Current Date

Search
Close this search box.
Search
Close this search box.

‘നാം ഒന്നിച്ചു നില്‍ക്കുക’

‘പൗരത്വ ഭേദഗതി നിയമം തള്ളിക്കളയുക’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കേരള, മലപ്പുറം നഗരത്തില്‍ സംഘടിപ്പിച്ച ബഹുജന റാലിയില്‍ സംഘപരിവാര്‍ ഭരണകൂട നിലപാടില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വീസ് രാജിവെച്ച ശശികാന്ത് സെന്തില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം. 

ഞാനിന്നു ഐ എ എസ് കാരനല്ല. അതില്‍ തുടരാന്‍ എന്റെ ധാര്‍മികത എന്നെ സമ്മതിക്കുന്നില്ല. എന്റെ ജോലി ഇപ്പോഴാണ്‌ തുടങ്ങിയത്. ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയരാണ്. നിങ്ങള്‍ക്ക് ഉള്ളത് പോലെ ഇന്ത്യയെ കുറിച്ച സ്വപ്നം എനിക്കുമുണ്ടായിരുന്നു. പക്ഷെ അത് ഒരു പരാജയപ്പെട്ട സ്വപ്നമായിരുന്നു. ഇന്ന് ഇന്ത്യക്കാരന്റെ അന്തസ്സും പാരമ്പര്യവും ഒരു കടലാസില്‍ ഒതുങ്ങി പോകുന്നു. ഇന്ത്യക്കാരന്‍ എന്ന പദവി തെളിയിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു. ഫാസിസം ആവശ്യപ്പെടുന്നത് അധികാരം മാത്രമാണ്. അതൊരു സിനിമ പോലെയാണ്. അതില്‍ ഒരു നായകനും വില്ലനും വേണം. അത് ഉപയോഗിച്ച് ജനത്തെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ദൗത്യമാണ്‌ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ഒരിക്കല്‍ ഈ ഫാസിസ്റ്റ് സര്‍ക്കാര്‍ നോട്ടു നിരോധനത്തിലൂടെ നമ്മുടെ എതിര്‍പ്പിന്റെ ആഴം മനസ്സിലാക്കി. സര്‍ക്കാരിന്റെ കയ്യില്‍ കാര്യമായ എന്തോ ഉണ്ടെന്ന ധാരണയില്‍ നാമൊക്കെ അതിനെ അനുകൂലിച്ചു. പക്ഷെ അവര്‍ അതിനെ കണ്ടത് ജനത്തിന്റെ ക്ഷമ അറിയാനായിരുന്നു. വാസ്തവത്തില്‍ അവര്‍ക്ക് നാടിനെ കുറിച്ചും ജനത്തെ കുറിച്ചും ഒന്നും അറിയുമായിരുന്നില്ല. CAA, NRC ആ വഴിയിലെ അവസാനത്തേതാണു. അതിനെ നാം എതിര്‍ത്ത് തോല്‍പ്പിച്ചേ പറ്റൂ. അല്ലെങ്കില്‍ അത് നമ്മുടെ അവസാനമാകും. പക്ഷെ സര്‍ക്കാരിന് അവിടെ തെറ്റുപറ്റി. നമ്മുടെ കുട്ടികള്‍ ഇന്ന് റോഡിലാണ്. രാജ്യത്ത് ഇരുപതില്‍ പരം സര്‍വ്വകലാശാലയിലെ കുട്ടികള്‍ റോഡില്‍ മുദ്രാവാക്യം വിളിക്കുന്നു. എന്റെ പൗരത്വം റോഡില്‍ വരിനിന്ന് തെളിയിക്കാനുള്ളതല്ല. എന്താണ് നിയമവിദേയമാല്ലാത്ത കുടിയേറ്റം. ഞാന്‍ അങ്ങിനെ ഒരാളെ എന്റെ ജീവിതത്തില്‍ ഇത് വരെ കണ്ടിട്ടില്ല. നിങ്ങള്‍ അങ്ങിനെ ഒരാളെ കണ്ടിട്ടുണ്ടോ ? രാജ്യത്ത് അങ്ങിനെ എത്ര പേരുണ്ട് എന്ന ചോദ്യത്തിനും കൃത്യമായ ഒരു ഉത്തരം ഇന്നുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ പത്തു കൊല്ലമായി ആ ചോദ്യം നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ കയ്യില്‍ പോലും കൃത്യമായ കണക്കില്ല.

അതെ സമയം ചില സംഘടനകള്‍ ഇപ്പോള്‍ തന്നെ രേഖകള്‍ ശേഖരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതൊരിക്കലും ചെയ്യരുത്. അങ്ങിനെ ചെയ്‌താല്‍ അവര്‍ വിജയിക്കും. അവരെ വിജയിക്കാന്‍ സമ്മതിച്ചാല്‍ അത് മറ്റൊരു ദുരന്തമാകും. ഞാന്‍ ഒരിക്കലും എന്റെ രേഖ തരില്ല എന്ന് പറഞ്ഞു ആഭ്യന്തര മന്ത്രിക്കു കത്തെഴുതിയിരുന്നു. നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ പോലും രേഖകള്‍ ഇല്ലാത്തതിന്റെ പേരിൽ പുറത്തു പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രേഖകള്‍ തരാതത്തിന്റെ പേരില്‍ ആദ്യം എന്നെ തന്നെ ജയിലില്‍ പാര്‍പ്പിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ രണ്ടു കാര്യങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ഒന്ന് പാസ്പോര്‍ട്ട്‌ നിയമവും മറ്റൊന്ന് വിദേശി നിയമവും. NPR ആണ് NRC യുടെ അടിസ്ഥാനം. ആ വിവരം അവര്‍ 2015 മുതല്‍ എടുത്തു തുടങ്ങിയിട്ടുണ്ട്. ഫാസിസം ഇപ്പോഴും പ്രചാരണത്തിലാണ് വിശ്വസിക്കുന്നത്. രാജി വെക്കുന്നതിനു മുമ്പ് ഞാന്‍ വളരെ നല്ല കലക്ടര്‍മാരില്‍ ഒരാളായിരുന്നു. ഇപ്പോള്‍ ഞാന്‍ അവര്‍ക്ക് ദേശ വിരുദ്ധനാണ്. അതാണ്‌ അവരുടെ പ്രചാരണ രീതി. നാം ഇവര്‍ക്കെതിരെ ബുദ്ധി കൊണ്ട് കളിക്കണം. ഇത് ചരിത്രത്തിലെ രസകരമായ ഒരു വഴിത്തിരിവാണ്. ഇന്ത്യ എന്താണ് എന്ന് ഫാസിസത്തിന് കാണിച്ചു കൊടുക്കാനുള്ള അവസരം നമുക്ക് ലഭിച്ചിരിക്കുന്നു. കൃത്യമായ പദ്ധതികളോടെ നാം അത് കാണിച്ചു കൊടുക്കുക തന്നെ ചെയ്യും. ഒരിക്കലും നിരാശ പാടില്ല. നിങ്ങള്‍ എല്ലാവരും രേഖകള്‍ കൊടുത്താലും ഞാന്‍ അത് കൊടുക്കില്ല.

ആസാം നമുക്കൊരു പാഠമാണ്. ജനത്തിന്റെ നിസ്സഹകരണമാണു കാര്യങ്ങള്‍ ഇങ്ങിനെ എത്തിച്ചത്. ഇപ്പോള്‍ അവര്‍ ന്യൂനപക്ഷങ്ങളെയാണ് ഉന്നം വെക്കുന്നത്. കുറച്ചു കഴിഞ്ഞാല്‍ അവര്‍ അടുത്ത ഇരയെ തേടിവരും. ഇപ്പോള്‍ ബാധിക്കാത്തവരെ അപ്പോള്‍ ബാധിക്കും എന്നുറപ്പാണ്. ഈ സമരം നീണ്ടു നില്‍ക്കണം . ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള പ്രശ്നത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുന്നത് വരെ അതു നീണ്ടു നില്‍ക്കണം. ഞാന്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നത് ഒന്ന് മാത്രം. നിങ്ങള്‍ ജനത്തിന്റെ കൂടെ നില്‍ക്കണം. നിങ്ങളുടെ മറ്റെല്ലാ അഭിപ്രായ വ്യതാസങ്ങളും അതിനു തടസ്സമാകരുത്. NRC അവസാന വിഷയമായി നാം തെറ്റിദ്ധരിക്കരുത്. നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയും പലതും നമ്മെ തേടിവരും. ഒന്നും ജനത്തിനേക്കാള്‍ വലുതല്ല. ജനം ഒന്നിച്ചാല്‍ എന്തും അവരുടെ മുന്നില്‍ പരാജയപ്പെടും. എല്ലാ സ്ഥാപനങ്ങളെയും അവര്‍ ചൊല്‍പ്പടിക്ക് നിര്‍ത്തും. എവിടെ നിന്നും ചിലപ്പോള്‍ ഒരു സഹായവും കിട്ടി എന്ന് വരില്ല. പക്ഷെ നമ്മുടെ ഒന്നിച്ചുള്ള മുന്നേറ്റം എല്ലാം മാറ്റി മറിക്കും. അവസാനമായി എനിക്ക് നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് നിങ്ങള്‍ തിരിച്ചു പോയി ഈ സന്ദേശം ഇവിടെ പങ്കെടുക്കാത്ത മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കണം. നിങ്ങള്ക്ക് എന്റെ ആശംസകള്‍.

തയ്യാറാക്കിയത് :അബ്ദുസ്സമദ് അണ്ടത്തോട്.

Related Articles