Current Date

Search
Close this search box.
Search
Close this search box.

ഹിന്ദി അല്ല ഹിന്ദുസ്ഥാൻ

ലോകത്ത് ഇന്ത്യയെക്കാൾ ശക്തമായ രാഷ്ട്രങ്ങൾ തകർന്നു പോയിട്ടുണ്ട്. സോവിയറ്റ് യൂണിയൻ ഒരു ഉദാഹരണം. എന്നാൽ ഇത്രയുമധികം വൈവിധ്യങ്ങളാൽ സമ്പന്നമായ,ബഹുസ്വരതയുടെ സംഗമഭൂമിയായ ഇന്ത്യ ഏഴര പതിറ്റാണ്ട് പിന്നിടുന്ന ഈ വേളയിലും നിലനിന്ന് പോരുന്നത് ഏവർക്കും അത്ഭുതമാണ്. ഭരണഘടനയുടെ നിർമ്മാണവേളകളിലും അതിന്റെ ശില്പികൾ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം സാംസ്കാരികമായി ഇത്രമാത്രം വൈവിധ്യമാർന്ന ഒരു രാജ്യത്തെ- ജനങ്ങളെ ഒരു കുടക്കീഴിൽ ഐക്യത്തോടെ മുന്നോട്ടു നയിക്കാൻ ഉതകുന്ന ഒരു ഭരണഘടന രൂപപ്പെടുത്തുക എന്നതാണ്. മറ്റൊരു രാഷ്ട്രത്തിന്റെയും ഭരണഘടന ശില്പികൾ ഇത്തരമൊരു സാഹചര്യത്തെ ഒരുപക്ഷേ അഭിമുഖീകരിച്ചു കാണില്ല. അതുകൊണ്ടുതന്നെ ഈ രാഷ്ട്രത്തിന്റെ ഭാവി ഭരണഘടന നിർമ്മാണ ശില്പികൾക്ക് ഏറെ ആശങ്കകൾ ഉയർത്തിയിരിക്കണം. എന്നാൽ അത്തരം ആശങ്കകളെ തീരെ സാധൂകരിക്കാതെ ഭരണഘടനയ്ക്ക് കീഴിൽ രാഷ്ട്രം ഏഴ് പതിറ്റാണ്ടുകൾ അതിജീവിച്ചു എന്നത് തീർച്ചയായും അഭിമാനർഹമാണ്. ഈയൊരു മുന്നേറ്റത്തിൽ രാഷ്ട്രത്തെ നയിച്ചവർക്കുള്ള പങ്കും തള്ളിക്കളയാവുന്ന ഒന്നല്ല. കൊളോണിയൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചൂടും ചൂരും ഏറ്റുവാങ്ങിയ വ്യക്തികളാൽ രൂപപ്പെട്ട പ്രത്യശാസ്ത്രങ്ങളുടെ ചട്ടക്കൂടുകളിൽ വാർത്തെടുക്കപ്പെട്ട രാഷ്ട്രീയകക്ഷികളും മുന്നണികളുമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാല ഭരണകർത്താക്കൾ എന്നതുകൊണ്ട് തന്നെ, ഭരണഘടന മൂല്യങ്ങളെ സംരക്ഷിച്ചു നിർത്തുന്ന പ്രവണതകളാണ് ആ കാലങ്ങളിൽ കാണുവാൻ സാധിക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ലോകത്ത് രൂപപ്പെട്ടുവന്ന ഹിംസാത്മകവും ഏകശിലാത്മകവുമായ ദേശീയതയുടെ അലയൊലികൾ ഇന്ത്യയിലും വീശി തുടങ്ങിയിരുന്നു. യൂറോപ്പിൽ സംഭവിച്ചത് പോലെ പ്രസ്തുത ദേശീയത സങ്കൽപ്പത്തിന് ഇന്ത്യയിൽ രാഷ്ട്രത്തിന്റെ അധികാര ശ്രേണിയിലേക്ക് പ്രവേശിക്കുവാൻ സാധിച്ചിരുന്നില്ല എങ്കിലും ഈ കാലഘട്ടങ്ങളിൽ യൂറോപ്പ്യൻ ഹിംസാത്മക ദേശീയത ഭാവനകളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടവർ ദേശീയ പ്രസ്ഥാനത്തിലും പ്രവർത്തിച്ചു പോരുകയും ഇന്ത്യൻ സാഹചര്യത്തിന് അനുസൃതമായ രീതിയിൽ ഹിംസാത്മക ഹിന്ദുത്വ ദേശീയ സങ്കൽപ്പത്തിന് ആശയ അടിത്തറ പാകുകയും ചെയ്തു പോകുന്നുണ്ടായിരുന്നു.

അവരുടെ ദേശീയത വിഭാവനയിൽ ഹിന്ദിയല്ലാത്ത ഭാഷകളും,ആര്യ വംശമല്ലാത്ത വംശീയ വിഭാഗങ്ങളും,ഹൈന്ദവ നാഗരികതയല്ലാത്ത നാഗരികതകളും പടിക്കു പുറത്താണ്,അഥവാ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ ഇത്തരം സങ്കുചിതമായ ദേശീയത സങ്കല്പം മുന്നോട്ടുവെക്കുന്നവരെ,എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയത സങ്കൽപ്പത്തെ മുന്നോട്ടു വച്ചുകൊണ്ട് റദ്ദ് ചെയ്യുവാൻ ദേശീയ പ്രസ്ഥാനത്തിനും അതിന്റെ മുന്നണി പോരാളികൾക്കും സാധിച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധതയിൽ ഊന്നിയ ഐക്യബോധമായിരുന്നു ദേശീയ പ്രസ്ഥാനം മുന്നോട്ടു വെച്ചത്. ആ ഏകതാബോധത്തിൽ അനിവാര്യമായ ഐക്യപ്പെടലിൽ ഹിന്ദുവും മുസൽമാനും മതമുള്ളവനും മതമില്ലാത്തവനും തമിഴനും തെലുങ്കനും തുടങ്ങി നാനാ ജാതി മതസ്ഥർ ഐക്യപ്പെട്ടു. ഈ ഐക്യബോധം അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട ദേശീയത ബോധത്തിന്റെ ഉപജ്ഞാതാക്കൾക്ക് ആദ്യകാല ഇന്ത്യൻ സർക്കാരുകളിൽ ഉണ്ടായിരുന്ന മേൽകൈ ഇന്ത്യയുടെ ബഹുസ്വര സങ്കൽപ്പങ്ങളെ നിലനിർത്തുന്നതിൽ അനല്പമായ പങ്കു വഹിച്ചു. എന്നിരുന്നാലും തെക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിൽ രൂപപ്പെട്ടുവന്ന ഉപദേശീയതകൾ സായുധസംഘട്ടങ്ങളിലേക്ക് പ്രവേശിച്ചിരുന്നു. രാഷ്ട്രം ഏഴര പതിറ്റാണ്ട് പിന്നിടുന്ന ഈ വേളയിൽ രാജ്യഭരണം കൈയാളുന്ന ഹിന്ദുത്വ ശക്തികൾ മേൽപ്പറഞ്ഞ ഏകതാബോധത്തിന് വിപരീതമായ തത്വത്തിൽ അടിസ്ഥാനപ്പെടുത്തിയ ദേശീയത സങ്കൽപ്പത്തിന്റെ പ്രയോക്താക്കളാണ്. സായുധപരമായി നീങ്ങുന്ന ഉപദേശീയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന ഒരു രാജ്യത്ത് രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിച്ചു നിർത്തുക എന്നത് ഭരണകൂടത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമാണ് എന്നിരിക്കെ,ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ എന്ന തത്വത്തിൽ കറങ്ങുകയാണ് ഭരണകൂടം. സംഘപരിവാറിന്റെ ദേശീയത നിർവചനത്തിൽ പരമപ്രധാനമായ പ്രാധാന്യമാണ് ഹിന്ദി ഭാഷക്കുള്ളത്. ഹിന്ദി മേൽക്കോയ്മ സിദ്ധാന്തത്തിന് ഹിന്ദുത്വത്തിന്റെ കാലത്തോളം തന്നെ പഴക്കമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച ബനാറസ് ഹിന്ദു സർവകലാശാല,ഹിന്ദുത്വ ആശയങ്ങളാൽ നയിക്കപ്പെട്ട ആര്യ സമാജത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ദയാനന്ദ വേദിക് സ്കൂൾ എന്നിവ ഹിന്ദി ഹൃദയ ഭൂമിയിൽ പ്രസ്തുത മേൽക്കോയ്മ സിദ്ധാന്തത്തിന്റെ വക്താക്കളായിരുന്നു. ആര്യ സമാജത്തിന്റെ നേതൃത്വത്തിൽ വ്യാപകമായി ഉറുദു ഭാഷയ്ക്കെതിരെ ക്യാമ്പയിനുകൾ നടത്തപ്പെട്ടു.

സംസ്കാരത്തെ രൂപപ്പെടുത്തുന്ന ഭാഷയെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ വൈവിധ്യത്തെ സംരക്ഷിക്കുക എന്നതാണ് അതുവഴി ഇന്ത്യയെ സംരക്ഷിക്കുക എന്നതും.

