Current Date

Search
Close this search box.
Search
Close this search box.

”മരക്കാർ അറബിക്കടലിന്റെ സിംഹം”

ഇന്ത്യൻ ചരിത്രം ശരിയായ ദിശയിലല്ല രചിക്കപ്പെട്ടിട്ടുള്ളത് എന്നതാണ് സംഘ പരിവാർ ഉന്നയിക്കുന്ന ആരോപണം. അതിനു പരിഹാരമായി ചരിത്രം മാറ്റി എഴുതേണ്ടതുണ്ട് എന്നതാണ് അവർ മുന്നോട്ട് വെക്കുന്ന ആശയം. തങ്ങൾക്കു അധികാരം കിട്ടിയ ഒന്നാം തിയ്യതി മുതൽ അതിനുള്ള ശ്രമത്തിലാണ് ബി ജെ പി. ഇന്ത്യൻ ചരിത്രത്തിൽ ആളുകളെ വേണ്ട പോലെ മനസ്സിലാക്കപ്പെട്ടിട്ടില്ല എന്നതും മറ്റു ചിലർ തെറ്റായ രീതിയിൽ മനസ്സിലാക്കപ്പെട്ടു എന്നതും അവർ ഉന്നയിക്കുന്ന ആരോപണമാണ്. അതിന്റെ ഭാഗമെന്നോണം ഇടയ്ക്കിടെ സംഘ പരിവാർ നേതൃത്വത്തിൽ ചരിത്ര സമ്മേളനങ്ങൾ നടത്തപ്പെടാറുണ്ട്.

മൂന്നു കാര്യങ്ങളിലാണ് അവർ ഊന്നൽ നൽകുന്നത് , 1- ഐതിഹ്യങ്ങളും ഇതിഹാസങ്ങളും പുരാണങ്ങൾക്കും ചരിത്ര വർണം നൽകുക. 2- ആര്യന്മാർ ഇന്ത്യയിലേക്ക്‌ വന്നവരാണ് എന്ന സത്യത്തെ നിരാകരിക്കുക പകരം അവർ ഇന്ത്യയിൽ തന്നെ ജനിച്ചവരാണ് എന്ന രീതിയിലേക്ക് ചരിത്രത്തെ മാറ്റുക. 3- ഇന്ത്യയിൽ ആരാധിക്കപ്പെടുന്ന ദൈവങ്ങളെ ദേശീയതയുടെ പേരിൽ മറ്റുള്ളവരും അംഗീകരിക്കണം എന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുക. ഈ മൂന്നു കാര്യങ്ങൾ ശരിയായി വന്നാൽ പിന്നെ ചരിത്രം അവരുടെ വഴിക്ക് നീങ്ങുമെന്ന് സംഘ പരിവാർ വിശ്വസിക്കുന്നു. ചരിത്രം മാത്രമല്ല ശാസ്ത്രവും ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കണമെന്ന് അവർ നിർബന്ധം പിടിക്കുന്നു. പല ശാസ്ത്ര സത്യങ്ങളും പ്രാചീന ഇന്ത്യയിൽ നിന്നും ലോകം കടമെടുത്തതാണ് എന്നും അവർ ഉറപ്പിച്ചു പറയുന്നു. അത് തെറ്റില്ല അതെ സമയം മിത്തുകൾ ശാസ്ത്രമാണ് എന്നിടത്താണ് അവർ ഊന്നൽ നൽകുന്നത് എന്നതാണ് അതിലെ ദുരന്തം.

ഇന്നലെകളാണ് ഒരു ദേശത്തിന്റെയും സമൂഹത്തിന്റെയും അടിത്തറകൾ. ഇന്നലെകൾ ഇല്ലാത്തവർ അസ്ഥിവാരമില്ലാതെ കെട്ടിടം പണിതത് പോലെയാണ്. എപ്പോൾ വേണമെങ്കിലും അത് തകർന്നു വീഴാം. തങ്ങളുടെ ഇന്നലകളെ കുറിച്ച് സംഘ പരിവാർ ആശങ്കാകുലരാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ എടുത്തു പറയാൻ കഴിയുന്ന ഒന്നാണ് ഇന്ത്യൻ സ്വാതന്ത്ര സമരം. അവിടെ പോലും എടുത്തു പറയാൻ കഴിയുന്ന ഒന്നും സംഘ പരിവാരിനില്ല എന്നതിനേക്കാൾ അതിനു തുരങ്കം വെച്ച പലതും അവർക്കുണ്ട് താനും. തങ്ങളുടെ കയ്യിൽ കിട്ടിയ അധികാരം ഉപയോഗിച്ച് ഇപ്പോൾ തറ പണിയാനുള്ള ശ്രമത്തിലാണ് സംഘ പരിവാർ.

ദേശീയ വിദ്യാഭ്യാസ നയവും പാഠ്യ പദ്ധതികളും ആ രീതിയിൽ വികസിക്കണമെന്ന് സംഘ പരിവാർ തീരുമാനിച്ചു. ദേശീയതയുടെ പേരിൽ വിശ്വാസം പോലും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമവും അവർ തുടരുന്നു. അതിനു സാധ്യമായ എന്തും സ്വീകരിക്കുക എന്നതാണ് അവർ സ്വീകരിച്ച നയം. ഇല്ലാത്ത കഥകളുടെ പേരിലാണ് അവർ ബാബറി മസ്ജിദ് തകർത്തതും സ്വന്തമാക്കിയതും. അവർ കാലങ്ങളായി പറഞ്ഞു വരുന്ന രാമക്ഷേത്രം തകർത്തു പള്ളി നിർമ്മിച്ചു എന്ന നുണ കോടതി അംഗീകരിച്ചില്ല എന്നത് നമ്മുടെ മുന്നിലെ ഒരു ചരിത്ര യാഥാർഥ്യം മാത്രം.

വസ്തുതകളെ ജനങ്ങളിൽ എത്തിക്കാൻ സ്വീകരിക്കുന്ന വഴികളാണ് എഴുത്തും പ്രസംഗവും ചിത്രീകരണവും. ഇത്തരം നുണകളെ സത്യത്തിന്റെ കുപ്പായമിട്ട് ജനമധ്യത്തിൽ എത്തിക്കാൻ വേണ്ട എല്ലാ സന്നാഹങ്ങളും അവരുടെ കയ്യിലുണ്ട്. Legislation, Executive , Judiciary എന്നീ മൂന്ന് സുപ്രധാന വകുപ്പുകൾ പൂർണമായി അവരുടെ കയ്യിലാണ്. അത് കൊണ്ട് തന്നെ ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനും അവർക്ക് കഴിയുന്നു. ഇന്ത്യൻ ചരിത്രം ദൽഹി സുൽത്താന്മാർ മുഗൾ ഭരണാധികാരികൾ തുടങ്ങി കുറെ ഭരണ കൂടങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിന്റെ ബാക്കി പത്രമാണ്‌ വടക്കേ ഇന്ത്യയിൽ നിലനിൽക്കുന്ന പല സ്ഥല നാമങ്ങളും. അത് പോലും ഇല്ലാതാകാനുള്ള ശ്രമം നാം കണ്ടു വരുന്നു. ഇന്ത്യ പണ്ട് മുതലേ ഒരു സംഘ രാജ്യമായിരുന്നു എന്നതാണ് അവർ മുന്നോട്ടു വെക്കുന്ന ആശയം.

അതിനെ സാധൂകരിക്കാൻ കഴിയുന്ന രീതിയിൽ രചനകളും സിനിമകളും ഉണ്ടാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഇന്ത്യൻ മണ്ണിലേക്ക് കുടിയേറിയ പറങ്കികൾ ആഗ്രഹിച്ചത്‌ ഇന്ത്യയുമായി ഒരു സൗഹൃദ ബന്ധം എന്നതായിരുന്നില്ല. ഇന്ത്യയെ കയ്യടക്കുക എന്നത് തന്നെയായിരുന്നു. അതിനും മുമ്പും ഇന്ത്യയിൽ അറബികൾ വന്നിരുന്നു. അവർ ഒരിക്കലും ഇന്ത്യയെ പിടിച്ചെടുക്കാൻ ശ്രമിച്ചില്ല. അവർ ഇന്ത്യക്കാരുമായി മാന്യമായ കച്ചവടം ചെയ്തു.

അന്നത്തെ കോഴിക്കോട് ഭരണാധികാരി പറങ്കികൾക്കെതിരെ ശക്തമായി ചെറുത്തു നിന്നു. സാമ്രാജ്യത്വ ശക്തികളെ നാട്ടിൽ നിന്നും തുരത്തുക എന്നത് ഒരു അനിവാര്യതയായി അന്ന് ജനം കണ്ടു. അതിൽ ഒരു പടി കടന്നു അതൊരു മതപരമായ ആവശ്യമായി മുസ്ലിംകൾ മനസ്സിലാക്കി. അതിനു സാമൂതിരിക്ക് കടലിൽ സഹായം ചെയ്തവരാണ് കുഞ്ഞാലി മരക്കാർമാർ. പറങ്കികൾ കൂടുതലും തങ്ങളുടെ ഇടമായി ഉപയോഗിച്ചത് അറബിക്കടലിനെയായിരുന്നു. അത് കൊണ്ട് തന്നെ മരക്കാർമാർ ആ സമരത്തിൽ ഉന്നത സ്ഥാനം വഹിച്ചു.

മലബാർ സമരത്തെ പോലും മാറ്റി എഴുതാനുള്ള ശ്രമത്തിലാണ് സംഘ പരിവാർ. ആ വിഷയത്തിൽ അവരുടെ സിനിമയും പുരോഗമിക്കുന്നു. അതെങ്ങിനെ വരുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്ര സമ്മാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. പ്രിയദർശൻ (Priyadarshan) സംവിധാനം ചെയ്ത “ മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar: Lion of the Arabian Sea)” സിനിമക്കാണ് ഫ്യൂച്ചർ സിനിമയിൽ നല്ല സിനിമക്കുള്ള സമ്മാനം ലഭിച്ചത്. സിനിമ ഇറങ്ങാൻ പോകുന്നേയുള്ളൂ. വർത്തമാന സാഹചര്യത്തിൽ ഇത്തരം ഒരു സിനിമക്ക് കേന്ദ്രം സമ്മാനം നൽകുന്നു എന്നത് ആശങ്കയുണ്ടാകും. സിംഹം കാട്ടിലെ രാജാവാണ്. തന്റെ പ്രജകളെ രക്ഷിക്കാൻ മുന്നോട്ടു വരുന്ന സിംഹമുണ്ട്, അതെ സമയം തന്റെ പ്രജകളെ ഭക്ഷണമാക്കുന്ന സിംഹത്തെ കുറിച്ച കഥകളും നാം വായിച്ചിട്ടുണ്ട്. ഇതിൽ ഏതു സിംഹമാണ് പ്രിയദർശന്റെ കുഞ്ഞാലി (Kunjali) എന്നത് കാത്തിരുന്നു കാണണം. ചരിത്രത്തെ വികലമാക്കാൻ സംഘ പരിവാർ രംഗത്ത്‌ വന്ന സമയത്ത് അതിനെ പ്രതിരോധിക്കുക എന്നത് ചരിത്രത്തോട് ചെയ്യുന്ന നീതി മാത്രം. ഈ നിലയിൽ മുന്നോട്ട് പോയാൽ ഗാന്ധിജി ഗുജറാത്തിലെ ഉപ്പു കച്ചവടക്കാരനായിരുന്നു എന്ന് നമ്മുടെ മക്കൾ പഠിക്കുന്ന കാലം വിദൂരമല്ല. ഗോൾവാൾക്കർ മഴുവെറിഞ്ഞു നേടിയതാണ് ഇന്ത്യൻ സ്വാതന്ത്ര്യം എന്ന് വായിക്കുന്ന കാലവും അത്ര വിദൂരമല്ല.

Related Articles