Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ: പായല്‍ തദ്‌വിയും ഫാത്തിമ ലത്വീഫും തമ്മിലെ സാമ്യം

ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവം മുമ്പെത്തെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഇതിലെ ഇരകളില്‍ കൂടുതലും ആദിവാസി,ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അക്കാദമിക് സമ്മര്‍ദ്ദം കാരണം മറ്റു ചിലരും ഇങ്ങിനെ ആത്മഹത്യ ചെയ്തിട്ടുണ്ട്. രോഹിത് വെമുല വിഷയത്തില്‍ അദ്ദേഹം ജാതീയ വിവേചനവും രാജ്യദ്രോഹിയായി മുദ്രകുത്തിയതുമായിരുന്നു കാരണം. സമാനമായ മറ്റു രണ്ടു കേസുകളാണ് ഡോ. പായല്‍ തദ്‌വിയുടേതും ഫാത്തിമ ലത്വീഫിന്റേതും.

ഗൈനക്കോളജിസ്റ്റായ തദ്‌വി ഒരു ബില്‍ മുസ്ലിം കുടുംബാംഗമായിരുന്നു. ഡോ. സല്‍മാന്‍ തദ്‌വിയുടെ ഭാര്യ. മുതിര്‍ന്ന ഡോക്ടര്‍മാരാല്‍ പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു പായലിന്. മികച്ച അക്കാദമിക നിലവാരമുണ്ടായിരുന്ന ഫാത്തിമ ഉന്നത റാങ്ക് കരസ്ഥമാക്കിയാണ് ഐ.ഐ.ടിയില്‍ എത്തുന്നത്. അവിടെ മുന്‍ധാരണയുടെ ഒരു കല്‍ മതില്‍ അവര്‍ കണ്ടു. അവര്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടയാളായതുകൊണ്ട് കോളേജിലെ അധ്യാപകര്‍ അവളെ നിരാകരിക്കുകയും വിവേചനം കാട്ടുകയും ചെയ്തു.

ജാതിയുടെയോ ഗോത്രത്തിന്റെയോ ട്രാന്‍സ്‌ജെന്‍ഡറിന്റെയോ പേരില്‍ മറ്റു രീതികളിലുള്ള അപമാനങ്ങളും വിദ്യാര്‍ത്ഥികള്‍ നേരിടുന്നുണ്ട്. ഈ രണ്ട് കേസുകളിലും പായലും ഫാത്തിമയും വിവേചനം നേരിട്ടത് അവര്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവരായി എന്നതുകൊണ്ടാണ്. 2001ലെ സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തില്‍ നേരിടുന്ന ഒന്നാണിത്. അതിനു ശേഷമാണ് യു.എസ് മാധ്യമങ്ങള്‍ ഇസ്ലാമിക ഭീകരത എന്നത് കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയത്. എല്ലാ വിധ മതവിഭാഗങ്ങളിലും തീവ്രതയുള്ളവര്‍ ഉണ്ട്. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി,ബുദ്ധ സന്യാസിമാര്‍,എല്‍.ടി.ടി.ഇ തുടങ്ങിയവയെല്ലാം ഇതിനുദാഹരമാണ്.

എന്നാല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുന്നത് വരെ ഭീകരവാദത്തിന് മതത്തിന്റെ മേലാപ്പ് ചാര്‍ത്തിയിരുന്നില്ല. നിരപരാധികളായ മുവായിരത്തോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിന്റെ കുറ്റം അല്‍ഖാഇദയുടെ ഉസാമ ബിന്‍ലാദനു മേലാണ് ചാര്‍ത്തിയിരുന്നത്. അല്‍ഖാഇദയുടെ വളര്‍ച്ചക്ക് സഹായിക്കുന്നത് അമേരിക്കയാണെന്നത് മറ്റൊരു വിഷയമാണ്. മഹ്മദൂദ് മംമദാനിയുടെ ‘Good muslim bad muslim’ എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ എണ്ണസമ്പത്ത് കൈക്കലാക്കാന്‍ യു.എസ് നടപ്പാക്കിയ പദ്ധതികളില്‍ ഒന്നാണ് ഇത്. ഇതിന്റെ തകര്‍ച്ചയാണ് ഐസിസിന്റെ രൂപീകരണത്തിന് വഴിതെളിച്ചത്. ഇക്കാര്യം മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ഹിലരി ക്ലിന്റണ്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ആഗോള ഇസ്ലാമോഫോബിയ എന്നത് യു.എസിന്റെ ഗൂഢാലോചനയാണ്. ഇന്ത്യയില്‍ ഇത് മുസ്ലിംകള്‍ക്കെതിരായ മുന്‍വിധിക്ക് ആക്കം കൂട്ടുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച സാമുദായിക ചരിത്ര രചനയുടെ തുടര്‍ച്ചയാണിത്. ബ്രിട്ടീഷുകാരുടെ ചരിത്രരചനയില്‍ മുസ്ലിം വിരുദ്ധ മുന്‍ധാരണകള്‍ കാണാമായിരുന്നു. അവരുടെ സിലബസുകളില്‍ ഇത്തരം കള്ളപ്രചാരണങ്ങള്‍ കാണാം. വിവിധ സംവിധാനങ്ങളിലൂടെ പിന്നീട് ഇതിന്റെ വ്യാപനം നടന്നു. മുസ്ലിം രാജാക്കന്മാര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് വാളിന്‍ തുമ്പിലൂടെയാണ് ഇസ്ലാം പ്രചരിപ്പിച്ചത് എന്നാണ് ആര്‍.എസ്.എസ് ശാഖകളില്‍ പഠിപ്പിക്കുന്നത്. ചെറിയ കുട്ടികളില്‍ വരെ മുസ്ലിംകളെ പൈശാചിക വല്‍ക്കരിക്കുകയും ഹിന്ദുക്കളെ മഹത്വവല്‍ക്കരിക്കുകയുമാണ് ആര്‍.എസ്.എസ് ചെയ്തത്.

ആളുകളുടെ ധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് അതിശക്തമാണ്. ഇന്ന് ലോകത്തുടനീളം ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ യു.എസ് മാധ്യമങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യന്‍ മാധ്യമങ്ങള്‍ യു.എസ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കാര്യങ്ങള്‍ മാത്രമല്ല പിന്തുടരുന്നത്. കഴിഞ്ഞ ദശകങ്ങളായി ആര്‍.എസ്.എസ് സംഘടനകള്‍ സൃഷ്ടിച്ച സാമൂഹിക വിഭജനവും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഫാത്തിമയെയും പായലിനെയും സമപ്രായക്കാരില്‍ നിന്നും നേരിട്ട പീഡനങ്ങളില്‍ നിന്നും അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയുമോ ?. ഇരുവരും മഞ്ഞുമല പോലെ ഉരുകിത്തീര്‍ന്നിട്ടുണ്ടാവാം. ആഗോള തലത്തില്‍ യു.എസ് മാധ്യമങ്ങള്‍ വിദ്വേഷപ്രചാരണവും ഹിന്ദു ദേശീയവാദികളുടെ ഗൂഢാലോചനകളെയും ചെറുക്കാന്‍ ഇവിടെ കൂടുതല്‍ ഒന്നും ചെയ്തിട്ടില്ല. ഇത്തരം മുന്‍വിധികളുടെയും തെറ്റിദ്ധാരണകളുടെയും ആഘാതം നേരിടേണ്ടി വരുന്ന മുസ്ലിം സമൂഹത്തിന്റെ ദുരവസ്ഥ അനന്തമാണ്. എല്ലായിടത്തും നിലനില്‍ക്കുന്ന സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ തെറ്റായ വാദങ്ങളെ പ്രതിരോധിക്കാന്‍ നമുക്കാവുമോ ?

അവലംബം: sabrangindia.in
വിവ: സഹീര്‍ വാഴക്കാട്

Related Articles