Current Date

Search
Close this search box.
Search
Close this search box.

പാകിസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി

അവിശ്വാസ പ്രമേയത്തിന് ഇടം നൽകാതെ പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചു വിട്ടു കൊണ്ടുള്ള പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തീരുമാനം ആഗോള തലത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ഇരുപതു വർഷക്കാലമായി പാക്കിസ്ഥാൻ രാഷ്ട്രീയത്തിന്റെ ഉത്ഥാനപതനങ്ങളെ കണ്ടും വിലയിരുത്തിയും വളർന്ന ഒരു വിദ്യാർഥി എന്ന നിലക്ക് എനിക്കിതിൽ ഒട്ടും ആശ്ചര്യം തോന്നുന്നില്ല.എനിക്ക് ചോദിക്കാനുള്ളത് എന്തേ ഇതിത്ര വൈകിപ്പോയി എന്നതാണ്.പാക്കിസ്ഥാനിലുളളത് രാഷ്ട്രീയ പ്രതിസന്ധിയൊന്നുമല്ല. സാധാരണ സംഭവിക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങൾ ഇത്തവണ കുറച്ചു വൈകിപ്പോയി എന്നതു മാത്രമാണ്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അല്പം ചില നേതാക്കൾ മാത്രമാണ് പാക്കിസ്ഥാനിൽ കുറച്ചെങ്കിലും കാലം ഭരണത്തിൽ നിലനിന്നത്.എഴുപത്തിയഞ്ച് വർഷം മുമ്പ് രാജ്യം സ്ഥാപിതമായതിന് ശേഷം ഖാന്റെ മുൻഗാമികളിൽ ഒരാൾ പോലും മുഴുവൻ കാലയളവും അതിജീവിച്ചിട്ടില്ലെന്നതാണ് ചരിത്ര സത്യം.

ഖാൻ ഒരു സാധാരണ പ്രധാനമന്ത്രിയായിരുന്നില്ല. അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം നിക്ഷിപ്ത താൽപ്പര്യങ്ങളെ വെല്ലുവിളിച്ചു. അഴിമതി തുടച്ചുനീക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പുതിയതും സ്വതന്ത്രവുമായ വിദേശനയം രൂപപ്പെടുത്തി. സ്വന്തം ഭരണത്തെ പോലും അപകടത്തിലാക്കുമെന്നറിഞ്ഞിട്ടും യുഎസിന്റെ നേരിട്ടുള്ള പണയക്കാരനാകാൻ അദ്ദേഹം വിസമ്മതിച്ചു. എല്ലാറ്റിനുമുപരിയായി, പതിറ്റാണ്ടുകളായി പാക്കിസ്ഥാന്റെ ജനാധിപത്യ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ദുർഗന്ധം വമിക്കുന്നതും അഴിമതിയാൽ ചീഞ്ഞളിഞ്ഞതുമായ ദ്വികക്ഷി സമ്പ്രദായത്തിന്റെ പൂപ്പൽ അയാൾ തകർത്തു കളഞ്ഞു.

ഇത് ഇമ്രാന് ധാരാളം ശത്രുക്കളെ ഉണ്ടാക്കാൻ പോന്ന ഒരു തീരുമാനമായിരുന്നു. അതു തന്നെ സംഭവിച്ചു. ഏറെ വൈകാതെ ഇമ്രാന് ശത്രുക്കൾ ഏറി വന്നു. ഇതിൽ ആന്തരികവും ബാഹ്യവുമായ ശാത്രവ പക്ഷക്കാരും അവരുടെ നീക്കങ്ങളുമുണ്ടായി. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. മികച്ച അവസരമെന്ന നിലക്ക് അവർ ഇമ്രാനെ തേടി വന്നിരിക്കുകയാണിപ്പോൾ.

എന്നാൽ നിലവിലെ തർക്കം വിശകലനം ചെയ്യുന്നതിന് മുമ്പ്, ഖാൻ സ്ഥാപിച്ച പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ, മൂവ്‌മെന്റ് ഫോർ ജസ്റ്റിസ്) രണ്ടായിരത്തി പതിനെട്ടിൽ അധികാരം നേടിയത് മുതൽ ആക്രമണത്തിന് ഇരയാണെന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്. പിടിഐ വിജയിച്ചില്ല. ഖാൻ കൊതിച്ച ഭൂരിപക്ഷം അതിന് ലഭിച്ചില്ല.അതായത് അദ്ദേഹത്തിന്റെ പാർട്ടിക്ക് തുടക്കം മുതലേ ഒരു കൂട്ടുകക്ഷി ഗവൺമെന്റിനെ കൂട്ടിപ്പിടിക്കേണ്ടതായി വന്നു എന്നർത്ഥം.

എന്നാൽ സമീപ മാസങ്ങളിൽ ഈ സഖ്യ ശക്തിയുടെ പിന്തുണയും അനിശ്ചിതത്വത്തിലായി. അധികം വൈകാതെ സഖ്യം തകർന്നു. നല്ല കാലത്ത് കൂട്ടുനിന്നവർ പക്ഷേ ശത്രുക്കളുടെ കരുനീക്കങ്ങൾക്കും കുതന്ത്രങ്ങൾക്കും വഴങ്ങി. കൈക്കൂലിയും യുഎസ് നയതന്ത്രജ്ഞരുടെ രഹസ്യ പ്രോത്സാഹനവും ഈ ഉലച്ചിലിന് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് മറ്റു ചില റിപ്പോർട്ടുകൾ പറയുന്നത്.

ശക്തമായ ദൗർബല്യങ്ങൾ
ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഖാന് നിരവധി മേന്മകളുണ്ട്. എന്നാൽ പാകിസ്ഥാൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഒരു വലിയ ദൗർബല്യം ഇമ്രാനിലുണ്ട്. സ്വന്തം പ്രകൃതത്തിനും ആഴത്തിലുള്ള ഇസ്ലാമിക വിശ്വാസത്തിന്റെ പ്രമാണങ്ങൾക്കും അനുസൃതമായി ജീവിക്കുന്ന ഇമ്രാൻ അഴിമതിക്കാരനല്ലെന്നതാണ് ഈ ദൗർബല്യം. ഈ ഗുണം പാകിസ്ഥാൻ രാഷ്ട്രീയത്തിൽ അസാധാരണമാണെന്ന് മാത്രമല്ല ഒരു മഹാ പോരായ്മ കൂടിയാണ്.

ഖാന്റെ സത്യസന്ധതയാണ് പലർക്കും തലവേദനയുണ്ടാക്കുന്നത്. ഇതു കൊണ്ടു തന്നെ പാക്കിസ്ഥാന്റെ മണ്ണിൽ രാഷ്ട്രീയ വിപ്ലവം തീർത്ത പല വമ്പന്മാർക്കും അദ്ദേഹത്തിന്റെ രീതികൾ അത്ര രുചിക്കുന്നില്ല.കാരണം അഴിമതിയുടെ ആവരണമില്ലാത്ത രാഷ്ട്രീയം അവർക്ക് അന്യമോ അപരിചിതമോ ആണ്. കഴിഞ്ഞയാഴ്ച്ച ഖാന്റെ രാഷ്ട്രീയ ജീവിതത്തിന് മരണ മണി മുഴക്കാൻ കാത്തിരുന്നവർക്ക് പിടി കൊടുക്കാതെ അദ്ദേഹം പാർലമെന്റ് പിരിച്ചു വിടുകയുണ്ടായി. എന്നാൽ ഈ തീരുമാനം ഖാന്റെ എതിരാളികളായ പാകിസ്ഥാൻ മുസ്ലീം ലീഗിലെയും (നവാസ്) പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയിലെയും (പിപിപി) ആളുകളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഇരുളടഞ്ഞ മുറികളിൽ നടത്തുന്ന ഹീനമായ ഇടപാടുകളല്ല മറിച്ച് ജനങ്ങളുടെ ജനാധിപത്യ ഇച്ഛാശക്തിയാണ് പാക്കിസ്ഥാന്റെ ഭാവി നിർണ്ണയിക്കേണ്ടത് എന്നാണ് അവരിപ്പോൾ പറയുന്നത്. എത്ര ക്രൂരമാണ് ഈ സംസാരമെന്നൊന്ന് ആലോചിച്ച് നോക്കൂ.കാരണം, ഇത്രമേൽ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിൽ പോലും ആ രാജ്യത്തേക്ക് പോകാനുള്ള തീരുമാനമെടുക്കാൻ കെൽപ്പുള ഒരു
മുൻഗാമിയെയും എത്ര തല പുകഞ്ഞാലോചിച്ചിട്ടും പാകിസ്ഥാനിൽ എന്നല്ല ഒരു രാജ്യത്തും നിന്നും എനിക്ക് കണ്ടെത്താൻ സാധിക്കുന്നില്ല.

ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രധാനമന്ത്രിമാരിൽ ഒരാളായ മാർഗരറ്റ് താച്ചറെയെ നശിപ്പിക്കാനായി എന്റെ സ്വന്തം രാജ്യമായ ബ്രിട്ടനിൽ, 1990-ൽ (ഖാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോൾ) ടോറി പാർട്ടി അടച്ചിട്ട മുറികളിൽ ഗൂഢാലോചന നടത്തുന്നതിനു പകരം ഒരു തിരഞ്ഞെടുപ്പ് മുന്നോട്ടു വെച്ചിരുന്നെങ്കിൽ അതെത്ര നന്നാകുമായിരുന്നെന്ന് ഇപ്പോൾ ആലോചിച്ചു പോകുകയാണ്.

അന്ന് അത് ചെയ്യേണ്ടത് ശരിയായ കാര്യമായിരിക്കാം. കൂടുതൽ ജനാധിപത്യപരവും അതു തന്നെയാകാം. അതുകൊണ്ടാണ് തന്ത്രശാലികൾ ഒരു തിരഞ്ഞെടുപ്പ് ആഗ്രഹിക്കാത്തത്. താച്ചർ തങ്ങളേക്കാൾ ജനപ്രിയനാണെന്ന് അവർ രഹസ്യമായി ഭയപ്പെട്ടു, അവർ ശരിയായിരുന്നെന്ന് എനിക്ക് ധൈര്യ സമേതം പറയാൻ പറ്റും.

ഖാനെ പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളായ ബിലാവൽ ഭൂട്ടോ സർദാരിയോ ഷെഹ്ബാസ് ഷെരീഫോ ഒരു ജനകീയ വോട്ടിൽ എന്താണ് തെറ്റെന്ന് വിശദീകരിക്കാൻ ഇതുവരെ തുനിഞ്ഞിട്ടില്ല. ഖാൻ തന്റെ റെക്കോർഡിൽ പോരാടുമെന്ന് ഇരുവർക്കും അറിയാം.ഒരു ദുർബല ശക്തിയായി ഖാനെ സമീപിക്കുന്നത് ബുദ്ധിയല്ലെന്ന കാര്യവും അവർ തിരിച്ചറിയുന്നു.

സാമ്പത്തിക പ്രതിസന്ധി
നാല് വർഷം മുമ്പ് അധികാരമേറ്റപ്പോൾ ഇമ്രാൻ ഖാൻ സാമ്പത്തികമായി തകർച്ച സംഭവിച്ച ഒരു രാജ്യത്തിന്റെ കടിഞ്ഞാണാണ് പിടിച്ചതെന്ന് മറ്റാരെക്കാളും ഷെരീഫിന് നല്ല ബോധ്യമുണ്ട്. കാരണം സ്വന്തം പാർട്ടിയായ പാകിസ്ഥാൻ മുസ്ലീം ലീഗിന്റെ മോശമായ കെടുകാര്യസ്ഥതയുടെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്ന സാമ്പത്തിക അസ്ഥിരത . ഖാൻ അധികാരമേറ്റതുമുതൽ അഭിമുഖീകരിക്കാൻ പാടുപെടുന്ന വൻ കടബാധ്യതയുടെയും മൊത്തത്തിലുള്ള സാമ്പത്തിക കഴിവില്ലായ്മയുടെയും ശില്പിയാണ് തന്റെ പാർട്ടിയെന്ന് സ്വകാര്യമായി അല്പം വേദനയോടെയെങ്കിലും ബുദ്ധിമാനും പ്രതിഭാധനനുമായ ഷരീഫ് അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
ഫലത്തിൽ ശൂന്യമായ ഒരു ട്രഷറി, തകർന്ന നികുതി സമ്പ്രദായം, കഷ്ടിച്ച് രണ്ട് മാസത്തെ വിദേശനാണ്യ ശേഖരം എന്നിവ പുതിയ നേതാവിന് അന്ന അവകാശമായി ലഭിച്ചു. പാക്കിസ്ഥാന്റെ വിദേശ കടങ്ങൾ കൈകാര്യം ചെയ്യാൻ, ഖാൻ സർക്കാർ വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും വില വർധിപ്പിച്ചു, ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തിലെ ദരിദ്ര ജനങ്ങളെയായിരുന്നു.തൽഫലമായി ജനരോഷവും ജനവികാരവു ആളിക്കത്തി. പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഖാൻ സർക്കാറിന് പരിഹാരം നൽകാനായിട്ടില്ല എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

എന്നാൽ കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധിയെ (മറ്റെല്ലാ ലോക നേതാക്കൾക്കുമൊപ്പം) നേരിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിയുകയും നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. ഈ കാലത്ത് പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ ഏറെ ഭീഷണികൾ നേരിട്ട സമയമായിരുന്നല്ലോ. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന് അദ്ദേഹത്തിന്റെ എതിരാളികൾ ഖാനെ കുറ്റപ്പെടുത്തുന്നത് എത്രമാത്രം വിചിത്രമാണ് ആലോചിച്ചാൽ മനസ്സിലാകും.

എന്നിരുന്നാലും, ഈ ബുദ്ധിമുട്ടുകൾക്കിടയിലും, ഖാൻ തന്റെ ഓഫീസിലേക്ക് ശുഭാപ്തിവിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നല്ല വായു കടത്തി വിടുന്നുണ്ടായിരുന്നു. പി.പി.പി യുടെ മിടുക്കനും കരിസ്മാറ്റിക് സ്ഥാപകനുമായ സുൽഫിക്കർ അലി ഭൂട്ടോ (ഖാന്റെ നിലവിലെ എതിരാളി, പി.പി.പി തലവൻ സർദാരിയുടെ മുത്തച്ഛൻ) മുതൽ ഏതൊരു പാകിസ്ഥാൻ നേതാവിനേക്കാളും അന്താരാഷ്ട്ര വേദിയിൽ അദ്ദേഹത്തിന് മികച്ച സാന്നിധ്യമുണ്ടെന്ന കാര്യവും പ്രസക്തമാണ്.

അലി ഭൂട്ടോയെപ്പോലെ പാക്കിസ്ഥാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി രൂപപ്പെടുത്താൻ ഖാനും പ്രവർത്തിച്ചിട്ടുണ്ട്. മുഹമ്മദ് അയൂബ് ഖാന്റെ ദീർഘകാല സ്വേച്ഛാധിപത്യത്തിന്റെ സവിശേഷതയായ അമേരിക്കയോടുള്ള അമിതാശ്രയത്തിൽ നിന്ന് അലി ഭൂട്ടോ പാകിസ്ഥാനെ പിന്തിരിപ്പിച്ചു. ഇറാൻ, മലേഷ്യ, തുർക്കി തുടങ്ങിയ മുസ്ലീം രാഷ്ട്രങ്ങളെ ഖാൻ ചേർത്തുപിടിച്ചു. ചൈനയുമായും റഷ്യയുമായും സഖ്യം കെട്ടിപ്പടുക്കാനും ബന്ധം ഊഷ്മളമാക്കാനും ശ്രമിച്ചു. സമ്പൂർണ്ണമല്ലെങ്കിലും ഒരു സമ്മിശ്ര വിജയത്തിന് ഈ നയം തുണക്കുകയുണ്ടായെന്നത് പലരും സമ്മതിക്കുന്ന കാര്യമാണ്.

സൗദി സ്വാധീനം
വ്യത്യസ്തങ്ങളായ ഭരണ തത്വങ്ങളുള്ള രണ്ട് ഭരണകൂടങ്ങളായ സൗദി അറേബ്യയെയും ചൈനയെയുമാണ് തങ്ങളുടെ സാമ്പത്തിക പരാധീനത ശമിപ്പിക്കാനായി പാക്കിസ്ഥാൻ ആശ്രയിക്കുന്നത്. ഈ ആശ്രിതത്വമാണ് സിൻജിയാങ്ങിലെ ഉയ്ഗൂർ മുസ്‌ലിംകളോടുള്ള ചൈനീസ് പീഡനത്തിനെതിരെ ഖാൻ പരസ്യമായി സംസാരിക്കാത്തതിന്റെ പ്രധാന കാരണം. സൗദിയുടെ നേതൃത്വത്തിലുള്ള യുദ്ധത്തിന്റെ ഫലമായി ലക്ഷക്കണക്കിന് ആളുകൾ നേരിട്ടോ അല്ലാതെയോ മരിച്ച യെമനിൽ നടന്നുകൊണ്ടിരിക്കുന്ന ദുരന്തത്തെക്കുറിച്ചും ഖാൻ നിശബ്ദനാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഇമ്രാന് സ്വതന്ത്ര്യമായി സ്വന്തം അഭിപ്രായ പ്രകടനത്തിന് തടയിടാൻ പല ഘടകങ്ങളുമുണ്ട്. യമനിൽ മാത്രമല്ല,സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ (എം‌.ബി‌.എസ്) സർവ്വ ഉദ്ദേശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി പ്രതികരിക്കാൻ അദ്ദേഹത്തെ പാകപ്പെടുത്തുകയെന്നതാണ് ഖാന്റെ ബാങ്ക് മാനേജറുടെ ഇപ്പോഴത്തെ മുഖ്യ തൊഴിൽ. മലേഷ്യയിലും തുർക്കിയിലും ഇസ്ലാമിക സഖ്യത്തിൽ ചേരാൻ ഖാൻ ആഗ്രഹിച്ചെങ്കിലും തക്ക സമയത്ത് എം.ബി.എസ് ഇടപെടൽ നടത്തുകയാണുണ്ടായത്.

മനുഷ്യാവകാശങ്ങളുടെ കടുത്ത സംരക്ഷകനായി അദ്ദേഹത്തെ നോക്കി കണ്ടിരുന്ന കാലത്ത് , തന്നെ പിന്തുണച്ചിരുന്ന ആളുകളെ ഖാൻ നിരാശപ്പെടുത്തിയെന്നത് ശ്രദ്ധേയമായ കാര്യ മാധ്യമപ്രവർത്തകർക്കും സ്വതന്ത്ര മാധ്യമങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് അദ്ദേഹം അനുമതി നൽകിയെന്ന് അവർ ഇപ്പോൾ ആരോപിക്കുന്നു, ഇത് പാകിസ്ഥാൻ സൈന്യത്തിന്റെ ഒരു ഇഷ്ട വിഭവമായി അദ്ദേഹത്തെ മാറ്റുകയുണ്ടായി.

എന്നിരുന്നാലും, കാശ്മീരിന്റെ കാര്യത്തിൽ ഖാൻ രാഷ്ട്രതന്ത്രം പ്രകടിപ്പിച്ചു, അവിടെ സമാധാനം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തടയുകയും ചെയ്തു.

ഖാൻ അഫ്ഗാനിസ്ഥാനിൽ ഒരു സ്വതന്ത്ര രേഖയും അടിച്ചു. കഴിഞ്ഞ ഓഗസ്റ്റിലെ കാബൂളിന്റെ പതനം മുതൽ, പാക്കിസ്ഥാന്റെ യുഎസ് ഓവർ ഫ്ലൈറ്റുകളെ കുറിച്ച് വാഷിംഗ്ടണുമായുള്ള ഇടപെടലുകളും അത്ര പന്തിയല്ല. അതിലും പ്രധാനമായി, അഫ്ഗാനിസ്ഥാനിലെ പട്ടിണിയും ദാരിദ്ര്യവും ഒഴിവാക്കാൻ ഫണ്ട് അത്യന്തം ആവശ്യമായി വരുന്ന ഒരു സമയത്ത്, വാഷിംഗ്ടൺ മരവിപ്പിച്ച അഫ്ഗാൻ സ്റ്റേറ്റ് ആസ്തികളെച്ചൊല്ലി ഖാനും യുഎസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടയിട്ടുണ്ട്.

അലി ഭൂട്ടോയെപ്പോലെ, ഈ സ്വാതന്ത്ര്യം വാഷിംഗ്ടണിനെ പ്രകോപിപ്പിച്ചിരിക്കുന്നുവെന്നതാണ് ഏറെ നിർണ്ണായകം. അഫ്ഗാനിസ്ഥാനിലെ സൈനിക പരാജയത്തിന് ശേഷം, ഒരു യുഎസ് ക്ലയന്റ് രാഷ്ട്രമെന്ന നിലയിൽ പാകിസ്ഥാൻ അതിന്റെ പരമ്പരാഗത പങ്ക് പുനരാരംഭിക്കുന്നതിന് ഇതിലും വലിയ ആവശ്യകതയാണ് ഉള്ളത്.

അടിമ രാജ്യം
നിലവിൽ ലണ്ടനിലിരുന്ന് കാര്യങ്ങളെ നോക്കിക്കാണുന്ന എനിക്ക് , തന്നെ ദുർബലപ്പെടുത്താൻ യുഎസ് പ്രവർത്തിക്കുന്നു എന്ന ഖാന്റെ അവകാശവാദങ്ങൾ ശരിയാണോ എന്നറിയില്ല. പക്ഷേ, പാകിസ്ഥാൻ ചരിത്രവുമായി കൂടുതൽ പരിചയമുള്ള ആർക്കും അറിയാം, അവ മിതമായ രീതിയിൽ പറഞ്ഞാൽ, അസംബന്ധമല്ലെന്ന കാര്യം.

1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അമേരിക്ക പാക്കിസ്ഥാനെ ഒരു അടിമ രാഷ്ട്രത്തെപ്പോലെയാണ് കണക്കാക്കുന്നത്. 1958-ൽ പതിനൊന്ന് വർഷത്തെ സിവിലിയൻ ഭരണത്തിന് അന്ത്യംകുറിച്ച അട്ടിമറിക്ക് സിഐഎ രൂപം നൽകി, ക്രൂരനായ അയൂബ് ഖാന്റെ രൂപത്തിൽ പാകിസ്ഥാന്റെ ആദ്യത്തെ സൈനിക സ്വേച്ഛാധിപതിയെ അവർ പ്രതിഷ്ഠിച്ചു. മാന്യമല്ലാത്ത അലസതയോടെ, മുൻ പ്രസിഡന്റ് ഡ്വൈറ്റ് ഐസൻഹോവർ, ഏറെ വൈകാതെ തന്നെ പാകിസ്ഥാൻ സന്ദർശിച്ചുകൊണ്ട് സ്വേച്ഛാധിപത്യ ഭരണത്തിന് യുഎസ് അംഗീകാരം നൽകി.

ഐസൻഹോവർ, ലിൻഡൻ ജോൺസൺ, റിച്ചാർഡ് നിക്സൺ, ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു ബുഷ് എന്നീ അഞ്ച് യുഎസ് പ്രസിഡന്റുമാർ മാത്രമേ ഇതുവരെ പാകിസ്ഥാൻ സന്ദർശിച്ചിട്ടുള്ളൂ. അതൊരിക്കലും സിവിലിയൻ ഭരണകാലത്തുമായിരുന്നില്ലെന്നതാണ് ഏറെ വിചിത്രം. സൈനിക സ്വേച്ഛാധിപത്യ കാലത്ത് പാക്കിസ്ഥാനുള്ള യുഎസ് സഹായം കുതിച്ചുയരുന്നത് എപ്പോഴും കാണാമായിരുന്നു. ജനാധിപത്യ സ്ഥാപനങ്ങളെ പിന്തുണയ്ക്കുമെന്ന യുഎസ് അവകാശവാദങ്ങളുടെ പൊള്ളത്തരം എത്രയാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

കഴിഞ്ഞ ശരത്കാലത്തിൽ ഞാനും ഡേവിഡ് ഹേർസ്റ്റിനും അദ്ദേഹത്തെ മിഡിൽ ഈസ്റ്റ് ഐയ്‌ക്കായി അഭിമുഖം നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ജോ ബൈഡനെപ്പോലെ ഒരു യുഎസ് നേതാവ് തന്നെ ഇത്രയധികം വിളിച്ചിട്ടില്ലെന്നാണ്. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ഇത് അവിശ്വസനീയമാണ്. ഒരു പക്ഷേ യുഎസ് ധാരയോട കാണിക്കുന്ന ഈ സ്വരച്ചേർച്ചയില്ലായ്മയുടെ ശിക്ഷയായേക്കാം ഇതിലൂടെയെല്ലാം പ്രതിഫലിക്കുന്നത്.

ഇമ്രാൻ ഖാന്റെ പാക് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം ഈ സമയത്ത് ഓർക്കുന്നത് വളരെ പ്രസക്തമാണ്.
പാക്കിസ്ഥാനിലെ അമേരിക്കൻ ഇടപെടലുകളെക്കുറിച്ചും താലിബാൻ നേതാക്കൾക്കെതിരെയുള്ള അമേരിക്കൻ ഡ്രോൺ ആക്രമണത്തിന് തന്റെ രാജ്യം പച്ചക്കൊടി കാണിച്ചതിനെയുമെല്ലാം അന്ന് യുക്തമായി വിമർശിച്ച വ്യക്തിത്വമെന്ന ഖ്യാതിയോടെയായിരുന്നു അദ്ദേഹം രംഗപ്രവേശനം ചെയ്തത്.

സാധ്യതകളെ മറികടക്കുന്നു
ഖാന്റെ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഒരു ദശാബ്ദത്തിന് മുമ്പ് നിലവിലെ പി.പി.പി നേതാവിന്റെ പിതാവായ ആസിഫ് അലി സർദാരിയുടെ സർക്കാരിൽ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിക്കുമ്പോൾ ഇതേ തത്ത്വചിന്തയുള്ളയാളായിരുന്നുവെന്നതും വളരെ പ്രസക്തമാണ്.

