Current Date

Search
Close this search box.
Search
Close this search box.

സ്നേഹവീചികളാൽ പ്രശോഭിതമാവട്ടെ നമ്മുടെ പെരുന്നാൾ

ഒരു മാസം നീണ്ടു നിന്ന വ്രതവിശുദ്ധിയുടെ വിശുദ്ധ നാളുകൾക്ക് പരിസമാപ്‌തി കുറിച്ച് കൊണ്ട് വീണ്ടുമൊരു പെരുന്നാൾ സമാഗതമായിരിക്കുന്നു. ശവ്വാലിന്റെ പൊന്നമ്പിളി ആകാശത്ത് ഉദിച്ചുയർന്നതോടെ നാടെങ്ങും തക്ബീർ ധ്വനികൾഅലയടിച്ചുയരുകയായി. മൈലാഞ്ചി മൊഞ്ചിന്റെ ചുകപ്പും അത്തറിന്റെ പരിമളവും പുതുവസ്‌ത്രങ്ങളുടെ മോടിയും ഓരോ വീട്ടകങ്ങളെയും പുളകമണിയിക്കുന്നു. കുട്ടികൾ ഹർഷാരവം മുഴക്കി മുറ്റത്തിറങ്ങി ആഹ്ലാദത്തേരിൽ ആറാടുകയാണ്.

ഒരു മാസത്തെ കഠിനമായ പരിശീലനത്തിലൂടെ വിശ്വാസികൾ ദൈവത്തോടും സഹജീവികളുടെ പ്രയാസങ്ങളോടും ചേർന്നു നിൽക്കുകയായിരുന്നു. ദേഹേച്ഛകളെ തള്ളി ദൈവേച്ചകൾക്ക് വേണ്ടി ജീവിതത്തെ മാറ്റിപ്പണിയുകയായിരുന്നു ഓരോ വിശ്വാസിയും.

വിശ്വ വിധാതാവായ ദൈവത്തിലേക്കും അവന്റെ പരശ്ശതം സൃഷ്ടികളിലേക്കും ഒഴുകിപ്പരക്കുകയായിരുന്നു റമദാനിൽ ഓരോ വിശ്വാസിയും. പ്രയാസവും വേദനയും അനുഭവിക്കുന്ന സഹജീവികളെ ചേർത്ത് പിടിക്കാനും അവർക്ക് ആശ്വാസത്തിന്റെ കാരുണ്യചിറകുകൾ വിരിച്ചു കൊടുക്കാനും വിശ്വാസികൾ മത്സരിക്കുകയായിരുന്നു റമദാനിൽ. അതിന്റെ തുടർച്ചയായിരിക്കണം പെരുന്നാളിലും അതിനു ശേഷവും സംഭവിക്കേണ്ടതും.

ഇസ്‌ലാമിലെ രണ്ടു ആഘോഷങ്ങളാണ് ചെറിയ പെരുന്നാളും ബലിപെരുന്നാലും. ഈ രണ്ടു ആഘോഷങ്ങളും കാലവറകളില്ലാതെ ആഘോഷിക്കാനുള്ളത് തന്നെയാണ്. പെരുന്നാളുകൾ സുഭിക്ഷമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. തന്റെ ചുറ്റിലുമുള്ളവരുടെ വിശപ്പകറ്റിയവനേ പെരുന്നാൾ ആഘോഷിക്കാനുള്ള അർഹതയുള്ളൂ. അതുകൊണ്ടാണല്ലോ പെരുന്നാൾ നമസ്കാരത്തിനായി ഈദുഗാഹിലേക്കും പള്ളിയിലേക്കും പോകുന്നതിനു മുമ്പ് ഫിത്ർ സക്കാത്ത് കൊടുക്കണമെന്ന് ഇസ്‌ലാം നിർബന്ധമാക്കിയത്.

എല്ലാ ആഘോഷങ്ങളും പരസ്പരമുള്ള സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുള്ളതാവണം. പങ്കുവെക്കലിന്റെയും പകർന്നു കൊടുക്കലിന്റെയും പ്രചോദനമാവണം ആഘോഷങ്ങളും ആചാരങ്ങളും. മതങ്ങളുടെ പേരിലും മതാചാരങ്ങളുടെ പേരിലും ഇന്ന് ചിദ്രതയും കലഹങ്ങളും ഉണ്ടാകുന്ന സാഹചര്യമാണ് പലയിടത്തുമുള്ളത്. വെറുപ്പിന്റെ പ്രത്യയശാസ്ത്ര വക്താക്കൾ തങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടി മതത്തെ ഹൈജാക്ക് ചെയ്യുമ്പോഴാണ് നാട്ടിൽ കലാപങ്ങൾ ഉണ്ടാകുന്നത്. ദൈവിക മതങ്ങൾ വിശ്വ മാനവികതയും സാർവ്വ ലൗകികതയുമാണ് വിളംബരം ചെയ്യുന്നത്.

“അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്.(ഖുർആൻ). മാനവികതയുടെ വിശാലതയിലേക്കും വിശ്വസാഹോദര്യത്തിലേക്കും പടർന്നു പന്തലിക്കാൻ ഈദ്‌ നമ്മെ പ്രാപ്തരാക്കണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രണേതാക്കളെ സാഹോദര്യത്തിന്റെ മധുരഗാനങ്ങൾ കൊണ്ട് തുരത്തുവാൻ നമുക്ക് സാധിക്കണം.

ലോകത്തെല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യർക്ക് തിരിഞ്ഞു നോട്ടത്തിന്റെയും വീണ്ടുവിചാരത്തിന്റെയും കൂടി ദിനമാണ് ഈദ് . പെരുന്നാളിന്റെ വരവറിയിച്ചുകൊണ്ട് നാടെങ്ങും മുഴങ്ങികേൾക്കുന്ന തക്ബീർ ധ്വനികൾ മനുഷ്യരുടെ നിസാരതയെ ബോധ്യപ്പെടുത്തുന്നത് കൂടിയാണല്ലോ.

ഈദുഗാഹുകളിലും പള്ളികളിലും വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്തും ആശംസകൾ കൈമാറിയും സ്നേഹം പങ്കിടുകയാണ്. ഇത് ഒരു പെരുന്നാൾ തീരുമ്പോഴേക്കും അവസാനിചു പോവരുത്.

റമദാനും പെരുന്നാളുകളും അന്യമായ നിർഭാഗ്യ ജന്മങ്ങളെയും ആഘോഷവേളകളിൽ നമുക്ക് ഓർക്കുക. ഭരണകൂട ഭീകരതയുടെയും വംശീയാതിക്രമങ്ങളുടെയും ഇരകളാക്കപ്പെട്ട നിരവധി മനുഷ്യരും ലോകത്തിന്റെ വിവിധയിടങ്ങളിൽ നരക യാതന അനുഭവിക്കുന്നുണ്ട്. പിറന്ന നാട്ടിൽ അന്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നവരും അന്യായമായി തടവിലാക്കപ്പെട്ടവരും അഭയാർത്ഥികളാക്കപ്പെട്ടവരുമുണ്ട് ആ കൂട്ടത്തിൽ. കുഞ്ഞുടുപ്പിന്റെ പ്രതീക്ഷയുമായി വിദൂരതയിലേക്ക് വെറുതെ കണ്ണും നട്ട് കാത്തിരിക്കുന്ന അനാഥബാല്യങ്ങൾ നമ്മുടെ മനസ്സുകളിലേക്ക് കടന്നു വരണം. അവരിൽ പലരുടെയും അനാഥത്വം ഭരണകൂടവും വംശീയതയും അകാരണമായി പതിച്ചു നല്കിയതാണെന്നും മറക്കാതിരിക്കുക.

ജീവിതത്തിന്റെ നിറങ്ങൾ നഷ്ടപ്പെട്ടുപോയവരോട് ഐക്യപ്പെട്ടു കൊണ്ട് കൂടിയായിരിക്കണം നമ്മുടെ പെരുന്നാൾ. അതോടൊപ്പം ആഘോഷങ്ങൾ അതിരു കടക്കാതിരിക്കാനും ശ്രദ്ധിക്കുക. പടച്ചവനും അവന്റെ പ്രവാചകനും പഠിപ്പിച്ച മാതൃകയിലൂടെ തന്നെയാണ് നമ്മുടെ പെരുന്നാൾ ആഘോഷം എന്ന് ഉറപ്പ് വരുത്തുക.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles