Current Date

Search
Close this search box.
Search
Close this search box.

എണ്ണമറ്റ ഭാഷകളുടെയും ലിപികളുടെയും രാജ്യമാണ് ഇന്ത്യ

മിഡില്‍ ഈസ്റ്റിലെ പ്രശസ്തമായ ഒരു പത്രത്തിന്റെ ലേഖിക ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന അനുഭവം വിവരിക്കുന്ന ഒരു കുറിപ്പ് അവരുടെ തന്നെ െ്രെഫഡേ മാഗ്‌സനില്‍ വായിച്ചത് ഓര്‍ക്കുന്നു . ആ ലേഖനം തുടങ്ങുന്നത് ഇങ്ങിനെയാണ് ‘ ഞാന്‍ ഇന്ത്യ സന്ദര്‍ശിക്കണം എന്ന ഉദ്ദേശത്തോടെയാണ് പോയത്. പിന്നെയാണ് എനിക്ക് മനസ്സിലായത് ഞാന്‍ ലോകം തന്നെയായിരുന്നു അവിടെ കണ്ടതെന്ന്’ . യൂറോപ്പിയന്‍സും അറബികളും ചേര്‍ന്ന ഒരു യോഗത്തില്‍ ഒരിക്കല്‍ ഇന്ത്യയെ കുറിച്ച ചര്‍ച്ച കടന്നു വന്നു ‘നൂറു കണക്കിന് വ്യത്യസ്തങ്ങളായ ഭാഷ വേഷം ഭക്ഷണം ആചാരം എന്നിട്ടും ഇന്ത്യ ഒരു ഏകകമായി നിലനില്‍ക്കുന്നു എന്നത് ഒരു അത്ഭുതമായാണ് യോഗം വിലയിരുത്തിയത്. കൂട്ടത്തില്‍ അറബിയായ എന്റെ ബോസ് ഇങ്ങിനെ കൂടി കൂട്ടിച്ചേര്‍ത്തു ‘ യമന്‍ മുതല്‍ മൊറോക്കോ വരെ ജീവിക്കുന്ന ജനതയുടെ ഭാഷ വസ്ത്രം ആഹാരം എന്നിവ ഏകദേശം ഒന്നായിട്ടും അവര്‍ക്കിടയില്‍ എത്രയോ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. അതെ സമയം ഇന്ത്യയുടെ ഒരു സംസ്ഥാനത്തെ ജനത സംസാരിച്ചാല്‍ അടുത്ത സംസ്ഥാനത്തെ ജനത്തിന് മനസ്സിലാവില്ല. എന്നിട്ടു അവര്‍ ഒന്നായി നില്‍ക്കുന്നു’.

ഭാഷയാണ് മനുഷ്യരെ ഒന്നിപ്പിക്കുന്നത് എന്നത് തെറ്റായ ധാരണയാണ്. ഭാഷ ഒരു ജനതയുടെ സംസ്‌കാരവും കൂടിയാണ്. മാതൃ ഭാഷ എന്ന പേര് തന്നെ അതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ അവസാന കണക്കെടുപ്പ് പ്രകാരം ആയിരത്തി എഴുന്നോറോളം ഭാഷകള്‍ സംസാരിക്കുന്നു എന്നാണ് കണക്കു. പല ഭാഷകള്‍ക്കും ലിപികള്‍ ഉണ്ടാവില്ല. എങ്കിലും പ്രാദേശികമായി ആശയം കൈമാറാന്‍ ഉപയോഗിച്ച് വരുന്നു. ഇന്ത്യയില്‍ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷയുണ്ട്. അതെ സമയം ഇന്ത്യക്കു ദേശീയ ഭാഷ എന്നൊന്നില്ല എന്നത് കൂടി ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി തന്നെയാണ്. മൊത്തം ജനസംഖ്യയില്‍ അമ്പത്തിയഞ്ച് കോടി ജനം ഹിന്ദി ഭാഷ സംസാരിക്കുന്നു എന്നാണ് ലഭ്യമായ കണക്ക്. ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, ഉറുദു, മലയാളം തുടങ്ങിയ ഭാഷകളും കുറെയധികം ആളുകള്‍ സംസാരിക്കുന്നു . ഔദ്യോഗിക ഭാഷകളില്‍ ഏറ്റവും കുറവ് ഉപയോഗിക്കുന്നത് സംസ്‌കൃതമാണ്. എങ്കിലും ഔദ്യോഗിക ഭാഷയുടെ ലിസ്റ്റില്‍ അതും വരുന്നുണ്ട്.

അതെ സമയം സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ ഭാഷയുണ്ട്. ഒമ്പതു സംസ്ഥാനങ്ങള്‍ ഹിന്ദിയെ സംസ്ഥാന ഭാഷയായി അംഗീകരിക്കുന്നു., അത് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ അംഗീകരിക്കുന്ന പ്രാദേശിക ഭാഷ ഇംഗ്ലീഷാവും. ഇന്ത്യ എന്ന രാജ്യത്തെ നിലനിര്‍ത്താന്‍ ഏക ഭാഷ എന്നത് അത് കൊണ്ട് തന്നെ അസംഭവ്യമായ കാര്യമാണ്. നൂറ്റി മുപ്പതു കോടി ജനതയെ ഒരു ഭാഷയിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കുക എന്നതിനേക്കാള്‍ ഭ്രാന്തമായ മറ്റൊന്നും ഒരു പക്ഷെ കേട്ടിട്ടുണ്ടാവില്ല. ഇന്ത്യ എന്ന വികാരത്തിന് ഭാഷയുമായി ഒരു ബന്ധവുമില്ല. ‘ Untiy among diverstiy ‘ എന്നതാണ് നാം അംഗീകരിച്ച ദേശീയതയുടെ സ്വഭാവം. ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന തന്റെ പുസ്തകത്തില്‍ ഇതിനെ കുറിച്ച് നെഹ്‌റു പറയുന്ന വാക്കുകള്‍ പ്രസക്തമാണ് ‘ ഇന്ത്യയുടെ ഐക്യം എന്നത് പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നല്ല, മറിച്ച് അത് ആഴമേറിയതും അതില്‍ തന്നെ രൂപപ്പെട്ടതുമാണ്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും വിശാലമായ സഹിഷ്ണുത പ്രയോഗിക്കുകയും എല്ലാ വൈവിധ്യങ്ങളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതും അതിന്റെ പ്രത്യേകതയാണ്. അവിടെ നിന്നാണ് നാനാത്വത്തില്‍ ഏകത്വം എന്ന രീതിയിലേക്ക് നാം കടന്നു വന്നത്. നിലനില്‍ക്കുന്ന എല്ലാ വൈവിധ്യങ്ങളെയും അംഗീകരിച്ചു കൊണ്ട് തന്നെ ഇന്ത്യ എന്ന ഏകത്വത്തെ അംഗീകരിക്കാന്‍ കഴിയുന്നു എന്നതാണ് നമ്മുടെ പ്രത്യേകത. അതിനു വിശ്വാസവും ആചാരവും ഭാഷയും ഭക്ഷണവും വസ്ത്രവും തടസ്സമായില്ല.

അങ്ങിനെയാണ് പഞ്ചാബിയും കേരളീയനും ഗുജറാത്തിയും മേഘാലയക്കാരനും എല്ലാ വൈവിധ്യങ്ങളെയും മാറ്റിവെച്ചു ഇന്ത്യ എന്ന ഏകത്വത്തെ അംഗീകരിക്കുന്നത്. നിലവിലുള്ള വൈവിധ്യങ്ങളെ നിലനിര്‍ത്തുമ്പോള്‍ മാത്രമാണ് ഇന്ത്യ നിലനില്‍ക്കുന്നത്. ലോകത്തിന്റെ മുന്നിലെ ഒരു അത്ഭുതമായി. ഉപദേശീയതകള്‍ ഒരിക്കലും ഇന്ത്യ എന്ന ചിന്തക്ക് തടസ്സമായിട്ടില്ല. ഭാഷകള്‍ക്ക് നേരത്തെ പറഞ്ഞത് പോലെ സംസ്‌കാരത്തിന്റെ കൂടെ സ്വാധീനമുണ്ട്. തങ്ങളുടെ സംസ്ഥാനത്തു ഹിന്ദി അടിച്ചേല്‍പ്പിക്കുമ്പോള്‍ ഭാഷ മാത്രമല്ല നഷ്ടമാകുന്നത് തങ്ങളുടെ സംസ്‌കാരം കൂടിയാണ് എന്ന് പലരും മനസ്സിലാക്കുന്നു. ഭാഷ വ്യക്തിയും സമൂഹവും സ്വയം തിരഞ്ഞെടുക്കേണ്ടതാണ്. അത് അടിച്ചേല്‍പ്പിക്കുന്നത് ഫാസിസത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഒരു രാജ്യം ഒരു ഭാഷ ഇത്രമാത്രം വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തു അസംഭവും എന്നത് അവര്‍ക്കു പോലുമറിയാം. പക്ഷെ നിലവിലുള്ള പ്രതിസന്ധികളെ മറികടക്കാന്‍ മറ്റൊരു മാര്‍ഗവും അവര്‍ കണ്ടില്ല. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു . പക്ഷെ നമ്മുടെ ദേശീയ മാധ്യമങ്ങള്‍ അതൊരു വാര്‍ത്തയായി ഇതുവരെ കണക്കാക്കിയിട്ടില്ല. അതിനെ മറികടക്കാന്‍ ഭരണകൂടം ബോധപൂര്‍വം ഇത്തരം വൈകാരിക വിഷയങ്ങളെ കുട്ടിപ്പൊക്കും. നിലവിലുള്ള ശക്തി ഉപയോഗിച്ച് പാര്‍ലിമെന്റില്‍ ഏതു നിയമം വിജയിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയും. അതിനിടയില്‍ മുഖ്യ വിഷയങ്ങളും ജനം മറക്കുകയും ചെയ്യും.

Related Articles