Current Date

Search
Close this search box.
Search
Close this search box.

ഹാജി സാഹിബിനെ ഓര്‍ക്കുമ്പോള്‍

ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത്‌ ഞാന്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്നവരില്‍ ഇമാം ഷാഫിയും ഇമാം നവവിയും ഉള്‍പ്പെടും. ഒരു പുരുഷായുസ്സ് എന്ന് പറയാന്‍ മാത്രം കാലം അവര്‍ ജീവിച്ചിട്ടില്ല. 53 വര്‍ഷമാണ്‌ ഇമാം ഷാഫി അവര്‍കള്‍ ജീവിച്ചത്. 45 വയസ്സുവരെ ഇമാം നവവിയും. നൂറു വര്ഷം കൊണ്ട് ഒരാള്‍ക്ക് നേടാന്‍ കഴിയുന്ന കാര്യങ്ങള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ അവര്‍ ചെയ്തു വെച്ചു. പ്രവാചകന്റെ അനുയായി മിസ്‌അബും ( റ) ഈ ലോകത്തോട്‌ വിട പറഞ്ഞത് ചെറു പ്രായത്തിലാണ്. അവരെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങിനെ പറഞ്ഞു “വിശ്വാസികളായവരില്‍, അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ യാഥാര്‍ഥ്യമാക്കിക്കാണിച്ച ചിലരുണ്ട്. ചിലര്‍ അവരുടെ നേര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. മറ്റു ചിലര്‍ അവസരം കാത്തിരിക്കുകയാകുന്നു. സ്വന്തം നിലപാടില്‍ അവര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല”. എത്ര കാലം ജീവിച്ചു എന്നത് ചോദ്യമല്ല. എന്ത് ചെയ്തു എന്നതാണ് ചോദ്യം.

ഒരു പുരുഷായുസ്സ് ഹാജി സാഹിബും ജീവിച്ചിട്ടില്ല. പക്ഷെ കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ലോകം എന്നും ഓര്‍ക്കും. സ്കൂള്‍ വിദ്യാഭ്യാസം നാലാം ക്ലാസ് വരെ മാത്രമേ തുടര്‍ന്നുള്ളൂ. വിജ്ഞാനം കരസ്ഥമാക്കണം എന്ന തീരുമാനത്തില്‍ അദ്ദേഹം മുന്നേറി.അന്നത്തെ സ്രോതസ്സുകളായ പള്ളി ദര്സില്‍ നിന്നും തുടങ്ങി ഇന്ത്യയിലെ അറിയപ്പെടുന്ന ദീനീ സ്ഥാപനങ്ങളില്‍ നിന്നും അദ്ദേഹം പഠനം പൂര്‍ത്തിയാക്കി. അതിനിടയില്‍ തന്റെ ഹജ്ജ് കാലത്ത് സലഫീ പണ്ഡിതരുടെ ചിന്തകളുമായും വിജ്ഞാനവുമായി ഇടപഴകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ലഭിച്ച അവസരങ്ങള്‍ ഒന്നും അദ്ദേഹം ഒഴിവാക്കിയില്ല എന്നുവേണം പറയാന്‍.

തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ സയ്യിദ് മൌദൂദി തുറന്നു വിട്ട ചിന്താ ലോകത്തേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. പിന്നീട് പ്രസ്ഥാന നായകനുമായുള്ള ഹാജി സാഹിബിന്റെ സഹവാസം കൈരളിക്കു പുതിയ ചിന്താ മണ്ഡലങ്ങള്‍ തുറന്നു തന്നു. ഇസ്ലാംമതം സത്യസരണി എന്ന മൌദൂദി കൃതികള്‍ അദ്ദേഹം മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തി. അന്ന് വരെ കേട്ട് ശീലിച്ച ഇസ്ലാമിക രീതികള്‍ക്ക് പകരം ഇസ്ലാമിനെ ഒരു സമ്പൂര്‍ണ ജീവിത രീതിയായി വിശദീകരിക്കുന്ന മൌദൂദി ചിന്തകളെ പെട്ടെന്ന് തന്നെ ഹാജി സാഹിബിനെ സ്വാദീനിച്ചു. ഇസ്ലാം കേവല സമുദായമായും “ ഇബാദത്ത്” കേവല ആരധനയായും മനസ്സിലാക്കപ്പെട്ടിരുന്നിടത്തു നിന്നും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കൈരളിക്കു ഇസ്ലാമിലെ സാങ്കേതിക ശബ്ദങ്ങളെ ഹാജി സാഹിബ് പരിജയപ്പെടുത്തി. അന്ന് കേരളത്തില്‍ നില നിന്നിരുന്ന ജംഇയ്യത്തുല്‍ ഉലമയുടെ ഭാഗമായും ഹാജി സാഹിബ് സഹകരിച്ചിട്ടുണ്ട്.
കേരളം നവോഥാന ഘട്ടങ്ങളെ സമര്‍ത്ഥമായി ഉള്‍ക്കൊണ്ട സമയത്തും മതത്തിലെ നവോധാനം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുക എന്നിടത്തു മാത്രം പരിമിതമായിരുന്നു. അവിടെയും ദീനിനെ പരിചയപ്പെടുത്തുന്നത് പരിമിത രൂപത്തില്‍ മാത്രമായിരുന്നു. അവിടെ നിന്നും മാറി ഇസ്ലാം മനുഷ്യന്റെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് എന്ന ചിന്ത ഹാജി സാഹിബിലൂടെ കേരള മണ്ണിലെത്തി. സ്വാതന്ത്രത്തിനു മുമ്പ് തന്നെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഘടകം കേരള മണ്ണിലും സ്ഥാപിതമായി. മലപ്പുറം ജില്ലയിലെ എടയൂരില്‍ നിന്നും ആരംഭിച്ച ആ യാത്ര ഇന്ന് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതില്‍ ഹാജി സാഹിബിന്റെ പങ്കു വലുതാണ്‌.

തികച്ചും പ്രതികൂല സാഹചര്യമാണ് അന്ന് നാട്ടില്‍ നിലനിന്നിരുന്നത്. എതിര്‍പ്പുകള്‍ സംവാദ രൂപത്തില്‍ മാത്രമല്ല ശാരീരിക രൂപത്തിലും വന്നിരുന്നു. ഒരേ സമയം യാഥാസ്ഥിതികരും ഉലപതിഷ്ണുക്കളും പ്രസ്ഥാനത്തെ എതിര്‍ത്തു. ഒന്നാമത്തെ അമീര്‍ എന്ന നിലയില്‍ അദ്ദേഹം ആ എതിര്‍പ്പുകളെ ശക്തമായി തന്നെ നേരിട്ടു. വിശ്വാസി എന്ന നിലയിലും പ്രസ്ഥാന പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രത്യേകിച്ചും അനിവാര്യമായ ഒന്നാണ് വിജ്ഞാനം എന്നദ്ദേഹം തിരിച്ചറിഞ്ഞു. പ്രബോധനം മാസികയും ഇസ്ലാമിക് പബ്ലിക് ഹൗസും അതിന്റെ ബാക്കിയാണ്. പണ്ഡിതരെ വാര്‍ത്തടെക്കുക എന്ന ഉദ്ദേശത്തില്‍ ശാന്തപുരം ഇസ്ലാമിയ കോളേജും അതിന്റെ ഭാഗമാണ്. അബുല്‍ ജലാല്‍ മൌലവിയെ അതിന്റെ കേന്ദ്ര സ്ഥാനത്ത് കൊണ്ട് വരുമ്പോള്‍ ഹാജി സാഹിബ് സയ്യിദ് മൌദൂദി വിഭാവനം ചെയ്ത ദീന്‍ അറിയാത്ത മിസ്റ്റരും ദുനിയാവരിയാത്ത മുല്ലയും എന്ന ആശയത്തെ മുന്നില്‍ കണ്ടിരുന്നു.

പ്രവാചകന്റെയും സഹാബികളുടെയും ജീവിതമായിരുന്നു ഇസ്ലാമിന്റെ വളര്‍ച്ചക്ക് അടിസ്ഥാന കാരണം. ഹാജി സാഹിബ്ന്റെ ജീവിതം തന്നെയായിരുന്നു ആദ്യ കാല ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അടിത്തറ. എല്ലാ പ്രതിബന്ധങ്ങളെയും ജീവിത വിശുദ്ധി കൊണ്ട് അദ്ദേഹം നേരിട്ടു. ഇസ്ലാം തുടങ്ങേണ്ടത് സ്വന്തത്തില്‍ നിന്നാണ് എന്ന തിരിച്ചറിവ് അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചു. ജമാഅത് നമസ്കാരങ്ങളില്‍ കൃത്യമായ പങ്കാളിത്തം അദ്ദേഹം കാത്തു സൂക്ഷിച്ചു. വിശ്രമമില്ലാത്ത ജീവിതമാണ്‌ അദ്ദേഹത്തിന്റേത്. ഇസ്ലാമിന്റെയും പ്രസ്ഥാനത്തിന്റെയും വഴിയില്‍ അദ്ദേഹം നിരന്തരം സഞ്ചരിച്ചു. ഒരു യോഗത്തില്‍ നിന്നും അടുത്തതിലേക്ക്. ഇന്ന് നമുക്ക് പരിചിതമായ വാഹന സൗകര്യം ഇല്ലാത്ത കാലത്താണു ഹാജി സാഹിബ് ജീവിച്ചത് എന്ന് കൂട്ടി വായിക്കുമ്പോള്‍ മാത്രമാണ് ആ വിശകലനം പൂര്‍ത്തിയാവുക.

“മുമ്പന്മാര്‍ മുമ്പന്മാര്‍തന്നെ. അവരാകുന്നു ദൈവസാമീപ്യം സിദ്ധിച്ചവര്‍; അനുഗൃഹീതമായ ആരാമങ്ങളില്‍ വസിക്കും. മുന്‍ഗാമികളില്‍നിന്ന് വളരെപ്പേരുണ്ട്; പിന്‍ഗാമികളില്‍നിന്ന് കുറച്ചും” ഈ വചനത്തെ ഇങ്ങിനെ വിശദീകരിക്കുന്നത് കാണാം “ سابقون എന്നതുകൊണ്ടുദ്ദേശ്യം, സത്യത്തിലും സന്‍മാര്‍ഗത്തിലും മറ്റെല്ലാവരെക്കാളും മികച്ചുനില്‍ക്കുന്നവരാണ്. അവര്‍ എല്ലാ സല്‍ക്കര്‍മങ്ങളിലും മറ്റുള്ളവരെ കവച്ചു വയ്ക്കുന്നു. ദൈവത്തിന്റെയും ദൈവദൂതന്റെയും വിളി കേട്ടാല്‍ എല്ലാവരെക്കാളുമാദ്യം ‘ലബ്ബൈക്ക’ പറഞ്ഞ് ഓടിയെത്തുന്നു. ജിഹാദാകട്ടെ, ദൈവസരണിയില്‍ വ്യയം ചെയ്യലാവട്ടെ, ജനസേവനമാകട്ടെ, നന്‍മയിലേക്കുള്ള ക്ഷണമാവട്ടെ, സത്യപ്രബോധനമാവട്ടെ, എന്നുവേണ്ട ലോകത്ത് നന്‍മ പരത്താനും തിന്‍മ തടയാനുംവേണ്ടി ത്യാഗപരിശ്രമങ്ങളും ആത്മാര്‍പ്പണവും നടത്താനുള്ള ഏതു സംരംഭത്തിലും മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് അവരായിരിക്കും” .

റസൂല്‍ (സ) ജനങ്ങളോടു ചോദിച്ചു: അറിയാമോ, അന്ത്യനാളില്‍ ഏറ്റവും ആദ്യമെത്തി അല്ലാഹുവിന്റെ തണലില്‍ സ്ഥലംപിടിക്കുന്നവരാരാണെന്ന്? ആളുകള്‍ പറഞ്ഞു: ഏറ്റവും അറിയുന്നത് അല്ലാഹുവും അവന്റെ ദൂതനുംതന്നെയാണല്ലോ. തിരുമേനി അരുളി: الذين اذا اعطوا الحق قبلوه، واذا سُئِلُوه بذلوه، وحكموا الناس كحكمهم لانفسهم (അവര്‍ സത്യം നല്‍കപ്പെട്ടാല്‍ സ്വീകരിക്കുന്നവരും ചോദിക്കപ്പെട്ടാല്‍ നിര്‍വഹിച്ചുകൊടുക്കുന്നവരും മറ്റുള്ളവരുടെ കാര്യത്തില്‍ വിധികര്‍ത്താവാക്കപ്പെട്ടാല്‍, തങ്ങള്‍ക്കുവേണ്ടിത്തന്നെ വിധി പറയുന്നതുപോലെ വിധി പറയുന്നവരുമാകുന്നു. ഹാജി സാഹിബ് ഇരുപതാം നൂറ്റാണ്ടില്‍ മുന്നില്‍ നടന്ന വ്യക്തിത്വമാണ്.

For More reading: ഹാജി വി.പി മുഹമ്മദലി: എല്ലാം തികഞ്ഞ വ്യക്തിത്വം / വി.കെ. അലി  

 

Related Articles