Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള ബന്ധം ലളിതമാക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യില്ല

നവംബര്‍ 11ന് ഇസ്രായേല്‍ ഗസ്സയില്‍ ഒരു മിന്നലാക്രമണം നടത്തി. മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ അടക്കം ഏഴു ഫലസ്തീനികളാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഈ ക്രൂരമായ നടപടി ഇസ്രായേലിനെ മാത്രമല്ല ലജ്ജിതനാക്കിയത്, ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഈജിപ്തിനെയും യു.എന്നിനെയും ഈ നടപടി ആശങ്കയിലാക്കി.

ഫലസ്തീനില്‍ സമാധാനം നിലനിര്‍ത്താന്‍ ഖത്തര്‍ ഗസ്സയിലേക്ക് വലിയ ധനസഹായം നല്‍കിയിരുന്നു. ഇസ്രായേലിന്റെ നടപടി ഖത്തറിന്റെ ഇടപെടലിനെയും അവതാളത്തിലാക്കി. ഒറ്റ നോട്ടത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ സമയം വിചിത്രമായി തോന്നിയേക്കാം. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലളിതമാക്കാനും ശ്രമിക്കുന്നതിനിടയിലാണ് ഇസ്രായേല്‍ ഗസ്സയില്‍ ബോംബ് വിക്ഷേപിക്കുന്നതും. ഇസ്രായേലിനെ സംബന്ധിച്ച് ഇത്തരത്തിലുള്ള നടപടി പുതുമയുള്ള കാര്യമല്ല. ഇസ്രായേലിന്റെ വിശ്വാസ്യതയില്ലായ്മയും പ്രവചനാതീതമായ കാര്യങ്ങളും സ്ഥിരമായുള്ള ഒന്നാണ്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാന്‍ കഴിയില്ലല്ലോ?.

ബന്ധം സുദൃഢമാക്കാനുള്ള നടപടികള്‍

കഴിഞ്ഞ കുറേ ആഴ്ചകളായി ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സാധാരണ രീതിയിലാക്കാനുള്ള തീവ്ര ശ്രമമാണ് ഇസ്രായേലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഒക്ടോബര്‍ 25ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഒമാനിലേക്കുള്ള മിന്നല്‍ സന്ദര്‍ശനം. കഴിഞ്ഞ രണ്ടു ദശാബ്ദമായി ഒമാന് ഇസ്രായേലുമായി യാതൊരു നയതന്ത്ര ബന്ധങ്ങളൊന്നുമില്ല. അതിനിടെ ബഹ്‌റൈനുമായും ഇസ്രായേല്‍ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കാനായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഒക്ടോബര്‍ 25ന് ദോഹയില്‍ വെച്ച് നടന്ന 48ാമത് ലോക ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇസ്രായേലിന്റെ പതാക പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഒക്ടോബര്‍ 28ന് ഇസ്രായേലിന്റെ തീവ്രവലതുപക്ഷക്കാരനായ സ്‌പോര്‍ട്‌സ്-സാംസ്‌കാരിക മന്ത്രി അബൂദബിയില്‍ വെച്ച് നടന്ന ജൂഡോ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ ഇസ്രായേല്‍ ദേശീയ ഗാനം കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ രണ്ടു ദിവസത്തിനു ശേഷം ഇസ്രായേല്‍ വാര്‍ത്താവിനിമയ മന്ത്രി അയൂബ് കാര ദുബൈയില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുകയുണ്ടായി.

ഇസ്രായേലും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നത് പുതിയ കാര്യമൊന്നുമല്ല. നിരവധി അറബ് രാജ്യങ്ങളാണ് ഇസ്രായേല്‍ വഴി അമേരിക്കയിലേക്ക് റോഡ് നിര്‍മിക്കുന്നതിനെക്കുറിച്ച് ദീര്‍ഘ കാലം ചര്‍ച്ച ചെയ്തിരുന്നത്. ഇസ്രായേലുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് 1990ല്‍ ദോഹയില്‍ ഓഫിസ് ആരംഭിക്കാന്‍ ഖത്തര്‍ ഇസ്രായേലിന് അനുമതി നല്‍കിയത്.

ഇതും ഫലസ്തീനികളുടെ ചിലവില്‍

അമേരിക്കയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും വിട്ടുവീഴ്ചയില്ലാത്ത പിന്തുണയോടെയാണ് ഇസ്രായേല്‍ ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇതിനായി ഇസ്രായേലിനു മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് സമാപകാല സംഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അതേസമയം, ഗള്‍ഫ്-ഇസ്രായേല്‍ ബന്ധങ്ങളില്‍ എന്ത് പുരോഗതി ഉണ്ടാകുന്നുണ്ടെങ്കിലും അത് ഫലസ്തീനികളുടെ ചിലവിലാണ് എന്നാണ് മറ്റൊരു വസ്തുത.

ഖഷോഗി വിഷയത്തില്‍ പാശ്ചാത്യന്‍ രാജ്യങ്ങളുടെ ഇടപെടല്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ഇസ്രായേല്‍ മന്ത്രിമാരുടെ സന്ദര്‍ശനവും കായിക മേഖലയിലെ നയതന്ത്രങ്ങളുമെല്ലാം നിലവിലെ കളങ്കങ്ങള്‍ മാറ്റി നിര്‍ത്തി മുന്നോട്ട് പോകാനാണ് സാധ്യത. ഫലസ്തീന്റെ വിഷയത്തില്‍ യാതൊരു പുരോഗമനവുമില്ലാതെയാണ് ഈ ബന്ധം മുന്നോട്ടു പോവുക.

ഇസ്രായേലുമായുള്ള ബന്ധം ലളിതമാക്കുക എന്നത് ദുര്‍ഘടകമായ തീരുമാനമാണ്. അറബ് മേഖലക്ക് അത് ഒട്ടും ഗുണം ചെയ്യില്ല. ഗള്‍ഫ് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെടാത്ത ഭരണാധികാരികള്‍ക്ക് ഇത് അപകടകരമായ കളിയാകും. പ്രത്യേകിച്ചും അടുത്തിടെയുണ്ടായ അറബ് വസന്തം ജനങ്ങളുടെ ശക്തി തെളിയിച്ച സ്ഥിതിക്ക്. ഈജിപ്തില്‍ നിന്നും ജോര്‍ദാനില്‍ നിന്നും നിരവധി പാഠങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പു വച്ചിരുന്നു. എന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷവും ഈജിപ്തിലെയും ജോര്‍ദാനിലെയും ജനങ്ങള്‍ക്ക് ഇസ്രായേലിനെക്കുറിച്ചുള്ള മുന്‍വിധി അപ്രകാരം തന്നെ അവശേഷിക്കുകയാണ്. ആത്യന്തികമായി ഇസ്രായേലുമായുള്ള ബന്ധം സുദൃഢമാക്കുന്നതോടെ മേഖലയില്‍ സമാധാനവും സ്ഥിരതവും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആര്‍ക്കും ഇതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല. അല്ലെങ്കില്‍, ഇസ്രായേലുമായുള്ള സംഭാഷണത്തിന്റെ ആദ്യ പടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

Related Articles