Current Date

Search
Close this search box.
Search
Close this search box.

ഇന്റര്‍നെറ്റ് റദ്ദാക്കല്‍: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കുതിച്ചുകയറ്റം

2020ല്‍ മാത്രം 115 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കല്‍ ഉണ്ടായത്. ഇക്കാര്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇന്ത്യയിലാണ്. രണ്ടാം സ്ഥാനത്തുള്ള യെമനില്‍ കേവലം അഞ്ച് തവണ മാത്രമേ ഇന്റര്‍നെറ്റ് വിഛേദിച്ചിട്ടുള്ളൂ എന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

എന്നാല്‍ ഇന്റര്‍നെറ്റ് റദ്ദാക്കല്‍ ഇന്ത്യയിലെ എല്ലാം ഭാഗത്തെയും സ്പര്‍ശിക്കുന്ന ഒരു പ്രശ്‌നമല്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ ഇക്കാര്യത്തില്‍ 250 ശതമാനമാണ് മുന്നിട്ടുനില്‍ക്കുന്നത്. അതിനാല്‍ തന്നെ ബി.ജെ.പി സര്‍ക്കാരുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് ഏതു നിമിഷവും റദ്ദാക്കാമെന്ന സ്ഥിതിവിശേഷണമാണുള്ളത്. കാലക്രമേണ ഈ പ്രവണത വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

20212 മുതല്‍ 2020 ആദ്യ പാദം വരെയുളള വിവരങ്ങള്‍ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ക്രിസ് റുജിഗ്രോക് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. യു.എസ് ആസ്ഥാനമായുള്ള എന്‍.ജി.ഒയുമായി സഹകരിച്ചാണ് ക്രിസ് ഇത്തരത്തില്‍ പഠനം നടത്തിയത്. ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യ സാങ്കേതികവിദ്യകളെ പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതൊരു മാസത്തിലും, ബി ജെ പി ഭരിക്കുന്ന ജില്ലയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ ചെയ്യാനുള്ള സാധ്യത 3% ആണെന്ന് പഠനത്തില്‍ കണ്ടെത്തി. അതേസമയം, ബിജെപി ഇതര ഭരണമുള്ള ജില്ലയില്‍ ഇതിന്റെ സാധ്യത 0.8% ആണ്. ഇടക്കിടെ ഇന്റര്‍നെറ്റ് റദ്ദാക്കാന്‍ സാധ്യതയുള്ള ജമ്മു കശ്മീരിനെ ഒഴിവാക്കിയാലും ചെറിയ മാറ്റം മാത്രമേ കണക്കുകളില്‍ കാണാന്‍ സാധിക്കൂ. ബി.ജെ.പി ഭരിക്കുന്ന ജില്ലകളില്‍ 1.7 ശതമാനവും മറ്റു ജില്ലകളില്‍ 0.4 ശതമാനവുമായും കുറയും.

ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ ബി.ജെ.പിക്ക് ശക്തി കുറവാണെന്നും ഇവിടങ്ങളില്‍ യാദൃശ്ചികമായോ അല്ലാതെയോ ഉള്ള അടച്ചുപൂട്ടല്‍ അപൂര്‍വമായി മാത്രമേ നടക്കാറുള്ളൂ എന്നും പഠനത്തില്‍ പറയുന്നു.

ബി.ജെ.പി സംസ്ഥാനങ്ങളിലെ ഉയര്‍ന്ന ശരാശരിയും, നിരക്കും

ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ ഒരു മാസം ശരാശരി 2.7 ശതമാനമാണ് അടച്ചുപൂട്ടല്‍ സംഭവിക്കുന്നത്. എന്നാല്‍ ബി.ജെ.പി സംസ്ഥാനങ്ങളില്‍ 9.6 ശതമാനം ജില്ലകളില്‍ റദ്ദാക്കല്‍ നടക്കുന്നു. ഇത് മൂന്നര ഇരട്ടി മടങ്ങ് വര്‍ധനയായാണ് കാണിക്കുന്നത്. ജമ്മു കാശ്മീരിനെ ഈ കണക്കെടുപ്പില്‍ നിന്നും പുറത്താക്കിയാലും നിരക്കില്‍ വലിയ മാറ്റം സംഭവിക്കുന്നില്ല. കശ്മീരിനെ ഒഴിവാക്കിയാല്‍ മറ്റു ഇടങ്ങളില്‍ 1.37 ശതമാനവും ബി.ജെ.പി സംസ്ഥാനങ്ങളില്‍ 5.6 ശതമാനവും മാത്രമേ ശരാശരി മാറ്റം ഉണ്ടാകൂ. അതിനാല്‍ തന്നെ ഇന്റര്‍നെറ്റ് അടച്ചുപൂട്ടലിന്റെ തീവ്രത ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതലാണ്.

ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഒരേ മാസം ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പരമാവധി ജില്ലകളുടെ എണ്ണം 22 ആണ്. 2013 ഓഗസ്റ്റ്, 2017 ഓഗസ്റ്റ്, 2018 എപ്രില്‍ എന്നീ സമയത്തെ കണക്കാണിത്.

2013 ഓഗസ്റ്റില്‍ കശ്മീരിലെ കിശ്ത്വാര്‍ ജില്ലയില്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷമുണ്ടായ വേളയിലും ഗുരു റാം റഹീമിന്റെ കേസുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റില്‍ പഞ്ചാബിലും ഹിന്ദുത്വ ഗ്രൂപ്പുകളും ദലിത് സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പഞ്ചാബില്‍ 2018 ഏപ്രിലിലുമാണിത്.

അതേസമയം, ഇതേ കാലയളവില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആറു മാസത്തിനിടെ 40 ജില്ലകളിലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്.
2019 ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ റദ്ദാക്കല്‍ നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്തെ 76 ജില്ലകളിലാണ് ഈ സമയത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ഇതില്‍ ജമ്മു കശ്മീരിലെ 10 ജില്ലകളും ഉള്‍പ്പെടുന്നു.

ബി.ജെ.പി അധികാരത്തിലേറിയ ശേഷം ദേശീയ തലത്തില്‍ ബി.ജെ.പിയുടെ ജനാധിപത്യ സ്വഭാവത്തില്‍ നിന്നുള്ള പൊതുവായ പിന്മാറ്റമായി പാതുവെ ഈ പഠന റിപ്പോര്‍ട്ടില്‍ നിന്നും നമുക്ക് നിഗമനത്തിലെത്താന്‍ കഴിയും.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles