Current Date

Search
Close this search box.
Search
Close this search box.

താങ്കൾ മസ്ജിദിൽ പോകുന്നില്ലെങ്കിൽ പോകേണ്ട…

മതേതര കുപ്പായമണിഞ്ഞ് ആൾക്കൂട്ട കയ്യടി നേടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മസ്ജിദുകൾ തുറക്കാൻ സമയമായിട്ടില്ലെന്നും ബാറുകളും ബിവറേജസും തുറന്നതിനോട് ആരാധനാലയങ്ങളെ സമീകരിക്കുന്നത് ബാലിശവും അന്തക്കേടുമാണെന്നും ചിലർ തള്ളിവിടുന്നത്. മസ്ജിദുകൾ കുറച്ചു കാലം കൂടി പൂട്ടിക്കിടന്നാൽ ഒരു ചുക്കും സംഭവിക്കാനില്ലെന്നും ആരാധനാലയങ്ങൾ തുറക്കാത്ത സർക്കാർ നിലപാടിനെ ന്യായീകരിച്ചു കൊണ്ട് ഈ ജനുസ്സിൽ പെട്ട ഒരു മഹാന്റെ ഫേസ്ബുക് പോസ്റ്റ് അവിടവിടങ്ങളിൽ കറങ്ങി നടക്കുന്നത് കണ്ടിരുന്നു. ബാറുകളും ബിവറേജസുകളും തുറക്കൽ അനിവാര്യമാണെന്നും മസ്ജിദുകൾ തുറക്കേണ്ട ഒരാവശ്യവുമില്ലെന്നുമാണ് ഈ മാന്യദേഹത്തിന്റെ അതി മഹത്തായ കണ്ടെത്തൽ. മസ്ജിദുകൾ മാത്രമല്ല ക്ഷേത്രങ്ങളും ചർച്ചുകളും അടഞ്ഞുകിടക്കുകയാണെന്നും അവർക്കൊന്നുമില്ലാത്ത പരിഭവം നിങ്ങൾക്കെന്തിനാണെന്നും അദ്ദേഹം മുസ്‌ലിംകളോട് ചോദിക്കുന്നുണ്ട്. മതേതര കയ്യടി നേടാൻ ഇതിൽ പരം ഇനിയെന്ത് വേണം!

സുഹൃത്തേ, താങ്കൾ മസ്ജിദിൽ പോകുന്നില്ലെങ്കിൽ പോകേണ്ടതില്ല. കോവിഡ് പൂർണ്ണമായും വിട്ടു പോയാലും നിങ്ങൾ വേണമെങ്കിൽ പോയാൽ മതി. എന്നാൽ വിശ്വാസികളായ ഞങ്ങൾ താങ്കളുടെയത്ര ‘മതേതരരല്ലാത്തത്’ കൊണ്ട് ഞങ്ങൾക്ക് അത്രക്കങ്ങ് കാത്തിരിക്കാൻ കഴിയില്ല. കാരണം മസ്ജിദുകൾ ഞങ്ങൾ വിശ്വാസികളുടെ ലൈറ്റ് ഹൗസുകളും പവർ ഹൗസുകളുമാണ്. മസ്ജിദുകൾ ലൈറ്റും ഫേനും എ.സിയുമെല്ലാമുള്ള കേവലമൊരു കെട്ടിടം മാത്രമല്ല, മറിച്ച്, അല്ലാഹുവിന്റെ ഭവനങ്ങളാണത്. പ്രപഞ്ച നാഥന്റെ മുമ്പിൽ എല്ലാം സമർപ്പിക്കുന്ന ഇടമാണത്. ആരാധനക്ക് മസ്ജിദുകൾ വേണമെന്നില്ലെന്ന താങ്കളുടെ ചോദ്യം യുക്തിസഹമായിരിക്കാം. പക്ഷേ, ഇസ്‌ലാം നമ്മുടെ കേവല യുക്തിക്കപ്പുറമുളള ഒന്നാണെന്ന് താങ്കൾക്കറിയാതെ പോയതാണോ. താങ്കൾ ആക്ഷേപിച്ചത് പോലെ ഇതിൽ ഒരൽപം വൈകാരികതയുണ്ട്. ആ വൈകാരികത അപക്വമോ അബദ്ധമോ അല്ല. മറിച്ച് വിശ്വാസത്തിന്റെ ഭാഗമാണ്.

കോവിഡ് കാലത്ത് മസ്ജിദുകളെ പറ്റി അനാവശ്യ ഭീതിയും ആശങ്കയുമുണ്ടാക്കാനാണ് സർക്കാർ മെഷിണറികളും മാധ്യമങ്ങളും തുടക്കം മുതലേ ആസൂത്രിതമായി ശ്രമിച്ചത്. ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനമാണ് ഇന്ത്യയിലെ കോവിഡ് പ്രഭവ കേന്ദ്രമെന്നും അവർ ഈ രാജ്യത്തെ നശിപ്പിക്കുകയുമാണെന്നുമുളള പൊതുബോധം എത്ര ആഴത്തിലാണ് വേരൂന്നിയത്! അതിനെ തുടർന്ന് ഇന്ത്യയിലുടനീളം മസ്ജിദുകളെ സൂക്ഷിക്കണമെന്നും അവ കോവിഡ് വ്യാപന കേന്ദ്രങ്ങളാണെന്നും രോഗ മരണ വ്യാപാര കേന്ദ്രങ്ങളാണെന്നുമുള്ള മനോഭാവവും പൊതുബോധവും അതിവേഗം ജനഹൃദയങ്ങളിൽ സൃഷ്ടിക്കപ്പെട്ടു. അവിടവിടങ്ങളിൽ മസ്ജിദുകളും മുസ്‌ലിംകളും അക്രമിക്കപ്പെടുന്ന സംഭവങ്ങളുമുണ്ടായി.

ഒന്നാം തരംഗത്തിന് ശേഷം ആഞ്ഞടിച്ച രണ്ടാം തരംഗം ഇത്ര ഭീകരമായി സംഹാര താണ്ഡവമാടാൻ കാരണക്കാർ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി സർക്കാറിന്റെ അകമഴിഞ്ഞ പിന്തുണയോടെ രാഷ്ട്രീയ പാർട്ടികൾ നടത്തിയ അഴിഞ്ഞാട്ടമാണ്. പിന്നെ കുംഭമേളകളും വൃത്തിഹീനമായ അന്തരീക്ഷത്തിൽ നടത്തുന്ന പേക്കൂത്തുക്കളും ഇന്ത്യയിലുടനീളം വ്യാപനത്തിന്റെ ആക്കം കൂട്ടി. അതോടൊപ്പം രണ്ടാം തരംഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമ്പൂർണ്ണ പരാജയവും കൂടിയായപ്പോൾ ഓക്സിജൻ കിട്ടാതെ ജനങ്ങൾ പിടഞ്ഞുമരിച്ചു. ആശുപത്രി ബെഡിനായി ജനങ്ങൾ നെട്ടോട്ടമോടി. ഗംഗയിൽ മനുഷ്യ ശരീരങ്ങൾ ഒഴുകിപ്പരന്നു. ഭീതിജനകമായ ഈ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിൽ മസ്ജിദുകൾക്ക് കടുകുമണിയോളം പോലും റോൾ ഉണ്ടായിട്ടില്ലെന്നത് ആർക്കാണറിയാത്തത്!

മസ്ജിദുകളിൽ നിന്ന് ഇന്നേവരെ കോവിഡ് വ്യാപനം നടന്നതായി ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അപവാദങ്ങൾ അത്യപൂർവം മാത്രമായിരിക്കും. അതും ചൂണ്ടിക്കാട്ടി ആരും പിന്നാലെ കൂടേണ്ടതില്ല. കാരണം കൈകാലുകളും മുഖവും കഴുകിയും കുളിച്ച് ശുദ്ധിയായും മാത്രമാണ് വിശ്വാസികൾ മസ്ജിദുകളിൽ ആരാധനക്കെത്തുന്നത്. ആരാധനാലയങ്ങൾ തുറന്നില്ലെങ്കിലും മുസ്‌ലിംകൾക്ക് ഒരു കുഴപ്പവുമില്ലെന്ന വാദം എന്തുമാത്രം ബാലിശമാണ്. മുസ്‌ലിംകൾക്ക് ജുമുഅ നമസ്കാരത്തിന്റെ പ്രാധാന്യം പഠിപ്പിക്കേണ്ട ആവശ്യമില്ല. കോവിഡിന് മുമ്പ് ഒരു ജുമുഅ നഷ്ടപ്പെടുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു അവർക്ക്. കോവിഡിന്റെ തീവ്രത കാരണം മസ്ജിദുകൾ അടച്ചുപൂട്ടി. ജുമുഅയും ജമാഅത്തുകളും നിലച്ചുപോയി. അനിവാര്യ ഘട്ടത്തിൽ ജുമുഅ ജമാഅത്തുകൾ മുടങ്ങുന്നതിന് ഇസ്‌ലാമിൽ ന്യായമുണ്ട്. പക്ഷേ, മറ്റെല്ലാ മേഖലകളും ഇളവുകളുണ്ടാകുകയും ആരാധനാലയങ്ങൾക്ക് മാത്രം ഇളവുകൾ ബാധകമാകാതിരിക്കുകയും ചെയ്യുന്നത് ന്യായീകരണമർഹിക്കുന്നില്ല. മസ്ജിദുകൾ ആരാധനാലയം മാത്രമല്ല, ആശ്വാസാലയം കൂടിയാണ്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ നാളുകളിൽ മസ്ദിദുകളിലെത്തി സുജൂദിൽ വീണ് അൽപ നേരം ചെലവഴിച്ചാൽ എല്ലാ വേദനകളും ഉരുകിത്തീരുന്നവരാണ് വിശ്വാസികൾ. മനസ്സിന്റെ ആരോഗ്യമാണ് ശരീരത്തിന്റെ ആരോഗ്യത്തെ ബലപ്പെടുത്തുന്നത്. അതിനാൽ തന്നെ മസ്ജിദുകൾ രോഗവ്യാപന കേന്ദ്രങ്ങളല്ല. രോഗവിമുക്തിയുടെ അഭയ കേന്ദ്രങ്ങളാണ്.

Related Articles