‘ഈ ഖബര്‍ തുറന്ന് ഞങ്ങള്‍ക്ക് ഞങ്ങളുടെ ചങ്ങാതിയെ ഒരിക്കല്‍ കൂടി കാണിച്ചു തരുമോ?!. ശരിക്കും ഇസ്‌ലാം ബര്‍നാത് ഇതിനുള്ളില്‍ ഉണ്ടോ’? ഫലസ്തീനിലെ റാമല്ലയുടെ പ്രാന്തപ്രദേശമായ ബില്‍ഇന്‍ ഗ്രാമത്തില്‍ കുഞ്ഞു ഖബറിന് മുന്നില്‍ ഒരു സംഘം കുട്ടികള്‍ ചുറ്റുകൂടി വിതുമ്പുന്നതാണ് രംഗം. കാണുന്നവരുടെയും കേള്‍ക്കുന്നവരുടെയും കരളലിയിപ്പിക്കുന്ന ഇത്തരം നിരവധി ദൃശ്യങ്ങളാണ് ഫലസ്തീനിലെ വിവിധ ദിക്കുകളില്‍ നിന്നും നമുക്ക് കാണാന്‍ കഴിയുക. ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമാണ് അവരുടെ അനുഭവങ്ങള്‍ പുറത്തുവിടുന്നത്.
മേയ് 18ന് ഇസ്രായേലിന്റെ നരനായാട്ടിനെതിരെ നടന്ന തങ്ങളുടെ ഗ്രാമത്തില്‍ നടന്ന പ്രതിഷേധത്തിന്റെ മുന്‍നിരയിലായിരുന്നു 16കാരനായ ഇസ്‌ലാം വാഇല്‍ ബര്‍നാത്. എന്നാല്‍ നരഭോജികളായി സയണിസ്റ്റ് സൈന്യം നിഷ്ഠൂരം ഇസലാമിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുഹൃത്തുക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് ഇസ്‌ലാം തല്‍ക്ഷണം കൊല്ലപ്പെടുന്നത്.
അവന്‍ ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ടു പോകുമെന്ന് കരുതിയിരുന്നില്ല. ഈ ഗ്രാമത്തിലെ ഏറ്റവും സന്തോഷവാന്മാരില്‍ ഒരുവനായിരുന്നു അവന്‍.- കൂട്ടുകാര്‍ വിതുമ്പലടക്കി പറഞ്ഞു.


ഇസ്ലാം വളരെ സന്തോഷവാനായിരുന്നു. അവന്‍ എപ്പോഴും നമ്മെ ചിരിപ്പിക്കുകയും നമുക്ക് വേണ്ടി സമയം കണ്ടെത്തുകയും ചെയ്യുമായിരുന്നു. മറ്റുള്ളവര്‍ക്ക് ഏറ്റവും നല്ലത് മാത്രമേ അവന്‍ ആഗ്രഹിച്ചിരുന്നുള്ളൂ. അവന്‍ ആരെയും വേദനിപ്പിച്ചിരുന്നില്ല- 14കാരമായ മുഹമ്മദ് സൈദ് പറഞ്ഞു.
ഇസ്ലാമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഫലസ്തീനികള്‍ ദേശവ്യാപകമായി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. ‘നദിയില്‍ നിന്നും കടലിലേക്ക്’ എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് പേരാണ് പിറ്റേന്ന് മുതല്‍ ഇസ്രായേല്‍ വംശഹത്യക്കെതിരെ തെരുവിലിറങ്ങിയത്.
ജറുസലേമിലെ ഷെയ്ഖ് ജര്‍റ മേഖലയിലെ ഫലസ്തീനികളെ വീടുകളില്‍ നിന്ന് ബലമായി കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെയാണ് ഇപ്പോള്‍ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രായേല്‍ സൈനിക അധിനിവേശത്തിന് കീഴിലുള്ള വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം മെയ് 18ന് നാല് പ്രതിഷേധക്കാരെയാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ 29ന് ആരംഭിച്ച വെസ്റ്റ്ബാങ്കിലെ പ്രക്ഷോഭത്തില്‍ മാത്രം കൊല്ലപ്പെട്ടത് 29 പേരാണ്. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 16കാരനായ ഇസ്‌ലാം.
അവന്‍ പിന്നെ എഴുന്നേറ്റില്ല
മെയ് 18ന് ഉച്ചക്കു ശേഷമാണ് ഇസ്ലാമും സഹപ്രവര്‍ത്തകരും പ്രക്ഷോഭത്തിനായി ബില്‍ഇന്‍ ഗ്രാമത്തിലെത്തിയത്. ഇവിടെ ഇസ്രായേല്ഡ സൈന്യവുമായി സംഘര്‍ഷമുണ്ടാകുന്ന സ്ഥിരം പ്രദേശമായ ലയ്മൂനിലായിരുന്നു ഒരുമിച്ചു കൂടിയത്. പിന്നാലെ ഇസ്രായേല്‍ സൈന്യം ഇവിടെയെത്തി. ഉടനെ ആക്രമണവും ആരംഭിച്ചു. വെടിയൊച്ചകളും ടിയര്‍ ഗ്യാസും സൗണ്ട് ബോംബും പ്രയോഗിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സ്ഥിരമായി ഇതാണ് ഉപയോഗിക്കാറുള്ളത്.
ഇസ്ലാമിന്റെ സുഹൃത്തായ 14കാരന്‍ അബ്ദുല്ല സൈദ് ബോംബിങ് ഭയന്ന് ആള്‍ക്കുട്ടത്തിന് പിന്നില്‍ ഒളിച്ചു. പെട്ടെന്ന് വെടിയുണ്ടകളുടെ ഘോരശബ്ദം കേട്ടു. എല്ലാവരും ചിതറി വീണു. ഞങ്ങള്‍ എല്ലാവരും എഴുന്നേറ്റിട്ടും ഇസ്ലാം എഴുന്നേറ്റില്ല. ഓടിച്ചെന്ന് നോക്കിയപ്പോള്‍ അവന്റെ തലയില്‍ നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നു. എല്ലാരും അവനെ എടുത്ത് ആശുപത്രിയിലേക്ക് ഓടി. ഒരു മണിക്കൂറിനകം തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ അവന്റെ മരണം സ്ഥിരീകരിച്ചു.- സൈദ് പറയുന്നു.
നാലു മക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടതിന്റെ മാനസിക ആഘാതത്തിലാണ് ഇസ്ലാമിന്റെ മാതാവ് ജന്ന. നിശബ്ദമായി കണ്ണുനീര്‍ ഒഴുക്കി വീടിനകത്ത് കഴിയുന്ന ഉമ്മയെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. മകന്റെ വേര്‍പാട് താങ്ങാനാകാതെ ആഘാതത്തില്‍ മൗനം പൂണ്ടിരിക്കുകയാണ് പിതാവ് വാഇല്‍.
എല്ലാ ആഴ്ചയും നടക്കുന്ന ഇസ്രായേല്‍ വിരുദ്ധ സമരത്തില്‍ കൃത്യമായി പങ്കെടുക്കുന്നവരായിരുന്നു തന്റെ പേരക്കുട്ടികളെല്ലാം എന്ന് 75കാരിയായ ഇസ്ലാമിന്റെ വല്യുമ്മ ഇന്‍തിസാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അതില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. സമരം തുടങ്ങി ഒരു മണിക്കൂര്‍ ആയപ്പോഴേക്കും ഇസ്ലാമിന് പരുക്കേറ്റ വാര്‍ത്തയാണ് ആദ്യം ഞങ്ങളെ തേടിയെത്തിയത്- ഇത് പറയുമ്പോള്‍ ഇന്‍തിസാറിന് കരച്ചിലടക്കാനായില്ല. അഴന്‍ എന്റെ ആടുകളെ മേയ്ക്കാനും മുറ്റത്തെ ചെടികള്‍ പരിപാലിക്കുന്നതിനും വൃത്തിയാക്കുന്നതിനുമെല്ലാം എന്നെ സഹായിക്കുമായിരുന്നു- ഇന്‍തിസാര്‍ പറഞ്ഞു.
അവന്‍ വളരെ വാത്സല്യമുള്ളവനായിരുന്നു, അവന്‍ എന്നെ ഒരിക്കലും ഒറ്റയ്ക്കാക്കിയില്ല. അവന്റെ അഭാവം സഹിക്കാനും അവനില്ലാതെ എന്റെ ജീവിതം എങ്ങനെ തുടരാന്‍ കഴിയുമെന്നും എനിക്കറിയില്ല, എന്റെ ഹൃദയം തീജ്വാലകളാല്‍ കത്തുന്നതായാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ക്ക് വളരെ വലിയ ഞെട്ടലാണ് ഇത്. അവന്‍ വളര്‍ന്നു സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് മുമ്പ് തന്നെ അവനെ നഷ്ടപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്‌കൂളില്‍ ഏറ്റവും മികച്ചവനാകുമെന്നും ബിരുദം നേടി പഠനം തുടരുമെന്നും അവന്‍ ഉമ്മയോട് വാഗ്ദാനം ചെയ്തിരുന്നു- ഇന്‍തിസാര്‍ പറഞ്ഞു നിര്‍ത്തി.
ഞങ്ങള്‍ ഇന്നലെയും ഒരുമിച്ചാണ് കളിച്ചത്
ഇസ്‌ലാം ബര്‍നാത് മികച്ച ഒരു ഫുട്‌ബോള്‍ കളിക്കാരനും നായകനുമായിരുന്നു. തന്റെ വീടിന് സമീപത്തെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനവും അവന്‍ നല്‍കിയിരുന്നു. എല്ലാ ദിവസവും വൈകുന്നേരം വീടിനടുത്തുള്ള വയലില്‍ വെച്ചാണ് ഫുട്്‌ബോള്‍ കളിക്കുന്നത്.
സമരത്തിന് പോകുന്നതിന് മുമ്പ് ഞങ്ങള്‍ ഇന്നലെയും ഒരുമിച്ചാണ് കളിച്ചത്. കളിക്കിടെ ഞങ്ങള്‍ തര്‍ക്കിച്ചു. എനിക്ക് ദേഷ്യം വന്നതിനെത്തുടര്‍ന്ന് ഞാന്‍ വീട്ടിലേക്ക് പോയി. ഇന്ന് ഞാന്‍ അവനോട് ക്ഷമ ചോദിക്കുകയാണ്. അവനോട് എനിക്ക് ഒരിക്കലും ദേഷ്യപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അവന്‍ മടങ്ങിവരണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.- 11കാരനായ അവന്റെ സുഹൃത്ത് നര്‍സീന്‍ വിതുമ്പലടക്കി പറയുന്നു.


റമദാനില്‍ സംഘടിപ്പിച്ച ലീഗ് മത്സരത്തില്‍ അവന്‍ പങ്കെടുത്ത ടീമിന്റെ പേര് അല്‍ അഖ്‌സ രക്തസാക്ഷികള്‍ എന്നായിരുന്നു. ഇന്ന് അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. അവന്‍ ശരിക്കും രക്തസാക്ഷിയായി. ഫുട്‌ബോള്‍ മത്സരത്തില്‍ അവന്‍ വിജയിച്ചില്ലെങ്കിലും. അവന്‍ വളരെ വ്യത്യസ്തനും മികച്ച കളിക്കാരനുമായിരുന്നു-നര്‍സീന്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇസ്ലാമും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. അവിടെ അവനും സഹോദരന് മുഹമ്മദിനുമായി പുതിയ മുറിയുണ്ടായിരുന്നു. ഇന്ന് ഈ റൂമില്‍ ഞാന്‍ ഒറ്റക്കാണ്. ഞാന്‍ കളിക്കുകയും തല്ലുകൂടുകയും ചെയ്തിരുന്ന എന്റെ സഹോദരന്‍ ഇപ്പോള്‍ ഇവിടെ ഇല്ല. സൈന്യം അവനെ കൊന്നു, മുഹമ്മദ് പറഞ്ഞു.
സമരത്തിന് പോകും മുന്‍പ് വീട്ടില്‍ ഉണ്ടാക്കിയ ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ അവന്‍ നിന്നില്ല. സമരത്തിന് നേരം വൈകുമെന്നായിരുന്നു അവന്‍ പറഞ്ഞത്. ‘പ്രതിഷേധത്തിനിടെ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ നമ്മുടെ ഉമ്മയെയും ഉപ്പയെയും കരയാന്‍ അനുവദിക്കരുത് എന്നതാണ് ഇസ്ലാം എന്നോട് അവസാനമായി പറഞ്ഞത്, സമരത്തിനിടെ കൊല്ലപ്പെടുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നില്ല. പരുക്കേല്‍ക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്യുമെന്നാണ് അവന്‍ കരുതിയിരുന്നത്- മുഹമ്മദ് പറഞ്ഞു.
അവലംബം: middleeasteye.net
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്