Current Date

Search
Close this search box.
Search
Close this search box.

സൗഹൃദത്തിന്റെ വീണ്ടെടുപ്പ്

കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ മതമൈത്രിയും സാമുദായിക സൗഹാര്‍ദവും പരസ്പര സ്‌നേഹവും സഹകരണവും സാഹോദര്യവും സഹിഷ്ണുതയും പ്രളയ , പ്രളയാനന്തര കാലത്തെപ്പോലെ പൂത്തുലഞ്ഞ സന്ദര്‍ഭമുണ്ടായിട്ടില്ല. മനുഷ്യന്റെ നന്മ തിരിച്ചറിയാനും അനുഭവിച്ചറിയാനും അവസരം ലഭിച്ചതാണിതിനു കാരണം. അജ്ഞതയും അതുണ്ടാക്കിയ തെറ്റിദ്ധാരണകളും അകല്‍ച്ചകളും അവസാനിപ്പിക്കാനും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ പടുത്തുയത്തിയ മതില്‍ കെട്ടുകള്‍ പൊളിച്ചു മാറ്റാനും ഒരു പരിധിയോളം വെള്ളപ്പൊക്ക മുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് സാധിച്ചു. ജാതി, മത, സമുദായ പരിഗണനകള്‍ക്കതീതമായാണ് മഹാ ഭൂരിപക്ഷവും പ്രളയബാധിതരെ രക്ഷിക്കാനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും ശാരീരികവും സാമ്പത്തികവുമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നോട്ടു വന്നത്. ഇതര സമൂഹങ്ങളെ സംബന്ധിച്ച് തങ്ങള്‍ വെച്ച് പുലര്‍ത്തിയിരുന്ന ധാരണകളൊക്കെ തെറ്റായിരുന്നുവെന്നും ഭൂമിയിലെ മാലാഖമാരായാണ് അവരെ തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്നും ഒട്ടേറെ പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും തുറന്നു പറയുകയുണ്ടായി. സേവന പ്രവര്‍ത്തനങ്ങളിലും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിലും മുന്നിട്ടു നിന്നത് മുസ്ലിംകളായതിനാല്‍ ഏറെ പേരും സംസാരിച്ചുകൊണ്ടിരിക്കുന്നത് അവരെക്കുറിച്ചാണ്. വര്‍ഗീയ വിദ്വേഷവും വെറുപ്പും വളര്‍ത്തി സാമുദായിക ധ്രുവീകരണവും ശത്രുതയും അകല്‍ച്ചയും സൃഷ്ടിക്കാന്‍ ദുശ്ശക്തികള്‍ നിരന്തരം നടത്തിപ്പോന്ന ശ്രമങ്ങള്‍ക്ക് ഒട്ടൊക്കെ തടയിടാന്‍ പ്രളയ കാലത്ത് വളര്‍ന്നു വന്ന കൂട്ടായ്മക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

ക്ഷേത്രങ്ങളും ചര്‍ച്ചുകളൂം വൃത്തിയാക്കാന്‍ മുന്നോട്ടു വന്ന മുസ്ലിം യുവത ഏവരുടെയും പ്രശംസയര്‍ഹിക്കുന്നു. ജാതി, മത ഭേദമില്ലാതെ അഭയാര്‍ത്ഥികള്‍ക്ക് ആരാധനാലയങ്ങളുടെയും മത സ്ഥാപനങ്ങളുടെയും കവാടങ്ങള്‍ തുറന്നു കൊടുത്ത ഭാരവാഹികളും അഭിനന്ദനമര്‍ഹിക്കുന്നു. സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ മുസ്ലിംകള്‍ക്ക് പെരുന്നാള്‍ നമസ്‌കാരവും ജുമുഅയും മറ്റു നമസ്‌കാരങ്ങളും നിര്‍വഹിക്കാന്‍ ക്ഷേത്ര പരിസരത്ത് സൗകര്യമൊരുക്കി കൊടുത്തവരും ചര്‍ച്ചുകളുടെ കവാടങ്ങള്‍ തുറന്നു കൊടുത്തവരും പ്രളയാനന്തര കൈരളിക്ക് നല്‍കുന്ന സന്ദേശം സംസ്ഥാനത്തെ മഹിതമായ പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്കിന്റേതാണ്.

കേരളത്തിലെ പുകള്‍പെറ്റ പുരാതന മുസ്ലിം പള്ളികള്‍ക്കെല്ലാം സ്ഥലം സംഭാവന ചെയ്തത് ഹൈന്ദവ സഹോദരന്മാരാണ്. ഇസ്ലാം സ്വീകരിക്കുന്നവര്‍ക്ക് മതവിദ്യാഭ്യാസം നല്‍കാനായി സ്ഥാപിതമായ പൊന്നാനി മഊനത്തുല്‍ ഇസ്ലാം സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഹൈന്ദവ സഹോദരന്മാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

1900 സപ്തംബര്‍ 07, മഹാഗുരു മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്ലിയാരുടെ നേതൃത്വത്തില്‍, പൊന്നാനിയില്‍ മഊനത്തുല്‍ ഇസ്ലാം സഭ സ്ഥാപിതമായി. ഇസ്ലാമിലേക്ക് കടന്നു വരുന്ന പുതു വിശ്വാസികള്‍ക്ക് ഒരു മത പഠനകേന്ദ്രം!

മദ്രാസ് ഹൈക്കോടതിയിലെ അഡ്വ. കൃഷ്ണന്‍ നായര്‍ അതിനൊരു നിയമാവലിയുണ്ടാക്കി.1882 ലെ ഇന്ത്യന്‍ കമ്പനീസ് ആക്ട് അനുസരിച്ച് വിക്ടോറിയ രാജ്ഞി ലണ്ടനില്‍ നിന്ന് അതിന് അംഗീകാരം നല്‍കി. സ്ഥാപനത്തിന്റെ നടത്തിപ്പിനായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും സംഭാവന നല്‍കാന്‍ തുടങ്ങി. ഹിന്ദുക്കളും കൊടുത്തു; നാലാം വേദത്തിലേക്ക് മാര്‍ഗം കൂട്ടാനുണ്ടാക്കിയ മഊനത്തിന്.

കൂട്ടത്തില്‍ പെരുന്തല്ലൂരിലെ ഒരു ഉണ്ണൂരിയമ്മയും ഉണ്ടായിരുന്നു. സ്വന്തം പുരയിടം അടങ്ങുന്ന 13 സെന്റ് ഭൂമി അവര്‍ സഭയ്ക്ക് സംഭാവന ചെയ്തു. ഇസ്ലാമിലേക്ക് ആളെക്കൂട്ടാന്‍ ഉണ്ടാക്കിയ മത പരിവര്‍ത്തന കേന്ദ്രം ആണിതെന്നറിഞ്ഞിട്ടും ഹിന്ദുവിന്റെ സംഭാവന!

വഖ്ഫ് നിയമമനുസരിച്ച് പൊന്നാനി മഊനത്ത് റജിസ്റ്റര്‍ ചെയ്തപ്പോഴാണ് ഒരു ഹൈന്ദവ സഹോദരന് തന്റെ 7 സെന്റ് ഭൂമിയും പുരയിടവും സ്ഥാപനത്തിന് കൊടുക്കാന്‍ മോഹം. മത പരിവര്‍ത്തന കേന്ദ്രത്തില്‍ വന്ന് അന്വേഷിച്ചപ്പോഴാണ് ഇസ്ലാമികസ്ഥാപനത്തിന് വഖ്ഫ് ചെയ്യാന്‍ അമുസ്ലിംകള്‍ക്ക് വകുപ്പ് ഇല്ലെന്നും അത് സാധുവാകില്ലെന്നും ആരോ പറഞ്ഞത്. ഉടന്‍ അദ്ദേഹമത് ഒരു മുസ്‌ലിം സഹോദരന് ദാനമായി നല്‍കി. അയാളത് മഊനത്തിന് വഖ്ഫ് ചെയ്തു!

ക്ഷേത്രത്തിലേക്ക് നേര്‍ച്ച നേരുമ്പോള്‍, ഒരു വിഹിതം മഊനത്തിനും ഉഴിഞ്ഞുവെച്ചിരുന്ന ഒരു നല്ല കാലം പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലം വരെ നിലനിന്നിരുന്നത്രെ!

ഇത്തരം പാരമ്പര്യങ്ങളെ മണ്ണിട്ടു മൂടി പകരം പകയുടെ വിഷത്തൈകള്‍ നട്ടത് സമുദായത്തിന് പുറത്തുള്ളവര്‍ മാത്രമല്ല, അകത്തുള്ളവര്‍ കൂടിയാണ്. അകറ്റുക തന്നെ വേണം; അത്തരക്കാരെ. നാടിന്റെയും ദീനിന്റെയും വളര്‍ച്ചയ്ക്ക് അത് ആവശ്യമാണ്..!! (Anwar Sadiq Faizy Tanur )
വര്‍ഗീയ ശക്തികളുടെ ദുഷ്ട ശ്രമങ്ങളെ മറികടന്ന് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കേരളത്തിന്റെ സുവര്‍ണ ഭൂതത്തിലേക്ക് തിരിഞ്ഞു നടക്കാനാവശ്യമായ ദിശാ ബോധം പ്രളയത്തോടനുബന്ധിച്ചുണ്ടായ കൂട്ടായ്മക്ക് കഴിഞ്ഞിരിക്കുന്നു. അതിനെ എത്രത്തോളം പ്രയോജനപ്പെടുത്താനും മുന്നോട്ടു നയിക്കാനും സാധിക്കുന്നുവെന്നതിനനുസരിച്ചായിരിക്കും പുനര്‍നിര്‍മിക്കപ്പെടുന്ന കേരച്ചത്തിന്റെ ഭാവി.

Related Articles