Current Date

Search
Close this search box.
Search
Close this search box.

കോട്‌ലര്‍ അവാര്‍ഡ്: കൃത്രിമമായി മോടി കൂട്ടുന്ന മോദി

നിലവിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തു. സാധാരണ അവാര്‍ഡ് ചടങ്ങുകളില്‍ നിന്നും അല്‍പം വ്യത്യസ്തമായിരുന്നു ഈ ചടങ്ങ്. ആദ്യത്തെ ഫിലിപ് കോട്‌ലര്‍ അവാര്‍ഡ് മോദി തന്നെ അദ്ദേഹത്തിന് നല്‍കി എന്ന തരത്തിലായിരുന്നു അവാര്‍ഡ് വാര്‍ത്ത പുറത്തുവന്നത്.

മോദിയുടെ പ്രവര്‍ത്തന കര്‍മോത്സുകതക്കായിരിക്കും അവാര്‍ഡ് നല്‍കിയത് എന്നാണ് കരുതുന്നത്. (അദ്ദേഹം തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലിചെയ്യാറുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.) ഇതാകും സംഘാടകര്‍ അദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്ത്.

പ്രതീക്ഷിച്ച പോലെ മോദി ഭക്തര്‍ക്കു പുറമെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരും മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. അവാര്‍ഡ് വിജയിയായ മോദിയെ പുകഴ്ത്താനും ആരംഭിച്ചു. ഇതിനിടെ അപ്രതീക്ഷിതമായാണ് ദി വയറിന്റെ ആ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ പുരസ്‌കാരത്തെക്കുറിച്ച് ചില അടിസ്ഥാന ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ദി വയര്‍ ചെയ്തത്. ഇതോടെ എല്ലാവരും പെട്ടെന്ന് മൗനികളായി മാറുകയായിരുന്നു.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള മാര്‍ക്കറ്റിങ് തന്ത്രജ്ഞനായിരുന്നു അമേരിക്കക്കാരനായ ഫിലിപ് കോട്‌ലര്‍. ഇത് നമുക്ക് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കാണാന്‍ സാധിക്കും. അദ്ദേഹം ഈ രംഗത്ത് ഏറെ സ്വാധിനിച്ച വ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ച ഇദ്ദേഹം മാനേജ്‌മെന്റ് ഗുരു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ അധിപനായ അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡിന് മോദിയെ തെരഞ്ഞെടുത്തത് വളരെ രഹസ്യസ്വഭാവത്തോടെയാണ്. ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തുകയും അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് അവാര്‍ഡ് വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് മോദിയെ അഭിനന്ദിച്ചും അവാര്‍ഡിനെ പരഹിസിച്ചും രംഗത്തെത്തിയത്. ‘ലോക പ്രശസ്ത കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേടിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. അവാര്‍ഡിന് ജൂറിയില്ലാത്തതാണ് ഇത് പ്രശസ്തമാവാന്‍ കാരണം. ഇതിന് മുന്‍പ് ഈ പുരസ്‌കാരം ആര്‍ക്കും നല്‍കിയിട്ടുമില്ല. പിന്നില്‍ ഇതുവരെ കേള്‍ക്കാത്ത ഒരു അലിഗഢ് കമ്പനിയാണ്. പതഞ്ജലിയും റിപബ്ലിക് ടിവിയുമാണ് ഇവന്റ് പാര്‍ടണര്‍മാര്‍’, എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

പിറ്റേ ദിവസമാണ് അവാര്‍ഡിന് പിന്നില്‍ സൗദി കമ്പനിക്കും ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്. അവരുടെ ശൃംഖല ഇന്ത്യയിലേക്ക് വ്യാപിപിക്കുന്നതിന്റെ ഭാഗമായാണ് അലീഗഢിലെ കമ്പനി എന്ന വ്യാജ അഡ്രസ് നല്‍കിയതെന്നും മറ്റൊരു മാധ്യമം വാര്‍ത്ത പുറത്തുവിട്ടത്. എന്തായാലും ഇത്തരം വിവരങ്ങളെല്ലാം പുറത്തു വന്നത് പ്രധാനമന്ത്രിയുടെ പദവിക്ക് ഒരിക്കലും യോജിച്ചതല്ല. സംശയാസ്പദമായ തരത്തിലുള്ള കമ്പനികളില്‍ നിന്നും മറ്റേതെങ്കിലും ഒരു രാജ്യത്തെ തലവന്‍ ആണ് ഇത്തരത്തില്‍ ഒരു അവാര്‍ഡ് സ്വീകരിച്ചത് എങ്കില്‍ എന്താവും അവസ്ഥ. നിരവധി ചോദ്യങ്ങളുയരുകയും പുലിവാല്‍ പിടിക്കുകയും ചെയ്യുമായിരുന്നു. ഇത് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ മോദി തന്റെ സ്യൂട്ടില്‍ സ്വര്‍ണ്ണം കൊണ്ട് പേര് ആലേഖനം ചെയ്ത സംഭവത്തിനു തുല്യമാണ്. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് ലോകത്തിന് മുന്നില്‍ നാണക്കേടായിരുന്ന മുന്‍ ഈജിപ്ത് ഏകാധിപതി ഹുസ്‌നി മുബാറക്കിനു ശേഷം രണ്ടാമനായി മാറിയിരിക്കുകയാണ് മോദി.

പുരസ്‌കാരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമായിരിക്കെ പ്രധാനമന്ത്രിയുടെ ഓഫിസിനും ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യങ്ങളില്‍ അറിവുണ്ടാകണം. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചിട്ടാണ് അവാര്‍ഡ് വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത്. എന്തിനാണ് ഈ അവാര്‍ഡ് മോദിക്ക് നല്‍കിയതെന്ന് ഫിലിപ് കോട്‌ലര്‍ അധികൃതരും പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ വിശ്വാസയോഗ്യമല്ലാതെ എന്തിനാണ് മോദി ഈ അവാര്‍ഡ് സ്വീകരിക്കാന്‍ തയാറായതെന്നും ഇതിന്റെ വാര്‍ത്തകളും ചിത്രങ്ങളും തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെക്കാന്‍ അദ്ദേഹം തയാറാകാതിരുന്നതും എന്തുകൊണ്ടാണ് എന്ന ചോദ്യങ്ങളുമാണ് ഉയരുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മോദിയെ ബ്രാന്‍ഡ് ചെയ്യുക എന്നതു തന്നെയാകും ഫിലിപ് കോട്‌ലറിന്റെ കമ്പനി ചെയ്തിട്ടുള്ളത്. മോദിയുടെ പ്രഭാവം അസ്തമിച്ചുകൊണ്ടിരിക്കുകയാണ് എന്നത് സത്യമാണ്. ഇത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ബാധിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. തുടര്‍ന്നാണ് മോദിയുടെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ ഇത്തരത്തില്‍ കൃത്രിമ പ്രഭാവങ്ങള്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കുന്നത്. തന്റെ പ്രതിഛായ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മോദി വളരെ ശ്രദ്ധാലുവാണെന്ന് നോക്കുക. ഇതിനായി കിട്ടുന്ന ഏത് സംവിധാനവും അദ്ദേഹം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ പെട്രോളിയം ഡീലര്‍മാരോട് പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ഫോട്ടോ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചത്. ഇതിന് തയാറാകാത്ത ഡീലര്‍മാരുടെ വിതരണം നിര്‍തത്തലാക്കുമെന്ന് വരെ ഭീഷണിയുണ്ടായി.

ഇത് കണ്ടറിഞ്ഞാണ് ജിയോ മൊബൈല്‍ ഫോണ്‍ പുറത്തിറക്കിയപ്പോള്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ അതിന്റെ കൂടെ ഉപയോഗിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ചതിന് പിഴ അടക്കാന്‍ നിര്‍ദേശിച്ചതും നാം കണ്ടതാണ്. പേടിഎം മൊബൈല്‍ ആപ്പിന്റെ കാര്യത്തിലും സമാനസംഭവമുണ്ടായി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇത്തരത്തില്‍ വിവിധ ഗിമ്മിക്കുകളുമായി മോദി ഇനിയും വരുമെന്നതില്‍ അത്ഭുതപ്പെടാനില്ല.

അവലംബം: countercurrents.org
മൊഴിമാറ്റം: സഹീര്‍ അഹ്മദ്

Related Articles