Current Date

Search
Close this search box.
Search
Close this search box.

അനന്തരാവകാശം പെൺകുട്ടികൾ മാത്രമാണെങ്കിൽ

ചോദ്യം – ഒരാൾക്ക് ആൺകുട്ടികളില്ല, ഭാര്യയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണുള്ളത്.
അയാളുടെ മരണ ശേഷം അവർക്ക് എല്ലാ സമ്പത്തും അനന്തരമായി ലഭിക്കുകയില്ലല്ലോ എന്നും മക്കൾ വഴിയാധാരമായിപ്പോകുമല്ലോ എന്നും അയാൾക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ, പെൺകുട്ടികൾക്കും ഭാര്യക്കും മാത്രമായി എല്ലാ അനന്തര സ്വത്തും ലഭിക്കുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യാൻ അയാൾക്ക് കഴിയുമോ..? അതിന്
ഇസ് ലാമികമായി അനുവാദമുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള ഹലാൽ ആയ വഴി എന്ത്..?

ഉത്തരം-

• ഓരോരുത്തരുടെയും ആയുസ്സ് തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്. മറ്റാര്‍ക്കും അത് അറിയുകയുമില്ല, അതിലൊരു പങ്കുമില്ല.

• ഭാര്യയെയും മക്കളെയും ബാക്കിയാക്കി ഭർത്താവാണോ (പിതാവ്) മരണപ്പെടുക, അതല്ല അവരൊക്കെ മരണപ്പെട്ടിട്ടും അയാൾ ജീവിച്ചിരിക്കുമോ എന്നൊന്നും നമുക്ക് അറിയില്ല.

• ജീവിക്കുന്ന കാലം അല്ലാഹുവിന്‍റെ ആജ്ഞാനിരോധങ്ങളില്‍ നിന്നുകൊണ്ടു തനിക്കും കുടുംബത്തിനും നാടിനും നാട്ടാര്‍ക്കും വേണ്ടി ചെലവാക്കുക. അതുവഴി പരലോകം ശോഭനമാക്കുക.

• ഭാര്യയും മക്കളും മാത്രമാണ് കുടുംബം എന്നത് വളരെ കൂടുസ്സായ സമീപനമാണ്. മനുഷ്യര്‍ പരസ്പരം സഹകരണത്തിലൂടെ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ഒരു സൃഷ്ടിയാണ്. പ്രത്യേകിച്ചും സാഹോദര്യ-കുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതുവഴിയേ ഒരാളുടെ ജീവിതം സന്തുഷ്ടമാവൂ.

. പരസ്പരം സഹായിക്കുകയും സംരക്ഷിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സോഷ്യല്‍ സെക്യൂരിറ്റി സംവിധാനമാണ് കുടുംബ ബന്ധങ്ങളിലൂടെ ഇസ്ലാം പരിചയപ്പെടുത്തുന്നത്.

• മക്കൾക്ക് സ്വത്തൊന്നും ഇല്ലെങ്കിലും ഇസ്ലാമിക സമൂഹത്തില്‍ അവർ അനാഥരാവുകയില്ല.

• മരണപ്പെടുന്ന സമയത്ത് ജീവിച്ചിരിക്കുന്നവര്‍ ആരൊക്കെയാണോ അവര്‍ക്ക് അല്ലാഹു നിര്‍ണ്ണയിച്ച ഓഹരി ലഭിക്കും.

• ചോദ്യത്തിൽ പറഞ്ഞ അവസ്ഥയിലാണ് ഒരാൾ മരണപ്പെടുന്നതെങ്കില്‍, ഭാര്യക്ക് എട്ടിലൊന്നും, പെണ്‍മക്കള്‍ക്ക് മൂന്നില്‍ രണ്ടും ഓഹരിയാണ് ലഭിക്കുക.

• ബാക്കിയുള്ള ചെറിയൊരു ഓഹരി മറ്റുള്ള ചിലര്‍ക്ക് ലഭിക്കും. അവരുടെ ഉത്തരവാദിത്തമാണ് പരേതൻ്റെ അനാഥരാവുന്ന മക്കളെ സംരക്ഷിക്കല്‍.

• പിതാവ് ഇപ്പോള്‍ സമ്പാദിച്ചു വെച്ചിരിക്കുന്ന ധനം മാത്രം പോരല്ലോ ആ കുട്ടികള്‍ക്ക് ജീവിക്കാന്‍. അവരുടെ സുരക്ഷിതത്വം, സംരക്ഷണം ഒക്കെ ഏറ്റെടുക്കാന്‍ ആള് വേണമല്ലോ. അവരാണ് ഈ ബാക്കിയായ ഓഹരിയുടെ അവകാശികള്‍.

• ഈ സാഹചര്യത്തിൽ പിതാവ് ഒന്നും എഴുതി വെക്കേണ്ട കാര്യമില്ല. കാരണം അവരുടെ ഓഹരികള്‍ അല്ലാഹു തന്നെ നിശ്ചയിച്ചതാണ്. അതില്‍ മാറ്റം ഒന്നും വരുകയില്ല. ശരീഅ പ്രകാരവുമില്ല; നിലവിലെ ഇന്ത്യന്‍ പേര്‍സണല്‍ ആക്ട് പ്രകാരവുമില്ല.
• സഹോദരങ്ങളുമായി നല്ല സ്നേഹബന്ധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ട കാര്യം. പരേതന് സ്വത്തൊന്നും ഇല്ലെങ്കില്‍ പോലും അനാഥരാവുന്ന മക്കളെ പൂര്‍ണ്ണ മനസ്സോടെ ഏറ്റെടുക്കുന്ന സ്നേഹബന്ധത്തിലേക്ക് സാഹോദര്യം വളരട്ടെ. അപ്പോള്‍ മക്കളുടെ ഭാവിയെ സംബന്ധിച്ച് ഒരു ബേജാറും ഉണ്ടാവുകയില്ല. ബാക്കിയെല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. തവക്കുല്‍ ആണ് ഏറ്റവും വലിയ ധൈര്യവും ആത്മവിശ്വാസവും സമാധാനവും.

• മേല്‍പ്പറഞ്ഞതൊക്കെ ഇരിക്കെ, ഇനിയും എന്തെങ്കിലും ചെയ്യണം എന്നാണെങ്കില്‍, ഇപ്പോള്‍ തന്നെ സ്വത്തൊക്കെ മക്കള്‍ക്ക് തുല്യമായി സമ്മാനമായി നല്കാം. ഭാര്യക്കും നല്കാന്‍ മറക്കരുത്.

• അല്ലാഹുവിന്‍റെ കല്‍പ്പനയേക്കാള്‍ നമ്മുടെ പ്രതീക്ഷയ്ക്ക് മുന്‍തൂക്കം നല്കി നാം എടുക്കുന്ന തീരുമാനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കുകയും അനുഭവിക്കുകയും വേണം.

• നമ്മുടെ മക്കളോടു നമുക്കുള്ളതിനെക്കാള്‍ സ്നേഹവും കരുതലും, റബ്ബിന് അവന്‍റെ ഓരോ സൃഷ്ടികളോടും ഉണ്ട് എന്ന് മനസ്സിലാക്കുക.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles