Current Date

Search
Close this search box.
Search
Close this search box.

മഹാരാഷ്ട്രയിലെ ‘ലൗ ജിഹാദ്’ റാലികളും മുസ്‌ലിം വിദ്വേഷവും

താനെയിലെ നാവേലി ഗ്രാമത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് ഇക്കഴിഞ്ഞ ജനുവരിയിലെ അവസാന ഞായറാഴ്ച കാവിനിറത്താല്‍ നിറഞ്ഞൊഴുകി. സമീപ ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നുമായി അയ്യായിരത്തോളം പേരാണ് സംഘങ്ങളായി ഗ്രൗണ്ടിലേക്ക് എത്തിച്ചേര്‍ന്നത്. സ്റ്റേജിലെ പ്രധാന കസേരയില്‍ ഇരിപ്പുറപ്പിച്ചിരുന്ന രത്‌നഗിരിയിലെ സ്വാമിയെ കാണാന്‍ വന്നവരായിരുന്നു അവരില്‍ പലരും.

എന്നാല്‍, മഹാരാഷ്ട്രയിലെ വിവിധ ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ സകല്‍ ഹിന്ദു സമാജ് സംഘടിപ്പിച്ച റാലിയുടെ ഉദ്ദേശ്യം വൈകാതെത്തന്നെ വ്യക്തമായി. മാര്‍ച്ച് 5 ന് നടന്ന റാലിയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്താന്‍ ഓരോ പ്രഭാഷകരും വരിനില്‍ക്കുകയായിരുന്നു. ‘ശിവാജിയുടെ മണ്ണില്‍ എന്തിനാണ് പള്ളികള്‍? സ്വന്തം ഭൂമികള്‍ മുസ്‌ലിംകള്‍ കയ്യേറുമ്പോഴും ഹിന്ദുക്കളെന്തുകൊണ്ടാണ് നിശബ്ദരായിരിക്കുന്നത്?’, പല്‍ഗാറിലെ ഹിന്ദു ശക്തി പീതില്‍നിന്നുള്ള സ്വാമി ഭരതാനന്ദ് മഹാരാജ് ചോദിക്കുന്നു. ‘ലൗ ജിഹാദിലൂടെയും ഭൂമി ജിഹാദിലൂടെയും അവര്‍ ഞങ്ങളെയും ഞങ്ങളുടെ മതപരമായ പ്രദേശങ്ങളെയും കീഴടക്കുന്നു.’

ഹിന്ദു പരമാധികാര വിഭാഗങ്ങളാല്‍ നിര്‍മിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്ത ഒരു ഗൂഢാലോചന സിദ്ധാന്തമാണ് ‘ലൗ ജിഹാദ്’. ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ ഹിന്ദു സ്ത്രീകളെ പ്രലോഭിപ്പിക്കുന്ന പ്രത്യേക കേന്ദ്രങ്ങള്‍തന്നെ മുസ്‌ലിം പുരുഷന്മാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു ഇവര്‍ പറഞ്ഞു പരത്തിയത്. സമാനമായി, പൊതുഭൂമികളും ഹിന്ദുഭൂമികളും കയ്യേറാന്‍ മുസ്‌ലിംകള്‍ പരസ്പരം മത്സരിക്കുകയാണെന്നായിരുന്നു ഭൂമി ജിഹാദിന്റെ വക്താക്കള്‍ വാദിച്ചത്.

തെലങ്കാനയിലെ ബി.ജെ.പിയില്‍നിന്നും പുറത്താക്കപ്പെട്ട നിയമസഭാംഗവും വിദ്വേഷ പ്രസംഗത്തിന് പേരുകേട്ട നേതാവുമായ ടി. രാജാ സിംഗും പ്രസ്തുത പ്രഭാഷകരുടെ കൂട്ടത്തിലുണ്ടായിരുന്നു. ബി.ജെ.പിയുടെയും ഏക്‌നാത് ഷിന്‍ഡെയുടെ ശിവസേനയുടെയും മെമ്പര്‍മാര്‍ നോക്കിനില്‍ക്കെ ‘സെകുലറിസം ഉപേക്ഷിക്കാനും ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പോരാടാനും ഹിന്ദുക്കളോട് ഞാന്‍ ആവശ്യപ്പെടുന്നു’ എന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ കണ്ടു പടിക്കണമെന്നും നൂറ് ബുള്‍ഡോസറുകള്‍ വാങ്ങി ‘വഞ്ചകന്മാരുടെ’ (മുസ്‌ലിംകളെ ഉദ്ദേശിച്ച്) വീടുകളും നിര്‍മാണങ്ങളും തകര്‍ത്തു കളയണമെന്നും അദ്ദേഹം പ്രസംഗിച്ചു. മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാനും രാജാ സിങ് ആഹ്വാനം ചെയ്തു. ‘ഈ ഹോളിക്ക് അബ്ദുല്‍ എന്ന് പേരുള്ള കച്ചവടക്കാരില്‍നിന്ന് നിറങ്ങള്‍ വാങ്ങരുത്. ഹിന്ദു കച്ചവടക്കാരില്‍നിന്ന് മാത്രേ വാങ്ങാവൂ’, അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയില്‍നിന്ന് ഒരു പ്രഹരം
കഴിഞ്ഞ നവംബര്‍ തൊട്ട് സമാനമായ നിരവധി റാലികളാണ് മഹാരാഷ്ട്രയിലുടെനീളം സംഘടിപ്പിക്കപ്പെട്ടത്. അതില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രഭാഷകരും മുസ്‌ലിംകള്‍ക്കെതിരെ വംശീയാക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തവരായിരുന്നു.

ജനുവരി 29 ന് മുംബൈയില്‍ വെച്ച് നടന്ന സകല്‍ ഹിന്ദു സമാജിന്റെ ന്യൂനപക്ഷവിരുദ്ധ പ്രസംഗങ്ങള്‍ സുപ്രീംകോടതിയിലും എത്തിയിരുന്നു. മുംബൈ നഗരത്തിലെ ജനപ്രിയ ശിവജി പാര്‍ക്കില്‍നിന്ന് ആരംഭിച്ച റാലിയില്‍ തെലങ്കാന നിയമസഭാംഗമായിരുന്ന രാജാ സിംഗ്, മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തനവിരുദ്ധ നിയമം പാസാക്കപ്പെട്ടില്ലായെങ്കില്‍ ആയുധങ്ങള്‍ കയ്യിലെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. തൊട്ടുപിന്നാലെ, വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വിചാരണയില്‍ ഒരു കേരളക്കാരന്‍ സുപ്രീംകോടതിയില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചു. മുംബൈയിലെ കൂടിച്ചേരല്‍ ‘വിദ്വേഷ പ്രസംഗങ്ങളിലൂടെ സാമുദായി അസ്വാരസ്യം’ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു ആരോപണം.
ഫെബ്രുവരി 3 ന്, വിദ്വേഷം പരത്തുന്ന റാലികള്‍ക്ക് അനുവാദം നല്‍കില്ലെന്ന മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ഉറപ്പിന് ശേഷം ഫെബ്രുവരി 5 ന് നടക്കാനിരുന്ന റാലിയുടെ വീഡിയോ റെക്കോര്‍ഡ് കൈമാറാന്‍ മഹാരാഷ്ട്ര പൊലീസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. പക്ഷേ, അന്ന് റാലി ഉണ്ടായില്ല.

സകല്‍ ഹിന്ദു സമാജിന് കീഴില്‍ നടത്തപ്പെടുന്ന റാലികളിലെ പ്രകോപരനപരമായ പ്രസംഗങ്ങളുടെ കുത്തൊഴുക്ക് തടയാന്‍ പക്ഷേ സുപ്രീംകോടതിയുടെ സൂക്ഷ്മപരിശോധനക്ക് പോലും കാര്യമായൊന്നും ചെയ്യാനായില്ല.

കോടതി വിധിയുടെ ഒരാഴ്ചയ്ക്ക് ശേഷം പതിനൊന്നോളം വമ്പന്‍ റാലികള്‍ മഹാരാഷ്ട്രയിലുണ്ടായി. വിശ്വ ഹിന്ദ് പരിഷത്, ബജ്‌റംഗ്ദള്‍, സനാതന്‍ സന്‍സ്ത, ദുര്‍ഗ വാഹിനി എന്നിവയും വിശ്വ ശ്രീരാം സേന, ഹിന്ദു രാഷ്ട്ര സേന, ഹിന്ദു ജനജാഗ്രതി സമിതി, ഹിന്ദു പ്രതിസ്തന്‍ പോലെയുള്ള അപ്രസിദ്ധ സംഘടനകളും ട്രസ്റ്റികളും ക്ഷേത്ര പുരോഹിതന്മാരും ചേര്‍ന്ന് നിരവധി റാലികളാണ് സംഘടിപ്പിച്ചത്.

തങ്ങളെല്ലാം സകല്‍ ഹിന്ദു സമാജിന്റെ ഭാഗമാണെന്ന് അവര്‍ വാദിക്കുന്നു. ‘ഇത് എല്ലാ ഹിന്ദു സംഘടനകളുടെയും കൂട്ടായ്മയാണ്. ദീര്‍ഘകാലമായി ഇത് നിലനില്‍ക്കുന്നു’, വിശ്വ ഹിന്ദു പരിഷത് നേതാവ് ആനന്ദ പാണ്ടെ പറയുന്നു.

‘ഇത്രമാത്രം തീവ്രമായ വിദ്വേഷ പ്രസംഗങ്ങളൊന്നുംതന്നെ ഇതുവരെ മുംബൈയിലുണ്ടായിട്ടില്ല. വളരെ പരസ്യമായിത്തന്നെ അവര്‍ വംശീയാക്രമണത്തിന് പ്രേരിപ്പിക്കുന്നത് ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നു’, പ്യൂപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസ് ജനറല്‍ സെക്രട്ടറി ലാറ ജെസാനി പറയുന്നു. ഇവ്വിഷയകമായി, പി.യു.സി.എല്‍ നാലോളം കത്തുകള്‍ മഹാരാഷട്ര പൊലീസിന് അയച്ചിട്ടുണ്ട്. ഫെബ്രുവരി 19 ന് രാജാ സിംഗ് വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ ലാത്തൂരില്‍പോലും ഇതുവരെ എഫ്.ഐ.ആര്‍ മാത്രമാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നവി മുംബൈയിലെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറായ വിവേക് പന്‍സാരെ, ഫെബ്രുവരി 26 ന് വാശിയില്‍ നടന്ന റാലി തങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് വീഡിയോ റെക്കോര്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘പ്രസംഗങ്ങളിലെയും മുദ്രാവാക്യങ്ങളിലെയും ഉള്ളടക്കത്തെക്കുറിച്ച് ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ ജിഹാദികളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക മതത്തിന്റെ പേര് പ്രതിപാദിച്ചിട്ടില്ല. ഇതൊരു കുറ്റമായി കണക്കാക്കാമോ എന്നതിനെക്കുറിച്ച് ഞങ്ങള്‍ നിയമോപദേശം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്’, പന്‍സാരെ പറഞ്ഞു.

നേവാലിയില്‍ നടന്ന റാലി വീഡിയോ റെക്കോര്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോടും ഫോണ്‍കാളുകളോടും താനെ പൊലീസ് കമ്മീഷണര്‍ ജയ് ജീത് സിംഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലാത്തൂര്‍, പര്‍ഭാനി, ജല്‍ഗാവോണ്‍, അഹ്‌മദ് നഗര്‍, മുംബൈ, ബാരാമതി, നന്ദൂര്‍ബര്‍ എന്നിവിടങ്ങളിലെ കൂടിച്ചേരലില്‍ നടന്ന പ്രസംഗങ്ങളുടെ വീഡിയോ അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേവാലിയിലെയും ആരെയ് കോളനിയിലെയും സകല്‍ ഹിന്ദു സമാജ് റാലികളില്‍ സ്‌ക്രോള്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

എങ്ങനെയായിരുന്നു തുടക്കം?
നവംബറില്‍, ഡല്‍ഹിയില്‍ വെച്ച് തന്റെ ലീവ്-ഇന്‍ പങ്കാളിയായ ആഫ്താബ് പൂനാവാലയാല്‍ ശ്രദ്ധാ വാള്‍ക്കര്‍ കൊല്ലപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയത്. മതങ്ങള്‍ തമ്മിലുള്ള വിവാഹ ബന്ധങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് പറഞ്ഞ് ഹിന്ദുത്വ സംഘടനകള്‍ പ്രശ്‌നം ആളിക്കത്തിച്ചു. വാള്‍ക്കറും പൂനാവാലയും മഹാരാഷ്ട്രയിലെ വസായിയില്‍നിന്നുള്ളവരായിരുന്നു.

ബി.ജെ.പി ഭരിക്കുന്ന വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ണാടകയിലും മതങ്ങള്‍ തമ്മിലുള്ള വിവാഹം ഒരു ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന മതപരിവര്‍ത്തനവിരുദ്ധ നയമം പാസാക്കിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയില്‍ ലൗ ജിഹാദിന് വേണ്ടത്ര രാഷ്ട്രീയ പരിവേഷം ലഭിച്ചിരുന്നില്ല. വാള്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കാമ്പയിനുകള്‍ സാഹചര്യങ്ങള്‍ മാറ്റിമറിച്ചു.

ഡല്‍ഹിയില്‍, പൂനാവാല അറസ്റ്റിലായതിന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, നവംബര്‍ 20 ന് മഹാരാഷ്ട്രയിലെ പര്‍ഭാനി ഗ്രാമത്തില്‍ 1400 കി.മീ അകലെ ശക്തമായൊരു പ്രതിഷേധ റാലി നടന്നു.
‘ഞാന്‍ ആ റാലിയിലുണ്ടായിരുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വേരോട്ടമുണ്ടായ വിഷയമായിരുന്നു ലൗ ജിഹാദ്. ആഫ്താബ് അധ്യായം പ്രതിഷേധം ഒന്നുകൂടി ശക്തമാക്കണമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നു’, വിശ്വ ഹിന്ദു പരിഷത് നേതാവ് പാണ്ടെ പറയുന്നു.

ഏക്‌നാദ് ഷിന്‍ഡെയുടെ ശിവസേന, ഉദ്ദവ് താക്കറിന്റെ സേന, ബി.ജെ.പി മെമ്പര്‍മാര്‍ എന്നിവരെല്ലാം പങ്കെടുത്ത വമ്പന്‍ റാലിയായിരുന്നു പര്‍ഭാനി പട്ടണത്തില്‍ നടന്നത്. പര്‍ഭാനി റാലിയിലൂടെ സര്‍വ റാലികളുടെയും പ്രളയകവാടം തുറക്കപ്പെട്ടു. തുടര്‍ന്നുള്ള മാസങ്ങളില്‍, മുസ്‌ലിംകളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ലൗ ജിഹാദ്, ഭൂ ജിഹാദ് എന്നിവക്കെതിരെ സംസ്ഥാനത്തിലുടെനീളം ഹിന്ദു സംഘടകള്‍ റാലികള്‍ സംഘടിപ്പിച്ചു.

ആദ്യം സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു റാലികള്‍ നടന്നത്. ജനുവരി അവസാനത്തോടെ അത്, അര്‍ദ്ധ നഗരപ്രദേശങ്ങളിലേക്കും വലിയ നഗരപ്രദേശങ്ങളിലേക്കും വ്യാപിച്ചു. നവംബര്‍ വരെ, മഹാരാഷ്ട്രയിലെ 36 ജില്ലകളിലായി നൂറോളം പ്രതിഷേധ റാലികള്‍ നടന്നിട്ടുണ്ടെന്ന് പാന്‍ഡെ അവകാശപ്പെടുന്നു.

നമ്മുടെ സഹോദരിമാരെ വിഡ്ഢികളാക്കുന്നു
പര്‍ഭാനി റാലി കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഹിന്ദു ജനജാഗ്രതി സമിതി ജല്‍ഗാവോണില്‍ മറ്റൊരു പ്രതിഷേധം നടത്തി. അതില്‍ പങ്കെടുത്ത പ്രഭാഷകരിലൊരാള്‍ സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ സുരേഷ് ചൗഹങ്കെ ആയിരുന്നു. 2021 ഡിസംബറില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന സംഗമത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് കേസ് നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. യൂടൂബില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയില്‍ വലിയൊരു ജനക്കൂട്ടത്തെയാണ് ചൗഹങ്കെ അഭിസംബോധന ചെയ്യുന്നത്. ‘ഞാന്‍ മഹാരാഷ്ട്രയിലേക്ക് വരേണ്ടതുണ്ടെന്ന് തോന്നുന്നു. എന്നാല്‍ മാത്രമേ, ജിഹാദിനെതിരെ സംസ്ഥാനത്തിന് നിയമ നിര്‍മാണം നടത്താനാവൂ. നമ്മുടെ സഹോദരിമാരെ എങ്ങനെ വിഡ്ഢികളാക്കാമെന്ന് മുസ്‌ലിം യുവാക്കളെ പഠിപ്പിക്കുന്ന മസ്ജിദുകളിലേക്കും മദ്‌റസകളിലേക്കും ഹിന്ദുക്കള്‍ നിര്‍ബന്ധമായും മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെടണം’, പ്രസ്തുത വീഡിയോയില്‍ അദ്ദേഹം പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമാസക്തമായ ആഹ്വാനങ്ങളാല്‍ നിറഞ്ഞതായിരുന്നു റാലിയെന്ന് പൗരാവകാശത്തിന് വേണ്ടി പോരാടുന്ന ലോക് സംഘര്‍ഷ് മോര്‍ച്ച സംഘടന പ്രവര്‍ത്തകനായ പ്രതിഭ ഷിന്‍ഡെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഈ സംഘടനകളോട് ഞാന്‍ ചോദിക്കുന്നു: ‘എത്ര ലൗ ജിഹാദ് കേസുകളാണ് അവര്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്? സ്വന്തം കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഹിന്ദുക്കള്‍ പ്രതികളായുള്ള എത്ര സംഭവങ്ങളാണുള്ളത്? അവര്‍ എണ്ണിയിട്ടുണ്ടോ? അവര്‍ക്കതിന് ഉത്തരമുണ്ടാവുകയില്ല’, ജല്‍ഗാവോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകന്‍ പറയുന്നു.

ജല്‍ഗാവോണ്‍ റാലിയില്‍ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗങ്ങളും മുസ്‌ലിംകള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന മുദ്രാവാക്യം വിളികളും ഉണ്ടായിരുന്നതായി മുസ്‌ലിം അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജംഇയ്യതുല്‍ ഉലമ എന്ന സംഘടനയുടെ ജല്‍ഗാവോണ്‍ ജില്ലാ പ്രസിഡന്റ് മുഫ്തി ഹാറൂണ്‍ നദ്‌വിയും പ്രസ്താവിക്കുന്നുണ്ട്.

ഈ വരുന്ന മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് സൃഷ്ടിക്കുകയെന്നതാണ് ഇത്തരം റാലികള്‍ക്ക് പിന്നിലെ പ്രധാന പ്രചോദനമെന്ന് ഷിന്‍ഡെ പറയുന്നു. മുംബെക്ക് പറുമെ നന്ദേഡ്, താനെ, ജല്‍ഗാവോണ്‍, അഹ്‌മദ്‌നഗര്‍ എ്ന്നിവിടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്.

‘വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജല്‍ഗാവോണ്‍ പൊലീസിന് ഞങ്ങള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ, ഇതുവരെ അവര്‍ നിയമ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല’, ഷിന്‍ഡെ പറയുന്നു. ഫെബ്രുവരി 12 ന്, മുംബൈയിലെ ആരെയ് കോളിനിക്ക് സമീപം രാമക്ഷേത്രത്തോട് ചേര്‍ന്ന് ശ്മശാനത്തിന് ഭൂമി അനുവദിച്ചതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിച്ചു. ഇത് ‘ഭൂമി ജിഹാദാ’ണെന്ന് വാദിച്ച് പ്രതിഷേധക്കാര്‍ ‘ജിസ്‌കോ ചാഹിയേ ഖബറിസ്ഥാന്‍, ഉസ്‌കേ ബേജോ പാകിസ്ഥാന്‍’ എന്ന് മുദ്രാവാക്യം വിളിച്ചു. ‘ക്ഷേത്രത്തിനടുത്തായി ഒരു മുസ്‌ലിം ശ്മശാനം സംവിധാനിക്കപ്പെട്ടാല്‍ ഞങ്ങളുടെ രാം സേന ഒരു ദിവസംകൊണ്ടുതന്നെ അതെല്ലാം തകര്‍ത്തു തരിപ്പണമാക്കും’ എന്നാണ് ചെറിയൊരു സംഘത്തെ അഭിസംബോധന ചെയ്ത് കൊങ്കണ്‍ പ്രവിശ്യയിലെ സകല്‍ ഹിന്ദു സമാജ് ജോ. സെക്രട്ടറി മോഹന്‍ സലേകര്‍ പ്രസംഗിച്ചത്.

തിരക്കഥ
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി നടത്തിയതിന് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ തെലങ്കാന എം.എല്‍.എ സിംഗ് സോളാപൂര്‍, അമരാവതി, ലാത്തൂര്‍, കരാട്, പൂനെ, മുംബൈ, നേവാലി എന്നിവിടങ്ങളില്‍ നടന്ന ഏഴോളം റാലികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്‌ക്രോള്‍ വിശകലനം നടത്തിയ വീഡിയോ ഫൂട്ടേജും റാലികളില്‍ പങ്കെടുത്തവരുമായി നടത്തിയ അഭിമുഖവും വ്യക്തമാക്കുന്നത് എല്ലാ റാലികളിലും സിംഗ് ഒരേ സ്‌ക്രിപ്റ്റ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.

മുഗള്‍ ഭരണകൂടം എങ്ങനെയാണ് ഹിന്ദുക്കളെ കൊള്ളയടിച്ചതും ക്ഷേത്രങ്ങള്‍ നശിപ്പിച്ചതും, ശിവജി എങ്ങനെയാണ് ഹിന്ദുമതത്തെ സംരക്ഷിച്ചത് എന്നിവ വിവരിച്ച് ഹിന്ദു അമ്മമാരോട് തങ്ങളുടെ ആണ്‍മക്കളെ മറാത്ത ധീരന്മാരാക്കാന്‍ ആഹ്വാനം ചെയ്താണ് സിംഗ് തന്റെ പ്രഭാഷണം ആരംഭിക്കുന്നത്. സ്വതന്ത്ര അന്വേഷണ സംഘടനയായ ഹിന്ദുത്വ വാച്ച് ട്വിറ്ററില്‍ കുറിച്ച വീഡിയോയില്‍ ‘എല്ലാ അഫ്‌സലുമാരെയും ഇല്ലാതാക്കാന്‍ ഓരോ ഹിന്ദു വീട്ടിലും ശിവജിമാരുണ്ടാകേണ്ടതുണ്ട്’ എന്ന് സിംഗ് ആക്രോഷിക്കുന്നത് കാണാം. 1959 ല്‍ ശിവജിയാല്‍ കൊല്ലപ്പെട്ട ബിജാപൂര്‍ സുല്‍താനേറ്റ് ജനറലായിരുന്ന അഫ്‌സല്‍ ഖാനെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.

‘അഫ്‌സലിന്റെ മക്കളെയും പാഠം പഠിപ്പിക്കേണ്ടതുണ്ട്. ലൗ ജിഹാദിന് പ്രേരിപ്പിക്കുന്ന ഒരാളും മഹാരാഷ്ട്രയുടെ മണ്ണില്‍ ജീവിച്ചിരിക്കാന്‍ പാടില്ല’ ഫെബ്രുവരി 19 ന് ലാത്തൂരില്‍ വെച്ച് നടന്ന റാലിയില്‍ സിംഗ് പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു. ഫെബ്രുവരി 27 ന് സെക്ഷന്‍ 295(എ) (മതവികാരം വ്രണപ്പെടുത്തുക), സെക്ഷന്‍ 153 (കലാപത്തിന് പ്രേരിപ്പിക്കുംവിധം പ്രകോപനം സൃഷ്ടിക്കുക) എന്നിവയുടെ അടിസ്ഥാനത്തില്‍ രാജാ സിംഗിന്റെ പ്രസംഗത്തിനെതിരെ ലാത്തൂര്‍ പൊലീസ് കേസ് ചുമത്തി. പ്രസ്തുത വിഷയത്തില്‍ എഫ്.ഐ.ആര്‍ ചുമത്തിയതായും വിഷയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതായും സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ പൊലീസ് സൂപ്രണ്ട് സോമെയ് മുണ്ടെ പറഞ്ഞിരുന്നു. പക്ഷേ, എഫ്.ഐ.ആര്‍ ചുമത്തിയതിന് ശേഷവും നേവാലി സംഗമത്തില്‍ പ്രസംഗിക്കാനായി സിംഗ് ക്ഷണിക്കപ്പെട്ടു.

റാലിയില്‍ പങ്കെടുത്ത മറ്റു പ്രഭാഷകര്‍ക്ക് പിന്നിലും സമാന വര്‍ഗീയ പ്രസംഗത്തിന്റെ ചരിത്രമുണ്ട്. ഉദാഹരണത്തിന്, പൂനെയിലെ വിദ്വേഷ പ്രസംഗത്തിന്റെയും റായ്പൂറില്‍ വെച്ച് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചതിന്റെയും പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം സ്വയ പ്രഖ്യാപിത ആത്മീയാചാര്യന്‍ കാളിചരണ്‍ മഹാരാജ് (ഇദ്ദേഹം അഭിജീത് ധനഞ്ജയ് സരാഗ് എന്നും അറിയപ്പെടുന്നു) അറസ്റ്റ് ചെയ്യപ്പെട്ടത്. ബാരാമതി, യവത്മല്‍, അഹ്‌മദ് നഗര്‍, നന്ദൂര്‍ബര്‍ എന്നിവിടങ്ങളിലെ റാലിയിലും സരാഗ് പ്രസംഗിച്ചിരുന്നു. ഫെബ്രുവരി 9 ന് ബാരാമതിയില്‍ വെച്ച് നടന്ന റാലിയില്‍ ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മുസ്‌ലിംകള്‍ എന്നദ്ദേഹം പറഞ്ഞിരുന്നു. ‘മുസ്‌ലിംകള്‍ അല്ലാത്തവരെല്ലാം കാഫിറുകളാണ്. പറയാന്‍ പറയുന്നത് അവരെല്ലാം കൊല്ലപ്പെടേണ്ടവരാണെന്നാണ്’, പ്രസ്തുത റാലിയില്‍ കാളിചരണ്‍ പ്രസംഗിച്ചു.

മറ്റൊരാള്‍ ഗുജറാത്ത് നിവാസിയായ കാജല്‍ ശിംഖലയാണ്. ഹിന്ദു പെണ്‍കുട്ടികളോട് പ്രേമാഭ്യര്‍ഥന നടത്താനാണ് മദ്‌റസകളില്‍ പഠിപ്പിക്കുന്നതെന്ന് അഹ്‌മദ നഗറിലെ റാലിയില്‍ വെച്ച് അദ്ദേഹവും പറഞ്ഞിരുന്നു. ‘ഒരു ബ്രാഹ്‌മിന്‍ പെണ്‍കുട്ടിയെ കെണിയിലാക്കി ഏഴും എട്ടും ലക്ഷമാണ് മുസ്‌ലിംകള്‍ കൈക്കലാക്കുന്നത്. ഒരു രജ്പുത് പെണ്‍കുട്ടിയെ ലഭിച്ചാല്‍ അവര്‍ക്ക് അഞ്ചും ആറും ലക്ഷം നേടിയെടുക്കാം’, തന്റെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ച വീഡിയോയിലൂടെ ശിംഖല പറയുന്നു.

ലക്ഷ്യം
എന്തുകൊണ്ടാണ് ഇത്തരം റാലികള്‍ മഹാരാഷ്ട്രയില്‍ അതിവേഗം സംഘടിപ്പിക്കപ്പെട്ടതെന്ന വിഷയത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഭിന്നാഭിപ്രായക്കാരാണ്. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കുമാര്‍ കെട്കാര്‍ ഇതിന്റെ പ്രധാന കാരണമായി പറയുന്നത് തിരഞ്ഞെടുപ്പാണ്. ‘തിരഞ്ഞെടുപ്പ് എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ റാലികളിലൂടെ നേട്ടമുണ്ടാക്കാം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. സ്വതന്ത്രാഭിപ്രായമില്ലാത്തവരെ തിരഞ്ഞെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്താനും ബി.ജെ.പിക്ക് വോട്ട് ചെയ്യിക്കാനും അവര്‍ ശ്രമിക്കുന്നു. ദൃഢചിത്തരായ സംഘാടകര്‍ക്കപ്പുറം പൊതുജനങ്ങളാരും റാലിയില്‍ പങ്കാളികളാകുന്നില്ല’, കുമാര്‍ പറയുന്നു.

പ്രാദേശിക തിരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനുള്ള തന്ത്രമാണ് റാലിയിലൂടെ ഇപ്പോള്‍ അവര്‍ ലക്ഷ്യം വെക്കുന്നതെന്നും ഒരുപക്ഷേ, 2024 ലെ ലോകസഭയും അവരുടെ ലക്ഷ്യമായിരിക്കാമെന്നാണ് പ്രസ്തുത റാലികളെല്ലാം വിശകലനം ചെയ്ത ഒരു മാധ്യമ വിദഗ്ധന്‍ അഭിപ്രായപ്പെട്ടത്. ലൗ ജിഹാദിനെതിരെ ഒരു നിയമത്തിന് ബി.ജെ.പി കാര്യമായിത്തന്നെ ആലോചിക്കുമോ എന്നത് ആശങ്കയുണ്ടാക്കുന്നു. ഏതായാലും ഇവയ്ക്ക പിന്നിലെ വലിയ അജണ്ട സുവ്യക്തമാണ്.

ഡിസംബറില്‍, സകല്‍ ഹിന്ദു സമാജിന്റെ ആദ്യ റാലി കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫെഡ്‌നാവിസ് പ്രസ്തുത വിഷയത്തെക്കുറിച്ച് സംസ്ഥാന സഭയെ ഉണര്‍ത്തിയിരുന്നു. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടെന്നും മറ്റു സംസ്ഥാനങ്ങളിലെ നിയമ നിര്‍മാണങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ, സ്ത്രീ-ശിശു വികസന മന്ത്രി മംഗല്‍ പ്രഭാത് ലോധ ഒരു കമ്മിറ്റി രൂപീകരിക്കുകയും മതങ്ങള്‍ തമ്മിലുള്ള വിവാഹങ്ങളെക്കുറിച്ചും കുടുംബങ്ങളില്‍നിന്നും അകന്നുകഴിയുന്ന സ്ത്രീകളെക്കുറിച്ചും അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

മുംബൈയില്‍ ജനുവരി 29 ന് നടന്ന റാലി ജനകീയവല്‍കരിക്കുന്നതില്‍ ലോധക്ക് വലിയ പങ്കുണ്ട്. ആശിഷ് ശേലാര്‍, പ്രവീണ്‍ ദാരേക്കര്‍, നിതേഷ് റാണെ, അതുല്‍ ഭട്കല്‍ക, കിരിത് സൊമായിയ തുടങ്ങിയ ബി.ജെ.പി നേതാക്കളും ആ റാലിയിലുണ്ടായിരുന്നു.
മതപരിവര്‍ത്തനവിരുദ്ധ നിയമത്തിനുള്ള കളമൊരുക്കുകയെന്ന വലിയ അജണ്ടയാണ് ഇതിനു പിന്നിലെന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ നിരീക്ഷിക്കുന്നു.

സുപ്രീംകോടതി ഉത്തരവിന് ശേഷം കുറച്ചുകാലത്തേക്ക് റാലികളുമായി നേരിട്ട് ബന്ധപ്പെടാന്‍ ബി.ജെ.പി വിമുഖത കാണിച്ചിരുന്നു. പക്ഷേ, കുറച്ചുകഴിഞ്ഞ് നേതാക്കള്‍ വീണ്ടും റാലികളില്‍ സജീവ പങ്കാളികളായി. പ്രാദേശിക നിവാസികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് മഹാരാഷ്ട്ര ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ് അവകാശപ്പെട്ടത്.

പ്രതിഷേധ സംഗമങ്ങളുടെ വിജയത്തിനായി പാര്‍ട്ടി ശക്തമായി സഹകരിക്കുമെന്ന് അമരാവതിയിലെ റാലിയില്‍ പങ്കെടുത്ത ബി.ജെ.പി വക്താവ് ശിവ്‌റെയ് കുല്‍കര്‍ണിയും പ്രസ്താവിച്ചിരുന്നു. ‘ഇനി ഞങ്ങള്‍ വീടുകളില്‍ പോയി ജനങ്ങളെ കാണുകയും മുസ്‌ലിം ആണ്‍കുട്ടികളുമായി ഇടപഴകുന്നതില്‍നിന്നും തടയാന്‍ ഹിന്ദു പെണ്‍കുട്ടികളെ കൗണ്‍സില്‍ നടത്തുകയും ചെയ്യും’, കുല്‍കര്‍ണി പറയുന്നു.

പ്രതികരണം
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദുത്വയുടെ സുപ്രധാന അജണ്ടായ ഹിന്ദു-മുസ്‌ലിം വര്‍ഗീയത കൂടുതല്‍ സജീവമാക്കാനും ചിലര്‍ ശ്രമിച്ചു. ഉദാഹരണത്തിന്, നേവാലിയിലെ റാലിയില്‍ മതാന്തര കേന്ദ്രങ്ങളെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് നിരവധി പ്രഭാഷകര്‍ ഊന്നിപ്പറഞ്ഞിരുന്നു.

മലംഗഡ് കുന്നിലെ ഹാജി മലംഗ് ദര്‍ഗ അത്തരിത്തിലൊന്നാണ്. മുസ്‌ലിംകളും ഹിന്ദുക്കളും ഒരുപോലെ അത്യാദരവോടെ കാണുന്ന കേന്ദ്രമാണത്. മലീന്ദ്ര മചിന്ദ്രനാഥിന്റെ ക്ഷേത്രമാണതെന്നാണ് ഹിന്ദു വിശ്വാസം. അതേസമയം, ബാബാ അബ്ദുര്‍റഹ്‌മാന്റെ ദര്‍ഗയാണതെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ ദര്‍ഗ പരിപാലിക്കുന്നത് ബ്രാഹ്‌മിനുകളാണെന്നത് മറ്റൊരു സവിശേഷതയാണ്.

ഹിന്ദുക്കളുടെ ആരാധനാകേന്ദ്രമാണെന്ന് പറഞ്ഞ് 1996 ല്‍ ശിവസേന നേതാവ് ആനന്ദ് ദീഗേയാണ് ഈ ദര്‍ഗയുമായി ബന്ധപ്പെട്ട വിവാദത്തിന് തിരികൊളുത്തുന്നത്. വിഷയത്തില്‍ കോടതി ഇപ്പോഴും വ്യക്തമായ വിധി പ്രസ്താവിച്ചിട്ടില്ല. നേവാലി റാലിയില്‍ വെച്ച് രാജാ സിംഗ് അത് വ്യക്തമായിത്തന്നെ പറയുകയും ചെയ്തിരുന്നു: ‘അയോധ്യ ക്ഷേത്രത്തില്‍നിന്നും ബാബറിന്റെ നാമം നീക്കം ചെയ്തതുപോലെ മലംഗ് ക്ഷേത്രം ശുദ്ധീകരിക്കുകയും അബ്ദുര്‍റഹ്‌മാന്റെ നാമം ഒഴിവാക്കപ്പെടുകയും വേണം.’

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ക്ക് ഒരു ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഒരു വിഭാഗം രാജാ സിംഗിനെ പ്രോത്സാഹിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ മൗനികളായി ജാഗ്രത പുലര്‍ത്തി. ഹാജി മലംഗ് ദര്‍ഗ, മലംഗ് ക്ഷേത്രമാക്കുന്നതിനെ താന്‍ പിന്തുണക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍നിന്ന് വിരമിച്ച ദിവാകര്‍ ഗോലക്പൂര്‍ പറയുന്നു. ‘ഞാന്‍ അതിനുവേണ്ടി മാത്രമാണ് പോരാടുന്നത്. സാമൂഹികമായോ സാമ്പത്തികമായോ ബഹിഷ്‌കരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല’, സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

തൊട്ടടുത്ത ഗ്രാമമായ മാംഗറുല്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ നിലേഷ് ശിനാരെ ഇതിന്റെ രാഷ്ട്രീയ വല്‍കരണത്തെക്കുറിച്ച് വാചാലനാകുന്നു. ‘മാസങ്ങളോളമായി കെട്ടടിങ്ങയൊരു സംഭവമാണിത്. വീണ്ടുമെന്തിനാണിത് ഉയര്‍ത്തിക്കൊണ്ടു വരുന്നത്?’ അദ്ദേഹം ചോദിക്കുന്നു. മുംബൈയിലെ പൊവായില്‍നിന്ന് കുടുംബസമേതം ര്തനഗിരി സ്വാമിയെ കാണാനെത്തിയ ഗവണ്‍മെന്റ് അധ്യാപകന്‍ അജിത് താട്‌ലെ പ്രഭാഷകര്‍ സംയമനം പാലിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് സംസാരിച്ചത്. ‘ഞാന്‍ ഹിന്ദു കുട്ടികളെയും മുസ്‌ലിം കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്. ഈ വിദ്വേഷത്തിലെല്ലാം എനിക്ക് വിശ്വാസമുണ്ടായിരുന്നുവെങ്കില്‍ എനിക്കെങ്ങനെയാണ് അവരെ പഠിപ്പിക്കാനാവുക?’ അജിത് ചോദിക്കുന്നു.

വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles