ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും സുപ്രീംകോടതിയെയും വിമര്‍ശിച്ച കേസില്‍ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴയടക്കാന്‍ വിധിച്ചിരിക്കുകയാണ് സുപ്രീംകോടതി. സെപ്റ്റംബര്‍ 15ന് മുമ്പ് പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷത്തേക്ക് അഭിഭാഷകവൃത്തി വിലക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ചീഫ് ജസ്റ്റിസുമാരെയും സുപ്രീം കോടതിയേയും വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ് നേരത്തെ ട്വീറ്റ് ചെയ്ത കുറിപ്പുകളാണ് കേസിനാധാരം. ഭാവിയില്‍ ചരിത്രകാരന്മാര് കഴിഞ്ഞ ആറ് വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ ഇന്ത്യയിലെ ജനാധിപത്യം എങ്ങനെ തകര്‍ക്കപ്പെട്ടെന്ന് അവര്‍ വിലയിരുത്തുമ്പോള്‍, അതില്‍ സുപ്രീം കോടതിയുടേയും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടേയും പങ്ക് പ്രത്യേകം രേഖപ്പെടത്തപ്പെടും എന്നതായിരുന്നു ജലൈ 27ന് പോസ്റ്റ് ചെയ്ത പ്രശാന്ത് ഭൂഷന്റെ ട്വീറ്റിന്റെ സംഗ്രഹം.
”ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് നാഗ്പൂര്‍ രാജ്ഭവനില്‍ ബി.ജെ.പി നേതാവിന്റെ 50ലക്ഷം വിലയുള്ള ആഢംബര ബൈക്ക് ഹാര്‍ലി ഡേവിഡ്സണ് ഹെല്‍മെറ്റ് ഇല്ലാതെ ഓടിക്കുന്നു. സുപ്രീംകോടതി ലോക്ക്ഡൗണിലാണ്. സാധാരണ പൗരന്റെ നീതി ലഭിക്കാനുള്ള മൗലികാവകാശം നിഷേധിക്കപ്പെടുന്നു” എന്നതായിരുന്നു ജൂണ്‍ 29ലെ ട്വീറ്റ്. ഈ ട്വീറ്റുകളില്‍ ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ഭൂഷണെ വെറുതെവിടണമെന്ന് വ്യാപകമായ ആവശ്യങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവന്നിരുന്നു. മാപ്പ് പറയാനുള്ള നിരവധി അവസരങ്ങള്‍ കോടതി നല്‍കിയിട്ടും ഭൂഷണ് മാപ്പ് പറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുകയായിരുന്നു. ജനങ്ങളുടെ വിശ്വാസമാണ് നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും അതിളക്കുന്ന ദുഷ്പ്രചരണമാണ് ഭൂഷണ് നടത്തിയതെന്നുമായിരുന്നു ഭൂഷണെ കുറ്റക്കാരനാണെന്ന് വിധിച്ചുകൊണ്ടുള്ള വിധിയില്‍ പറയുന്ന കാര്യം.
Also read: “മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” അണയുമ്പോൾ


എന്നാല്‍, വിധിവന്നയുടനെത്തന്നെ ഭൂഷന്റെ ആദ്യപ്രതികരണം വന്നുകഴിഞ്ഞു. എന്റെ അഭിഭാഷകനും സുഹൃത്തുമായ രാജിവ് ധവാന് കോടതി വിധിക്ക് ശേഷം എനിക്ക് ഒരു രൂപ സംഭാവന തന്നു. ഞാന്‍ അത് അപ്പോള്‍ തന്നെ നന്ദിപൂര്‍വം വാങ്ങിച്ചുവെന്നായിരുന്നു ചിത്രസഹിതം പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ ഭൂഷണ് പ്രതികരിച്ചത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
പ്രശാന്ത് ഭൂഷണ് കോടതി വിധിച്ചത് ഒരു രൂപയുടെ പിഴയാണെങ്കില്‍ പോലും ജനാധിപത്യ ഇന്ത്യയില്‍ ആ ഒരു രൂപയ്ക്ക് വലിയ വിലയുണ്ട്. പിഴ ഈടാക്കുന്നതോടെ ഭൂഷണ് കുറ്റക്കാരന്‍ തന്നെയാണെന്ന് കോടതി വീണ്ടും വീണ്ടും ആവര്‍ത്തിച്ചുറപ്പിക്കുകയാണ്! ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൂച്ചുവിലങ്ങാണ്. ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നതും അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതും ഇന്ത്യന്‍ ഭരണഘടന തന്നെ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്പെട്ടതാണെന്നിരിക്കെ ഭാവിയില്‍ ഇതിന്റെ ചുവടുപിടിച്ച് മറ്റു കേസുകളിലും ഒട്ടനേകം പ്രതികൂല വിധികള്‍ വരാന്‍ സാധ്യത നമ്മള് മുന്നില്‍ കാണേണ്ടതുണ്ട്.
Also read: ഇസ് ലാമിനെ സരളമായി പരിചയപ്പെടാം
അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് ഒരു ജനാധിപത്യസമൂഹത്തിന്റെ അടിത്തറ നിലനില്‍ക്കുന്നത്. വിയോജിപ്പിന്റെ സ്വരങ്ങള്‍ ഇല്ലാതാക്കുന്നതും അടിച്ചമര്‍ത്തുന്നതും ജനാധിപത്യപ്രക്രിയയെ തകര്‍ക്കുകയേ ചെയ്യുകയുള്ളൂ. മഹത്തായ ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 19 (1) എ വളരെ വ്യക്തമായ പൗരന് അനുവദിച്ചുനല്‍കേണ്ട അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ജുഡീഷ്യറിയുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ പൗരന്മാരുടെ നീതിക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ജുഡീഷ്യറിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് പൊതുസമൂഹത്തിന്റെ പരിശോധനകളും വിലയിരുത്തലുകളും കൂടിയേ തീരു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ് കേസെടുത്തിരിക്കെ അദ്ദേഹം മുന്നോട്ട് വെച്ച കാര്യങ്ങളിലെ വസ്തുതയും ഗൗരവവും നാം അന്വേഷിക്കേണ്ടതുണ്ട്.