പരമത വിദ്വേഷം ലോകത്തിന്റെ ശാപമാണിന്ന്. മറ്റു മതങ്ങളോട് വെറുപ്പ് പുലർത്തുക, ആ മതങ്ങളിലെ വിശ്വാസ സംഹിത അപകടകരമാണെന്ന് പ്രചരിപ്പിക്കുകയും അതിൽ വിശ്വസിക്കുന്നവരെ ഭീകരവാദികളെന്ന് മുദ്രകുത്തുകയും ചെയ്യുക, അവരോട് വിവേചനം കാണിക്കുക തുടങ്ങിയവയൊക്കെയാണ് മതവിദ്വേഷത്തിന്റെ പരിധിയിൽ വരുന്നത് .
ഇന്ന് ആഗോള തലത്തിൽ ഇവ്വിധം വേട്ടയാടപ്പെടുന്നത് ഇസ്ലാമും മുസ്ലിംകളുമാണ്. ഇസ്ലാമിനോടും അതിനെ അനുധാവനം ചെയ്യുന്നവരോടുമുള്ള വെറുപ്പ് ശക്തിപ്പെടുന്നതിന്റെ വാർത്തകളാണ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനാൽ ഇസ്ലാമോഫോബിയ ഒരു യാഥാർഥ്യമാണെന്നത് ലോകം പൊതുവെ അംഗീകരിക്കുന്നു. യൂറോപ്പിലോ ലോകത്തെ മറ്റേതെങ്കിലും ഭാഗങ്ങളിലോ നിലനിൽക്കുന്ന ഒരു പതിഭാസമല്ല ഇസ്ലാമോഫോബിയ ഇന്ന്. അതിന്റെ സ്വഭാവം മാറിയിരിക്കുന്നു. മതേതരത്വവും ജനാധിപത്യവും കൊട്ടിഘോഷിക്കുന്ന നമ്മുടെ രാജ്യത്തും ഇസ്ലാമോഫോബിയ അതിന്റെ എല്ലാ പരിധികളും ലംഘിച്ച് വളർന്നുകൊണ്ടിരിക്കുന്നു.
ഇത്രയും പറയാൻ കാരണം കഴിഞ്ഞ വർഷം ഐക്യരാഷ് ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ട ഒരു പ്രമേയവും അതിനോട് ഇന്ത്യ സ്വീകരിച്ച നിലപാടുമാണ്. മാർച്ച് 15 ഇസ്ലാമോഫോബിയക്കെതിരായ അന്താരാഷ് ട്ര ദിനമായി ആചരിക്കണമെന്ന പ്രമേയം യു. എൻ പൊതുസഭ ഏകകണ്‌ഠേന പാസ്സാക്കുകയുണ്ടായി. പ്രമേയത്തിന്റെ അവതാരകൻ യു.എന്നിലെ പാക്കിസ്ഥാൻ പ്രതിനിധി മുനീർ അക്‌റം ആണെങ്കിലും മുസ്ലി രാജ്യങ്ങളുടെ പൊതു വേദിയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലെ (ഒ.ഐ.സി) 57 അംഗ രാജ്യങ്ങളും റഷ്യയും ചൈനയും അടക്കം എട്ടു രാജ്യങ്ങളും സ്‌പോൺസർ ചെയ്തതായിരുന്നു പ്രമേയം.
ലോകത്ത് വളർന്നുവരുന്ന ഇസ്ലാമോഫോബിയക്കെതിരെ യു.എന്നിൽ ശക്തമായി പ്രസംഗിച്ചയാളാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 2019ലെ യു.എൻ പ്രസംഗത്തിൽ ഇമ്രാൻ ഇക്കാര്യം പരാമർശിക്കുകയും യു.എന്നും ലോക രാജ്യങ്ങളും ഇതിനെ ചെറുക്കാൻ രംഗത്തുവരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുകയുണ്ടായി. എല്ലാവരുടെയും മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മതത്തിന്റെ പേരിലുള്ള വിവേചനങ്ങൾക്കെതിരെ 1981ൽ യു.എൻ പ്രമേയം പാസ്സാക്കിയതും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.
യു.എൻ അംഗീകരിച്ച പ്രമേയത്തിലും ഇസ്ലാമോ മുസ്ലിംകളോ മാത്രമല്ല പരാമർശിക്കപ്പെട്ടത്. ഇസ്ലാമോഫോബിയ, സെമിറ്റിക് വിരുദ്ധത, ക്രിസ്ത്യനോഫോബിയ, മറ്റു മതങ്ങളിലെ വിശ്വാസികളോടും അതിന്റെ ആരാധനാരീതികളോടുമുള്ള വെറുപ്പ് തുടങ്ങി എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾക്കും എതിരായ പോരാട്ടത്തെക്കുറിച്ചാണ് പ്രമേയം സംസാരിക്കുന്നത്. സ്വാഭാവികമായും ഏറ്റവുമധികം വിവേചനം നേരിടുന്ന വിഭാഗം എന്ന നിലയിൽ മുസ്ലിംകളുടെ കാര്യം ഊന്നിപ്പറഞ്ഞുവെന്നു മാത്രം. ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് പള്ളികളിൽ പ്രാർഥനക്കെത്തിയ 51 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം നടന്നത് 2019 മാർച്ച് 15നായിരുന്നല്ലോ. അതിനാൽ അതേ ദിവസം തന്നെ ദിനാചാരണത്തിന് തെരഞ്ഞെടുത്തുവെന്ന് മാത്രം.
പ്രമേയത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ മുന്നിലുണ്ടായിരുന്നത് ഇന്ത്യയായിരുന്നു. ഒപ്പം ഫ്രാൻസും യൂറോപ്യൻ യൂനിയനും. ഇസ്ലോമോഫോബിക്കായ ഭരണാധിപന്മാരും ഭരണകൂടങ്ങൾ ക്കുമല്ലേ ഇത്തരമൊരു പ്രമേയത്തോട് വിയോജിക്കേണ്ടി വരിക! ഭരണകൂടത്തിന്റെ സ്പോൺസർഷിപ്പിൽ പ്രവാചക നിന്ദ നടത്തുന്ന രാജ്യമാണ് ഫ്രാൻസ്. യൂറോപ്പിലെ പല ഭരണകൂടങ്ങളും തീവ്ര വലതുപക്ഷവും കടുത്ത ഇസ്ലാമോഫോബിക്കുകളുമാണ് എന്നകാര്യത്തിലും സംശയമില്ല.
എന്നാൽ, ഇസ്ലാമോഫോബിയയെ പാടെ നിരാകരിച്ചാണ് ഇന്ത്യൻ പ്രതിനിധി റ്റി.എസ് തിരുമൂർത്തി പ്രസംഗിച്ചത്. 120 കോടി വരുന്ന ഹിന്ദുക്കളെയും 53 കോടി ബുദ്ധമത വിശ്വാസികളെയും മൂന്നു കോടി വരുന്ന സിഖ് മതക്കാരെയും പ്രമേയം ഒഴിവാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. എല്ലാ മതങ്ങൾക്കും അതിന്റെ വിശ്വാസികൾക്കും എതിരെയുമുള്ള വിവേചനങ്ങൾ പ്രമേയത്തിൽ പ്രത്യേകം എടുത്തുപറഞ്ഞതൊന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല.
ഇനി യാഥാർഥ്യത്തിലേക്ക് വരാം. സംഘ്പരിവാർ അധികാരത്തിലേറിയതോടെ ഇന്ത്യ കടുത്ത ഇസ്ലാമോഫോബിക് രാജ്യമായി മാറിയെന്നും ഭരണകൂടം നേരിട്ടാണ് അതിന് വഴിമരുന്നിടുന്നതെന്നും രഹസ്യമായ കാര്യമല്ല. രണ്ടായിരത്തോളം മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയയാൾ പ്രധാനമന്ത്രിയും വ്യാജഏറ്റുമുട്ടൽ കൊലകളിലൂടെയും വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും കുപ്രസിദ്ധനായയാൾ ആഭ്യന്തര മന്ത്രിയുമായ നാടാണ് ഇപ്പോഴത്തെ ഇന്ത്യ. മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കാനും അവരെ രാജ്യത്തുനിന്ന് പുറന്തള്ളാനും പൗരത്വ നിയമമുണ്ടാക്കുകയും മുസ്ലിം സ്ത്രീകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഹിജാബിന് വിലക്കേർപ്പെടുത്തുകയും അവരുടെ ആരാധനാലയങ്ങൾ തകർത്ത് അവിടെ അമ്പലം പണിയുകയും ബീഫിന്റെ പേരിൽ അവരെ നിഷ്ഠൂരം കൊല്ലുകയും ഗുജറാത്ത് മോഡലിൽ വംശശുദ്ധീകരണം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ഭീകര നിയമങ്ങൾ ചുമത്തി മുസ്ലിംകളെ വ്യാപകമായി കാരാഗൃഹത്തിൽ അടക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേത്. ഇതൊക്കെ തന്നെയല്ലേ ഇസ്ലാമോഫോബിയ. ഇതിനെതിരെ ഒരക്ഷരം മിണ്ടാതെ അത്തരം വിവേചനങ്ങൾക്ക് സ്തുതി പാടുന്ന പ്രധാനമന്ത്രിയാണ് നിർഭാഗ്യവശാൽ നമുക്കുള്ളത്. വസ്ത്രം കണ്ടാൽ ആളെ തിരിച്ചറിയാമെന്നും വാഹനത്തിനടിയിൽപെടുന്ന പട്ടിക്കുട്ടികളുടെ മൂല്യം പോലും മുസ്ലിംകൾക്കില്ലെന്നും തുറന്നുപറഞ്ഞയാളാണ് പ്രധാനമന്ത്രിയെന്നതും മറന്നുകൂടാ.
അതിനെ അഡ്രസ് ചെയ്യേണ്ടതില്ലെന്ന് സംഘ്പരിവാർ ഭരണകൂടത്തിന്റെ പ്രതിനിധികൾക്ക് പറയാം. അത് പക്ഷേ മതേതര ഇന്ത്യയുടെ ശബ്ദമല്ല. എന്നാൽ ഇന്ത്യൻ പ്രതിനിധി പറഞ്ഞതുപോലെ ഹിന്ദുക്കൾക്കോ ബുദ്ധ, സിഖ് വിഭാഗങ്ങൾക്കോ എതിരെ ഏതെങ്കിലും വിധത്തിലുള്ള ഫോബിയ എവിടെയുമില്ല. മ്യാന്മറിലും ശ്രീലങ്കയിലുമൊക്കെ വേട്ടക്കാരുടെ റോളിലാണ് ബുദ്ധമത സന്യാസിമാർ പോലും! താലിബാൻ ഭരണത്തിൽ അഫ്ഗാനിസ്ഥാനിലെ ബാമിയാനിൽ ബുദ്ധ പ്രതിമ തകർത്തതും പാക്കിസ്ഥാനിൽ ഹിന്ദു, സിഖ് മതവിഭാഗങ്ങൾക്കെതിരെ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളും അപലപനീയമാണെന്നതിൽ ഒരു തർക്കവുമില്ല . അതുപോലെ ബംഗ്ലാദേശിൽ നടന്ന ഹിന്ദു വിരുദ്ധ കലാപവും ഹീനമാണ്. എന്നാൽ അതൊക്കെ ഇസ്ലാമോഫോബിയക്ക് സമാനമാണെന്ന് വിലയിരുത്തുന്നതിൽപരം അബദ്ധമില്ല.
ജൂതന്മാരെ വംശീയമായി അധിക്ഷേപിക്കലും ഹോളോകോസ്റ്റിനെതിരെ പറയുകയും എഴുതുകയും ചെയ്യുന്നതും ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് പല യൂറോപ്യൻ രാജ്യങ്ങളിലും. അതാണ് ആന്റി സെമിറ്റിസം. സയണിസവും സംഘിസവും ഭായി ഭായി ആയതിനാൽ അതിലൊന്നും നമുക്ക് പരാതിയുമില്ല. സയണിസം വംശീയതയാണ് പ്രസരിപ്പിക്കുന്നതെന്ന് 1975ൽ യു.എൻ പൊതുസഭ പ്രമേയം പാസ്സാക്കിയപ്പോൾ അതിനെ പിന്തുണച്ച രാജ്യമാണ് ഇന്ത്യയെന്നും സാന്ദർഭികമായി പറയട്ടെ. പ്രസ്തുത പ്രമേയം 1996ൽ പിൻവലിച്ചപ്പോഴും ഇന്ത്യ അതിനെ പിന്തുണക്കുകയുണ്ടായി.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1