15 ഭാഷകളിൽ ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്താറുണ്ട്. ഔദ്യോഗികമായി 22 ഭാഷകളെ രാജ്യത്ത് അംഗീകരിച്ചിട്ടുണ്ട്. അതിലും എത്രയോ ഇരട്ടി ഭാഷകൾ രാജ്യത്ത് നിലവിലുമുണ്ട്. അനേകം ഭാഷകൾ മാതൃഭാഷയായി സ്വീകരിച്ച ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രതിലോമകരമായ നിർദ്ദേശങ്ങളാണ് രാഷ്ട്രപതിയുടെ മുമ്പാകെ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി സമർപ്പിച്ചിരിക്കുന്നത്. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ അറിയാത്തവർക്ക് കേന്ദ്രസർക്കാർ ജോലി തന്നെ അന്യമാകുന്ന നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. തമിഴ്നാട് പോലുള്ള ഇടങ്ങളിൽ ഇത് വ്യാപക പ്രതിഷേധങ്ങൾക്കാണ് വഴിവെക്കുക. നൂറുകണക്കിന് ഭാഷകൾ കൈകാര്യം ചെയ്യുന്ന ജനങ്ങൾ ജീവിക്കുന്ന ഒരു രാഷ്ട്രത്തിൽ ഹിന്ദിയെ അടിച്ചേൽപ്പിച്ചുകൊണ്ട് എന്ത് അഖണ്ഡതയാണ് കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നതാണ് ചോദ്യം. ആസാമിൽ ഒരുകാലത്ത് ഉയർന്നു വന്ന ബോഡോ തീവ്രവാദികളും ബോഡോ ഭാഷയെ കുറിച്ച് കൂടിയും സംസാരിച്ചിരുന്നു എന്നോർക്കണം. സാംസ്കാരിക സ്വയംഭരണാവകാശം സംസ്ഥാനങ്ങൾക്ക് നൽകുന്ന ഭരണഘടനയിലെ ഫെഡറൽ മൂല്യങ്ങൾ രാജ്യത്തിന്റെ ബഹുസ്വരതയെ സംരക്ഷിച്ചു നിർത്തുന്നതിൽ അനല്പമായ പങ്കുവഹിക്കുന്നുണ്ട് എന്നിരിക്കെ ഈ ഫെഡറൽ മൂല്യങ്ങളെടെ ആണിക്കല്ല് ഇളക്കുന്ന ഇടപെടലുകളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ലോകത്തെ ഏതൊരുജനതയെ സംബന്ധിച്ചിടത്തോളവും മാതൃഭാഷ എന്നത് വൈകാരികമായ ഒന്നുതന്നെയാണ്.1952ൽ അന്നത്തെ ഈസ്റ്റ് പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശിൽ(അന്ന് ബംഗ്ലാദേശ് പാക്കിസ്ഥാനിന്റെ ഭാഗമാണ്) പൊട്ടിപ്പുറപ്പെട്ട ഭാഷ പ്രക്ഷോഭം പ്രസിദ്ധമാണ്. വെസ്റ്റ് പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന ഇന്നത്തെ പാകിസ്താനിലെ ഭാഷയായ ഉറുദുവിനെ ബംഗാളി ഭാഷ സംസാരിക്കുന്ന ഈസ്റ്റ് പാക്കിസ്ഥാനിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ഭരണകൂട തിട്ടൂരത്തിന് എതിരെ നടന്ന പ്രക്ഷോഭമാണ് 1952 ഫെബ്രുവരി 21ന് പാക്കിസ്ഥാൻ ഭരണകൂടം നിഷ്ഠൂരമായി അടിച്ചമർത്തിയത്. അനേകമാളുകൾ കൊല്ലപ്പെട്ട ആ ദിനമാണ് ഐക്യരാഷ്ട്രസഭ ലോക മാതൃഭാഷ ദിനമായി ആചരിക്കുന്നത്. ഭാഷയുടെ പേരിൽ പൊട്ടിപ്പുറപ്പെട്ട പ്രസ്തുത പ്രക്ഷോഭവും പിന്നീട് എഴുപതുകളിലെ ബംഗ്ലാദേശ് വിഘടന വാദത്തിലേക്ക് നയിക്കുന്നതിലും ഒരു കാരണമായി. ഭാഷ എന്നത് അത്രമാത്രം വൈകാരികമായ സാംസ്കാരിക ഉത്പന്നമാണ്. ഭാഷയിൽ തുടങ്ങുന്ന ഈ ഫാഷിസ്റ്റ് പ്രവണത മറ്റു പലതിനെയും രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് എന്നതാണ് വിഷയത്തെ ഗൗരവമുള്ളതാക്കുന്നത്.

സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഭാഷയ്ക്കുള്ള പ്രാധാന്യം ഒഴിവാക്കാനാവാത്തതാണ് എന്നിരിക്കെ ഏകശിലാത്മകമായ ഹിന്ദുത്വ സാംസ്കാരിക ഫാസിസത്തെ പടിക്കു പുറത്ത് നിർത്തുക എന്നത് രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. സംസ്കാരത്തെ രൂപപ്പെടുത്തുന്ന ഭാഷയെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ വൈവിധ്യത്തെ സംരക്ഷിക്കുക എന്നതാണ് അതുവഴി ഇന്ത്യയെ സംരക്ഷിക്കുക എന്നതും.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles