Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ വായിക്കുന്ന നളീറ സൈനുദ്ധീന്‍ എന്ന സ്ത്രീ

വിശുദ്ധ ഖുര്‍ആനിന് ആദ്യമായി വ്യാഖ്യാനമെഴുതിയ സ്ത്രീ അമേരിക്കന്‍ എഴുത്തുകാരിയായ ആമിന വദൂദാണെന്നാണ് അധികമാളുകളും കരുതുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ‘സ്ത്രീയും ഖുര്‍ആനും’ എന്ന തലക്കെട്ടില്‍ അവര്‍ എഴുതിയ പുസ്തകത്തെ മുന്‍നിര്‍ത്തിയാണ് ഈ വിശകലനം. ഈ പുസ്തകത്തിലൂടെ അവര്‍ പ്രശസ്തി നേടുകയും തുടര്‍ന്ന് ഇത് അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ‘അല്‍അസ്ഹര്‍’ ഈ പസ്തകം വില്‍ക്കുന്നതിനെതിരെ രംഗത്തുവരികയുണ്ടായി. ഇത് ഈ മേഖലയില്‍ ആദ്യമായി സംഭവിക്കുന്നതല്ല. ഇതിനു മുമ്പ് വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയ മറ്റൊരു ഗ്രന്ഥമാണ് 1928-ല്‍ പുറത്തിറങ്ങിയ ലിബിയന്‍ എഴുത്തികാരിയായ നളീറ സൈനുദ്ധീനിന്റെ ‘അസ്സുഫൂര്‍ വല്‍ഹിജാബ്’ എന്ന പുസ്തകം. അവരാണ് ഫെമിനിസ്റ്റ് വീക്ഷണ കോണിലൂടെയുളള ഖുര്‍ആന്‍ വ്യാഖ്യാനത്തിന് അടിസ്ഥാന നിയമങ്ങള്‍ രൂപീകരിച്ചത്.

നളീറ സൈനുദ്ധീനും ‘അസ്സുഫൂര്‍ വല്‍ഹിജാബും’

ലബനാന്‍ പര്‍വതനിരയിലെ ബഅക്കലീനില്‍ പ്രസിദ്ധ കുടുംബമായ ദ്രൂസിയയില്‍ 1908-ലാണ് നളീറ സഈദ് സൈനുദ്ധീന്‍ ഹസന്‍ ഇബ്‌റാഹീം ജനിക്കുന്നത്. അവരുടെ പിതാവ് സഈദ് സൈനുദ്ധീന്‍ (1954-1954) ബൈറൂത്തിലും, ഖവാസനിലും, അദ്‌നയിലും, അലപ്പോയിലും, ആസ്തനയിലും വ്യത്യസ്ത നിയമപരമായ പദവികള്‍ വഹിച്ചിട്ടുണ്ട്. നളീറ പ്രാഥമിക വിദ്യാഭ്യാസം നേടിയത് വീട്ടില്‍ പ്രത്യേകമായി നിശ്ചയിക്കപ്പെട്ടിരുന്ന അധ്യാപികയില്‍ നിന്നാണ്. ഫ്രഞ്ച് മതേതര കലാലയത്തിലേക്ക് പോകുന്നതിന് മുമ്പായി അവര്‍ ഒരു പുരോഹിത വിദ്യാലയത്തിലാണ് പഠിച്ചത്. ഫ്രഞ്ച് മതേതര കലാലയത്തില്‍ നിന്ന് 1928-ല്‍ ബിരുദം കരസ്ഥമാക്കി. ഈ രണ്ട് വിദ്യാഭ്യാസത്തിന്റെയും സ്വാധീനം നളീറയില്‍ കാണാവുന്നതാണ്. അതില്‍ മതപരമായതും മതേതരപരമായതും അവര്‍ അവലംബിക്കുന്നുണ്ട്. എന്നാല്‍, ഇത്തരത്തില്‍ അവലംബിക്കുന്നതിനോട് വിയോജിക്കുന്നില്ലെന്നും, പ്രമാണങ്ങള്‍ക്ക് എതിരാവുന്നില്ലെന്നുമുളള തോന്നലുണ്ടാക്കാതെ ഉദ്ധരണികളും മതഗ്രന്ഥങ്ങളും സ്വീകരിച്ച് മതേതര കാഴ്ചപ്പാടുകളുമായി ചേര്‍ത്തുവെക്കുന്നത് അതില്‍ പ്രകടമാണ്.

മറുവശത്ത്, ക്രസ്തീയ മതവിദ്യാലയത്തിലെ അവരുടെ പഠനം കൂടുതല്‍ ഉള്‍കൊളളുവാനും, കുറഞ്ഞപക്ഷം ഇസ്‌ലാമിക വിഷയങ്ങളോടുളള അന്യവത്കരണമില്ലാതിരുക്കുവാനും സഹായിച്ചു എന്നത് ശരിയായിരിക്കാം. അതുപോലെ തന്നെ, ക്രിസ്ത്യന്‍ സുവിശേഷകരുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തികൊണ്ടും, വിദ്യാലയങ്ങള്‍ പണികഴിപ്പിച്ചതിനെയും വൈജ്ഞാനിക വിപ്ലവം സിറിയയില്‍ സാധ്യമാക്കിയതിനെയും ‘ഫത്ാത് വശ്ശുയൂഹ്’ എന്ന അവരുടെ രണ്ടാമത്തെ പുസ്തകത്തില്‍ അഭിനന്ദിക്കുന്നതായും കാണാം. ‘അസ്സുഫൂര്‍ വല്‍ഹിജാബ്’ എന്ന ഗ്രന്ഥം 1928-ലാണ് പുറത്തിറങ്ങുന്നത്. ഇത് സിറിയയിലെ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന ആദ്യത്തെ സൈദ്ധാന്തിക പുസ്തകമാണ്. ഹിജാബ് ഒഴിവാക്കുന്നിതിന് വേണ്ടിയുളള ആഹ്വാനം ഈ പുസ്തകത്തില്‍ കാണാവുന്നതാണ്. ഈ പുസ്തകത്തില്‍ നാല് ഭാഗങ്ങളുണ്ട്. ഒന്ന്, ആദ്യ ഭാഗം ഗ്രന്ഥകാരിയുടെ ചിന്താസ്വാതന്ത്ര്യം ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് ബുദ്ധി, നിയമം, സ്വാതന്ത്ര്യം എന്നിവയുടെ നിര്‍വചനങ്ങള്‍ അവതിരപ്പിക്കുകയും ചെയ്യുന്നു. രണ്ട്, ഹിജാബ് വെടിയുന്നത് നിര്‍ബന്ധമാണെന്ന് ബോധിപ്പിക്കുന്നതിന് വേണ്ടി യുക്തിപരമായ തെളിവുകള്‍ നിരത്തുന്നു. മൂന്ന്, ഹിജാബുമായ ബന്ധപ്പെട്ട മതപരമായ തെളിവുകള്‍ പരിശോധിക്കുന്നു. ഇതാണ് ഗ്രന്ഥത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അതില്‍ അവര്‍ ഖുര്‍ആന്‍ വ്യാഖ്യാതക്കളുടെ അഭിപ്രായങ്ങള്‍ പഠനവിധേയമാക്കുകയും അവ പരസ്പരം താരതമ്യപ്പെടുത്തുകയും തുടര്‍ന്ന് ഫെമിനിസ്റ്റ് വീക്ഷണ കോണിലൂടെ വീണ്ടും വായിക്കുകയുമാണ് ചെയ്യുന്നത്. നാല്, ഹിജാബ് ഒഴുവാക്കുന്നതുമായി ബന്ധപ്പെട്ട് വൈരുധ്യങ്ങളായ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിരീക്ഷിക്കുകയും അവ തളളുകയും ചെയ്യുന്നു.

ഖുര്‍ആനിന്റെ ഫെമനിസ്റ്റ് വായന

നളീറ സൈനുദ്ധിന്‍ ഈ ഗ്രന്ഥത്തില്‍ ചില അടിസ്ഥാന നിയമങ്ങള്‍ കൃത്യപ്പെടുത്തിയിരിക്കുന്നു. അവയാണ് പിന്നീട് ഫെമിനിസ്റ്റുകള്‍ പിന്തുടരുന്ന അടിസ്ഥാനങ്ങളായി മാറുന്നത്. ആ അടിസ്ഥാന നിയമങ്ങളില്‍ നിന്ന്:
ഒന്ന്: ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം സ്ത്രീകളോട് അനീതി കാണിക്കുന്നു. ഹിജാബിന്റെ വിഷയത്തില്‍ പണ്ഡിതര്‍ ഏകകണ്ഠമായ അഭിപ്രായം കൈകൊണ്ടില്ലെന്നതിനെ അധികരിച്ച്്, അവര്‍ക്ക് പിണഞ്ഞ തെറ്റിധാരണകളില്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നതാണിതെന്ന് നളീറ വാദിക്കുന്നു. നളീറ ഇപ്രകാരം പറയുന്നു: ‘ഇവ്വിഷയകമായി ഞാന്‍ കര്‍മശാസ്ത്ര പണ്ഡിതര്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എന്നിവരുടെ വീക്ഷണം പരതിനോക്കിയപ്പോള്‍ അതില്‍ പിന്തുടരാന്‍ കഴിയാവുന്ന ഏകഭാവമുളള അഭിപ്രായം കാണാന്‍ കഴിഞ്ഞില്ല. പക്ഷേ, ഒന്ന് മറ്റൊന്നിനോട് വിയോജിക്കുന്നതായിട്ടാണ് കണ്ടത്. അങ്ങനെ, ഞാന്‍ ഖുര്‍ആനും അതിന്റെ വിശദീകരണവും വായിക്കുകയും അതില്‍ തഫ്‌സീറില്ലെങ്കിലും (വ്യാഖ്യാനം) ഒരുപാട് മാറ്റങ്ങളാണ് കാണാന്‍ കഴിഞ്ഞത്’.

രണ്ട്: പാരമ്പര്യമായി തുടരുന്ന മാനദണ്ഡങ്ങള്‍ക്ക് പകരമായി പുതിയ മാനദണ്ഡങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. സ്ത്രീകളോട് അനീതി കാണിക്കുന്നു എന്ന വാദം അത്തരം ചിന്തയിലേക്ക് നയിക്കുന്നു. പഴയ തഫ്‌സീറുകളുടെ അക്കാലത്തെ അടിസ്ഥാനവും മാനദണ്ഡങ്ങളും മുന്‍നിര്‍ത്തി ഖുര്‍ആന്‍ വായിക്കുന്നത് തള്ളിക്കളയേണ്ടതുണ്ട്. അഭിപ്രായ-അബദ്ധ- ഉദ്ധരിണകളുടെ അനിയന്ത്രിത പ്രവാഹമാണ് തഫ്‌സീറുകളില്‍ കാണാന്‍ കഴിയുന്നതെന്നാണ് നളീറ നിരീക്ഷിക്കുന്നത്. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചിലപ്പോള്‍ എഴുത്തില്‍ വേഗത കാണിച്ച്, ബുദ്ധിയേയും പേനയേയും ബന്ധിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കാണാറുണ്ട്. ചിലപ്പോള്‍ അവര്‍ ചിന്തിക്കുന്നതായിരിക്കില്ല അവര്‍ എഴുതുന്നത്! സാമൂഹിക ശാസ്ത്രജ്ഞരെയും, ധാര്‍മികമായി മുന്നില്‍ നില്‍ക്കുന്നവരെയും, പ്രത്യേകിച്ച് ശാസ്ത്രത്തിലും കലയിലും ഉയര്‍ന്നുനില്‍ക്കുന്നവരെയും ഒരുമിച്ച് കൂട്ടി ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ഒരു കമ്മിറ്റി രൂപീകരിക്കുകയും ഓരോരുത്തരം അവരുടേതായ മേഖലിയില്‍ പരിശ്രമിക്കുകയും തുടര്‍ന്ന് സമ്പൂര്‍ണമായ കാലത്തിനനുസൃതമായ തഫ്‌സീറുകള്‍ രൂപപ്പെടുകയുമാണ് വേണ്ടതെന്നാണ് നളീറ തന്റെ പുസ്തകത്തിന്റെ അവസാനത്തില്‍ നിരീക്ഷിക്കുന്നത്.

മൂന്ന്: ഖുര്‍ആനിക പ്രമാണങ്ങളെ നേരിട്ടാണ് വായിക്കേണ്ടത്. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിന് മുഫസ്സിറുകളുടെ അഭിപ്രായമോ, പരിഗണിച്ചുപോന്ന മാനദണ്ഡമോ ഒന്നും അവലംബിക്കേണ്ടതില്ല. ആരുടേയും ഒന്നിന്റെയും അവലംബമില്ലാതെ ഖുര്‍ആനെ വായിക്കാന്‍ കഴിയണം. എന്നാല്‍, ഇവ പൂര്‍ണമായ ഒഴിവാക്കി കൊണ്ട് ഖുര്‍ആന്‍ ശരിയായ സ്വാഭാവത്തില്‍ വിശദീകരിക്കുക സാധ്യമല്ല. നളീറയുടെ പുസ്തകത്തിന്റെ ആമുഖത്തില്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നതിന് അനിവാര്യമായ അടിസ്ഥാനങ്ങള്‍ പറയുമ്പോള്‍ തന്നെ ആ അടിസ്ഥാനങ്ങളെ അവഗണിക്കുന്നതായും കാണുന്നു. ദുല്‍ഖര്‍നൈനിന്റെ കഥ മുഫസ്സിറുകള്‍ വ്യാഖ്യാനിച്ചതിനെ മുന്‍നിര്‍ത്തി ആധുനിക ഭൗമശാസ്ത്രത്തെ വിശദീകരിക്കാന്‍ ശ്രമിച്ച് വിരുദ്ധ ചേരിയിലാണ് നളീറയെത്തുന്നത്.

ഇനി നളീറ സൈനുദ്ധീന്‍ കാണുന്ന അടിസ്ഥാന മാനദണ്ഡങ്ങളില്‍നിന്ന് മാറി, മുഫസ്സിറുകളുടെ അഭിപ്രായത്തെ പ്രത്യേകിച്ച് ഹിജാബ് വിഷയത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് പരിശോധിക്കാം. നാല് തഫ്‌സീറുകള്‍ സ്വീകരിച്ച് അവയെ പരസ്പരം താരതമ്യപ്പെടുത്തുകയാണ് നളീറ ചെയ്യുന്നത്. അവയില്‍ മൂന്നെണ്ണം ‘അഹ്‌ലുസുന്നയുടെ’ മുഫസ്സിറുകളും ഒരെണ്ണം ശിഈ മുഫസ്സിറുമാണ്.
ഒന്ന്: ബൈളാവിയുടെ ‘തഫ്‌സീര്‍ അന്‍വാറുത്തന്‍സീല്‍ വ അസ്‌റാറുത്തഅ്‌വീല്‍’
രണ്ട്: ഖാസിനിയുടെ ‘തഫ്‌സീറുല്‍ ഖുര്‍ആനുല്‍ജലീല്‍ അല്‍മുസമ്മ ലി ബാബിത്തഅ്‌വീല്‍ ഫി മആനിത്തന്‍സീല്‍’
മൂന്ന്: നസഫിയുടെ ‘തഫ്‌സീര്‍ മിദ്‌റാകുത്തിന്‍സീല്‍ വ ഹഖഇഖുത്തഅ്‌വീല്‍’
നാല്: ത്വബ്‌റസിയുടെ ‘തഫ്‌സീര്‍ മജ്മഉല്‍ബയാന്‍’
ഈ തഫ്‌സീറുകളെയെല്ലാം അക്ഷരവായന നടത്തുകയാണ് നളീറ ചെയ്യുന്നത്. ഇതിനാസ്പദമായ അനുബന്ധമോ വിശദാംശമോ ഒന്നും നല്‍കാതെ ആശയങ്ങളെ അടര്‍ത്തിയെടുത്ത് പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താനുളള ശ്രമവും ഇതില്‍ കണ്ടെത്താവുന്നതാണ്.

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്

Related Articles