Current Date

Search
Close this search box.
Search
Close this search box.

സൗദിയും ഇറാനും തമ്മില്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു പ്രശ്‌നം ?

ഭിന്നതകള്‍ മറന്ന് ഒന്നിച്ച ഇറാന്‍-സൗദി മഞ്ഞുരുക്കത്തിന്റെ നാള്‍ വഴികള്‍ പരിശോധിക്കുന്ന അല്‍ജസീറയുടെ ഹ്രസ്വമായ റിപ്പോര്‍ട്ട് വായിക്കാം.

ഗള്‍ഫ് മേഖലയില്‍ വര്‍ഷങ്ങളായി നിലനിന്ന പിരിമുറുക്കങ്ങള്‍ക്ക് ആക്കം കൂട്ടുകയും യെമന്‍ മുതല്‍ സിറിയ വരെയുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കുകയും ചെയ്ത, വര്‍ഷങ്ങളായി തുടര്‍ന്ന് പോന്ന ശത്രുതക്ക് ശേഷം ഇറാനും സൗദി അറേബ്യയും ബന്ധം പുനഃസ്ഥാപിക്കാനും നയതന്ത്ര ദൗത്യങ്ങള്‍ വീണ്ടും തുറക്കാനും പരസ്പര ധാരണയിലെത്തിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ രണ്ട് പ്രധാന ശക്തികളായ സൗദിയുടെയും ഇറാന്റെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ വെള്ളിയാഴ്ച ബീജിംഗില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുക്കത്തിന് ധാരണയിലെത്തിയത്.

പശ്ചിമേഷ്യയിലെ രണ്ട് പ്രമുഖ ഷിയ, സുന്നി മുസ്ലീം ശക്തികള്‍ വര്‍ഷങ്ങളായി ഭിന്നതയിലായിരുന്നു. കൂടാതെ യെമന്‍ മുതല്‍ സിറിയ വരെയുള്ള യുദ്ധങ്ങളില്‍ ഇരു രാഷ്ട്രങ്ങളും എതിര്‍ കക്ഷികളെ പിന്തുണയ്ക്കുകയും ചെയ്തു. പരസ്പര ശത്രുതയുടെ ചരിത്രത്തില്‍ നിന്നുള്ള ചില സമീപകാല സംഭവങ്ങള്‍ ആണ് ചുവടെ.

2011ലെ അറബ് വസന്തം

2011ലാണ് പശ്ചിമേഷ്യയിലുടനീളം നിലവിലുള്ള ഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രസ്ഥാനം രൂപം കൊണ്ടത്. ബഹ്റൈനില്‍ രാജകുടുംബത്തിനെതിരെ ഇറാന്‍ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നതായി സൗദി ആരോപിച്ചു. എന്നാല്‍, ആരോപണം ഇറാന്‍ നിഷേധിച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ തടയാന്‍ സൗദി 1000 സൈനികരെ ബഹ്‌റൈനിലേക്ക് അയച്ചു.

2011- സിറിയന്‍ യുദ്ധം

2011ല്‍ സിറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഈ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടി. ഇറാന്‍ ഭരിക്കുന്ന ഷിയ ഭരണകൂടം സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അസദിനെ പിന്തുണക്കുകയും സിറിയയിലെ സുന്നി വിമതര്‍ക്കെതിരെ പോരാടുന്നതിന് അസദിന് സൈനിക പിന്തുണയും സാമ്പത്തിക പിന്തുണ നല്‍കുകയും ചെയ്തു. സുന്നി ഭൂരിപക്ഷമുള്ള സൗദി അറേബ്യ സിറിയയില്‍ വിമത ഗ്രൂപ്പുകളെ പിന്തുണച്ചെങ്കിലും പിന്നീട് 2014 മുതല്‍ സിറിയയിലെ ഐ.എസിനെതിരെ പോരാടുന്നതിന് യു.എസ് നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യത്തില്‍ ചേര്‍ന്നു.

2015-യെമന്‍ യുദ്ധം

2015ല്‍ യെമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍, സൗദി അറേബ്യ യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ പിന്തുണക്കുകയും ഹൂതി വിമത ശക്തികേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. ഇറാന്‍ യെമനിലെ വിമതരായ ഹൂതികള്‍ക്ക് പിന്തുണ നല്‍കി.

2015ലെ ഹജ്ജിനിടെയുണ്ടായ തിക്കും തിരക്കും മൂലമുള്ള അപകടം

2015ലെ ഹജ്ജ് തീര്‍ഥാടന വേളയില്‍ മക്കയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു. മുസ്ലീം കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മത്തെ സൗദി സര്‍ക്കാര്‍ തെറ്റായി കൈകാര്യം ചെയ്തതായി ഇറാന്‍ ആരോപിച്ച് രംഗത്തെത്തി. രണ്ടായിരത്തോളം തീര്‍ഥാടകര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അവരില്‍ 400ലധികം പേര്‍ ഇറാനികളായിരുന്നു.

2016- സൗദി അറേബ്യ ഇറാനുമായുള്ള ബന്ധം വിഛേദിച്ചു

മക്കയിലെ തിക്കും തിരക്കും മൂലമുള്ള അപകടം കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് ശേഷം സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായ പ്രമുഖ ഷിയ നേതാവ് നിമര്‍ അല്‍ നിമറിനെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയമാക്കി. തുടര്‍ന്ന് ഇറാനിലെ സൗദി എംബസിക്കു നേരെ ആക്രമമുണ്ടായി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നിമ്‌റിന്റെ വധശിക്ഷയ്ക്ക് ‘ദൈവിക പ്രതികാരം’ നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് സൗദി ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചു.

2016- ഇറാന് ഹജ്ജിനുള്ള അുമതി നിഷേധിച്ചു

2016ല്‍ ഇറാന് ഹജ്ജില്‍ പങ്കെടുക്കാനുള്ള അനുമതി താല്‍ക്കാലികമായി നിര്‍ത്തി. പിന്നാലെ ഹജ്ജ് കര്‍മങ്ങള്‍ സംപ്രേക്ഷണം ചെയ്യാനായി സൗദി അറേബ്യ പേര്‍ഷ്യന്‍ ഭാഷയിലുള്ള ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ചാനലില്‍ ഹജ്ജ് കര്‍മ്മങ്ങളും മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ നിന്നുള്ള പ്രാര്‍ത്ഥനകളും ഉള്‍ക്കൊള്ളിക്കുമെന്ന് സൗദി പറഞ്ഞു.

സൗദി അറേബ്യ ഹജ്ജിനെ കൈകാര്യം ചെയ്യുന്നതിനെ ഖമേനി ആക്ഷേപിക്കുകയും സൗദിയുടെ തീര്‍ഥാടന നിയന്ത്രണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മുസ്ലീം രാജ്യങ്ങള്‍ ചിന്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

2017- ഖത്തര്‍ ഉപരോധം

2017 ജൂണില്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സഖ്യകക്ഷികളും ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ മറ്റൊരു പ്രാദേശിക വിള്ളല്‍ സംഭവിച്ചു. ഖത്തര്‍ ഇറാനുമായി വളരെ അടുപ്പത്തിലാണെന്നും ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും മറ്റുള്ളവര്‍ ആരോപിച്ചു. ഖത്തര്‍ ഇത് നിഷേധിച്ചു. തകര്‍ന്ന ബന്ധങ്ങള്‍ 2021 ജനുവരിയില്‍ പുനസ്ഥാപിച്ചു.

2017- സൗദിക്ക് മുകളിലൂടെ വന്ന മിസൈല്‍ തകര്‍ത്തിട്ടു

2017 നവംബറില്‍ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലൂടെ പറന്ന ഒരു ബാലിസ്റ്റിക് മിസൈല്‍ സൗദി തകര്‍ത്തു. യെമനിലെ ഹൂതി വിമതരുടെ മേഖലയില്‍ നിന്ന് ഇറാാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് അവര്‍ അവകാശപ്പെട്ടു. സൗദി കിരീടാവകാശി അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സനോട് ഇറാന്റെ നടപടികള്‍ ‘രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കാം’ എന്നാണ് പറഞ്ഞിരുന്നത്.

2017- ലെബനാന്‍ പ്രധാനമന്ത്രിയുടെ രാജി

അതേമാസം, ലെബനന്‍ പ്രധാനമന്ത്രി സഅദ് ഹരീരി അപ്രതീക്ഷിതമായും വിചിത്രമായും രാജിവച്ചു. ഹിസ്ബുള്ളയിലൂടെ ഇറാന്‍ തന്റെ രാജ്യത്തെ അധീനപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പിന്നീട് അദ്ദേഹം രാജി പിന്‍വലിച്ചു. രാജ്യത്ത് ഇറാന്റെ സ്വാധീനത്തെ ചെറുക്കാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായുള്ള ഈ നീക്കം ലെബനാനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

2018 -ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങി

2018 മെയ് മാസത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ആണവ കരാറില്‍ നിന്ന് അമേരിക്കയെ ഏകപക്ഷീയമായി പിന്‍വലിച്ചു, ഈ നീക്കത്തെ സൗദി അറേബ്യയും ഇസ്രായേലും പ്രശംസിച്ചു. ഇറാന് ആണവായുധം ലഭിച്ചാല്‍, എത്രയും വേഗം ഞങ്ങള്‍ അതിനെതിരെ പരാതിയുമായി പോകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് ടെലിവിഷന്‍ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പരമോന്നത നേതാവിനെ ‘പുതിയ ഹിറ്റ്ലര്‍’ എന്നും രാജകുമാരന്‍ വിശേഷിപ്പിച്ചു.

2019 സൗദിക്കു നേരെയുള്ള ആക്രമണം

ഒരു വര്‍ഷത്തിനുശേഷം, രാജ്യത്തിന്റെ എണ്ണ വ്യവസായത്തിന്റെ ഹൃദയത്തില്‍ വന്ന മിസൈലാക്രമണം ഉള്‍പ്പെടെ രാജ്യത്തിനെതിരായ ഇറാന്റെ ആക്രമണങ്ങളുടെ പരമ്പരയെ സൗദി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ക്രൂഡ് ഒയില്‍ ഉല്‍പാദനത്തെ അത് ബാധിച്ചു. ഇറാന്‍ ആക്രമത്തിലെ തങ്ങള്‍ക്കുള്ള പങ്കാളിത്തം നിഷേധിച്ചു. യെമനിലെ ഹൂതി വിമത സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

2020 -ഖാസിം സുലൈമാനി കൊല്ലപ്പെട്ടു

ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി ബാഗ്ദാദില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ ആക്രമണം ആഘോഷിച്ചു.

2021 -ഇറാനും സൗദി അറേബ്യയും ചര്‍ച്ച നടത്തി

2021 ഏപ്രിലില്‍ ഇറാനും സൗദി അറേബ്യയും ഔദ്യോഗിക ബന്ധം വിച്ഛേദിച്ചതിന് ശേഷം ആദ്യ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തി. ബാഗ്ദാദായിരുന്നു വേദി.

2022 കൂടുതല്‍ ചര്‍ച്ചകള്‍

കഴിഞ്ഞ വര്‍ഷം ഏപ്രിലിനും സെപ്തംബറിനുമിടയില്‍ ഇറാഖിന്റെയും ഒമാന്റെയും മധ്യസ്ഥതയില്‍ നാല് റൗണ്ട് ചര്‍ച്ചകള്‍ നടന്നു. ഇറാനും സൗദി അറേബ്യയും അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ നടത്തിയ ശേഷം, ഖമേനിയുടെ ഒരു ഉന്നത ഉപദേഷ്ടാവ് സൗദി, ഇറാനിയന്‍ എംബസികള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടു. മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ചര്‍ച്ചകള്‍ക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് സൗദി അറേബ്യ സന്ദര്‍ശിച്ചു.

2023-ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള കരാര്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഫെബ്രുവരിയില്‍ ഷീയെ കാണാന്‍ ചൈന സന്ദര്‍ശിച്ചു. അടുത്ത മാസം, സൗദിയും ഇറാനും ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നു.

 

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles