Current Date

Search
Close this search box.
Search
Close this search box.

പ്രകൃതി ദുരന്തങ്ങൾ നമ്മോടു പറയുന്നത്

കാറ്റ് തീ വെള്ളം ഈ മൂന്നു പ്രകൃതി പ്രതിഭാസങ്ങളുടെ മുന്നില്‍ മനുഷ്യര്‍ എന്നും നിസ്സഹായരാണ്. പ്രാകൃത മനുഷ്യരും ആധുനിക മനുഷ്യരും ഒരേ പോലെ നേരിട്ട പ്രതിഭാസങ്ങള്‍. കൊടും കാറ്റും തീയും വെള്ളപ്പൊക്കവും ഓരോ വര്‍ഷവും ലോകത്തു ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ വലുതാണ്. പാടില്ലാത്ത സ്ഥലത്തു ഒരേ സമയം കൂടുതല്‍ വെള്ളം ഉണ്ടാവുക എന്നതാണ് വെള്ളപ്പൊക്കത്തിന്റെ നിര്‍വചനം. കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുക എന്നതാണ് അതിന്റെ മൂല്യ കാരണം. വെള്ളം ഒഴിഞ്ഞു പോകാനുള്ള അവസരമില്ലാതിരിക്കുക എന്നത് കൂടി മറ്റൊരു കാരണമാണ്.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഗുരുതരമായ ഒരു പ്രളയം നാം കണ്ടതാണ്. ഒരു പാട് നഷ്ടം വരുത്തിയാണ് ആ പ്രളയം അവസാനിച്ചത്. ഇക്കൊല്ലവും അതെ ആഗസ്റ്റില്‍ തന്നെ മഴയും ദുരന്തവും എത്തിച്ചേര്‍ന്നു. ഉരുള്‍പൊട്ടലിലാണ് കൂടുതല്‍ ജീവ നാശവും വസ്തു നാശവും സംഭവിച്ചത്. കഴിഞ്ഞ കൊല്ലം വെള്ളം കയറാത്ത പലയിടത്തും ഇക്കൊല്ലം വെള്ളം കയറിയിട്ടുണ്ട്. മനുഷ്യന്റെ കണക്കു കൂട്ടലുകള്‍ എല്ലാം നിരര്‍ഥകമാക്കിയാണ് വെള്ളം കയറുന്നത്.

കേരളത്തില്‍ എല്ലാ കൊല്ലവും മണ്‍സൂണ്‍ ലഭിക്കാറുണ്ട്. ആറ് മാസം മഴ ലഭിക്കുന്ന സംസ്ഥാനമായാണ് കേരളം മനസ്സിലാക്കപ്പെടുന്നത്. എല്ലാ വര്‍ഷവും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. മരണം ഇതുവരെ മുപ്പതിന് അടുത്തെത്തി എന്നാണ് കണക്കു. ഇനിയും മഴ പെയ്താല്‍ ദുരന്തങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത. എന്ത് കൊണ്ട് ഇത്രമാത്രം പ്രകൃതി ദുരന്തങ്ങള്‍ മഴക്കാലത്തു സംഭവിക്കുന്നു എന്നത് ഒരു പഠന വിഷയമാണ്. മഴ പെയ്താല്‍ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും പൂര്‍ണമായി ജനതാമസം മാറ്റുക എന്നത് ഒരു പരിഹാരമാണ്. മുകളില്‍ വെള്ളം കെട്ടി നില്‍ക്കുമ്പോള്‍ അത് താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മനുഷ്യരുടെ അതിരു വിട്ട കൈകടത്തല്‍ തന്നെയാണ് മുഖ്യ കാരണം. മനുഷ്യന്റെ കൈകടത്തല്‍ മൂലം കരയിലും കടലിലും നാശം പ്രത്യക്ഷമായി എന്നാണ് പ്രമാണം.

ഭൂമിയിലുള്ളതെല്ലാം മനുഷ്യന് വേണ്ടി സൃഷ്ടിച്ചു എന്നാണ് ദൈവിക വചനം. മനുഷ്യന്‍ എന്നത് കൊണ്ട് വിവക്ഷ ഭൂമിയിലെ ആദ്യത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യന്‍ വരെയാണ്. ‘ഭൂമിയില്‍ ചലിക്കുന്ന ഒരു ജീവിയുമില്ല അതിന്റെ വിഭവങ്ങള്‍ അല്ലാഹുവിന്റെ ഉത്തരവാതിത്തത്തില്‍ ആയിട്ടല്ലാതെ’ എന്നാണ് ദൈവിക മുന്നറിയിപ്പ്. ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെടാന്‍ ആവശ്യമായ വിഭവങ്ങള്‍ ഭൂമിയിലുണ്ട്. അതെ സമയം ഒരാളുടെ ആര്‍ത്തി തീര്‍ക്കാന്‍ സാധ്യമായ വിഭവം ഭൂമിയിലില്ല. പ്രകൃതി വിഭവങ്ങളെ അത്യാവശ്യത്തിനു മാത്രമായി ചുരുക്കിയാല്‍ മനുഷ്യയും പ്രകൃതിക്കും കോട്ടമില്ലാതെ മുന്നോട്ടു പോകും. അതെ സമയം ധൂര്‍ത്തിനും പൊങ്ങച്ചത്തിനും വേണ്ടി പ്രകൃതിയെ ഉപയോഗിച്ചാല്‍ രണ്ടു പേരും ദുരിതത്തിലാവും. അതാണിപ്പോള്‍ നാം അനുഭവിക്കുന്നതും.

മനുഷ്യന് മൂന്നു രീതിയിലുള്ള ഉത്തരവാദത്തമുണ്ട്. ഒന്ന് തന്നെ പടച്ച നാഥനോട്, മറ്റൊന്ന് സ്വന്തത്തോട് , മൂന്നാമത്തേത് സഹജീവികളോടും പ്രകൃതിയോടും . ഈ മൂന്നു ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ തന്റെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കി എന്ന് പറയാന്‍ കഴിയൂ. ആരാധന കാര്യങ്ങളില്‍ കൃത്യത പുലര്‍ത്തുന്നവര്‍ വരെ മൂന്നാമത്തെ കാര്യത്തില്‍ പലപ്പോഴും പരാജയമാണ്. അടുത്ത ആളുകള്‍ക്കും അഗതികളും അനാഥര്‍ക്കും അന്നം നല്‍കണം എന്ന് പറഞ്ഞ ഖുര്‍ആന്‍ തുടര്‍ന്ന് പറഞ്ഞത് ധൂര്‍ത്ത് കാണിക്കരുത്, അവര്‍ പിശാച്ചിന്റെ കൂട്ടുകാരാണ് എന്നാണ്. പൈസ കൂടുതല്‍ ചിലവഴിക്കല്‍ മാത്രമായി ധൂര്‍ത്തിനെ ചുരുക്കരുത്. തന്റെ ആവശ്യത്തിന് മുകളില്‍ എടുക്കുന്ന എന്തും ധൂര്‍ത്താണ്. മനുഷ്യന്‍ സ്വയം ഉണ്ടാക്കി വെച്ച ദുരന്തങ്ങള്‍ അവനെ വേട്ടയാടുന്നു. അതിനു പരിഹാരം തേടേണ്ടത് മനുഷ്യന്‍ തന്നെയാണ്.

ഒരിക്കല്‍ പ്രകൃതി ശക്തികളുടെ മുന്നില്‍ മനുഷ്യന്‍ തോല്‍വി സമ്മതിച്ചു. അവിടെ നിന്നാണ് അവയെ ആരാധിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ വരുതിയില്‍ വരാത്തതിന്റെ മുന്നില്‍ തല കുനിക്കുക എന്നത് മനുഷ്യ സഹജമാണല്ലോ. തീയും കാറ്റും വെള്ളവും മനുഷ്യന് അനുഗ്രഹാമായ വസ്തുക്കളാണ്. മനുഷ്യ ജീവിതത്തില്‍ ഇവ മൂന്നിനുമുള്ള സ്ഥാനം വലുതാണ്. അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കണ്ടു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അതൊരു ദുരന്തമായി മാറും എന്നത് കൂടി നിരന്തരമുള്ള പ്രകൃതി ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Related Articles