2011-ൽ അന്നത്തെ സി.ഐ.എ കരാറുകാരൻ റെയ്മണ്ട് ഡേവിസ് ലാഹോറിലെ തെരുവുകളിൽ രണ്ട് പാകിസ്ഥാനികളെ പിന്നിൽ നിന്ന് വെടിവച്ചു, തുടർന്ന് അത് നയതന്ത്ര പ്രതിരോധത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്യുകയുമുണ്ടായി.തനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുപകരം, ഡേവിസിനെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ സർദാരി ലജ്ജാകരമായി യുഎസിനെ അനുവദിച്ചു. ആ സമയത്ത് ഞാൻ പാകിസ്ഥാനിലായിരുന്നു, അമേരിക്കൻ ക്രിമിനലിസത്തോടുള്ള സർദാരിയുടെ ക്രൂരമായ വിധേയത്വം കാരണം സംജാതമായ ദേശീയ നാണക്കേടും ധാർമ്മിക ഭയവും ഇന്നും വ്യക്തമായി ഓർക്കുന്നുണ്ട്.

ഖുറേഷി ഇത് പങ്കുവെച്ചിരുന്നു. സർദാരിയുടെ സർക്കാരിൽ നിന്ന് രാജിവെച്ച് അദ്ദേഹം താമസിയാതെ ഖാന്റെ പിടിഐയിൽ ചേർന്നു.

പാക്കിസ്ഥാനിലും വിദേശത്തുമുള്ള ഖാന്റെ വിമർശകർ, അദ്ദേഹത്തിന്റെ നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ ഉത്തരവാദി അമേരിക്കയായിരിക്കുമെന്ന അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ കാര്യമായി പരിഗണിക്കുന്നില്ല. ഈ മനോഭാവം ഒന്നുകിൽ നിഷ്കളങ്കതയോ അജ്ഞതയോ അല്ലെങ്കിൽ ധിക്കാരത്തിന്റെയോ പ്രതിഫലനമായേക്കാം . വസ്‌തുതകൾ ഇപ്പോഴും അവ്യക്തമാണ്. അവയെ ഒരിക്കലും പൂർണ്ണമായി അറിയാനും മനസ്സിലാക്കാനും സാധിക്കുന്നില്ലെങ്കിലും താൻ ഭരിക്കുന്ന രാജ്യത്ത് യുഎസ് ഇടപെടൽ നടത്തുന്നതിനെ ഭയപ്പെടുന്നതിൽ ഖാൻ തികച്ചും ന്യായയുക്തനാണെന്ന് ചരിത്രം കാണിക്കുന്നത്.

മുപ്പത് വർഷം മുമ്പ് 1992 ലെ ക്രിക്കറ്റ് ലോകകപ്പിൽ എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നിയ സാഹചര്യത്തിൽ “കോണിലിരിക്കുന്ന കടുവകളെ” പോലെ നാം പോരാടേണ്ടതുണ്ടെന്ന് പറഞ്ഞ് ടീമിന് ഊർജ്ജം പകർന്ന ഇമ്രാന്റെ വാക്കുകൾ പ്രശസ്തമാണ്.

ഇന്ന് ഇമ്രാൻ ഖാൻ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾ അന്നത്തെ അവസ്ഥയെക്കാൾ ഏറെ അപകടം പിടിച്ചതാണ്. എന്നു കരുതി അയാളെ എഴുതി തള്ളാനായിട്ടില്ല.ഇതിനെക്കാൾ വിചിത്രമായ അവസ്ഥാന്തരങ്ങളോട് പടപൊരുതിയാണ് ആ നായകൻ അന്ന് കായിക ലോകത്തെ കനക കിരീടത്തിലേക്ക് നടന്നു കയറിയത്.

2018 ലെ തിരഞ്ഞെടുപ്പിൽ വിജയത്തിലൂടെ മൂന്നര വർഷം മുമ്പ് അയാൾ തിരി കൊളുത്തിയ ദൗത്യം പൂർത്തിയാക്കാനുള്ള അർഹതയും അവസരവും അദ്ദേഹത്തിനാണെന്നാണ് ഞാൻ വിശ്വസിക്കുന്നു. ഏറ്റവും ചുരുങ്ങിയത് വരുന്ന പുതിയ തിരഞ്ഞെടുപ്പിൽ തന്റെ റെക്കോർഡ് സംരക്ഷിക്കാനെങ്കിലും അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നത്.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles