Current Date

Search
Close this search box.
Search
Close this search box.

യു.പിക്ക് പഠിക്കുന്ന കേരളം

പ്രവാചകരെ താങ്കള്‍ ലോകത്തിനു അനുഗ്രഹമാണ് എന്നാണ് ദൈവീക വചനം. കാരുണ്യവാനായ പ്രവാചകന്‍ എന്നാണു വിശ്വാസികള്‍ പ്രവാചകനെ പരിചയപ്പെടുത്തുന്നത്. പ്രവാചക ജീവിതം ഒരു തുറന്നു വെച്ച പുസ്തകം പോലെ എന്നത് കുറഞ്ഞു പോയ പ്രസ്താവനയാണ്. സൂര്യ കിരണങ്ങളെക്കാള്‍ സുതാര്യമായിരുന്നു ജനത്തിനിടയില്‍ പ്രവാചകന്റെ ജീവിതം. ലോകത്തില്‍ ഒരാളുടെയും ജീവിതവും വാക്കുകളും പ്രവര്‍ത്തികളും ഇത്രമേല്‍ രേഖപ്പെടുത്തപ്പെട്ട ഒരു മനുഷ്യനും ഭൂമിയില്‍ കടന്നു പോയിട്ടില്ല.

പ്രവാചകന് ആദ്യ കാലം മുതല്‍ തന്നെ ശത്രുക്കള്‍ ഉണ്ടായിട്ടുണ്ട്. അതൊരു അനിവാര്യതയായി ഇസ്ലാം കണക്കാക്കുന്നു. പ്രവാചകനെ അന്നത്തെ ജനതയും വിമര്‍ശിച്ചിട്ടുണ്ട്. അവരെ മാന്യമായ സംവാദത്തിനു പ്രവാചകന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസവും അവിശ്വാസവും മനുഷ്യ ജീവിതത്തിന്റെ തുടക്കം മുതല്‍ ഉടലെടുത്തു എന്നാണ് വിശ്വാസികള്‍ മനസ്സിലാക്കുന്നത്. ആദ്യത്തെ വിശ്വാസിയായ ആദം ജനിച്ചപ്പോള്‍ തന്നെ പിശാചും രൂപപ്പെട്ടിരുന്നു. അത് കൊണ്ട് ഇസ്ലാം വിമര്‍ശനം പ്രവാചക വിമര്‍ശനം എന്നത് ഒരു പുതിയ വിഷയമായി വിശ്വാസികള്‍ കാണുന്നില്ല.

സംഘ പരിവാറും കൂട്ടരും പ്രവാചകനെ വിമര്‍ശിക്കുക എന്നത് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. എത്ര മാത്രം ഇസ്ലാമിനോട് വൈരാഗ്യം കാണിക്കാം എന്നതാണ് അവരുടെ വിശ്വാസത്തിന്റെ അടിത്തറ. പ്രവാചകനെയും അദ്ദേഹം പരിചയപ്പെടുത്തിയ ആശയത്തെയും ലോകാടിസ്ഥാനത്തില്‍ പരിഹസിക്കുന്ന ജനത നമുക്ക് ചുറ്റുമുണ്ട് . ഒരു പ്രവാചകനും പരിഹസിക്കപ്പെടാതെ കഴിഞ്ഞു പോയിട്ടില്ല എന്നാണു പ്രമാണം. പുതിയ കാലത്ത് സംഘ പരിവാര്‍ തുടങ്ങിവെച്ച ഒരു പ്രവാചക ചര്‍ച്ചയുണ്ട്. പ്രവാചക ജീവിതത്തെ തീര്‍ത്തും അവഗണിച്ചാണ് അവര്‍ ചര്‍ച്ച കൊണ്ട് വന്നത് .

പ്രവാചക വിവാഹങ്ങള്‍ പല രൂപത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ മരിക്കുമ്പോള്‍ അവരില്‍ അധിക പേരും ജീവിച്ചിരുന്നു. പ്രവാചക ജീവിതത്തിലെ ഒരു അസ്വാരസ്യവും പിന്നെയാരും പറഞ്ഞു കേട്ടില്ല. അതൊക്കെ ചരിത്രം. വികലമാക്കുന്ന ചരിത്രത്തിനാണ് ഇന്ന് കൂടുതല്‍ താല്പര്യം. അവര്‍ അത് പറയട്ടെ . അതവരുടെ ദൗത്യം. പ്രവാചക നിന്ദ്യയുടെ പേരില്‍ പ്രതിഷേധിക്കുക എന്നത് ജനാധിപത്യമാണ്. അത്തരക്കാരുടെ വീടും സ്ഥാപനങ്ങളും പൊളിച്ചു മാറ്റുക എന്നത് പുതിയ രീതികളാണ്. അതൊന്നും കാണാനുള്ള കണ്ണും കാതും നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇല്ലാതായിരിക്കുന്നു. അത് യുപി യിലെ കഥ.

കേരളത്തിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഒരിക്കല്‍ പോലും അതൊരു കലാപമായി വളന്നിട്ടില്ല. ഖുതുബകളില്‍ സമകാലീന സംഭവങ്ങള്‍ കടന്നു വരിക എന്നത് സ്വാഭാവികം . അങ്ങിനെ നോക്കിയാല്‍ അടുത്ത ഖുതുബയും വിഷയം പ്രവാചകന്‍ തന്നെയാകും. അറബി ഭാഷയില്‍ ഖുതുബ നിര്‍വഹിക്കുന്ന പള്ളികളില്‍ വേറെ പ്രഭാഷണം കാണും. പ്രവാചകനെ കുറിച്ച പ്രഭാഷണം പോലും നമ്മുടെ നിയമ വ്യവസ്ഥ എന്തിനു ഭയക്കണം. പ്രവാചകന്‍ വിശ്വാസികള്‍ക്ക് ഒരു വൈകാരിക വിഷയമാണ് . എന്ന് വെച്ച് അത് വിവേകത്തിന്റെ അതിരുകള്‍ ഒരിക്കലും കടന്നു പോകാറില്ല. പ്രവാചകനെ അപകീര്‍ത്തി പ്പെടുത്തിയ ഒരാളുടെ കൈവെട്ടിയ സംഭവം കേരളത്തില്‍ നടന്നിട്ടുണ്ട് . മുസ്ലിം സമുദായം അതിനെ എന്നും തള്ളിപ്പറഞ്ഞിട്ടുമുണ്ട്.

അടുത്തിടെ കേരളത്തില്‍ പലരും മുസ്ലിംകളെ വളരെ മോശമായ രീതിയില്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അവരുടെ പ്രകോപനം പലപ്പോഴും സമുദായത്തില്‍ തന്നെ പലരും ഏറ്റെടുത്തിരുന്നു . പള്ളി വികാരികളും നേതാക്കളും പി സി ജോര്‍ജിനെ പോലെയുള്ള വിഷം തുപ്പുന്നവരും അതേറ്റു പിടിച്ചിരുന്നു. അന്നൊന്നും പോലീസ് ഇന്നത്തെ പോലെ വല്ലാത്ത അസ്വസ്ഥത കാണിച്ചില്ല . സംഘ പരിവാര്‍ നേതാക്കള്‍ നിരന്തരം അത്തരം വാക്കുകളും പ്രവര്‍ത്തികളും പുറത്തു വിടുന്നു . അന്നൊന്നും ഇന്നത്തെ ജാഗ്രത പോലീസ് കാണിച്ചതായി നമുക്കറിയില്ല. അപ്പോള്‍ വിഷയം മറ്റൊന്നാണ് . കാക്കിക്കുള്ളിലും അധികാരത്തിലും ഇസ്ലാമോഫോബിയ ഇടം പിടിച്ചിരുക്കുന്നു. ഒരു തരം ഇസ്ലാം ഭീതി പരത്തുന്ന തിരക്കിലാണ് അവരെല്ലാം.

സര്‍ക്കാര്‍ അറിഞ്ഞില്ല എന്നത് മുഖവിലക്ക് എടുത്താലും പോലീസ് സേനയില്‍ ഈ രോഗമുള്ളവര്‍ ധാരാളം എന്ന് മനസ്സിലാക്കണം . നാട്ടില്‍ ഭരിക്കുന്നത്‌ ഇടതുപക്ഷമാണ്. അതും സാക്ഷാല്‍ പിണറായി. വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ എന്ത് സംസാരിക്കണം എന്ന് കൂടി ഭരണ കൂടം തീരുമാനിക്കുന്ന കാലമാണ്. കലാപം ഉണ്ടാക്കാന്‍ പ്രവാചകനെ ആരും ഉപയോഗിച്ച ചരിത്രം നമ്മുടെ നാട്ടിലില്ല . എന്നിട്ടും പോലീസ് പുറത്തു വിടുന്ന ഇത്തരം നിര്‍ദ്ദേശങ്ങള്‍ നമ്മെ ഭയപ്പെടുത്തണം. കേരളം പതിയെ എന്ന് പറഞ്ഞാല്‍ അത് തെറ്റാവും . വേഗതയില്‍ തന്നെ യുപിക്ക് പഠിക്കുന്നു . അതും ഇടതു പക്ഷ ഭരണത്തില്‍.

Related Articles