Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകൾക്കെതിരെയുള്ള ഇന്ത്യയുടെ ബുൾഡോസർ രാജ്

ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിലെ നൂറുകണക്കിന് മുസ്‌ലിം നിവാസികൾ കഴിഞ്ഞ ദിവസങ്ങളിലായി ശൈത്യകാല തണുപ്പിനെ വകവെക്കാതെ കടുത്ത പ്രതിഷേധത്തിലാണ്. റെയിൽവേ ഭൂമി കയ്യേറിയെന്നാരോപിച്ച് 4,000-ലധികം വീടുകൾ പൊളിക്കാനുള്ള കോടതിയുടെ ജനവിരുദ്ധമായ ഉത്തരവിനെ തുടർന്നായിരുന്നു ഇത്. അമ്പതിനായിരം പേരെ ബാധിച്ചേക്കാവുന്ന ഈ ഉത്തരവിന് കഴിഞ്ഞ മാസം രാജ്യത്തെ സുപ്രീം കോടതി സ്‌റ്റേ പുറപ്പെടുവിച്ചെങ്കിലും ഭൂവുടമസ്ഥതയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഇത്തരത്തിൽ വലിയ തോതിലുള്ള പൊളിച്ചു നീക്കൽ രാജ്യത്ത് ആദ്യത്തേതല്ല. കഴിഞ്ഞ വർഷം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ന്യൂഡൽഹി, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി “അനധികൃത കൈയേറ്റം” എന്ന പേരിൽ മുസ്ലീം സ്വത്തുക്കൾ തകർക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.

നിയമപരമായ അന്വേഷണങ്ങൾക്ക് അവസരം നൽകാതെ, പൊതു-സ്വകാര്യ ഇടങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ അവഗണിച്ചു കൊണ്ടുളള പെടുന്നനെയുള്ള പൊളിക്കൽ നടപടികൾ ഇന്ത്യയിലെ സാധാരണ മുസ്‌ലിം ജീവിതത്തെ എങ്ങനെ തകിടം മറിക്കുന്നുവെന്ന് ഈ സംഭവ വികാസങ്ങൾ വ്യക്തമായി വരച്ചിടുന്നുണ്ട്. ഈ നടപടികൾ ഒരേ സമയം മുസ്‌ലിംകളുടെ സാമ്പത്തിക-രാഷ്ട്രീയ നിലയെ അപകടകരമാം വിധം ബാധിക്കുന്നതാണ്.

വീടുകൾക്കെതിരായ അക്രമം ദേഹത്തിനെതിരായ അക്രമത്തേക്കാൾ തീവ്രമല്ലെന്നും അവ അടിയന്തര നടപടി ആവശ്യമില്ലാത്ത യാദൃശ്ചിക നാശനഷ്ടമാ(collateral damage)ണെന്നുമുള്ള ധാരണ വ്യപകമാണ്. എന്നാൽ ഇത് വീടു പൊളിക്കലുകളുടെ രാഷ്ട്രീയ മാനത്തെ അവഗണിക്കുന്നു. ഇവിടെ ടാർഗെറ്റ് ചെയ്യപ്പെടുന്ന സമൂഹത്തിന്റെ അതിജീവനത്തിനുള്ള പ്രാപ്തി നഷ്ടപ്പെടുത്തുകയാണ് അവർ ലക്ഷ്യമിടുന്നത്.

ഹൽദ്വാനി കേസിൽ, ദേശീയ മാധ്യമങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്ത മുസ്‌ലിംകളെ “ജിഹാദി സംഘം” ആയി ചാപ്പയടിക്കുകയും മറ്റുള്ളവർക്കെതിരിൽ ഹിന്ദു ഭൂമികൾ അനധികൃതമായി കൈവശപ്പെടുത്തുന്നു എന്ന വ്യാജ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന നീചമായ സമീപനമാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. സമീപ വർഷങ്ങളിൽ, ഭരണകക്ഷിയായ ബിജെപിയുടെ ഭരണപരമായ വ്യവഹാരത്തിന്റെ അവിഭാജ്യ ഘടകമായി ഈ പൊളിക്കൽ നയം മാറിയിട്ടുണ്ട്.

ഭവനരാഹിത്യത്തിൽ നിന്ന് രാജ്യമില്ലായ്മയിലേക്കുള്ള പാത നാം സങ്കൽപ്പിക്കുന്നത്ര നീണ്ടതല്ല. ഭൂപടത്തിൽ ഇടമില്ലെങ്കിൽ, രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഒരു പങ്കാളിത്തം ഉണ്ടാകുമോ? രാഷ്ട്രീയ സമൂഹത്തിൽ സത്വം നഷ്ടപ്പെട്ടു കഴിഞ്ഞാൽ, അവർ ചിത്രത്തിൽ തന്നെയില്ലാത്തവരായില്ലേ?

‘കയ്യേറ്റക്കാർ’ എന്ന ആഖ്യാനം
ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്‌റ്റർ തുടങ്ങിയ നയങ്ങൾ മുസ്‌ലിംകളുടെ രാജ്യത്തെ പൗരൻ എന്ന നിയമപരമായ പദവിക്ക് ഭീഷണി ഉയർത്തുമ്പോൾ, മറുവശത്ത് “കൈയേറ്റക്കാർ” ആണെന്ന ആഖ്യാനം കുറ്റകൃത്യങ്ങളുടെ ഒരു ശ്രേണി വികസിപ്പിക്കാൻ ശ്രമിക്കുന്നു. നിയമപരമായി ഹിന്ദുക്കൾക്ക് അവകാശപ്പെട്ട ഭൂമി മുസ്‌ലിംകൾ “നിയമവിരുദ്ധമായി” തട്ടിയെടുക്കുന്നതായി ചിത്രീകരിക്കുന്നു. “ദൈവങ്ങളുടെ നാട്” എന്ന് പ്രചരിപ്പിക്കുന്ന ഹൽദ്വാനി ഉൾപ്പെടുന്ന ഉത്തരാഖണ്ഡ് സംസ്ഥാനം, ഹിന്ദുത്വ പ്രൊപഗണ്ടയുടെ ശക്തി കേന്ദ്രങ്ങളാണ്. അതിലുപരി, അവിടെ താമസിക്കുന്ന മുസ്ലീങ്ങൾ പുറത്തുനിന്നുള്ളവരാണെന്ന വാദം അവർ ഊതിക്കത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

A bulldozer demolishes the residence of a local leader who was allegedly involved in protests against the BJP in Allahabad, India, on 12 June 2022

കോവിഡ് -19 പടർന്നു പിടിച്ച സാഹചര്യത്തിൽ, അയൽപക്കങ്ങളിലെ മുസ്‌ലിംകളാണ് ഇന്ത്യയിലെ വൈറസ് വ്യാപനത്തിന് ഉത്തരവാദികളെന്ന് ഹിന്ദുത്വ ദേശീയവാദികൾ അവകാശപ്പെട്ടത് യാദൃശ്ചികമല്ല. ദേശീയ മാധ്യമങ്ങൾ ഇതിനെ കൊറോണ ജിഹാദ് എന്നാണ് വിശേഷിപ്പിച്ചത്. മുസ്ലീങ്ങൾക്കെതിരെ പ്രയോഗിക്കാൻ “ചിതൽ”, “അട്ട” തുടങ്ങിയ നിന്ദ്യമായ പദങ്ങളാണ് ഹിന്ദുത്വ നിഘണ്ടുവിൽ ഉള്ളത്. മുസ്‌ലിംകളുടെ വീടുകൾ തകർക്കുന്ന നടപടി രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു പ്രവൃത്തിയായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.

മുസ്‌ലിം ആക്രമണകാരികളുടെ കനത്ത ഭീഷണിയിൽ കഴിയുന്ന വിശുദ്ധ ഹിന്ദു പ്രദേശമാണ് ഇന്ത്യയെന്ന ജല്പനത്തെ ആശ്രയിച്ചാണ് ഇന്നത്തെ ബിജെപി രാഷ്ട്രീയത്തിന്റെ കിടപ്പ്. ഈ ഹിന്ദുത്വ നരേഷൻ ജനപ്രീതി നേടിയത് സമീപ വർഷങ്ങളിലാണെങ്കിലും, അതിന്റെ വേരുകൾ വളരെ ആഴത്തിലുള്ളതാണ്.

ഹിന്ദു ദേശീയതയുടെ സ്ഥാപക നേതാക്കൾ, പ്രത്യേകിച്ച് വിനായക് ദാമോദർ സവർക്കറും എം.എസ്. ഗോൾവാൾക്കറും, മുസ്ലീം ഇടങ്ങളുടെ സാംസ്കാരിക ഉന്മൂലനം ദേശീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു അനിവാര്യമായ ചുവടുവെപ്പാണെന്ന് ആണയിട്ടു പറഞ്ഞിരുന്നു.

ഹിന്ദു ദേശീയതക്ക് ശക്തമായ വേരോട്ടം ലഭിച്ചതോടെ, ഇന്ത്യൻ ഭൂമികയെക്കുറിച്ചുള്ള ബഹുസ്വര സങ്കൽപ്പത്തെ വെല്ലുവിളിച്ച് പൊതു ഇടങ്ങളുടെ മേലുള്ള കുത്തക അക്രമാസക്തമായി പുനഃസ്ഥാപിക്കാൻ തുടങ്ങി. പൊതുവിടങ്ങളിലെ മുസ്ലീം പ്രാർത്ഥനകൾക്കും വാങ്കിന് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനുമെതിരെ ഹിന്ദു ദേശീയവാദികൾ കാമ്പയിൻ സംഘടിപ്പിക്കുകയാണ്.

ഭൂമി തർക്കമല്ല ഹിന്ദു ദേശീയവാദികളുടെ ആത്യന്തിക ലക്ഷ്യം. ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ അപ്രഖ്യാപിത ആഭ്യന്തരയുദ്ധം നടത്തുന്നതിനുള്ള ഒരു മാധ്യമം കൂടിയാണത്. പരമ്പരാഗത യുദ്ധം പോർക്കളത്തിൽ മാത്രമാണെങ്കിൽ ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുകയറുന്നു, ഏറ്റവും സാധാരണമായ നിമിഷങ്ങളെ പോലും സംഘർഷങ്ങളാക്കി മാറ്റുകയും ദൈനംദിന ജീവിതത്തെ സൈനികവൽക്കരിക്കുകയും ചെയ്യുന്നു.

ആഘോഷങ്ങളുടെ രൂപാന്തരങ്ങൾ
ഈ രൂപാന്തര പ്രാപ്തി മനസിലാക്കാൻ, അതിന് വിധേയമായ ഏറ്റവും ലളിതമായ സംഭവങ്ങളിലെ പരിവർത്തനങ്ങൾ ശ്രദ്ധിക്കുക. 2022-ൽ ഹിന്ദുക്കളുടെ മതപരമായ റാലികളുടെയും ഘോഷയാത്രകളുടെയും സംഘാടനത്തിൽ കാതലായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. രാമനവമിയും ഹനുമാൻ ജയന്തിയും അവരുടെ മതപരമായ തലങ്ങളിൽ നിന്ന് അടർത്തിമാറ്റി ആധിപത്യത്തിന്റെയും ഉടമസ്ഥതയുടെയും മുസ്ലീം വിരുദ്ധ രാഷ്ട്രീയ പ്രകടനങ്ങൾക്കുള്ള അവസരങ്ങളായി പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്.

ആയുധങ്ങളേന്തി വംശഹത്യാ മുദ്രാവാക്യങ്ങൾ മുഴക്കി ആൾക്കൂട്ടം മുസ്ലീം ചുറ്റുപാടുകളിൽ ഇരച്ചുകയറുകയും ചിലയിടങ്ങളിൽ ഏറ്റുമുട്ടലുകളിൽ കലാശിക്കുകയും ചെയ്തു. സ്വത്തുക്കൾ ബുൾഡോസ് ചെയ്യപ്പെടുകയും കുടുംബങ്ങൾ ഭവനരഹിതരാവുകയും ചെയ്യുമ്പോൾ ചെറിയ രൂപത്തിലെങ്കിലും പ്രതികരിക്കാൻ ശ്രമിച്ച അയൽപക്കങ്ങൾക്ക് സ്റ്റേറ്റിന്റെ ശക്തമായ പ്രതികരണമായിരുന്നു ലഭിച്ചത്.

നിരവധി റാലികളിൽ, ഹിന്ദു ജനക്കൂട്ടം പള്ളികളിൽ കയറി കാവി പതാകകൾ നാട്ടാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത് ശത്രു പ്രദേശത്തെ കീഴടക്കിയെന്ന പ്രഖ്യാപനമാണ്; ഒരു പ്രദേശത്തിന്റെ ഉടമസ്ഥതയോ പരമാധികാരമോ അവകാശപ്പെടുന്ന ചരിത്രപരമായ രീതി. 2021 ഡിസംബറിൽ ഉത്തർപ്രദേശിൽ ഗംഗ എക്‌സ്പ്രസ് വേയ്ക്ക് തറക്കല്ലിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ബുൾഡോസർ രാജിനുള്ള അംഗീകാരമായിരുന്നു.

