Current Date

Search
Close this search box.
Search
Close this search box.

റാസ്പുടിനും സംഘപരിവാറും

എട്ടാം ക്ലാസിൽ വെച്ചാണ്‌ റാസ്പ്യൂട്ടിൻ എന്ന കഥാപാത്രത്തെ ആദ്യമായി കേൾക്കുന്നത്. കെമിസ്ട്രി ക്ലാസ്സിൽ പൊട്ടാസ്യം സൈനൈഡിനെ കുറിച്ച് അധ്യാപകൻ പറഞ്ഞു കൊണ്ടിരിക്കെ അത് കഴിച്ചിട്ടും മരിക്കാത്ത ആളാണ്‌ റാസ്പ്യൂട്ടിൻ എന്ന് പറഞ്ഞത് ഓർമ്മയുണ്ട്. അദ്ദേഹത്തിന്റെ ഭീകരത മനസ്സിലാക്കാൻ ആ വിശദീകരണം മതിയായിരുന്നു. പിന്നീട് റഷ്യൻ വിപ്ലവ ചരിത്രം വായിച്ചപ്പോൾ അവിടെയും ഇദ്ദേഹത്തെ കണ്ടിരുന്നു.

ഒടുവിലത്തെ റഷ്യൻ ചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന വ്യക്തിയാണ് റാസ്പ്യൂട്ടിൻ. രാജാവിന്റെ മകൻറെ അസുഖം വൈദ്യശാസ്ത്രം കൈവിട്ടപ്പോൾ അസാധ്യമെന്നു കരുതിയ രോഗം സുഖപ്പെടുത്തി കൊടുത്തു എന്നതാണ് റാസ്പ്യൂട്ടിൻ ചെയ്ത മഹത് കാര്യം. പിന്നെ അദ്ദേഹം കൊട്ടാരത്തിലെ ആളായി മാറി, ഭരണത്തിന്റെ തണലിൽ ലഭിക്കുന്ന എല്ലാം അദ്ദേഹം ആസ്വദിച്ചു. പെണ്ണും മദ്യവും മറ്റു സുഖസൗകര്യങ്ങളും അയാളെ തേടിയെത്തി. അവസാനം രാജ കുടുമ്പത്തിലെ ചിലർ തന്നെ അദ്ദേഹത്തെ കൊന്നു കളഞ്ഞു.

പിന്നീടു റാസ്പ്യൂട്ടിൻ ചർച്ച ചെയ്യപ്പെട്ടത് എണ്പതുകളിലാണ്. 1970കളിലും 80കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്നു ബോണി എം പുറത്തിറക്കിയ ‘നൈറ്റ് ഫ്ലൈറ്റ് റ്റു വീനസ് എന്ന ആൽബത്തിലെ പ്രശസ്ത ഗാനമായിരുന്നു “ റാസ്പ്യൂട്ടിൻ ലവർ ഓഫ് റഷ്യൻ ക്വീൻ” എന്നത് ലോക പ്രശസ്തിയുടെ കൊടുമുടി കീഴടക്കി.

ഇതൊക്കെ ചരിത്രം. നമ്മുടെ കേരളവും റാസ്പ്യൂട്ടിനും തമ്മിൽ എന്ത് ബന്ധം എന്നതാണ് വർത്തമാന ചോദ്യം. അത് മറ്റൊന്നുമല്ല ചിലരുടെ ഉള്ളിലിരുപ്പ് പുറത്തു കൊണ്ട് വരാൻ അതിനു കഴിഞ്ഞു എന്നതാണ്. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ടു വിദ്യാർത്ഥികൾ ചെയ്ത ഒരു സംഘ നൃത്തമാണ് വിഷയത്തിന് ആധാരം. ഒഴിവു വേളയിൽ അവർ ഒന്നിച്ചു ഒരു ഡാൻസ് ചെയ്തു. അതിനെ ആളുകൾ ആസ്വദിച്ചു. ഒരു കല എന്ന നിലയിൽ അതിനു പ്രോത്സാഹനം നൽകി. അത് അങ്ങിനെ അവസാനിക്കണം. അതിനു പിന്നിലെ ഗാനം റാസ്പ്യൂട്ടിൻ എന്ന് തുടങ്ങുന്ന പ്രസിദ്ധ വരികളായിരുന്നു. മുപ്പതു സെക്കണ്ട് സമയം മാത്രമാണ് ആ പരിപാടിയുടെ മൊത്തം ദൈർഘ്യം.

പക്ഷെ സംഘ പരിവാർ മനസ്സുകൾക്ക് അത് വല്ലാത്ത ആഘാതമുണ്ടാക്കി. ഒരു ഹിന്ദു പെണ്കുട്ടിയെ മുസ്ലിം ആൺകുട്ടി വളച്ചെടുക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു അവർ നൽകിയ വിശദീകരണം. സിറിയയിലേക്ക് കൊണ്ട് പോകാനുള്ള വഴിയായി അവർ ഇതിനെ കാണുന്നു. അങ്ങിനെ കാണുന്നത് സമൂഹത്തിലെ അത്ര താഴെയുള്ളവല്ല, വിവരവും വിദ്യാഭ്യാസവുമുണ്ട് എന്ന് നാം തെറ്റിദ്ധരിക്കുന്ന ആളുകൾ തന്നെയാണ് ഇതിന്റെ പിന്നിൽ എന്നതാണ് അതിലെ അത്ഭുതം. ഇന്ത്യ ഒരു മതേതരത്വ ജനാധിപത്യ രാജ്യമാണ്. അവിടെ വ്യക്തിയുടെ അവകാശങ്ങളും വ്യക്തി സ്വാതന്ത്രത്തിന്റെ അതിരും നമ്മുടെ ഭരണഘടന നിർണയിക്കുന്നു.

സമൂഹത്തിനു ഹാനികരമല്ലാത്ത എന്തും വ്യക്തികൾക്ക് ഭരണഘടന അനുവദിക്കുന്നു. ഇന്ത്യക്കാർ കേരളീയർ എന്നതാണ് ആദ്യത്തെ കാഴ്ചപ്പാട്. വിശ്വാസവും ആചാരവും ഇന്ത്യൻ ഭരണഘടന പ്രകാരം വ്യക്തി പരമാണ്. മനുഷ്യർ എന്ന നിലയിൽ എല്ലാവരും ഒന്നിച്ചു പോകുന്ന സമൂഹത്തെയാണ് പുരോഗമന സമൂഹം വിഭാവനം ചെയ്യുന്നത്. ഡാൻസ് എന്ന കലയെയല്ല സംഘ പരിവാർ ചോദ്യം ചെയ്യുന്നത്, അല്ലെങ്കിൽ അതിലെ പാട്ടിനെയുമല്ല. അവര് ചോദ്യം ചെയ്യുന്നത് അതിലെ “ ജിഹാദ്” മാത്രമാണ്. സമൂഹങ്ങൾ അടച്ചിട്ട മുറികൾ പോലെയാകണം എന്നത് ഒരു സംഘ പരിവാർ തിയറിയാണ്. അങ്ങിനെ മത സമൂഹങ്ങൾ പൂർണമായി ഒറ്റപ്പെട്ടാൽ പിന്നെ ഇവരുടെ ജോലി എളുപ്പമാകും. അത് കൊണ്ട് തന്നെയാണ് ഈ കുട്ടികളുടെ ഡാൻസ് സമൂഹം ഏറ്റെടുത്തതും. അത് സംഘ പരിവാരിനു നേരെയുള്ള സമരമായി സമൂഹം കാണുന്നു. മതം ചർച്ച ചെയ്യാൻ പറ്റിയ ഒന്നല്ല ഡാൻസ്. അതിന്റെ മത വിധികൾ വേറെ ചർച്ച ചെയ്യണം എന്നിരിക്കെ അതിനെ പോലും വർഗീയമാക്കാൻ അവർ കാണിക്കുന്ന കൌശലം നാം കാണാതെ പോകരുത്.

ഒരാളുടെ പേരിന്റെ പിന്നിൽ “ റസാക്ക്” വരുന്നു എന്നതാണ് സംഘ പരിവാറിനെ വേദനിപ്പിക്കുന്നത്. റസാക്കിന്റെ മതം പേടിക്കെണ്ടതാണ് എന്ന സന്ദേശമാണ് അവർ നൽകാൻ ശ്രമിക്കുന്നത്. സിറിയയിൽ പോയി എന്നത് ഇന്നും കൃത്യതയില്ലാത്ത വിശ്വാസമാണ്. അതെ സമയം വിശ്വാസത്തിന്റെ പേരിൽ സംഘ പരിവാർ നാട്ടിൽ നടത്തിയ ആക്രമങ്ങൾ നമ്മുടെ മുന്നിലെ ചരിത്രവും. ഒരു സമുദായത്തെ ഒറ്റപ്പെടുത്താൻ എന്നും അവർ മുന്നിലാണ്. കിട്ടുന്ന സന്ദർഭം എങ്ങിനെ മോശമായി ഉപയോഗപ്പെടുത്താം എന്നതിലാണ് അവരുടെ ചിന്ത. കേരളം കേരളമായും ഇന്ത്യ ഇന്ത്യയായും നിലനില്ക്കുന്ന ചില മൂല്യങ്ങളുണ്ട്. ആ മൂല്യങ്ങളെയാണ് എന്നും സംഘ പരിവാർ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത്.

റാസ്പ്യൂട്ടിൻ ഒരു അധികാര ദല്ലാൾ എന്നറിയപ്പെടുന്നു. സംഘ പരിവാർ അറിയപ്പെടുന്നത് നുണ പ്രചാരണത്തിന്റെ ദല്ലാളെന്നും. നുണകൾ പടച്ചു വെച്ചാണ് അവർ ചരിത്രം രചിക്കുന്നത്‌. നുണകൾ കൊണ്ടാണു അവർ രാജ്യം ഭരിക്കുന്നത്‌. ആ നുണകൾ കൊണ്ട് തന്നെയാണ് അവർ സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നതും.

Related Articles