Current Date

Search
Close this search box.
Search
Close this search box.

പ്രാർത്ഥന ആയുധമാണ് – പരാജിതരുടെ അഭയമല്ല

പൊന്നാനിയിൽ നിന്നാണ് അദ്ദേഹം ബസ്സിൽ കയറിയത്. അദ്ദേഹവും കോഴിക്കോട്ടേക്ക് തന്നെയാണ് യാത്ര. പുറത്തു നല്ല കാറ്റുണ്ട്. അതുകൊണ്ടു തന്നെ ബസ്സിന്റെ ഷട്ടർ അടച്ചായിരുന്നു യാത്ര. ഗോപിനാഥ് എന്നാണു അദ്ദേഹത്തിന്റെ പേര്. സംസാരം പുതിയ സാഹചര്യങ്ങളിലേക്കു കടന്നു. ” കോടതി വിധികളെ സ്വാധീനിക്കാൻ ഇപ്പോൾ മതങ്ങൾ നടത്തുന്ന പുതിയ രീതികളാണ് പ്രാർത്ഥനാ സംഗമങ്ങൾ . ഇന്നലെ മുസ്ലിം പള്ളികളിൽ നിന്നും അത് കേട്ടു. കുറച്ചു മുമ്പ് ശബരിമല വിഷയത്തിലും അത്തരം യജ്ഞങ്ങൾ നാം കണ്ടു. ….” . പ്രാർത്ഥന വിശ്വാസികളുടെ ആയുധമാണ്. ദൈവത്തോടല്ലാതെ മറ്റാരോടും അവർക്കു വേവലാതി പറയാനില്ല എന്ന രീതിയിൽ അദ്ദേഹത്തിനോട് പ്രതികരിച്ചു.

പ്രാർത്ഥന കാര്യം സാധിക്കാനുള്ള ഒന്നായി വിശ്വാസികൾ തെറ്റിദ്ധരിച്ചു എന്നത് നേരാണ്. പ്രാർത്ഥന കൊണ്ട് മാത്രം കാര്യം സാധിക്കും എന്നത് മറ്റൊരു മൗഢ്യവും. പ്രവർത്തനമില്ലാത്ത പ്രാർത്ഥന സ്വീകരിക്കപ്പെടില്ല എന്നത്‌ പലപ്പോഴും മറന്നു പോകുന്നു. ” ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളിൽ നിന്നും സ്വീകരിക്കേണമേ. നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമല്ലോ” എന്നാണു വിശ്വാസി പറയുന്നത്. എന്താണ് സ്വീകരിക്കാനുള്ളത് എന്ന ചോദ്യം പലപ്പോഴും ഉത്തരം കിട്ടാതെ അവസാനിക്കുന്നു. രണ്ടു കാര്യങ്ങളാണ് പ്രാർത്ഥയുടെ കാതൽ . ഒന്ന് സൽക്കർമങ്ങൾ പ്രവർത്തിക്കാനായുള്ള മാനസ്സു നൽകേണമേ എന്ന പ്രാർത്ഥന. പിന്നീട് ആ സൽക്കർമങ്ങൾ സ്വീകരിക്കേണമേ എന്ന പ്രാർത്ഥന. ഇവിടെ പ്രാർത്ഥന പലപ്പോഴും മരുന്നില്ലാതെ വെടിയായി പോകുന്നു.

Also read: വിശ്വാസികൾക്ക് ഭയമില്ല!

കാര്യം ശരിയാണ്. ഇന്നലെ പല പള്ളികളിലും പ്രഭാത നമസ്കാരത്തിന് പതിവിലും കവിഞ്ഞ തിരക്കായിരുന്നു. വരാനിരിക്കുന്ന കോടതി വിധി തന്നെയായിരുന്നു വിഷയം. സ്വതന്ത്ര ഇന്ത്യയിൽ ഒരു പാട് നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പല നിയമങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷെ സി എ എ പോലെ ആശങ്ക ഉണ്ടാക്കിയ ഒരു നിയമ ഭേദഗതിയും നാം കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ ഒരു ജനത അവരുടെ ഭാവിയെ കുറിച്ച് വല്ലാത്ത ആശങ്കയിലാണ്. പ്രാർത്ഥന എന്നത് അടിമയും ഉടമയും തമ്മിലുള്ള സ്വകാര്യതയാണ്. അതൊരു ആരാധനയും കൂടിയാണ്. ” പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍, അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ സന്മാര്‍ഗം ഗ്രഹിച്ചെങ്കിലോ” പ്രാർത്ഥനയെ കുറിച്ച ഖുർആനിന്റെ നിർദ്ദേശം ഇങ്ങിനെയാണ്‌. അല്ലാഹുവിനെ വിളിച്ചാൽ ഉത്തരം കിട്ടാനുള്ള ഒന്നാമത്തെ വഴി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകുക എന്നതാണ്. അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകുക എന്നതു കൊണ്ട് വിവക്ഷ അല്ലാഹുവിനെ ഇലാഹായും റബ്ബായും അംഗീകരിക്കുക എന്നതും. ” നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുന്നില്ലെങ്കിൽ അവൻ നിങ്ങളെ പരിഗണിക്കുകയില്ല” എന്നത് ഖുർആൻ പറഞ്ഞ മറ്റൊരു കാരണമാണ്.

“ഈ ജനം അല്ലാഹുവിന്റെ മഹത്ത്വം മാനിക്കേണ്ടവിധം മാനിച്ചിട്ടേയില്ല” എന്നൊരു പ്രയോഗം ഖുർആൻ നടത്തുന്നുണ്ട്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ അല്ലാഹുവിനെ കണക്കാക്കേണ്ട വിധം കണക്കാക്കിയില്ല എന്നും പറയാം. പ്രാർത്ഥനകളെ കുറിച്ച് പറഞ്ഞാൽ പ്രവാചകൻ ബദറിൽ നടത്തിയ പ്രാർത്ഥന ഒന്നാമതായി വരും. തനിക്കു ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്തതിനു ശേഷമാണു പ്രവാചകൻ പ്രാർത്ഥനയിൽ വീണത്. അതായത് നേരത്തെ പറഞ്ഞ അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകിയതിന് ശേഷം. ഖുർആനിൽ പരന്നു കിടക്കുന്ന പ്രാർത്ഥനയാണ് ഇബ്രാഹിം നബിയുടേത്. മൂസാ പ്രവാചകന്റെ പ്രാർത്ഥനയും ഖുർആൻ എടുത്തു പറയുന്നുണ്ട്. തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വം കഴിവിന്റെ പരമാവധി നിർവഹിച്ചു എന്ന് ഉറപ്പു വരുത്തൽ നിര്ബന്ധമാണ്. പൗരത്വ നിയമത്തിനെതിരെ നാട്ടിൽ പ്രതിഷേധങ്ങൾ കൊടുമ്പിരി കൊള്ളുന്നു. അതെ സമയം ഇപ്പോഴും അധികം പേരും ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന രീതിയിലാണ് പ്രതികരിക്കുന്നത്. അവരിൽ അധികം പേരും ഇന്നലെ പള്ളികളിൽ പ്രാർത്ഥനക്കു എത്തിയിരുന്നു. പ്രവാചക കാലത്തു സമര മുഖങ്ങളിൽ നിന്നും അകാരണമായി വിട്ടു നിന്നവരെ ഖുർആൻ രൂക്ഷമായി വിമർശിക്കുന്നു. ഇന്നും അത് തന്നെയാണ് അവസ്ഥ. സമരമുഖത്തു നിന്നും അധികം പേരും ഇപ്പോഴും വിട്ടു നിൽക്കുന്നു. അതെ സമയം പ്രാർത്ഥന സദസ്സുകളിൽ അവർ സജീവരായി എത്തുകയും ചെയ്യുന്നു. ഇതൊരു കാപട്യമാണ്.

Also read: ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-3

വേരില്ലാത്ത മരത്തിനു വെള്ളമൊഴിക്കുന്നതു പോലെയാണ് പല പ്രാർത്ഥനകളും. പ്രാർത്ഥന ആരാധന എന്നതിനേക്കാൾ ഒരു സാമ്പത്തിക സ്രോതസ്സാണ്. പ്രാർത്ഥന സ്വീകരിക്കേണ്ടവൻ നൽകിയ ഉപാധികൾ അവഗണിച്ചാണ് പലരും അതിനു മുതിരുന്നത്. സി എ എ പലരെയും വല്ലാതെ ബേജാറാക്കുന്നു. പക്ഷെ അവരും കേവല പ്രാർത്ഥനയിൽ അഭയം തേടുന്നു. അതിനെ കുറിച്ചാണ് ഖുർആൻ ” അല്ലാഹുവിനെ മനസ്സിലാകാത്തവർ” എന്ന് പറഞ്ഞതും.

” എപ്പോൾ വേണമെങ്കിലും അവസാനിക്കുന്ന ജീവിതമാണ് നമ്മുടേത്. അത് മനസ്സിലാക്കി തന്നെയാണ് നാം പലതും ചെയ്യുന്നതും. ഈ ലോകത്തു പുറത്താക്കുന്നവർക്കും പുറത്തു പോകുന്നവർക്കും എണ്ണപ്പെട്ട സമയം മാത്രം. അത് കൊണ്ട് തന്നെ മുസ്ലിംകൾ പുറത്തു പോകലിനെ കുറിച്ചല്ല ആവലാതി പറയുന്നത്, ഭരണ ഘടന അവർക്കു നൽക്കുന്ന അവകാശം മാത്രമാണ് അവർ ചോദിക്കുന്നത്” . പിന്നെ ആ സഹയാത്രികൻ കോഴിക്കോട് എത്തുന്നത് വരെ മറ്റൊന്നും സംസാരിച്ചില്ല.

Related Articles