പൊളിച്ചു നീക്കൽ നയം ഇരകളെ ശാരീരികമായി ആക്രമിക്കുകയല്ല, മറിച്ച് മനഃശാസ്ത്രപരമായി, സുരക്ഷിതമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നഷ്ടപ്പെടുത്തുകയാണ്.
നിർമിതികൾ, അതിന്റെ നൈരന്തര്യത്തിലൂടെ, കമ്മ്യൂണിറ്റി അംഗങ്ങളെ അവരുടെ ആയുസ്സിനപ്പുറത്തേക്ക് വ്യാപിക്കുന്ന ഭൂതകാലത്തിലും ഭാവിയിലുമുള്ള നിലനിൽപിനെ സങ്കൽപ്പിക്കാൻ അനുവദിക്കുന്നു. നാം കെട്ടിപ്പൊക്കിയ, നമ്മുടെ ഭൂമിയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്ന നിർമിതികൾ തകർന്നടിയുന്നതോടെ ആ ബാന്ധവവും തകരുന്നു.

വിവേചന നയങ്ങൾ
ബുൾഡോസർ വന്നു പോയതിനു ശേഷം അവശേഷിക്കുന്ന ശൂന്യത വൈരുദ്ധ്യങ്ങളാൽ നിറഞ്ഞതാണ്. രാഷ്ട്രീയ അധികാര ദുർവിനിയോഗത്തിന്റെ സാക്ഷ്യപത്രമായി ഈ ഇടങ്ങൾ മാറുന്നു. ഒരു കാലത്ത് ഒരു കുടുംബത്തിന്റെ വീടായിരുന്ന സ്ഥലം ‘ഒന്നുമില്ലായ്മ’യുടെ ബാക്കിപത്രങ്ങളായി മാറുന്നു. മുസ്ലീങ്ങൾക്ക് ഒരു സ്വൈര ജീവിതത്തിനുള്ള അവകാശം കൂടുതൽ കാലം ഉണ്ടാകില്ല എന്ന കനത്ത മുന്നറിയിപ്പാണിത്.

മുസ്‌ലിം സമുദായത്തിൽ പൊളിക്കൽ നടപടികൾക്കിരയാവുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും തിരിച്ചടിക്കാനുള്ള വിഭവങ്ങളും ശക്തിയും ഇല്ലാത്തവരുമാണ്. അതേസമയം, ഗവൺമെന്റിന്റെ വിവേചന നയങ്ങൾക്കെതിരെ പരസ്യമായി സംസാരിക്കുന്ന മുസ്ലീം സമുദായത്തിനുള്ളിലെ വ്യക്തികളും അവരുടെ പ്രധാന ലക്ഷ്യങ്ങളായി മാറുന്നു.

അടിസ്ഥാനപരമായി, സംസ്ഥാന അധികാരികളുടെ ഇഷ്ടപ്രകാരം ക്രമസമാധാനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഭരണകൂടം അവരെ സംരക്ഷിക്കാൻ ബാധ്യസ്ഥരല്ലെന്ന സന്ദേശം നൽകുന്നു. പൊളിക്കലുകൾ യഥാർത്ഥത്തിൽ എന്താണെന്ന് കാണണം, ഇത് കേവലം വീടിന്റെ മതിലുകൾക്ക് നേരെയുള്ള ആക്രമണമല്ല. അതിലുപരി, പ്രശസ്ത തത്ത്വചിന്തകൻ ഹന്ന ആരെൻഡ് രൂപപ്പെടുത്തിയതുപോലെ, അവരുടെ “അവകാശങ്ങൾ ഉണ്ടായിരിക്കാനുള്ള അവകാശത്തിനെതിരെയും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശത്തിനെതിരെയും” ഉള്ള കടന്നു കയറ്റമാണ്.

ബുൾഡോസർ രാജിന്റെ വരവോടെ മുസ്‌ലിംകൾക്ക് അപമാനമേറ്റുവാങ്ങി ജീവിക്കുക അല്ലെങ്കിൽ അപമാനകരമായ മരണം എന്നിവയിലൊന്നിനെ തിരഞ്ഞെടുക്കുക എന്ന ഇടുങ്ങിയ സാധ്യതകൾ മാത്രമാണ് അവശേഷിക്കുന്നത്.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles