Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിലെ അനന്തരാവകാശവും ഒരു ഉമ്മയുടെ സങ്കടവും

ചോദ്യം: ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന ഒരു വിഷയമാണ് ഇവിടെ പ്രതിപാദ്യം . ഒരു ഉമ്മ വളരെ പരസ്യമായി അവരുടെ പെൺമക്കളുടെയും അവരുടെയും അവസ്ഥ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നു. അവരുടെ ഭർത്താവ് മരണപ്പെട്ടു. അയാൾ അദ്ധ്വാനിച്ചുണ്ടാക്കിയ വീടും സ്വത്തും കടബാധ്യത മൂലം ജപ്തിയിലാണ്. മൂന്ന് പെൺമക്കൾ മാത്രമാണ് ഇവർക്കുള്ളത്. എന്നാൽ ആ കടബാധ്യത തീർക്കാൻ ആ സ്വത്ത് വിൽക്കാൻ അനന്തരാവകാശികളിൽ ചിലർ ( മരണപ്പെട്ട ഭർത്താവിൻ്റെ സഹോദരൻമാർ) സമ്മതിക്കുന്നില്ല. അവർക്കും അതിലൊരു ഓഹരി ഉണ്ടെന്നും പറഞ്ഞു എതിർത്ത് നിൽക്കുകയാണ്. പക്ഷേ കടം വലുതായതിനാൽ ഈ സ്വത്തിൽ നിന്നും അവർക്കും കൂടി കൊടുത്താൽ പിന്നെ ഒന്നിനും തികയാതെയും ആ മക്കളും ഉമ്മയും (പരേതന്റെ ഭാര്യ) ഒന്നിന്നും ഗതിയില്ലാത്തവരായിത്തീരുകയും ചെയ്യും. ഇസ്ലാമിലെ അനന്തരാവകാശ നിയമത്തെക്കുറിച്ച് മോശമായ ധാരണ സൃഷ്ടിക്കുന്ന വിധത്തിലാണ് വീഡിയോയിലെ അവതരണം. ഇതിന് വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

ഉത്തരം: ഇസ്ലാമിലെ അനന്തരാവകശനിയമത്തെക്കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ ആദ്യമേ മനസ്സിലാക്കേണ്ടതുണ്ട്:

• ഒരാള്‍ മരണപ്പെടുന്നതോടെ സ്വത്തില്‍ അയാളുടെ ഉടമസ്ഥത അവസാനിച്ചു; അത് ജീവിച്ചിരിക്കുന്ന അനന്തരാവകാശികളുടേതായിക്കഴിഞ്ഞു.

• ഒരാളുടെ അനന്തരസ്വത്ത് എന്നു പറയുന്നത് അയാളുടെ ബാധ്യതകള്‍ കഴിഞ്ഞ് ബാക്കിയാവുന്നത് മാത്രമാണ്.

• ഒരാളുടെ സ്വത്തില്‍ മയ്യിത്തിന്‍റെ മറമാടല്‍ ചെലവുകള്‍, മൊത്തം സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കൂടാത്ത വസ്വിയ്യത്ത് നടപ്പാക്കല്‍, കടം വീട്ടല്‍ എന്നിവയാണ് സ്വത്തുമായി ബന്ധപ്പെട്ട ബാധ്യതകള്‍.

• മനുഷ്യരുമായുള്ള കടവും അല്ലാഹുവുമായുള്ള കടവും ആ സ്വത്തില്‍ നിന്നു ആദ്യം കൊടുത്തു വീട്ടേണ്ടതാണ്.

• സ്വത്തില്‍ ബാധകമായ സകാത്ത് നല്കണം. അയാള്‍ ഹജ്ജ് ചെയ്യാന്‍ ബാധകമായ സ്ഥിതിയില്‍ ആയിരുന്നെങ്കില്‍ – ഹജ്ജ് ചെയ്യാന്‍ ആള്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ – അദ്ദേഹത്തിന് പകരം മറ്റൊരാള്‍ ഹജ്ജ് ചെയ്യാനുള്ള ചെലവും മാറ്റി വെക്കേണ്ടതുണ്ട്.

ബാക്കിയാവുന്നത് മാത്രമാണ് അനന്തരാവകാശമായി വീതിക്കുക

• ഇവിടെ പറയുന്ന വിഷയത്തില്‍, പരേതന് ഒരുപാട് കടം ഉണ്ടെന്നും അത് വീട്ടാത്തതിനാല്‍ വീടും പുരയിടവും ജപ്തി ഭീഷണിയിലാണ് എന്നുമാണ് മനസ്സിലാവുന്നത്.

• അപ്പോള്‍ ഒന്നാമതായി നടക്കേണ്ടത് വസ്തു വിറ്റ് ആ കടം വീട്ടുക എന്നതാണ്. പരേതന്‍റെ പരലോകമോക്ഷം അതുമായി ബന്ധപ്പെട്ടിരിക്കുന്നു.

• അതിന് തടസ്സം നില്‍ക്കാന്‍ ആര്‍ക്കും തന്നെ നിയമപരമായും ധാര്‍മ്മികമായും അവകാശമില്ല.

• കടം വീട്ടിയതിന് ശേഷം ബാക്കിയാവുന്ന സ്വത്തില്‍, ഭാര്യക്ക് എട്ടിലൊന്നും, മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം മൂന്ന് പെണ്‍മക്കള്‍ക്കിടയിൽ തുല്യമായും ലഭിക്കുന്ന വിധത്തിൽ വീതിക്കുകയാണ് ചെയ്യേണ്ടത്.

• ബാക്കിയുള്ളതാണ് പരേതൻ്റെ സഹോദരങ്ങള്‍ക്ക് ലഭിക്കുക.

• മൊത്തം സ്വത്തിന്‍റെ 24 ല്‍ 5 ഭാഗം മാത്രമാണ് സഹോദരങ്ങളുടെ അവകാശം.

• എന്നാല്‍ കടമൊക്കെ വീട്ടിക്കഴിഞ്ഞ് സ്വത്ത് ബാക്കിയുണ്ടെങ്കിൽ മാത്രം കിട്ടാനുള്ള ചെറിയൊരു സംഖ്യക്ക് വേണ്ടി അവര്‍ അല്ലാഹുവിന്‍റെ കോപം വരുത്തിവെക്കരുത് എന്നാണ് നമുക്ക് അവരെ ഉപദേശിക്കാനുള്ളത്.

• ബാക്കി വരുന്ന സ്വത്തിൻ്റെ ചെറിയൊരൂ ഭാഗം മാത്രമാണ് സഹോദരങ്ങള്‍ക്ക് ലഭിക്കാനുള്ളത്. അതിന് വേണ്ടി അവര്‍ ഈ സ്വത്ത് വില്‍പ്പനക്ക് തടസ്സം നില്‍ക്കുന്നത് (വീഡിയോയിൽ പറയുന്നതാണ് വസ്തുതയെങ്കിൽ) വലിയ ധിക്കാരമാണ്. അല്ലാഹുവിന്റെ കോപത്തിന് ഇടയാകുന്ന കാര്യമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

• അവര്‍ പ്രതീക്ഷിക്കുന്ന ഓഹരിയേക്കാള്‍ അവരുടെ മേല്‍ വന്നിട്ടുള്ള ഒരു ബാധ്യതയെ സംബന്ധിച്ച് അവര്‍ക്ക് ബോധ്യം ഉണ്ടാവട്ടെ.

• ഈ മൂന്നു പെണ്‍കുട്ടികളുടെയും സംരക്ഷണം വാപ്പയുടെ സഹോദരൻമാരുടെ പൂര്‍ണ്ണ ബാധ്യതയാണ്.

• ആ ബാദ്ധ്യത അവര്‍ ഏറ്റെടുത്ത് ഭംഗിയായി നിര്‍വ്വഹിക്കുന്നതിനുള്ള ഭൌതികമായ ഒരു പാരിതോഷികമാണ് അവർക്ക് ലഭിച്ചേക്കാവുന്ന ഓഹരി എന്ന് വേണമെങ്കില്‍ പറയാം.

• മരണപ്പെട്ട അവരുടെ സഹോദരന് സ്വത്ത് ഒന്നും ബാക്കിയില്ലെങ്കിലും ഈ അനാഥ പെണ്‍കുട്ടികളെ ഏറ്റെടുക്കുന്ന ഉത്തരവാദിത്തില്‍ നിന്നു അവര്‍ ഒഴിവാകുന്നില്ല; എന്നല്ല അപ്പോള്‍ അവരുടെ ഉത്തരവാദിത്തം ഇരട്ടിയാവുകയും ചെയ്യുന്നു.

• മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ അല്ലാഹുവിനെ മുന്‍നിര്‍ത്തി ഒരു മുസ്ലിമിനോട് പറയുന്നതാണ്.
അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വഴങ്ങാത്തവന്‍ മറ്റേത് നിയമത്തിനാണ് വഴങ്ങുക.

• കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ട് സഹോദരങ്ങള്‍ സ്വത്ത് വില്‍ക്കാന്‍ സമ്മതിക്കുന്നില്ല എങ്കില്‍, കോടതിയെ സമീപിക്കുക.

• ഭര്‍ത്താവിന്‍റെ സഹോദരങ്ങളില്‍ നിന്നു അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹുവിന്‍റെ നിയമങ്ങള്‍ തന്നെ തിരുത്തപ്പെടേണ്ടതാണ് എന്ന നിലപാടിൽ ആ ഉമ്മയെഎത്തിച്ചത് നിര്‍ഭാഗ്യകരമാണ്. ഇവിടെ നൽകിയ വിശദീകരണങ്ങളില്‍ നിന്ന് അല്ലാഹുവിന്‍റെ നിയമം എത്ര നീതിയുള്ളതാണ് എന്ന് മനസ്സിലാക്കാൻ കഴിയും. അവർ പറയുന്നതാണ് വസ്തുതയെങ്കിൽ, അല്ലാഹുവിൻ്റെ നിയമമല്ല, ആ നിയമം ലംഘിക്കുന്നവരാണ് അവരുടെ ദുരിതത്തിന് കാരണം.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles