Current Date

Search
Close this search box.
Search
Close this search box.

പൌത്രന്‍റെ സ്വത്തവകാശം

പിതാവ് ജീവിച്ചിരിക്കെ മരണപ്പെടുന്ന മകന്‍റെ മക്കള്‍ക്ക് പിതാമഹന്‍റെ സ്വത്തില്‍ ഒരു അവകാശവും ലഭിക്കില്ല എന്നാണ് പൊതുവേ ധരിച്ചുവെച്ചിരിക്കുന്നത്. വിമര്‍ശകര്‍ പൊതുവേ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പോയിന്‍റും ഇതാണ്. എന്നാല്‍ യാഥാര്‍ഥ്യമാവട്ടെ തികച്ചും വിരുദ്ധവുമാണ്. പിതാമഹന്‍റെ സ്വത്തില്‍ പൌത്രന് ഓഹരി ലഭിക്കാതിരിക്കാതിരിക്കുന്നത് അപൂര്‍വ്വം സന്ദര്‍ഭത്തില്‍ മാത്രമാണ്.

പൌത്രന് ഓഹരി / സ്വത്തവകാശം ലഭിക്കുന്ന അവസരങ്ങള്‍ ആദ്യം നോക്കാം.

അനന്തരാവകാശം ഓഹരിയായി ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍:

ഒരാള്‍ മരണപ്പെടുമ്പോള്‍ അവകാശിയായി മക്കള്‍ ആരുമില്ലാതെ ഒരു പൌത്രന്‍ മാത്രമാണെങ്കില്‍ അവന് സ്വത്ത്‌ മുഴുവന്‍ അവകാശമായി ലഭിക്കും. അവര്‍ ഒന്നിലധികം ആണ്‍കുട്ടികള്‍ ആണെങ്കില്‍ സ്വത്ത് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ആണും പെണ്ണും ആണെങ്കില്‍ പെണ്ണിന്‍റെ ഇരട്ടി ആണിന് എന്ന തോതില്‍ വീതിക്കപ്പെടും.

ഒരാള്‍ മരണപ്പെടുമ്പോള്‍ അവകാശിയായി ഒരു മകളും നേരത്തെ മരണപ്പെട്ട മകന്‍റെ മകനും ആണ് ഉള്ളതെങ്കില്‍ ഒറ്റ മകള്‍ എന്ന നിലയില്‍ അവള്‍ക്ക് സ്വത്തിന്‍റെ പകുതി ലഭിക്കും. ബാക്കിയുള്ള പകുതി പൌത്രന് ലഭിക്കും. അവര്‍ ഒന്നിലധികം ആണ്‍കുട്ടികള്‍ ആണെങ്കില്‍ മകള്‍ക്ക് കൊടുത്ത ശേഷം ബാക്കിയാവുന്ന പകുതി സ്വത്ത് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ആണും പെണ്ണും ആണെങ്കില്‍ പെണ്ണിന്‍റെ ഇരട്ടി ആണിന് എന്ന തോതില്‍ വീതിക്കപ്പെടും.

മരണപ്പെട്ട ആള്‍ക്ക് ഒന്നിലധികം പെണ്‍കുട്ടികളും നേരത്തെ മരണപ്പെട്ട മകന്‍റെ മകനും ആണ് ഉള്ളതെങ്കില്‍ ഒന്നിലധികം പെണ്‍കുട്ടികള്‍ എന്ന നിലയില്‍ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ബാക്കിയുള്ള മൂന്നിലൊന്ന് പൌത്രന് ലഭിക്കും. അവര്‍ ഒന്നിലധികം ആണ്‍കുട്ടികള്‍ ആണെങ്കില്‍ പെണ്മക്കള്‍ക്ക് കൊടുത്ത ശേഷം ബാക്കിയാവുന്ന സ്വത്ത് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ആണും പെണ്ണും ആണെങ്കില്‍ പെണ്ണിന്‍റെ ഇരട്ടി ആണിന് എന്ന തോതില്‍ വീതിക്കപ്പെടും.

ഇങ്ങിനെ പൗത്രന് സ്വത്തില്‍ ഓഹരി നിയമാനുസൃതമായി ലഭിക്കാന്‍ സാധ്യതകള്‍ ധാരാളമുണ്ട്. ഇതിനെ മറച്ചുപിടിച്ചുകൊണ്ടാണ് വിമര്‍ശകര്‍ ഒറ്റയടിക്ക് പിതാമഹന്‍റെ സ്വത്തില്‍ പൌത്രന് അവകാശമേയില്ല, അവരെ പറ്റെ അവഗണിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്. എന്നാല്‍ നേര്‍ക്കുനേരെ ഓഹരി ലഭിക്കാത്ത അവസ്ഥകളും ഉണ്ടാവാറുണ്ട്.

ഓഹരി ലഭിക്കാത്ത അവസ്ഥ:

മരണപ്പെട്ട ആള്‍ക്ക് ജീവിച്ചിരിക്കുന്ന ആണ്മക്കള്‍ ഉണ്ടെങ്കില്‍, നേരത്തെ മരണപ്പെട്ടുപോയ മകന്‍റെ മക്കള്‍ക്ക് നേര്‍ക്കുനേരെ ഓഹരി അവകാശം ലഭിക്കുകയില്ല. ജീവിച്ചിരിക്കുന്ന ആണ്മക്കള്‍ മരണപ്പെട്ടുപോയ സഹോദരന്‍റെ മക്കളെ (പൌത്രന്മാരെ) അവകാശത്തില്‍ നിന്ന് തടയുന്നു. ഇങ്ങിനെ തടയുന്നതിന് ഹജ്ബ് എന്നാണ് അനന്തരാവകാശനിയമത്തിലെ പ്രയോഗം.
ഈ അവസ്ഥയില്‍ എന്താണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്ന പരിഹാരം എന്ന് നമുക്ക് പരിശോധിക്കാം.

വസ്വിയ്യത്ത്:

സൂറ അല്‍ ബഖറ 180 ആം സൂക്തം ഇങ്ങിനെ വായിക്കാം. “നിങ്ങളിലൊരുവന് മരണമടുത്താല്‍, ധനം ശേഷിപ്പിക്കുന്നുവെങ്കില്‍, മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ന്യായമായ രീതിയില്‍ ഒസ്യത്തുചെയ്യുക നിര്‍ബന്ധമാക്കിയിരിക്കുന്നു. ഭക്തന്മാര്‍ക്ക് ഇതൊരു ബാധ്യതയാകുന്നു.”

വസ്വിയ്യത്ത് നിര്‍ബന്ധമാക്കി എന്നതിന് “കുതിബ” എന്ന വാക്ക് ആണ് ഇവിടെ ഖുര്‍ആന്‍ പ്രയോഗിക്കുന്നത്. അത്രയും ശക്തമായ നിര്‍ബന്ധം എന്ന നിലക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു; യാതൊരു വിട്ടുവീഴ്ചക്കും ഇടയില്ല എന്ന് അര്‍ത്ഥം. നോമ്പ്, യുദ്ധം, പ്രതിക്രിയ എന്നിവയാണ് “കുതിബ” എന്ന വാക്ക് കൊണ്ട് നിര്‍ബന്ധമാക്കപ്പെട്ട മറ്റു മൂന്ന് നിയമങ്ങള്‍. ആയത്തിന്‍റെ അവസാനം “ഭക്തന്മാര്‍ക്ക് ഇതൊരു ബാധ്യതയാകുന്നു” എന്ന് പറയുന്നതോടെ വിഷയം കൂടുതല്‍ ഗൌരവപൂര്‍ണ്ണമാവുന്നു.

സൂറ അന്നിസാഇലൂടെ അനന്തരാവകാശനിയമങ്ങള്‍ വിശദമായി വന്നതോടെ, മുസ്‌ലിം ആയ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തുടങ്ങി അവകാശം നിശ്ചയിക്കപ്പെട്ടവര്‍ക്ക് വേണ്ടി വസ്വിയ്യത്ത് ആവശ്യമില്ലാതെയായി. എന്നാല്‍ നേര്‍ക്കുനേരെ ഓഹരി ലഭിക്കാത്തവര്‍ക്ക് വേണ്ടി തന്‍റെ മരണശേഷം എന്തെങ്കിലും മാറ്റിവെക്കല്‍ “മുത്തഖി”യുടെ മേല്‍ “നിര്‍ബന്ധമാണ്‌”. ഇങ്ങിനെ വസ്വിയ്യത്ത് ചെയ്യാവുന്ന പരാമാവധി പരിധി സ്വത്തിന്‍റെ മൂന്നിലൊന്ന് ആണെന്ന് തിരുമേനി വിശദീകരിച്ചു. ഒരാള്‍ ഇങ്ങിനെ വസ്വിയ്യത്ത് ചെയ്തിട്ടുണ്ട് എങ്കില്‍ അത് നിറവേറ്റിയ ശേഷം ബാക്കിയുള്ളത് മാത്രമേ അവകാശികള്‍ക്കിടയില്‍ വിഭജനം നടത്തൂ.

ഓഹരിയായി അനന്തരാവകാശം ലഭിക്കാന്‍ സാദ്ധ്യതയില്ലാത്ത അടുത്ത ബന്ധുക്കള്‍ക്കാണ് വസ്വിയ്യത്തില്‍ മുന്‍ഗണന നല്‍കപ്പെടേണ്ടത്. അവരില്‍ ഒന്നാം സ്ഥാനത്ത് വരാന്‍ എന്തുകൊണ്ടും അര്‍ഹത മരണപ്പെട്ടുപോയ മകന്‍റെ മക്കള്‍ക്ക് തന്നെയാണ്. തന്‍റെ ജീവിതകാലത്ത് മരണപ്പെട്ടുപോകുന്ന മകന്‍റെ മക്കള്‍ക്ക്, ആ മകന് ലഭിക്കാമായിരുന്നതോ, മൊത്തം സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കൂടാത്തതോ ആയ ഒരു വിഹിതം വസ്വിയ്യത്ത് ചെയ്ത് വെക്കല്‍ മുകളില്‍ ഉദ്ധരിച്ച വസ്വിയ്യത്ത് ആയത്ത് പ്രകാരം “മുത്തഖിയായ” ഒരു മനുഷ്യന് “നിര്‍ബന്ധബാദ്ധ്യതയാണ്”.

ഈ ബാധ്യതയില്‍ ഒരാള്‍ വീഴ്ച വരുത്തിയാല്‍, അനന്തരാവകാശികളായി ബാക്കിയാവുന്ന മക്കള്‍, തങ്ങളുടെ പിതാവ് വരുത്തിയ വീഴ്ചയില്‍ ഏറ്റവും അനുയോജ്യമായ ഒരു തീരുമാനത്തിലെത്തണം. മരണപ്പെട്ടുപോയ സഹോദരന്‍ ജീവിച്ചിരുന്നെങ്കില്‍ തങ്ങളോടൊപ്പം അവനും ഈ സ്വത്തില്‍ പങ്കുകാരന്‍ ആകുമായിരുന്നു എന്ന പരിഗണനയില്‍ അവന്‍റെ മക്കള്‍ക്ക് മാന്യമായ ഒരു പങ്ക് നല്‍കാന്‍ അവര്‍ യോജിക്കണം. വലിയ സ്വത്ത്‌ ആവുകയും ഈ കുട്ടികള്‍ കൂടുതല്‍ ആവശ്യക്കാര്‍ ആവുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.

അഥവാ ഇനി ഈ കുട്ടികള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്തിട്ടില്ല എങ്കില്‍ പോലും, അനന്തരാവകാശവിതരണം വിവരിക്കുന്ന ആയത്തുകള്‍ക്ക് ആമുഖമായി സൂറ അന്നിസാഇല്‍ നിര്‍ദ്ദേശിക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കപ്പെടണം. “ഭാഗംവയ്ക്കുമ്പോള്‍ ബന്ധുക്കളും അനാഥരും പാവങ്ങളുമൊക്കെ ഹാജരായാല്‍, ആ ധനത്തില്‍നിന്നു കുറച്ച് അവര്‍ക്കും നല്‍കുവിന്‍. അവരോട് നല്ല വാക്കുകള്‍ പറയുകയും ചെയ്യുവിന്‍”. വസ്വിയ്യത്തിന് ഏറ്റവും അധികം പരിഗണിക്കപ്പെടേണ്ടത് വാപ്പ ജീവിച്ചിരിക്കെ മരണപ്പെട്ട മക്കളുടെ കുട്ടികൾ അല്ലാതെ മറ്റാരാണ്‌!

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് അനന്തരാവകാശം വിതരണം ചെയ്യപ്പെടുന്ന പല നാടുകളിലും ഇത്തരം കേസുകളില്‍ വസ്വിയ്യത്ത് ചെയ്തിട്ടില്ല എങ്കില്‍ പോലും പൌത്രന്മാര്‍ക്ക് മൂന്നിലൊന്നില്‍ കൂടാത്ത ഒരു വിഹിതം നല്‍കാറുണ്ട്. മുകളില്‍ ഉദ്ധരിച്ച ആയത്തുകള്‍ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു നടപടി സ്വീകരിപ്പെടുന്നത്.

അനാഥ സംരക്ഷണം:

ഒരാള്‍ മരണപ്പെടുമ്പോള്‍ അനാഥരാവുന്ന കുട്ടികളുടെ സംരക്ഷണം പിതാമഹന്‍ ആണ് ഏറ്റെടുക്കേണ്ടത്. പിതാമഹന്‍ ഇല്ലെങ്കില്‍ പിതൃവ്യന്മാര്‍ ആണ് അതിന് ബാദ്ധ്യസ്ഥര്‍. കുടുംബത്തിനു പുറത്തുള്ള അനാഥനെ ഏറ്റെടുക്കല്‍ പോലും സ്വര്‍ഗ്ഗപ്രവേശനത്തിന് കാരണമാണ് എന്നിരിക്കെ സ്വന്തം സഹോദരപുത്രന്മാരുടെ കാര്യം എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ്! ഈ കുട്ടികള്‍ പ്രായപൂര്‍ത്തിയായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാവുന്നത് വരെ അവരുടെ സംരക്ഷണം പിതാമഹനോ അല്ലെങ്കില്‍ പിതൃവ്യനോ ആണ് ഏറ്റെടുക്കേണ്ടത്. അതിനാല്‍ തന്നെ ഈ കുട്ടികള്‍ വഴിയാധാരമായിപോവുകയില്ല.

അവസാനമായി, അവകാശം ലഭിക്കാതെ ഏതെങ്കിലും അനാഥപൌത്രന്‍ അവഗണിക്കപ്പെടുകയും പിതാമഹന് സ്വത്തുണ്ടായിട്ടും ദരിദ്രരായി ജീവിക്കേണ്ടിവരികയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍, ഖുര്‍ആന്‍റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാത്ത പിതാമഹനും പിതൃവ്യരും മാത്രമാണ്. ഇസ്‌ലാമോ ഖുര്‍ആനോ അല്ല. അവര്‍ മുത്തഖികള്‍ ആണെങ്കില്‍ ഖുര്‍ആനിക നിര്‍ദ്ദേശം അനുസരിക്കലാണ് അവര്‍ക്ക് ഐഹികസമൃദ്ധിയെക്കാള്‍ ഉത്തമം. ഇങ്ങിനെ അവഗണിക്കപ്പെടുന്ന കുട്ടികളെ അവരുടെ പിതൃവ്യന്മാരെക്കാള്‍ സമ്പന്നരാക്കുവാനും, പിതൃവ്യരുടെ അവസ്ഥയില്‍ മാറ്റം വരുത്തുവാനും കഴിവുള്ളവനാണ്‌ അല്ലാഹു എന്ന യാഥാര്‍ഥ്യം കൂടി അവർ ഓര്‍ക്കണം. ഐഹികജീവിതത്തിലെ വിഭവങ്ങള്‍ നശ്വരമാണെന്നും അനശ്വരമായ പരലോകവിജയമാണ് വിശ്വാസി ലക്ഷ്യം വെക്കേണ്ടത് എന്നതും മറക്കാതിരിക്കുക.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles