്തെ ഏതാനും നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ 25% വിഹിതം സ്വകാര്യ ആശുപത്രികള്‍ക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.

ചെറിയ പട്ടണങ്ങളില്‍ വാക്‌സിനുകള്‍ വാങ്ങുന്നത് ബുദ്ധിമുട്ടാണ്, കാരണം ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക് കുറഞ്ഞത് 3,000 ഡോസുകള്‍ നല്‍കുന്നത് എളുപ്പമല്ല. പ്രതിശീര്‍ഷ പ്രതിമാസ വരുമാനം 21,747 രൂപയുള്ള ഡല്‍ഹിയില്‍ പോലും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയ വാക്‌സിനുകളുടെ 45% മാത്രമേ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.

വിവ: സഹീര്‍ വാഴക്കാട്
അവലംബം: thewire.in

Related Articles