Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ സന്യാസ സ്‌നേഹം കപടമോ ?

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്യാസത്തിലിരിക്കുന്ന ചിത്രം നാം കണ്ടു. കാവി വസ്ത്രം ധരിച്ച് കേദര്‍നാഥിലെ അടച്ചുറപ്പുള്ള ഗുഹ തെരഞ്ഞെടുത്ത് ബെഡില്‍ ഇരുന്ന് തണുപ്പില്‍ നിന്ന് രക്ഷ നേടാനായി ഒരു ഹീറ്ററും അറ്റാച്ച്ഡ് ബാത്‌റൂം സൗകര്യത്തോടും കൂടിയാണ് അദ്ദേഹം ധ്യാനത്തിലിരുന്നത്. അതിന്റെ ഫോട്ടോയും പുറത്ത് വന്നതാണ്.

വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലെ അതിപ്രധാനമായ 59 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തന്നെ അദ്ദേഹത്തിന്റെ മറ്റൊരു നാടകമായാണ് ഇതിനെ വിലയിരിത്തുന്നത്. അതും പ്രധാന ക്ഷേത്ര പട്ടണങ്ങളായ വരാണസി,ഗോരഖ്പൂര്‍,മിര്‍സാപൂര്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍. ഇതില്‍ വാരണാസിയില്‍ നിന്നാണ് മോദി ജനവിധി തേടുന്നത്. തെലുങ്കുദേശം പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. വോട്ടെടുപ്പിന്റെ 48 മണിക്കൂര്‍ മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ ഭാഗമായാണ് മോദിയുടെ ഷോയെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്.

കാവി വസ്ത്രം ധരിച്ച് ഫോട്ടോഗ്രാഫര്‍മാരെയും കൂട്ടി സന്യാസത്തിലിരിക്കാന്‍ പോയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ലെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ എല്ലാം വിലയിരുത്തിയത്. ഇതു പോലെ 2014ല്‍ വാരണാസിയില്‍ അദ്ദേഹം മത്സരിക്കുന്നതിന്റെ കാരണമായി പറഞ്ഞത് ഇത്തരം ഒരു ക്യാംപയിനിങ്ങിന്റെ ഭാഗമായിരുന്നു. ഗംഗാ മാതാവ് തന്നോട് പുണ്യ വാരണാസിയില്‍ നിന്ന് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.

ഇതിലൂടെ സന്യാസിമാരുമായും സ്വാമിമാരുമായും വ്യാജ ബന്ധം ഉണ്ടാക്കാനാണ് മോദി ശ്രമിച്ചത്. 2018ല്‍ സ്വാമി സാനന്ദ് (പ്രൊഫസര്‍ ജി.ഡി അഗര്‍വാള്‍) ഉള്‍പ്പെടെയുള്ളവര്‍ ഗംഗാ നദി ശുദ്ധീകരിക്കാനും വീണ്ടെടുക്കാനും അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് മോദിക്ക് നാല് കത്തുകള്‍ എഴുതിയിരുന്നു. ഇതില്‍ രണ്ട് കത്തെഴുതിയത് ഗംഗയെ രക്ഷിക്കാന്‍ വേണ്ടി അനിശ്ചിതകാല നിരാഹാരം സമരം നടത്തുകയും 111 ദിവസം നിരാഹാരം കിടന്ന് 2018 ഒക്ടോബര്‍ 11ന് അന്തരിക്കുകയും ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അഗര്‍വാള്‍ ആയിരുന്നു.

റൂര്‍കേല ഐ.ഐ.ടി ബിരുദധാരിയും ബെര്‍ക്‌ലി സര്‍വകലാശാല ഗവേഷകന്‍ കൂടിയായ സ്വാമി സാനന്ദ് ഇന്ത്യയിലെ അറിയപ്പെട്ട ഒരു പരിസ്ഥിതി ആക്റ്റിവിസ്റ്റ് കൂടിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആദ്യ തലവനുമായിരുന്നു. അന്ന് മുതല്‍ ഗംഗാ ശുദ്ധീകരണത്തിനും ഗംഗയെ മാലിന്യത്തില്‍ നിന്ന് സംരക്ഷിക്കാനും വിവിധ പദ്ധതികള്‍ അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു.

2018 ഫെബ്രുവരി,ജൂണ്‍,ആഗസ്റ്റ്,ഒക്ടോബര്‍ മാസങ്ങളില്‍ സ്വാമി ഇക്കാര്യമാവശ്യപ്പെട്ട് മോദിക്ക് നിരവധി കത്തുകളെഴുതിയിരുന്നു. ഗംഗയിലെ പോഷക നദിയിലെയും ഡാം നിര്‍മാണം നിര്‍ത്തിവെക്കണമെന്നും ഗംഗ സംരക്ഷണത്തിനായി 2012ല്‍ രൂപീകരിച്ച ഗംഗ ഭക്ത് പരിഷത്തിന് സ്വയംഭരണാധികാരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അവസാനമായി മോദിക്കെഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു: ‘കഴിഞ്ഞ നാലു വര്‍ഷമായി താങ്കളുടെ കീഴിലുള്ള സര്‍ക്കാര്‍ ഗംഗയ്ക്ക് വേണ്ടി ഗുണം ചെയ്യുന്ന ഒന്നും ചെയ്തില്ല. പകരം കോര്‍പറേറ്റ് മേഖലക്കും വന്‍കിട ബിസിനസുകാര്‍ക്കും സഹായകരമാവുന്ന പദ്ധതികള്‍ മാത്രമാണ് ചെയ്തത്.’

2008,2009,2010,2012,2013 വര്‍ഷങ്ങളിലും ഗംഗയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അഗര്‍വാള്‍ നിരാഹാര സമരം നടത്തിയിരുന്നു. ഒക്ടോബറില്‍ അദ്ദേഹം മരണപ്പെടുന്നതിന് മുന്‍പ് 20 ശതമാനം മാത്രം ഒഴുക്കുള്ള ഗ്രേഡ് ഡിയില്‍പ്പെട്ട നദിയായിരുന്നു ഗംഗ. നേരത്തെ ഇതിന് 62 ശതമാനം ഒഴുക്കുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ നദികളില്‍ ഏറ്റവും മോശം കാലഘട്ടമാണ് ഗംഗ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി തനിക്ക് നേരിട്ട് ഉറപ്പ് തന്നാല്‍ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂവെന്നും അഗര്‍വാള്‍ പറഞ്ഞു.

തന്റെ തെരഞ്ഞെടുപ്പ് ക്യാംപയിന് ശേഷമാണ് മോദി കേദര്‍നാഥും ബദരീനാഥും സന്ദര്‍ശിച്ചത്. ഇവിടെ നടപ്പിലാക്കുന്ന 900 കിലോമീറ്റര്‍ എക്‌സ്പ്രസ് ഹൈവേയുടെ പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ച് ഒരക്ഷരം മോദി മിണ്ടിയില്ല. ഈ റോഡിന്റെ നിര്‍മാണ അവശിഷ്ടങ്ങള്‍ ഭഗീരഥി,അളകനന്ദ,മന്ദാകിനി തുടങ്ങിയ നദികളിലേക്കാണ് തള്ളുക. മണ്ണിടിച്ചില്‍ സാധ്യതയുള്ള 529 ഇടങ്ങളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്. പാരിസ്ഥിതിക പ്രത്യാഘാത മുന്നറിയിപ്പ് വകവെക്കാതെയാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഋഷികേശിനും കര്‍ണപ്രയാഗിനും ഇടയിലുള്ള റെയില്‍ പാത സോനപ്രയാഗിലേക്കും ജോഷിമതിലേക്കും വ്യാപിപിക്കാനും പദ്ധതിയുണ്ട്. ഇതിനായി വലിയ അളവില്‍ മരം മുറിയും ടണല്‍ നിര്‍മാണവും നടത്തേണ്ടി വരും. ഇതിന്റെ അവശിഷ്ടങ്ങളും വന്‍തോതില്‍ സമീപ നദികളിലേക്കാണ് പതിക്കുക.

2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത് ഈ നദിക്കരയിലാണ്. ഈ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ഉത്തരാഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഗുജറാത്തിലെ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താന്‍ സഹായവുമായി രംഗത്തിറങ്ങിയിരുന്നു അന്ന് മോദി. മാട്രി സദന്‍ സന്യാസ സമൂഹത്തിന്റെ വിലാപം നേരത്തെ ഇറോം ശര്‍മിള നടത്തിയ നിരാഹാര സമരത്തിന് തുല്യമാണ്. നീണ്ട 16 വര്‍ഷങ്ങള്‍ അവര്‍ സമരം ചെയ്‌തെങ്കിലും അവര്‍ ഉന്നയിച്ച വിഷയത്തിന് പരിഹാരമായില്ല. എന്ത് കൊണ്ടാണ് ഈ സന്യാസ സമൂഹത്തിന്റെ നിലവിളികള്‍ മോദിയെ അലട്ടാത്തത്. നദികള്‍ സംരക്ഷിക്കാനും വനങ്ങള്‍ സംരക്ഷിക്കുന്നതിനും ഹിമാലയത്തെയും അതു വഴി രാജ്യത്തെയും ഒന്നാകെ സംരക്ഷിക്കാനുള്ള ഇവരുടെ ആവശ്യത്തിന് എന്തുകൊണ്ടാണ് മോദി ചെവികൊടുക്കാതിരുന്നത്.

ഉത്തരാഖണ്ഡില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മണല്‍ ഖനനത്തിനെതിരെ നിരാഹാര സമരം നടത്തിയ മാട്രി സദന്‍ വിഭാഗത്തിലെ സ്വാമി നിഗ്മാനന്ദ് സരസ്വതി മരണപ്പെട്ടു. 2013ല്‍ ബാബ നാഗ് നാഥിനെയും അവസാനമായി സ്വാമി സാനന്ദും നിരാഹാരം കിടന്ന് മരണപ്പെട്ടു. അതിനു ശേഷം നിരാഹാരത്തിലിരുന്ന സ്വാമി ഗോപാല്‍ ദാസിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അധികാരികള്‍ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിന്നീട് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ നിരാഹാരത്തിന്റെ ബാറ്റണ്‍ കൈമാറിയിരിക്കുന്നത് ആത്മഭൂതാനന്ദിനാണ്. ജലവിഭവ മന്ത്രാലയം അദ്ദേഹത്തിന് തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും മെയ് 15നകം പരിഹാരം കാണുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ അദ്ദേഹം ഉപവാസം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രാലയം നല്‍കിയ വാക്ക് പാലിക്കാന്‍ തയാറായില്ലെങ്കില്‍ മാട്രി സദന്‍ ഉപവാസ സമരം പുനരാരംഭിക്കും.

യഥാര്‍ത്ഥത്തില്‍ മോദി സന്യാസികളെയും സന്യാസ സമൂഹത്തെയും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അടിസ്ഥാനപരമായി ഗംഗയെ ശുദ്ധിയാക്കാനായി പ്രയത്‌നിക്കുന്ന സമുദായവുമായി എന്തുകൊണ്ടാണ് ചര്‍ച്ച നടത്താന്‍ ഭയപ്പെടുന്നത് ? ഇതാണ് ഇപ്പോള്‍ അവര്‍ മോദിയോട് ചോദിക്കുന്ന ചോദ്യം.

അവലംബം: thewire.in
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്

Related Articles