Current Date

Search
Close this search box.
Search
Close this search box.

‘അവരില്‍ ഒരു മനുഷ്യത്വവുമുണ്ടായിരുന്നില്ല’; നീതിയിലേക്കുള്ള ദീര്‍ഘ പാത വിവരിച്ച് മുസഫര്‍ നഗര്‍ ബലാത്സംഘത്തെ അതിജീവിച്ച ഇര

2013ലെ മുസഫര്‍ നഗര്‍ കലാപത്തിനിടെ വീട് കത്തിച്ചാമ്പലായത് മുതല്‍, തനിക്കെതിരായ ബലാത്സംഗ കേസ്് പിന്‍വലിക്കാന്‍ നിരസിച്ചതിന് അവളോട് മുഖം തിരിച്ച അയല്‍വാസികള്‍ വരെ കഴിഞ്ഞ ഒരു ദശകത്തിനിടെ 36കാരിക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. എന്നിട്ടും നീതിക്കുവേണ്ടി പോരാടാനുള്ള ഇഛാശക്തിയാണ് അവള്‍ കൈവിടാതിരുന്നത്. ‘നീതി ലഭിക്കാനായി ഞാന്‍ എന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കും, ഇപ്പോള്‍ എനിക്ക് അത് കിട്ടിയതില്‍ സന്തോഷമുണ്ട്.’വ്യാഴാഴ്ച ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഗമത്തില്‍ അവര്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ്, മുസഫര്‍ നഗര്‍ കലാപത്തിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിന് രണ്ട് പുരുഷന്മാര്‍ കുറ്റക്കാരാണെന്ന് ഉത്തര്‍പ്രദേശിലെ വിചാരണ കോടതി വിധിച്ചത്. മുസഫര്‍ നഗര്‍ കലാപ കേസുകളിലെ കൂട്ടബലാത്സംഗത്തിനുള്ള ആദ്യത്തെ ശിക്ഷയാണിത്. കൂട്ടബലാത്സംഗം, നിയമവിരുദ്ധ ലൈംഗിക സമ്പര്‍ക്കം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് മഹേഷ്വീര്‍, സിക്കന്ദര്‍ എന്നീ രണ്ട് പേര്‍ ശിക്ഷിക്കപ്പെട്ടത്. 20 വര്‍ഷത്തെ കഠിന തടവിനാണ് ഇവരെ ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ കുല്‍ദീപ് വിചാരണയ്ക്കിടെ മരിക്കുകയും ചെയ്തു. 2013 സെപ്റ്റംബറില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ വലിയ രീതിയിലുള്ള വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട സമയത്താണ് ജാട്ട് സമുദായത്തില്‍ നിന്നുള്ള മൂന്ന് പുരുഷന്മാര്‍ യുവതിയെ ക്രൂരമായ രീതിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഈ കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മുസ്ലീം കുടുംബങ്ങള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. മുസാഫര്‍നഗര്‍, ഷാംലി ജില്ലകളില്‍ കലാപത്തിനിടെ നിരവധി സമാനമായ ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കൂട്ടം മുസ്ലീം പുരുഷന്മാര്‍ ജാട്ട് സ്ത്രീയെ ഉപദ്രവിച്ചുവെന്നാരോപിച്ച് 2013 സെപ്റ്റംബറിലെ ഒരു വൈകുന്നേരമായിരുന്നു മുസ്ലീങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തില്‍ നിന്ന് ആഹ്വാനം ഉയര്‍ന്നത്. ഈ സമയം ചില മുസ്ലീം കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു. എന്നാല്‍ ജാട്ട് സമുദായത്തില്‍ നിന്നുള്ള ചില മുതിര്‍ന്നവര്‍ അവരെ ഉപദ്രവിക്കില്ലെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് അവളുടെ കുടുംബം അവിടെ തന്നെ തുടരുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ മൂത്തമകന് പനി ബാധിച്ചു. തുടര്‍ന്ന് അവളുടെ ഭര്‍ത്താവ് അവനെയും കൊണ്ട് ഷാംലിയിലെ ആശുപത്രിയിലേക്ക് പോയി. ഈ സമയം യുവതിയും ഏതാനും മാസം മാത്രം പ്രായമായ ഇളയ കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഗ്രാമത്തില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ തന്നെ നിന്നിരുന്ന ബാക്കി മുസ്ലീം കുടുംബങ്ങള്‍ പലായനം ചെയ്യാന്‍ തീരുമാനിച്ചു. പരിഭ്രാന്തയായ യുവതി തന്റെ കൈക്കുഞ്ഞുമായി തൊട്ടടുത്ത വയലിലൂടെ വീട്ടില്‍ നിന്നും ഇറങ്ങിയോടി.

തുടര്‍ന്ന് കരിമ്പ് തോട്ടങ്ങളിലൂടെ അവര്‍ കുറേ ഓടി, അങ്ങിനെ വഴിതെറ്റിപ്പോയി, പിന്നീട് അവള്‍ എങ്ങിനെയോ ഒരു റോഡിലെത്തി. അങ്ങിനെ അവിടെ വാഹനത്തിനായി കാത്തിരിക്കുമ്പോള്‍ മൂന്ന് പേര്‍ അവിടെ എത്തി. അവള്‍ അവരെ നേരത്തെ കണ്ട് പരിചയമുള്ളവരായിരുന്നു. അവളുടെ ഭര്‍ത്താവ് ഒരു തയ്യല്‍ക്കാരനായിരുന്നു, അവര്‍ പലപ്പോഴും വസ്ത്രങ്ങള്‍ തുന്നാന്‍ അവരുടെ വീട്ടില്‍ വന്നവരായിരുന്നു. ആയുധധാരികളായ ആ മൂന്ന് പേര്‍ ചേര്‍ന്ന് അവളെ ബലമായി പിടികൂടി കരിമ്പിന്‍ തോട്ടത്തിനുള്ളിലേക്ക് കൊണ്ടുപോയി. അവരുടെ പിഞ്ചു മകനെ അവളുടെ കൈയില്‍ നിന്നും തട്ടിപ്പറിച്ച് നിലത്തേക്കെറിഞ്ഞു.

‘ഇതൊന്നും എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല, പിന്നെ അവര്‍ മൃഗങ്ങളെപ്പോലെയാണ് എന്നോട് പെരുമാറിയത്. അവരില്‍ ഒരു മനുഷ്യത്വവും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ബലാത്സംഗത്തെക്കുറിച്ച് ആരോടും പറയരുതെന്ന് അവര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കി. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പുറത്തറിഞ്ഞാല്‍ എന്റെ ഭര്‍ത്താവ് എന്നെ ഉപേക്ഷിക്കുമെന്നും അവര്‍ പറഞ്ഞതായും അവള്‍ പറഞ്ഞു.

ഒടുവില്‍, അവള്‍ കലാപത്തെ അതിജീവിച്ചവര്‍ക്കായി സ്ഥാപിച്ച അയല്‍ ഗ്രാമത്തിലെ ക്യാമ്പിലേക്കെത്തി. ആക്രമണത്തെക്കുറിച്ച് ദിവസങ്ങളോളം അവള്‍ ആരോടും ഒന്നും പറഞ്ഞില്ല. അക്രമം ഏറെക്കുറെ ശമിച്ച് അഞ്ച് ദിവസത്തിന് ശേഷം ഭര്‍ത്താവിനെ കണ്ടുമുട്ടിയ സമയത്ത് ഭര്‍ത്താവിനോട് അവള്‍ ആദ്യം ഇതിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം അവള്‍ക്ക് ശക്തമായ പിന്തുണ നല്‍കി.

ബലാത്സംഗം ചെയ്തവര്‍ തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നതിനാല്‍ അവള്‍ ബലാത്സംഗം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന സിവില്‍ സൊസൈറ്റി ആക്ടിവിസ്റ്റായ ഷബ്‌നം ഹാഷ്മിയെ കണ്ടപ്പോള്‍ അവരോട് ഇക്കാര്യം പറഞ്ഞു.
കലാപത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായതായി അവര്‍ മനസ്സിലാക്കി. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് അവള്‍ ഒരു പരാതി എഴുതി തപാല്‍ വഴി ഫുഗാന പോലീസ് സ്റ്റേഷനിലേക്ക് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മനുഷ്യാവകാശ അഭിഭാഷകയായ വൃന്ദ ഗ്രോവറിന്റെ സഹായത്തോടെ, ബലാത്സംഗത്തെ അതിജീവിച്ച ആറ് പേര്‍ക്കൊപ്പം അവര്‍ സുപ്രീം കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്തു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം, ആക്രമണം നടന്ന് അഞ്ച് മാസത്തിന് ശേഷം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376-ഡി (കൂട്ടബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരാഴ്ചയ്ക്ക് ശേഷം, അതിജീവിച്ച പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിനോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും അവര്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തു.

കോടതിയിലെ നിയമ പോരാട്ടം

എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, കുറ്റാരോപിതരായ പ്രതികളുടെ സമ്മര്‍ദ്ദം കാരണം ബലാത്സംഗത്തെ അതിജീവിച്ചവരായ മറ്റു പരാതിക്കാര്‍ തങ്ങളുടെ മൊഴികള്‍ പിന്‍വലിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പിനുള്ള വാഗ്ദാനങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും 36-കാരിയായ യുവതി കേസ് പിന്‍വലിക്കാന്‍ വിസമ്മതിക്കുകയും കേസുമായി മുന്നോട്ടു പോകുകയും ചെയ്തു. 2016-ല്‍, നിരന്തര പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഹാഷ്മിയുടെ സഹായത്തോടെ അവള്‍ ഡല്‍ഹിയിലേക്ക് താമസം മാറി. രണ്ടു വര്‍ഷത്തോളം അവള്‍ അവിടെ താമസിച്ചു. എന്നിരുന്നാലും, കുടിയേറ്റം കുടുംബത്തെ സാമ്പത്തികമായി ബാധിക്കുകയും അവളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. ”എന്റെ ഭര്‍ത്താവിന് ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു, എന്റെ കുട്ടികള്‍ക്ക് അവരുടെ സ്‌കൂള്‍ അധ്യയന വര്‍ഷം ആദ്യം മുതല്‍ പുതുതായി തുടങ്ങേണ്ടി വന്നു’- അവള്‍ പറഞ്ഞു.

പിന്നീട് അവള്‍ ഷംലിയിലേക്ക് തന്നെ മടങ്ങി, അവളുടെ പഴയ ഗ്രാമത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ അവര്‍ താമസിക്കുന്നത്. ”ഞാന്‍ ഒരിക്കലും ആ സ്ഥലത്തേക്ക് മടങ്ങില്ല,” അവള്‍ പറഞ്ഞു. കോടതിമുറിയില്‍, അവള്‍ക്കും അവളുടെ അഭിഭാഷകനും നിയമ പോരാട്ടം തന്നെ ആവശ്യമായിരുന്നു. ”തന്നെ ബലാത്സംഗം ചെയ്തവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല ചോദ്യങ്ങളും ചോദിച്ചു. അവര്‍ എന്നെ ദുര്‍നടപ്പുകാരിയായ സ്ത്രീ എന്ന് വിളിച്ചു. കേസുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് അവര്‍ എന്നോട് ചോദിച്ചത്- അവള്‍ പറഞ്ഞു. കേസ് നടപടികള്‍ വൈകിപ്പിക്കാനും അവ ക്ഷീണിപ്പിക്കാനും പ്രതിഭാഗം അഭിഭാഷകര്‍ പല തന്ത്രങ്ങളും ഉപയോഗിച്ചു. എന്നാല്‍ അവളുടെ ഇഛാശക്തിയും പ്രതിബദ്ധതയും കാരണം ഒരടി പിന്നോട് പോകാന്‍ തയാറായില്ല.

മൂന്ന് വ്യത്യസ്ത സമയത്തായി യുവതിയുടെ അഭിഭാഷകന് തന്റെ അന്തിമ വാദങ്ങള്‍ ഉന്നയിക്കേണ്ടിവന്നു, കാരണം ജഡ്ജിമാര്‍ സ്ഥലംമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. വാദങ്ങള്‍ ഒരു വര്‍ഷം നീണ്ടു. ഒടുവില്‍, ദിവസേനയുള്ള വാദം കേള്‍ക്കലിനായി അവര്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് നേടിയെടുക്കേണ്ടി വന്നു. ‘ഗ്രാമത്തില്‍ ആരും എന്നെ പിന്തുണച്ചില്ല, എന്നാല്‍ ആദ്യ ദിവസം മുതല്‍ എനിക്ക് എന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും എന്റെ അമ്മയുടെയും പിന്തുണ ഉണ്ടായിരുന്നു’- അവള്‍ പറഞ്ഞു. നീതിക്കുവേണ്ടി പോരാടുന്ന സ്ത്രീകള്‍ക്ക് ഇവളില്‍ ഒരു സന്ദേശമുണ്ട്. ”ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടുത്തരുത്, പോരാട്ടം അവസാനിപ്പിക്കരുത്. ഒടുവില്‍ നീതി ലഭിക്കുക തന്നെ ചെയ്യും.’

Related Articles