Current Date

Search
Close this search box.
Search
Close this search box.

ലബ്നാനിൽ വേണ്ടത് യഥാർഥ മാറ്റം ; പക്ഷെ അതാരുടെയും അജണ്ടയിലില്ല

ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ; മറ്റൊന്ന് ഇസ്രയേലിനോട് ചേർന്നു നിൽക്കുന്ന സ്ട്രാറ്റജിക് പ്രാധാന്യമുള്ള മേഖലയാണ് എന്നതും. മേഖലയിലെ ഇറാന്റെ ഏറ്റവും വലിയ ബിനാമി (proxy)യായ ഹിസ്ബുല്ല ഈ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും സുപധാന ഘടകവുമായിരിക്കും. അത്രക്കുണ്ട് ലബ്നാൻ രാഷ്ട്രീയത്തിൽ ഹിസ്ബുല്ലക്കുള്ള സ്വാധീനം. അതായത് രാഷ്ടത്തിനകത്ത് തന്നെ ഒരു രാഷ്ട്രമുണ്ടെന്നർഥം. അവിടെ യഥാർത്ഥ ഭരണം കയ്യാളുന്നത് ഇറാനാണ്. ഭരണത്തിന്റെ കടിഞ്ഞാൺ ഇറാന്റെ കൈയിലായിരിക്കും. ഹിസ്ബുല്ലക്ക് മിസൈലുകൾ ഉൾപ്പെടെ ഹെവി ആയുധങ്ങൾ ധാരാളമുണ്ട്. ഒരു ലക്ഷം കവിയുന്ന പടയാളികളും. ഇതൊക്കെ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസൻ നസ്റുല്ല നൽകുന്ന വിവരമാണ്. ലബ്നാനികൾക്ക് ഭക്ഷണവും വെള്ളവും മരുന്നും വീടും മറ്റെല്ലാ സൗകര്യങ്ങളും നൽകുന്നത് ഇറാനാണെന്നും നസ്റുല്ല കൂട്ടത്തിൽ പറയുന്നുണ്ട്.

ഇത് കൊണ്ടാണ് ലബ്നാനികൾ പറയുന്നത്, ഇറാൻ ലബ്നാനെ അധിനിവേശം ചെയ്തിരിക്കുകയാണെന്ന്. അതിനാൽ രാജ്യത്തിന് സ്വാതന്ത്ര്യം നേടേണ്ടതായിട്ടുണ്ട്. ഇതൊന്നും വീൺവാക്കുകളോ കേവലം ആഗ്രഹ ചിന്തകളോ അല്ല. അവരുടെ കടുത്ത പ്രതിഷേധ സ്വരമാണ് നാമതിൽ മുഴങ്ങിക്കേൾക്കുന്നത്. ഇത്തരം ഉത്കണ്ഠകളെ സാധൂകരിക്കുന്ന ഒരു വർത്തമാനം ഇറാനിലെ ഒരു രാഷ്ട്രീയ വക്താവ് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: ‘ ഇറാൻ നാല് അറബ് രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നു; ലബ്നാൻ, ഇറാഖ്, സിറിയ, യമൻ എന്നിവയുടെ.’

ഇതൊക്കെ മനസ്സിൽ വെച്ചു വേണം ലബ്നാനിൽ ഈയിടെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനെ കാണാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലബ്നാനെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണ്ണായക ഘട്ടമാണ്. ബാങ്കുകൾ തകർന്നിരിക്കുന്നു. നിക്ഷേപകർക്ക് അവരുടെ പണം നഷ്ടമായി. പണപ്പെരുപ്പം പിടിച്ചാൽ കിട്ടാത്ത നിലയിലാണ്. ദാരിദ്യം ഭീകര ഭാവം പൂണ്ടു നിൽക്കുന്നു. ദേശീയ കറൻസിയുടെ മൂല്യത്തകർച്ച തൊണ്ണൂറ് ശതമാനമാണ്. ലബ്നീസ് ജനത നിരാശയിൽ ആണ്ടു പോയിരിക്കുന്നു. രാഷ്ട്രീയ ഘടനയിലും തെരഞ്ഞെടുപ്പിലും അവർക്ക് വിശ്വാസമില്ല. അതിനാൽ പലരും വോട്ട് ചെയ്യാനേ പോയില്ല. തങ്ങൾക്ക് പറ്റേ മടുത്തു കഴിഞ്ഞ ആ ഭരണ വരേണ്യവർഗ്ഗം തന്നെയാവും ഏത് തെരഞ്ഞെടുപ്പിന് ശേഷവും തിരിച്ചെത്തുക എന്ന് അവർക്കറിയാം.

ലബ്നാന്റെ അധികാരവും നേതൃത്വവും പല പല കൂട്ടർക്കാണ്. അതൊക്കെ ആജീവനാന്തം അനന്തരസ്വത്ത് പോലെ തലമുറകളിലേക്ക് വരെ വന്നുചേരുന്നതാണ്. ഇതറിയുന്നതിനാൽ വോട്ട് ചെയ്യാനെത്തിയവരുടെ എണ്ണം 2018 ലേതിനേക്കാൾ കുറവായിരുന്നു. ഹിസ്ബുല്ലയുടെ ശിഈ ശക്തി കേന്ദ്രങ്ങളിൽ വരെ ഇതായിരുന്നു സ്ഥിതി. നസ്റുല്ലയും കൂട്ടാളിയായ പാർലമെന്റ് സ്പീക്കർ നബീഹ് ബർറിയും പണം കൊടുത്ത് പ്രലോഭിപ്പിച്ചിട്ടും ജനം പോളിങ്ങ് ബൂത്തിലെത്താൻ മടിച്ചു. തങ്ങളുടെ രോഷവും അസംതൃപ്തിയും പ്രകടിപ്പിക്കുക കൂടിയായിരുന്നു വോട്ടർമാർ. ഈ നേതാക്കളെ നീക്കാനുളള ചോയ്സ് തങ്ങൾക്കില്ല എന്നവർക്ക് നന്നായിട്ടറിയാം.

രണ്ട് മാസമായി പലതരം വാദമുഖങ്ങളാലും വിഭാഗീയ സംഘർഷങ്ങളാലും മുഖരിതമായിരുന്നു ലബ്നാനിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം. ഒട്ടും വിഭാഗീയതയില്ലാത്ത ഒരു സിവിൽ രാഷ്ടത്തിന് വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നാണ് ഓരോ സ്ഥാനാർഥിയും പറഞ്ഞു കൊണ്ടിരുന്നത്. 1992-ലെ ത്വാഇഫ് കരാർ പ്രകാരം നിലവിൽ വന്ന സംവരണ നിയമമനുസരിച്ച് ശിഈ ക്വാട്ടയിലുള്ള 28 സീറ്റും ഹിസ്ബുല്ല – അമൽ കൂട്ടുകെട്ടിന് തന്നെയാണ് ലഭിച്ചത്. ക്രിസ്ത്യൻ സംവരണ സീറ്റുകളിൽ സമീർ ജഅജഇന്റെ ലബനീസ് ഫോഴ്സസ് പാർട്ടി 18 സീറ്റുകൾ നേടി ഏറ്റവും വലിയ ക്രിസ്ത്യൻ ബ്ലോക്കായി മാറി. മറ്റൊരു ക്രിസ്ത്യൻ നേതാവും ഇപ്പോഴത്തെ ലബ്നാൻ പ്രസിഡന്റുമായ മിഷൽ ഔനിന്റെ മരുമകൻ ജിബ്രാൻ ബാസിൽ നേതൃത്വം നൽകിയ ഫ്രീ പാട്രിയോട്ടിക് മൂവ്മെന്റ് പാർട്ടിക്ക് 18 സീറ്റുകളേ നേടാനായുള്ളൂ. 2018 ലെ തെരഞ്ഞെടുപ്പിൽ അവർക്ക് 27 സീറ്റ് ഉണ്ടായിരുന്നു. സഅദ് ഹരീരി നേതൃത്വം നൽകുന്ന ഫ്യൂച്ചർ മൂവ്മെന്റ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് സുന്നി പക്ഷത്തിന് വലിയ തിരിച്ചടിയായി. നല്ല നേതൃത്വമില്ലാത്തതിനാൽ സുന്നി പക്ഷം ഈ തെരഞ്ഞെടുപ്പോടെ ദുർബലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. സുന്നി വോട്ടുകൾ പല ബ്ലോക്കുകളിലേക്കായി ചിതറിപ്പോവുകയായിരുന്നു.

ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്നും മുന്നണികളിൽ നിന്നും വേറിട്ട് ഒരുപറ്റം ചെറുപ്പക്കാർ നേതൃത്വം നൽകിയ കൂട്ടായ്മയുടെ സ്ഥാനാർഥികൾ വിജയികളുടെ പട്ടികയിൽ ഇടം പിടിച്ചു എന്നതാണ്. 1990-ൽ ആഭ്യന്തര യുദ്ധത്തിന് ശമനമായ ശേഷം ഈയൊരു പ്രവണത ഇതാദ്യമായാണ്. സമൂലമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് 2019 ഒക്ടോബറിൽ ഉണ്ടായ ജനകീയ പ്രക്ഷോഭത്തെയാണ് ഈ ധാര പ്രതിനിധീകരിക്കുന്നത്. വിഭാഗീയതക്ക് അന്ത്യം കുറിക്കാനും വിഭാഗീയമായ മണ്ഡലം പങ്ക് വെപ്പ് അവസാനിപ്പിക്കുന്ന തരത്തിൽ ഘടനാ പരിഷ്കാരം കൊണ്ട് വരാനും അവർ മുറവിളി കൂട്ടി. നിലവിലുള്ള സകല രാഷ്ട്രീയ ബിംബങ്ങളെയും ചിഹ്നങ്ങളെയും അവർ നിരാകരിച്ചു. ‘സകലരും അതായത് സകലരും’ (കുല്ലുൻ യഅ്നി കുല്ലുൻ) എന്നാണ് അവർ ഉയർത്തിയ മുദ്രാവാക്യം. ആകെയുള്ള 128 സീറ്റുകളിൽ ഈ സംഘം 15 സീറ്റുകൾ നേടി. ഇവർ ഒരു മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി സിറിയൻ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന സകല ഏജന്റുമാരും പാവകളും തോറ്റു എന്നതാണ്. ലബനീസ് ഡമോക്രാറ്റിക് പാർട്ടിയുടെ അമീർ തലാൽ അർസലാൻ, തൗഹീദ് പാർട്ടിയുടെ വിആം വഹബ്, മുൻ ഡെപ്യൂട്ടി സ്പീക്കർ ഏലി ഫർസലി എന്നിവരാണ് അവരിലെ പ്രമുഖർ. കള്ള വോട്ടിലൂടെ ഫർസലിയെ വിജയിപ്പിക്കാൻ സിറിയൻ ഭരണകൂടം ശ്രമിച്ചെങ്കിലും അത് പിടിക്കപ്പെടുകയാണ് ഉണ്ടായത്.

ഈ തെരഞ്ഞെടുപ്പിൽ ഹിസ്ബുല്ലക്കും കൂട്ടാളികൾക്കും പാർലമെന്റിൽ തങ്ങൾക്കുണ്ടായിരുന്ന ഭൂരിപക്ഷമാണ് നഷ്ടമായിരിക്കുന്നത്. അതേസമയം ഹിസ്ബുല്ലയും അമൽ പാർട്ടിയും ചേർന്ന് ശിഈ സംവരണ സീറ്റുകൾ മുഴുവൻ നിലനിർത്തുകയും ചെയ്തു. എന്നാൽ അവരുടെ ക്രിസ്ത്യൻ സഖ്യകക്ഷിയായ ഫ്രീ പാട്രിയോട്ടിക് മൂവ്മെന്റിന് നിരവധി സീറ്റുകൾ നഷ്ടമായിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ തിരിച്ചടിയാണെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റുല്ല സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ചുരുക്കം പറഞ്ഞാൽ ജനഹിതം വ്യത്യസ്ത ബ്ലോക്കുകളിലായി ചിതറിയിരിക്കുകയാണ്. 2018 ലെ തെരഞ്ഞെടുപ്പിൽ ഹിസ്ബുല്ലക്കും സഖ്യകക്ഷികൾക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നതാണ്. അറേബ്യൻ സംസ്കാരത്തിന്റെയും കലയുടെയും കേന്ദ്രമായി അറിയപ്പെട്ടിരുന്ന ലബ്നാൻ ഒരു കാലത്ത് വിളിക്കപ്പെട്ടത് ‘കിഴക്കിന്റെ സ്വിറ്റ്സർലന്റ്’ എന്നായിരുന്നു. ഇറാൻ രംഗപ്രവേശം ചെയ്യുകയും മിലിഷ്യകൾ നിയന്ത്രണം കൈയിലെടുക്കുകയും ചെയ്തതോടെ സ്ഥിതിയാകെ മാറി. പുതിയ തെരഞ്ഞെടുപ്പോടെ ഇതിലെന്തെങ്കിലും മാറ്റം വരുമോ? സംശയമാണ്. തൊണ്ണൂറുകാരനായ നബീൽ ബർറി 1992 മുതൽ അവിടെ പാർലമെന്റ് സ്പീക്കറാണ്. ഇനിയും അയാൾ തന്നെയാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ എന്ത് മാറ്റം വരാനാണ്! യഥാർഥ മാറ്റം ഉണ്ടാവുമോ എന്നതാണ് ലബ്നാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ആ മാറ്റം ആരുടെയും രാഷ്ട്രീയ അജണ്ടയിൽ ഉളളതായി തോന്നുന്നില്ല.

വിവ: അശ്റഫ് കീഴുപറമ്പ്

(മിഡിലീസ്റ്റ് മോണിട്ടർ കോളമിസ്റ്റാണ് ഡോ. ആമിറ. )

Related Articles